'നാട്ടുപരദേവത'- സിന്ധു കെ.വി എഴുതിയ കവിത

തോറ്റംപാട്ടിന്റെ ചുരുള്‍ നിവര്‍ന്നുഒടയിലെ പച്ചോല കരിഞ്ഞുഅവിടമാകെ തെയ്യത്തിനെ മണത്തുവീട്ടിലെ അമ്മ പനിച്ചുപൊള്ളിതെയ്യം അമ്മയെ കാണാന്‍ പോയി
'നാട്ടുപരദേവത'- സിന്ധു കെ.വി എഴുതിയ കവിത

റിയോരു ഗുണം വരണം 
ഏറിയോരു ഗുണം വരണം  
കയ്യൊഴിഞ്ഞു കളയില്ല നാട്ടുപരദേവത!'*
കറ്റമൂര്‍ന്നൊഴിഞ്ഞ  കുംഭമാസത്തിലെ കണ്ടത്തില്‍
മേലേരിയില്‍ ചെമ്പകമുട്ടികള്‍ എരിയുന്നതും നോക്കി 
തെയ്യം പറഞ്ഞു 

തോറ്റംപാട്ടിന്റെ ചുരുള്‍ നിവര്‍ന്നു
ഒടയിലെ പച്ചോല കരിഞ്ഞു
അവിടമാകെ തെയ്യത്തിനെ മണത്തു
വീട്ടിലെ അമ്മ പനിച്ചുപൊള്ളി
തെയ്യം അമ്മയെ കാണാന്‍ പോയി
അവരന്യോന്യം കണ്ടു
മുഖത്തെഴുത്തിന്റെ  തെളിച്ചത്തില്‍
അമ്മ അഭയത്തിനായി
കൈകൂപ്പി
കുറി വാങ്ങി
ഗുണം വരണം ഗുണം വരണം
തെയ്യം നിറഞ്ഞാടി
ചോടുവെച്ചു.
പനി പുകഞ്ഞപോലെ
വീട് നീറി 

കറുത്തുമങ്ങിയ  വാതില്‍പ്പടി
അടവുതെറ്റിയ ബാങ്കവധികള്‍ ചുമന്നു
കിണറ്റുകരയില്‍ കപ്പിയും കയ്യും കരഞ്ഞു
കയ്യൊഴിഞ്ഞു കളയില്ലാ...
കിണറ്റകത്തിന്റെ വാക്ക്
തെളിവെള്ളം പോലത്തെ വാക്ക്

ഉടുപ്പു പെട്ടിയിലെ
പട്ടും വള
തികട്ടി
തുരുമ്പുകേറിയ
പള്ളിവാളനങ്ങി

നാലുപണത്തിന്റെ ദാരിദ്ര്യം
പുല്ലുമേഞ്ഞ വിടവിലൂടെ
മിന്നല്‍പോലെ അകത്ത് തെളിഞ്ഞു

'വാണവരേ...'
വരിയായി വാഴുന്നോര് തൊഴുതുനിന്നു

കുനിയുന്ന ശിരസ്സിനു മീതെ
തെയ്യം അരിയും പൂവും ചിതറി
ഗുണം വരണം ഗുണം വരണം

ജപ്തിശീട്ടുകള്‍
കനലാറ്റി
മേലേരി എരിഞ്ഞു
ആറ്റുംതോറും തെളിയുന്ന തീക്കണ്ണുകള്‍
ചെമ്പകമുട്ടികള്‍ ഞെരിഞ്ഞമര്‍ന്നു
കനലുകള്‍ പൂത്തിരിയായി ആളിയുയര്‍ന്നു
തീയിലേക്കായുന്ന തെയ്യം
കാലടികളില്‍ തീച്ചുവപ്പ്
അക്കനലേതു കനലെന്ന്
വാവിട്ടൊരു നിലവിളി
ആളുകള്‍ തേമ്പിയടുത്തു
ഗുണം വരണം ഗുണം വരണം

വിയര്‍പ്പു പുരണ്ട ചെക്കിപ്പൂക്കള്‍
കയ്യിലൊട്ടി
ഗുണം വരും ഗുണം വരും
തെയ്യത്തിനില്ല ചാവും ചെലവും
മുടിയഴിക്കാനാവാതെ കോലം
പീഠത്തിലമര്‍ന്നു.
 

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com