'പകലുറക്കത്തിന്റെ ആണി'- സമുദ്ര നീലിമ എഴുതിയ കവിത
By സമുദ്ര നീലിമ | Published: 11th February 2023 05:34 PM |
Last Updated: 11th February 2023 05:34 PM | A+A A- |

അടങ്കല്‍ കാമനകള്‍ കരിയിലകള്‍
പാറിയ വൈകിയ നേരം നീ വന്ന
കാറ്റ് കലമാന്‍ കൊമ്പില്‍ കുരുങ്ങി,
എന്റെ പകലുറക്കത്തിന്റെ ആണി
നീ തന്നെയോ ഞാന്‍ രഹസ്യം ഊരി നോക്കി
അതെ ചിലപ്പോള്‍ നീയില്ലാതെ പറ്റുന്നില്ല
പക്ഷേ, പിന്നെ പറ്റുന്നു നീയില്ലാതെയും
ഓഹോ, അല്ല, അതല്ല കാര്യം, ഇപ്പോള്‍
ഇതാ ഇപ്പോള്‍ ഇപ്പോള്‍ മാത്രം
മുറുകാതെ ചുറ്റി തിരിഞ്ഞ്
മുഖംമൂടിയിലൊരാള്‍ ഒരു മാനില്‍
ഇടിച്ചിട്ടു നിര്‍ത്താതെ പോയി
അടുത്ത കാടും കടക്കയില്ല നിന്നില്‍
എണ്ണയെന്നമറുന്ന മൃഗം ചാവലില്‍
നീ തന്നെ നിനക്കു മാത്രമറിയുന്നൊരാള്‍
ഞാനെന്നു നീ തെറ്റി ധരിക്കുന്ന അമര്‍ഷം
കുറച്ചു വര്‍ഷങ്ങള്‍ ഓടി നോക്കി
കീഴടങ്ങാന്‍ തിരിച്ചുവന്നു
നിന്റെ വഴിയില്‍ പകല്‍ മരിച്ചു
നിന്റെ നിഴല്‍ ആ മരണത്തിനുമേല്‍
എണ്ണപോല്‍ ഏറെ നാള്‍
തങ്ങിയ ഛായ മാനുകളില്‍
പകല്‍ ഉറക്കേണ്ടവരുടെ കമ്പളം
കുടഞ്ഞിട്ട മാന്ത്രികന്റെ മുയലുകള്‍
അതുറപ്പിക്കാന്‍ എന്റെ ആണി
കൊമ്പുകളില്‍ നീ തറഞ്ഞ രാത്രി.
