മുഖ്യമന്ത്രിയുടെ ഓഫീസ് വിശ്വസിച്ചത് ആരെയൊക്കെ?

മുഖ്യമന്ത്രിയിലും ഭരണത്തിലും പാര്‍ട്ടിയുടേയും ഇടതുരാഷ്ട്രീയ താല്പര്യങ്ങളുള്ളവരുടേയും സ്വാധീനം കുറയ്ക്കുംവിധമുള്ള  ഉദ്യോഗസ്ഥ വിന്യാസവും ഇടപെടലുകളുമാണ് ഇടതു സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത്
മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ

''ഇവിടെ പൊലീസ് ഉദ്യോഗസ്ഥര്‍ മാത്രം മതി എന്നാണല്ലോ ഉദ്ദേശിച്ചിരുന്നത്.'' മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ ആ യോഗത്തിലെ ഭൂരിപക്ഷമാളുകളേയും ഞെട്ടിച്ചു. ഗവാസ്‌കര്‍ എന്ന പൊലീസ് ഡ്രൈവറെ എ.ഡി.ജി.പിയുടെ മകള്‍ തല്ലിയ സംഭവം വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന കാലം. പൊലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗമാണ് വേദി. സംസ്ഥാന പൊലീസ് മേധാവി മുതല്‍ സിറ്റി പൊലീസ് കമ്മിഷണര്‍ വരെ പൊലീസിലെ പ്രമുഖരെല്ലാമുണ്ട്; മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനും ആഭ്യന്തര സെക്രട്ടറി സുബ്രതോ ബിശ്വാസുമാണ് പൊലീസിനു പുറത്തുനിന്നു പങ്കെടുക്കുന്ന രണ്ടേരണ്ടു പേര്‍. അവര്‍ നേരത്തെ എത്തിയിരുന്നു. മുഖ്യമന്ത്രി എത്തി യോഗം തുടങ്ങുന്നതിനു മുന്‍പാണ് അതു പറഞ്ഞത്. ജയരാജനും സുബ്രതോ ബിശ്വാസും അപ്പോള്‍ത്തന്നെ പുറത്തു പോയി. ജയരാജന്‍ ആയിരുന്നില്ല, ആഭ്യന്തര സെക്രട്ടറി ആയിരുന്നു ഉന്നം. എന്തുകൊണ്ടെന്നാല്‍ പൊലീസ് തലപ്പത്ത് അദ്ദേഹം പ്രിയങ്കരനായിരുന്നില്ല. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ ഇറക്കിവിട്ട് മുഖ്യമന്ത്രി പൊലീസ് യോഗം വിളിച്ചത് ദിവസങ്ങളോളം ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. യഥാര്‍ത്ഥത്തില്‍ പിണറായിക്ക് സുബ്രതോ ബിശ്വാസിനോട് പ്രത്യേകിച്ച് വിരോധമൊന്നും ഉണ്ടായിരുന്നില്ല. കണ്ണുമടച്ചു വിശ്വസിക്കുന്നവരുടെ തീരുമാനം മുഖ്യമന്ത്രി സ്വന്തം തീരുമാനമാക്കി മാറ്റുന്നതിന്റെ പല ഉദാഹരണങ്ങളില്‍ ഒന്നുമാത്രമായിരുന്നു അത്. മുഖ്യമന്ത്രിയുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നതില്‍ വിജയിച്ചവര്‍, തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ മുഖ്യമന്ത്രിയുടെ ഗുഡ് ബുക്കില്‍നിന്ന് എപ്പോഴും അകറ്റിനിര്‍ത്താന്‍ ശ്രമിച്ചു. സുബ്രതോ ബിശ്വാസ് അതിന്റെ ഇരകളില്‍ ഒരാളായിരുന്നു. കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. പക്ഷേ, ചില യോഗങ്ങളില്‍ അദ്ദേഹം പറയുന്നതിന് മുഖ്യമന്ത്രി കൊടുത്തിരുന്ന കുറഞ്ഞ പ്രാധാന്യം സെക്രട്ടേറിയറ്റിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരെപ്പോലും അമ്പരപ്പിച്ചിട്ടുണ്ട്. അതിന്റെ ഏറ്റവും മോശമായ അനുഭവമായിരുന്നു പൊലീസ് ആസ്ഥാനത്തെ യോഗത്തില്‍ ഉണ്ടായത്.

ലോക്നാഥ് ബെഹ്റയും പിണറായി വിജയനും
ലോക്നാഥ് ബെഹ്റയും പിണറായി വിജയനും

ഈ നാലു വര്‍ഷത്തിനിടയില്‍ മുഖ്യമന്ത്രി വിശ്വസിച്ചവര്‍ പിന്നീട് അദ്ദേഹത്തിനു വിനയായി മാറിയ അനുഭവങ്ങള്‍ പലതുണ്ട്. പല തരത്തിലാണെന്നു മാത്രം. ലോക്നാഥ് ബെഹ്റയെ അദ്ദേഹം വിശ്വസിക്കുന്നു; പൊലീസ് എന്തു ചെയ്താലും ബെഹ്റയുടെ വാക്കുകള്‍ക്കപ്പുറം അദ്ദേഹത്തിനൊരു വാക്കില്ല. ജേക്കബ് തോമസിനെ അദ്ദേഹം വിശ്വസിച്ചു; അദ്ദേഹത്തിന്റെ ഹിറ്റ്ലിസ്റ്റിലെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ വിജിലന്‍സ് കേസുകളില്‍ കുടുങ്ങിയപ്പോള്‍ കൂടെ നില്‍ക്കേണ്ട പലരും മുഖ്യമന്ത്രിക്ക് എതിരായി. എം. ശിവശങ്കരനെ അദ്ദേഹം വിശ്വസിച്ചു; അദ്ദേഹം സ്വന്തം ബന്ധങ്ങളുടെ കുരുക്കില്‍പ്പെട്ടപ്പോള്‍ മുഖ്യമന്ത്രിയും പഴികേള്‍ക്കുന്നു. ഇതിനൊരു മറുവശം കൂടിയുണ്ട്. കേരളത്തിലെ സി.പി.എമ്മിന്റെ ഏറ്റവും കരുത്തനായ നേതാവ് മുഖ്യമന്ത്രി ആയപ്പോള്‍ പാര്‍ട്ടിയെ മാത്രമല്ല, സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സി.പി.എം സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനേയും അകറ്റിനിര്‍ത്തി. അതൊരു വലിയ അബദ്ധമായിരുന്നു; പാര്‍ട്ടിയായും മുന്നണിയായും മുഖ്യമന്ത്രിതന്നെ നിറഞ്ഞു നിന്നു. പാര്‍ട്ടിക്കും മുന്നണിക്കും കൂടെ നില്‍ക്കാതെ വേറെ വഴിയില്ലെന്നും വന്നു. പക്ഷേ, പാര്‍ട്ടിക്കൂറുള്ള ജീവനക്കാരുടെ സംഘടനയ്ക്കു സമാന്തരമായി അങ്ങനെയല്ലാത്തവരുടെ സംഘം മുഖ്യമന്ത്രിയുടെ ഓഫീസിലും സര്‍ക്കാരിലും ഇടപെട്ടു. അതുകൂടിച്ചേര്‍ന്നതാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്ന പ്രതിസന്ധിയുടെ തുടക്കം.

പിഴച്ചുപോയ സദുദ്ദേശ്യങ്ങള്‍

ജേക്കബ് തോമസിനെ കേരളം മറക്കില്ല. ഈ സര്‍ക്കാരിന്റെ തുടക്കത്തില്‍ അഴിമതിവിരുദ്ധ പ്രതിച്ഛായയുടെ പ്രതീകമായി മാറുകയും നാലാം വര്‍ഷം ആയപ്പോഴേക്കും നിരവധി സസ്പെന്‍ഷനുകള്‍ക്കു ശേഷം അപമാനിതനായി വിരമിക്കുകയും ചെയ്യേണ്ടിവന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍. ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറാക്കിയപ്പോള്‍ തുടങ്ങിയതാണ് വിശ്വാസത്തിന്റെ തിരിച്ചടികള്‍. കിട്ടിയ അവസരം ഉപയോഗിച്ച് അദ്ദേഹം വിജിലന്‍സിനെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ കേട്ടഴിച്ചു വിട്ടു. ചീഫ് സെക്രട്ടറിയും പിന്നീടു മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന നളിനി നെറ്റോയുടെ ആശിര്‍വ്വാദം അതിനുണ്ടായിരുന്നു. ലക്ഷ്യം നല്ലതായിരുന്നെങ്കിലും ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വലിയൊരു നിര സര്‍ക്കാരിന് എതിരായി മാറി.

പ്രമുഖ പൊതുമേഖലാ സ്ഥാപനം മലബാര്‍ സിമന്റ്സ് മാനേജിംഗ് ഡയറക്ടര്‍ കെ. പത്മകുമാറിനെ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്താണ് ജേക്കബ് തോമസ് 'തേരോട്ടം' തുടങ്ങിയത്. പത്മകുമാര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനല്ല. പക്ഷേ, ഐ.എ.എസ് ഉന്നതരുമായി വളരെ അടുപ്പമുള്ളയാള്‍. പബ്ലിക് റീസ്ട്രക്ച്ചറിംഗ് ആന്റ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ് (റിയാബ്) സെക്രട്ടറി എന്ന നിലയിലും ആ അടുപ്പം ശക്തമായിരുന്നു. 2016 സെപ്റ്റംബര്‍ ആദ്യവാരം ആയിരുന്നു പത്മകുമാറിന്റെ അറസ്റ്റ്; സര്‍ക്കാര്‍ വന്ന് നാല് മാസത്തിനകം. അദ്ദേഹം റിമാന്‍ഡിലുമായി. അതിന്റെ ഞെട്ടല്‍ മാറും മുന്‍പേ മുതിര്‍ന്ന ഐ.എ.എസ്സുകാരിലേക്ക് വിജിലന്‍സിന്റെ കൈകള്‍ നീണ്ടു. കെ.എം. ഏബ്രഹാം, പോള്‍ ആന്റണി, ടോം ജോസ്. ഇവരെല്ലാവരും കറപുരളാത്ത കൈകളുടെ ഉടമകളാണ് എന്ന് ആരും പറയില്ല. പക്ഷേ, പിന്നീട് ഇവരെയൊക്കെത്തന്നെ ബ്യൂറോക്രസിയുടെ തലപ്പത്ത് കൊണ്ടുവരേണ്ടിവരും എന്നു ചിന്തിക്കേണ്ടത് മുഖ്യമന്ത്രി ആയിരുന്നു. എസ്.എം. വിജയാനന്ദിനേയും വിജിലന്‍സ് നോട്ടമിട്ടു. നളിനി നെറ്റോയും വിജയാനന്ദും തമ്മില്‍ നിലനിന്ന അദൃശ്യമായ അധികാര വടംവലി അക്കാലത്ത് ഉന്നത ഉദ്യോഗസ്ഥ തലങ്ങളില്‍ ചര്‍ച്ചയുമായിരുന്നു.

ജേക്കബ് തോമസ്
ജേക്കബ് തോമസ്

പത്മകുമാറിന്റെ അറസ്റ്റ് നിര്‍ണ്ണായകമായിരുന്നു. അദ്ദേഹം അഴിമതിക്കാരനല്ല എന്ന നിലപാടാണ് അന്ന് ചീഫ് സെക്രട്ടറി ആയിരുന്ന വിജയാനന്ദ് ഉള്‍പ്പെടെ സ്വീകരിച്ചത്. ഐ.എ.എസ്സുകാരുടെ സമൂഹമാധ്യമ ഗ്രൂപ്പുകളില്‍പ്പോലും പത്മകുമാറിന് അനുകൂലമായ പ്രചാരണം നടന്നു. ഫലത്തില്‍ അത് നളിനി നെറ്റോയ്ക്ക് എതിരായ പ്രചാരണം കൂടിയായി മാറി; പരോക്ഷമായി മുഖ്യമന്ത്രിക്കും. ഈ ഘട്ടത്തില്‍ പത്മകുമാറിന് അനുകൂലമായ നിശ്ശബ്ദ നിലപാടാണ് ശിവശങ്കരന്‍ സ്വീകരിച്ചത്. എന്നാല്‍, അന്നത് കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ഉന്നത ഉദ്യോഗസ്ഥരില്‍ വലിയൊരു വിഭാഗം മുഖ്യമന്ത്രിയുമായി മാനസികമായി അകലുന്നത് നോക്കി നില്‍ക്കുകയായിരുന്നു ശിവശങ്കരന്‍. മുഖ്യമന്ത്രിയിലേക്കുള്ള ഏകജാലകമായി മാറാന്‍ ആ അവസരം അദ്ദേഹം ഉപയോഗിക്കുകയും ചെയ്തു. ബഹളം വയ്ക്കാതെ, ഏറ്റവും മാന്യനായ ഉദ്യോഗസ്ഥന്റെ പ്രതിച്ഛായ നിലനിര്‍ത്തി മുഖ്യമന്ത്രിയെ ചുറ്റിനില്‍ക്കുന്ന ഉന്നത ഉദ്യോഗസ്ഥ വലയത്തിലെ ഏറ്റവും ശക്തനായി അദ്ദേഹം മാറി.
 
വിജിലന്‍സിനെ ഉപയോഗിച്ച് ജേക്കബ് തോമസ് പിന്തുടര്‍ന്ന അതേ ഉന്നത ഉദ്യോഗസ്ഥരെ പിന്നീട് ഭരണത്തലപ്പത്തു കൊണ്ടുവന്ന് ആശ്രയിക്കുന്ന ഗതികേട് മുഖ്യമന്ത്രിക്ക് വന്നുഭവിച്ചതും ഇതിന്റെ തുടര്‍ച്ചയായിരുന്നു. കെ.എം. ഏബ്രഹാം, പോള്‍ ആന്റണി, ടോം ജോസ് എന്നിവര്‍ ചീഫ് സെക്രട്ടറിമാരായി വന്നു കരുത്തരായി മാറി. ചീഫ് സെക്രട്ടറിയാകേണ്ട കെ.എം. ഏബ്രഹാമിന്റെ വീട്ടില്‍ മാസങ്ങള്‍ക്കു മാത്രം മുന്‍പ് വിജിലന്‍സ് റെയ്ഡ് നടത്തി തോറ്റു പിന്‍വാങ്ങേണ്ടിവന്നത് യഥാര്‍ത്ഥത്തില്‍ ഭരണപരമായി വലിയ അബദ്ധമായിരുന്നു. കെ.എം. ഏബ്രഹാമിന്റെ വീട്ടിലെ റെയ്ഡോടുകൂടി ഐ.എ.എസ് തലത്തില്‍ മുഖ്യമന്ത്രിക്കും ജേക്കബ് തോമസിനും നളിനി നെറ്റോയ്ക്കും എതിരെ രൂപം കൊണ്ട ഉരുള്‍പൊട്ടല്‍ നിസ്സാരമായിരുന്നില്ല. മുഖ്യമന്ത്രിയെ തൊടാന്‍ ഉന്നത ഉദ്യോഗസ്ഥ ലോബിക്കു കഴിഞ്ഞില്ല. പക്ഷേ, ഒന്നു സാധിച്ചു. മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വിശ്വാസ്യത തകര്‍ത്തു തരിപ്പണമാക്കുന്ന സൗഹൃദങ്ങളിലേക്ക് അദ്ദേഹത്തെ എത്തിക്കാന്‍ സാധിച്ചു. നേരിട്ടല്ലെന്നു മാത്രം. സ്വപ്ന സുരേഷിനെ ശിവശങ്കരന്റെ സുഹൃത്താക്കി മാറ്റിയതില്‍ കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നു എന്നു വിശ്വസിക്കുന്ന നിരവധിപ്പേര്‍ സെക്രട്ടേറിയറ്റിലേയും പൊലീസിലേയും ഉന്നതരില്‍ ഉണ്ട്. അതായത്, ഇപ്പോഴത്തെ പ്രതിസന്ധിക്കു പിന്നില്‍ ആസൂത്രണമുണ്ട് എന്നുതന്നെ.

സുബ്രതോ ബിശ്വാസ്
സുബ്രതോ ബിശ്വാസ്

ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് തുടക്കത്തില്‍ കുറേക്കാലം മുഖ്യമന്ത്രിക്ക് ധാരണയുണ്ടായിരുന്നില്ല എന്ന് ഇപ്പോള്‍ പറയുന്നത് പിണറായി മുഖ്യമന്ത്രി ആയപ്പോള്‍ ആവേശംകൊണ്ട ചിലര്‍ തന്നെയാണ്. അവര്‍ പക്ഷേ, വലയത്തിനു പുറത്തായിരുന്നു. ചൂണ്ടിക്കാണിക്കാന്‍ കഴിയുമായിരുന്നില്ല. പക്ഷേ, സംഗതി അപകടമായി എന്ന് അദ്ദേഹത്തിനു ക്രമേണ മനസ്സിലായി. അതിനിടയില്‍ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകനായി രമണ്‍ ശ്രീവാസ്തവ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞിരുന്നു. പൊലീസാകട്ടെ, നിരവധി നടപടികളിലൂടെ സര്‍ക്കാരിനെ തുടര്‍ച്ചയായി പ്രതിസന്ധിയിലുമാക്കി. ആദ്യത്തെ രണ്ടു വര്‍ഷം കസ്റ്റഡി മര്‍ദ്ദനങ്ങളുടേയും ലോക്കപ്പ് മരണങ്ങളുടേയും പൊലീസ് അഴിഞ്ഞാട്ടത്തിന്റേയും കാലമായിരുന്നു എന്നോര്‍ക്കുക. കോട്ടയം ഗാന്ധിനഗര്‍ എസ്.ഐക്കും മറ്റുമെതിരെ കെവിന്‍ വധക്കേസുമായി ബന്ധപ്പെട്ട് പിരിച്ചുവിടല്‍ നടപടിക്ക് തുടക്കമിട്ടപ്പോഴാണ് അതൊന്നു നിലച്ചത്. എസ്.ഐയെ പിരിച്ചുവിടുന്നതില്‍നിന്നു പിന്നീട് ഒഴിവാക്കിയെങ്കിലും പൊലീസിനുമേല്‍ സര്‍ക്കാരിന്റെ പിടിയുണ്ട് എന്ന ധാരണ അപ്പോള്‍ മാത്രമാണ് ഉണ്ടായത്.

അതിനിടയില്‍ ജേക്കബ് തോമസ് നീണ്ട അവധിയില്‍ പോകേണ്ടിവന്നു. സംസ്ഥാന പൊലീസ് മേധാവിയെത്തന്നെ വിജിലന്‍സ് ഡയറക്ടറുടെ ചുമതല കൂടി ഏല്പിക്കുകയും ചെയ്തു. തികച്ചും അസാധാരണമായിരുന്നു ആ നടപടി. പ്രതിപക്ഷം കണ്ടുനില്‍ക്കുക മാത്രം ചെയ്തതോടെ അതു ചോദ്യം ചെയ്യപ്പെടാതെ പോയി. ഇങ്ങനെയൊക്കെയങ്ങുപോയാല്‍ മതി എന്ന തരത്തില്‍ ഭരണത്തലപ്പത്ത് അമിത ആത്മവിശ്വാസം വന്നു. പുറത്തുനിന്ന്, താഴേത്തട്ടില്‍നിന്നു സ്വന്തം നിലയില്‍ യഥാര്‍ത്ഥ പ്രതികരണങ്ങള്‍ ശേഖരിക്കുന്നതിനു മുഖ്യമന്ത്രി ശ്രമിച്ചുമില്ല. ആവര്‍ത്തിച്ചു പറയാതെ വയ്യ, പാര്‍ട്ടിയേയും സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സംഘടനയേയും അകറ്റി നിര്‍ത്തിയതാണ് അതില്‍ ഏറ്റവും അപകടമായത്.

എം ശിവശങ്കർ
എം ശിവശങ്കർ

ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ശക്തിദൗര്‍ബ്ബല്യങ്ങള്‍ ശരിയായി വിലയിരുത്തി അവരെ പഠിക്കുന്നതിലാണ് ഭരണാധികാരിയുടെ മിടുക്ക് എന്ന് ഭരണനിര്‍വ്വഹണത്തില്‍ വിജയിച്ച നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. പിണറായിക്ക് അതു സാധിച്ചില്ല. അതേസമയം, അവരുമായി അടുത്ത് ഇടപഴകിയ പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് ചിലപ്പോഴൊക്കെ സാധിക്കുകയും ചെയ്തു. പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ അഭിപ്രായങ്ങള്‍ പൊലീസ് നിയമനങ്ങളില്‍ വലിയൊരു അളവോളം മുഖ്യമന്ത്രി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, പൊലീസ് അസോസിയേഷനെ പരിധിവിട്ട് പൊളിറ്റിക്കല്‍ സെക്രട്ടറി ആശ്രയിക്കുന്നു എന്ന അഭിപ്രായം മുഖ്യമന്ത്രിക്കുണ്ടായി. അങ്ങനെയൊരു അഭിപ്രായം രൂപപ്പെടുത്തുന്നതില്‍ ചില ഉന്നത ഉദ്യോഗസ്ഥര്‍ വിജയിച്ചു. പാര്‍ട്ടി സെക്രട്ടറിയായിരിക്കെ സി.പി.എമ്മിലെ പൊലീസ് ഫ്രാക്ഷന്റെ ചുമതല ദീര്‍ഘകാലം വഹിച്ച മുഖ്യമന്ത്രിക്ക് പൊലീസ് അസോസിയേഷനോട് താല്പര്യം കുറവാണ്. അത് അറിഞ്ഞുതന്നെ ആയിരുന്നു ഈ ഇടപെടല്‍.

നളിനി നെറ്റോ
നളിനി നെറ്റോ

സെക്രട്ടേറിയറ്റിലെ ശത്രുവാര് മിത്രമാര്?

സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഏറ്റവും വലിയ സംഘടന സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനാണ്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുതന്നെയാണ് സി.പി.എമ്മില്‍ ഈ സംഘടനയുടെ ചുമതല. കഴിഞ്ഞ ഒക്ടോബറില്‍ അസോസിയേഷനെ അമ്പരപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്ത ഒരു അറിയിപ്പ് എ.കെ.ജി സെന്ററില്‍ നിന്നുണ്ടായി: ''അസോസിയേഷന്‍ യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നു.''

മുന്‍പ് ഒരു മുഖ്യമന്ത്രിയും ചെയ്യാത്തതായിരുന്നു അത്. ജീവനക്കാര്‍ക്ക് പറയാനുള്ളത് മുഴുവനും അദ്ദേഹം കേട്ടു, കുറിച്ചെടുത്തു. സര്‍ക്കാര്‍ അധികാരത്തിലെത്തി ആറു മാസത്തിനുള്ളില്‍ത്തന്നെ 'തിരുത്തേണ്ട' ചില കാര്യങ്ങള്‍ അസോസിയേഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്നത് ആരും കണക്കിലെടുത്തില്ല. മുഖ്യമന്ത്രിയുടെ ഓഫീസും അസോസിയേഷനും തമ്മില്‍ സാധാരണയായി ഉണ്ടാകാറുള്ള ആശയവിനിമയം ഇല്ലെന്നും അകറ്റിനിര്‍ത്തിയിരിക്കുന്നു എന്നും കോടിയേരിയോട് അവര്‍ പലവട്ടം പറഞ്ഞു. സര്‍ക്കാരിനെ കുഴപ്പത്തിലാക്കാന്‍ ഇടയുള്ളവര്‍ വലിയ സ്വാധീനം നേടുന്നു എന്നും ചൂണ്ടിക്കാട്ടി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം തികച്ചും ന്യായമായ ഒരു കാര്യത്തിനു മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോയിട്ട് ഒരു മണിക്കൂര്‍ കാത്തുനിന്ന സംഭവം വേദനയോടെ അസോസിയേഷനിലെ ചിലരോടു പറഞ്ഞിരുന്നു. അതൊരു ഉദാഹരണം മാത്രം. പ്രധാനപ്പെട്ട മറ്റൊന്നുകൂടി ഉണ്ടായി. ശിവശങ്കരന്‍ ഉള്‍പ്പെടെയുള്ളവരുടെ പോക്ക് ശരിയല്ലെന്നും സെക്രട്ടേറിയറ്റിനു സമീപത്തെ ഫ്ളാറ്റിലെ ഉന്നതതല മദ്യപാന സദസ്സ് കുഴപ്പമാണെന്നും ഒരു വര്‍ഷം മുന്‍പ് അസോസിയേഷന്‍ മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥരുടെ പേരുള്‍പ്പെടെയാണ് പറഞ്ഞത്. ഭരണത്തില്‍ നടത്തേണ്ട ഇടപെടലുകള്‍ സംബന്ധിച്ച് അവിടെ നടക്കുന്ന ചര്‍ച്ചകളെക്കുറിച്ച് കൃത്യമായ ചില വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറിയിച്ചത്. അത്തരം കൂടിച്ചേരലില്‍ പങ്കെടുത്ത ചിലര്‍തന്നെ കാര്യങ്ങളുടെ പോക്ക് കുഴപ്പത്തിലേക്കാണ് എന്നു മനസ്സിലാക്കി അസോസിയേഷന്‍ ഭാരവാഹികളെ അറിയിക്കുകയായിരുന്നു.

എസ്എം വിജയാനന്ദ്
എസ്എം വിജയാനന്ദ്

ഇതെല്ലാം കണക്കിലെടുത്താണ് മുഖ്യമന്ത്രി അസോസിയേഷന്‍ യോഗത്തില്‍ പങ്കെടുത്തത്. പക്ഷേ, അതില്‍ തുടര്‍നടപടിയുണ്ടായില്ല. സെക്രട്ടേറിയറ്റ് ജീവനക്കാരില്‍ ബഹുഭൂരിപക്ഷത്തേയും ശിവശങ്കരന്റെ ആളുകള്‍ അകറ്റിനിര്‍ത്തുകയായിരുന്നു. തിരിച്ച് ജീവനക്കാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ശത്രുതയോടെ കാണുന്ന സ്ഥിതിയും ഉണ്ടായി. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ എല്ലാ മന്ത്രിമാരുടെ ഓഫീസിലുമുണ്ട്. സര്‍ക്കാരിനു കുഴപ്പമാകാന്‍ സാധ്യതയുള്ള ഫയലുകള്‍ അവര്‍ക്കു വേഗം മനസ്സിലാകും; എതിര്‍ക്കുകയും ചെയ്യും. കണ്‍സല്‍ട്ടന്‍സി നിയമനമായാലും മറ്റു വഴിവിട്ട കാര്യങ്ങളായാലും ഇതാണു സ്ഥിതി. സെക്രട്ടേറിയറ്റില്‍ പ്രവൃത്തി പരിചയമുള്ളവര്‍ കാര്യങ്ങള്‍ കൃത്യമായി ചൂണ്ടിക്കാട്ടും. അതു മറികടക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ അവരില്‍ ഒരു വിഭാഗത്തെ അകറ്റിനിര്‍ത്തേണ്ടത് ശിവശങ്കരന്റേയും കൂട്ടാളികളുടേയും ആവശ്യമായി മാറി. തങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവരെ തെരഞ്ഞുപിടിച്ച് ചില കസേരകളില്‍ ഇരുത്തുകയും ചെയ്തു.

ഗതാഗത വകുപ്പില്‍ സുപ്രധാന തസ്തികയില്‍നിന്ന് അസോസിയേഷന്‍ ഭാരവാഹിയായ വനിതാ ഉദ്യോഗസ്ഥയെ മാറ്റി പകരം നിയമിച്ചത് പ്രതിപക്ഷ നേതാവിന്റെ ഓഫീസുമായി അടുത്തു ബന്ധമുള്ള ആളെയാണ്. കൃത്യമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെ അറിഞ്ഞു നടത്തിയ നിയമനമായിരുന്നു അത്. മറ്റൊരു ഉന്നത ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അസോസിയേഷന്‍ അതൃപ്തി അറിയിച്ചപ്പോള്‍ അദ്ദേഹത്തെ ഉയര്‍ന്ന തസ്തികയിലേക്കു മാറ്റിയാണ് സംഘടനയെ ഞെട്ടിച്ചത്. സംഘടന പറഞ്ഞ കാര്യങ്ങളില്‍ കഴമ്പുണ്ടെന്നു മനസ്സിലാക്കി മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത് മാറ്റാനാണ്; അതു നടപ്പാക്കിയപ്പോള്‍ മുകളിലായി; ഇപ്പോള്‍ സംശയനിഴലിലുമായി.

സംഘടനയെ അകറ്റിനിര്‍ത്തിക്കൊണ്ട് പോകാനാകില്ല എന്നതൊരു യാഥാര്‍ത്ഥ്യമാണ്. യു.ഡി.എഫ് സര്‍ക്കാര്‍ പോലെയല്ല എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്ന രീതി. ചിലരെ കൂടെ നിര്‍ത്തുന്നതും മറ്റു ചിലരെ മാറ്റിനിര്‍ത്തുന്നതും കൃത്യമായി വ്യക്തിപരമായ പശ്ചാത്തലം മനസ്സിലാക്കിത്തന്നെ ആയിരുന്നു. അവര്‍ വന്ന വഴിയും രാഷ്ട്രീയതാല്പര്യങ്ങളും ഉള്‍പ്പെടെ മനസ്സിലാക്കും. സര്‍ക്കാരിനെ കുഴപ്പത്തിലാക്കാന്‍ ഇടയുള്ളവരുടെ 'നുഴഞ്ഞുകയറ്റം' തടയുക കൂടിയാണ് ലക്ഷ്യം. താക്കോല്‍ സ്ഥാനങ്ങളിലുള്ളവരുടെ കാര്യത്തില്‍ പ്രത്യേകിച്ചും അധിക ജാഗ്രതയാണ് ഉണ്ടായിരുന്നത്. നിര്‍ണ്ണായക ഘട്ടത്തില്‍ കൂറ് ആരോടായിരിക്കും എന്നതാണ് വിലയിരുത്തലിന്റെ മാനദണ്ഡം. പ്രതിപക്ഷത്തിനൊപ്പമോ മറ്റു രാഷ്ട്രീയ എതിരാളികള്‍ക്കൊപ്പമോ അതോ ഓരോ ഇഞ്ചിലും പാര്‍ട്ടിക്കും മുന്നണിക്കുമൊപ്പമോ?

കെഎം എബ്രഹാം
കെഎം എബ്രഹാം

പക്ഷേ, ഇത്തവണ പാര്‍ട്ടിക്കും പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരിനുമൊപ്പം എന്ന ഉറപ്പില്ലാത്തവര്‍ മുന്‍പൊരിക്കലുമില്ലാത്തവിധം ഉന്നത സ്ഥാനങ്ങളിലെത്തി. ''ഇതു പാര്‍ട്ടിക്കും മുന്നണിക്കും പ്രത്യേക നേട്ടമുണ്ടാക്കാനുള്ള നയമല്ല. സാധാരണ ജനത്തിന്റെ ക്ഷേമം ലക്ഷ്യം വച്ച് തുടക്കം മുതല്‍ രൂപപ്പെടുത്തിയതാണ്. ഉദാഹരണത്തിന്, ഒരു വലിയ കമ്പനി ഉടമയും അവിടുത്തെ തൊഴിലാളിയും ഉള്‍പ്പെട്ട വിഷയം മുന്നില്‍ വരുമ്പോള്‍ തൊഴിലാളിയുടെ പക്ഷത്തുനിന്നു കാര്യങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ ആ ഉദ്യോഗസ്ഥന് ഒരു ജനപക്ഷ രാഷ്ട്രീയ വിദ്യാഭ്യാസം ഉണ്ടായിരിക്കണം. അല്ലാത്തവര്‍ മുതലാളിയുടെ പക്ഷത്തായിരിക്കും നില്‍ക്കുക.'' മുതിര്‍ന്ന സി.പി.എം നേതാക്കളിലൊരാള്‍ പറയുന്നു. ''ഐ.എ.എസുകാരോടു വിധേയത്വം പുലര്‍ത്തുകയും അവരുടെ തീരുമാനങ്ങള്‍ക്ക് എതിര്‍ ചോദ്യങ്ങളില്ലാതെ സമ്മതം മൂളുകയും ചെയ്യുന്നവര്‍ സര്‍ക്കാരിനെ മിക്കപ്പോഴും കുഴപ്പത്തിലാണ് എത്തിക്കുക. എന്നാല്‍ തിരുത്തേണ്ടതു തിരുത്തുന്ന ഇടപെടലിനു ശേഷിയുണ്ടാകണമെങ്കില്‍ പ്രതിബദ്ധത പാര്‍ട്ടിയോടും ജനങ്ങളോടുമായിരിക്കണം.'' ഇപ്പോഴത്തെ രീതിയോടു വിയോജിപ്പുള്ള മുന്‍മന്ത്രി കൂടിയായ സി.പി.എം നേതാവിന്റെ പ്രതികരണം.

സമാന്തര സംഘം

പൊതുഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ എംപ്ലോയീസ് അസോസിയേഷനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളും ഒരു ഘട്ടത്തില്‍ ഉണ്ടായി. ഉത്തരേന്ത്യക്കാരനായ ആ ഉദ്യോഗസ്ഥന്‍ ഭരണമികവുള്ള ആളാണെങ്കിലും കേരളത്തെക്കുറിച്ചു കാര്യമായി അറിയില്ല. അതുകൊണ്ടുതന്നെ ഓഫീസിലെ പ്യൂണിനെക്കൊണ്ട് വീട്ടിലെ പാത്രങ്ങള്‍ കഴുകിച്ചതിന്റെ പേരില്‍ കുഴപ്പത്തിലായി. ഒടുവില്‍ വനിതാ ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരില്‍ അപ്രധാന തസ്തികയിലേക്കു പതിക്കുകയും ചെയ്തു.

പോൾ ആന്റണി
പോൾ ആന്റണി

അദ്ദേഹമാണ് പരസ്യമായിത്തന്നെ സമാന്തര സംഘം രൂപീകരിച്ച് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഇടയില്‍ ചേരിതിരിവ് ഉണ്ടാക്കിയത്. സി.പി.എം സംഘടന പുറത്താക്കിയ ഭാരവാഹിയെ ഉന്നത തസ്തികയില്‍ നിയമിച്ചത് അദ്ദേഹത്തിന്റേയും സമാന്തര സംഘത്തിന്റേയും തീരുമാനമായിരുന്നു. ആ ഉദ്യോഗസ്ഥന്‍ ഇപ്പോഴും അതേ തസ്തികയിലുണ്ട്. ഇടതുമുന്നണി ഭരിക്കുമ്പോള്‍, ഇടതു സംഘടനയില്‍നിന്നു പുറത്താക്കിയ ആള്‍ക്ക് ജീവനക്കാരുടെ നിയമനങ്ങളുടേയും സ്ഥലംമാറ്റങ്ങളുടേയും ചുമതലയുള്ള സുപ്രധാന തസ്തിക നല്‍കിയത് തെറ്റായ സന്ദേശമായി. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരു വിഭാഗത്തിന്റെ ആശീര്‍വ്വാദം ഉള്ളതാണ് കാരണം. എംപ്ലോയീസ് അസോസിയേഷന്‍ പൂര്‍ണ്ണമായും നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന അഭിപ്രായം ഇല്ലാത്തവര്‍ക്കുപോലും സംഘടനയെ നോക്കുകുത്തി ആക്കുന്നതിനോടു യോജിപ്പില്ല.

കെ.എ.എസ് (കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ്) നടപ്പാക്കാനുള്ള തീരുമാനമായിരുന്നു സംഘടനയുമായുള്ള ഏറ്റുമുട്ടലിന്റെ തുടക്കം. സെക്രട്ടേറിയറ്റിലെ വലിയൊരു വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് കെ.എ.എസ്സിനോടു യോജിപ്പ് ഉണ്ടായിരുന്നില്ല. പ്രത്യേകിച്ചും അണ്ടര്‍ സെക്രട്ടറിയില്‍ താഴോട്ടുള്ള ജൂനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ സ്ഥാനക്കയറ്റങ്ങളെ കെ.എ.എസ് ബാധിക്കും എന്നായിരുന്നു ആശങ്ക. എംപ്ലോയീസ് അസോസിയേഷന്‍ തുടക്കത്തില്‍ കെ.എ.എസ്സിന് എതിരായിരുന്നു. അത് പരസ്യമായി പറയുകയും ചെയ്തു. പല തലങ്ങളില്‍ ചര്‍ച്ച നടന്നു. ഒടുവില്‍ എതിര്‍പ്പ് മാറ്റിവച്ച് സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാന്‍ തീരുമാനിച്ചു. അപ്പോഴും അമര്‍ഷമുള്ള ചെറിയ വിഭാഗം ഉണ്ടായിരുന്നു. പക്ഷേ, നയപരമായ വിഷയത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനത്തില്‍ പാര്‍ട്ടി തീരുമാനം എന്താണോ അതിനൊപ്പം നില്‍ക്കുക എന്നതാണ് രീതി. എതിരഭിപ്രായങ്ങള്‍ കൂടി കേട്ട ശേഷം പാര്‍ട്ടി എടുക്കുന്ന അന്തിമ തീരുമാനം അംഗീകരിക്കും; പിന്നീട് രണ്ടഭിപ്രായം ഉണ്ടാകാറില്ല. പക്ഷേ, ഇത്തവണ അതിനുശേഷവും എതിര്‍പ്പു നിലനില്‍ക്കുന്നു എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സംശയിച്ചു. ആ സംശയം തിരുത്താന്‍ പാര്‍ട്ടിക്കു കഴിഞ്ഞുമില്ല. സംഘടനയും മുഖ്യമന്ത്രിയുടെ ഓഫീസും ഇടഞ്ഞുതന്നെ നിന്നു.

ടോം ജോസ്
ടോം ജോസ്

മുഖ്യമന്ത്രിയുടെ വകുപ്പിലെ പ്രമുഖ സ്ഥാപനത്തില്‍ ഐ.ടി കണ്‍സള്‍ട്ടന്റ്, യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഐ.ടി അറ്റ് സ്‌കൂള്‍ ഡയറക്ടറായിരുന്ന ആളാണ്. മുസ്ലിം ലീഗുമായി അടുത്തു ബന്ധമുള്ള ഇദ്ദേഹത്തെ ഇവിടെ നിയമിച്ചതും ശിവശങ്കരന്‍. മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ ആയി വന്ന അരുണ്‍ ബാലചന്ദ്രനെപ്പോലുള്ളവരെ മനസ്സിലാക്കാനും പുറത്താക്കാന്‍ കഴിഞ്ഞതും സ്വര്‍ണ്ണക്കള്ളക്കടത്തു പുറത്തു വന്നതുകൊണ്ട് മാത്രമാണ്. അല്ലെങ്കില്‍ അവര്‍ ഇപ്പോഴും തുടരുമായിരുന്നു. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലെ ഉറച്ച സി.പി.എംകാരനായ ഉദ്യോഗസ്ഥനെ അവിടെനിന്നു പറപ്പിക്കാന്‍ ആ ഓഫീസ് തന്നെ ഇല്ലാതാക്കി. അതിനു പരാതി പരിഹാര സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ജനുവരി മുതല്‍ ഓണ്‍ലൈനിലാക്കുകയാണ് ആദ്യം ചെയ്തത്. പിന്നാലെ കൊവിഡ് പ്രതിസന്ധി കൂടി വന്നതോടെ സെക്രട്ടേറിയറ്റില്‍നിന്നു കളക്ട്രേറ്റുകളിലേക്കു കൈമാറിയ ലക്ഷക്കണക്കിനു പരാതികള്‍ കെട്ടിക്കിടക്കുന്നു. ''നന്നായി പ്രവര്‍ത്തിക്കുന്ന സത്യസന്ധരായ ഉദ്യോഗസ്ഥരെ ശത്രുവായിക്കണ്ട് ഒഴിവാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടാകാം. അങ്ങനെയെങ്കില്‍ ആ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്?'' ചോദിക്കുന്നത് വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ഉയര്‍ന്ന പദവിയിലുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. പേടിപ്പിക്കുന്ന ഒരു വലിയ ചോദ്യമായി അതു മാറുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിതന്നെ ദുരൂഹ ബന്ധങ്ങളുടെ പേരില്‍ കുഴപ്പത്തിലാകുന്നത് ഇപ്പോള്‍ അതിന് ഉത്തരവുമാകുന്നു. അതേസമയം, പിണറായി വിരുദ്ധരും സി.പി.എം വിരുദ്ധരും പോലും കൈയടിക്കുന്ന വിധം പ്രതിസന്ധികളെ കൈകാര്യം ചെയ്ത മുഖ്യമന്ത്രിയും സര്‍ക്കാരും ഇത് മറികടക്കും എന്നാണ് അദ്ദേഹത്തിന്റെ പ്രത്യാശ. ''മികച്ച ട്രാക്ക് റെക്കോഡ് അട്ടിമറിക്കപ്പെട്ടത് മുഖ്യമന്ത്രിയുടെ കുഴപ്പംകൊണ്ടല്ല. അദ്ദേഹം വിശ്വസിച്ച് ഏല്പിച്ചവര്‍ ആ വിശ്വാസത്തെ വഞ്ചിച്ചതുകൊണ്ടാണ്'' -അദ്ദേഹം അഭിപ്രായപ്പെടുന്നു.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നത് നളിനി നെറ്റോയെപ്പോലെ വലിയ വിശ്വാസ്യത ഉണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥ വഹിച്ചിരുന്ന തസ്തികയാണ്. നളിനി നെറ്റോ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരിക്കുമ്പോള്‍ ശിവശങ്കരന്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി മാത്രമായിരുന്നു. അവരുടെ രാജിക്കു പിന്നിലും ശിവശങ്കരന്റെ താല്പര്യവും അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുന്നവരുടെ താല്പര്യവും ഉണ്ടായിരുന്നു എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. ആര്‍. മോഹന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി വന്നതുകൊണ്ടാണ് സഹോദരിയായ നളിനി നെറ്റോ രാജിവച്ച് പോയത് എന്നാണ് അന്ന് പ്രചരിച്ചത്. നളിനി നെറ്റോ എല്ലാ ഫയലുകളും ശ്രദ്ധയോടെ പരിശോധിച്ചിരുന്നു എന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ അടുത്തറിയുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഒരുപോലെ പറയുന്നു. പ്രത്യേകമായി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ അവര്‍ കുറിപ്പായിത്തന്നെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. ആ രീതി തുടരുന്നത് ശിവശങ്കരന് അംഗീകരിക്കാന്‍ പറ്റുമായിരുന്നില്ല. മുഖ്യമന്ത്രി അറിയാത്ത ഇടപാടുകള്‍ ഇപ്പോള്‍ പുറത്തു വരുന്നതുതന്നെ അതിനു തെളിവ്. മുഖ്യമന്ത്രിയുടെ വിശ്വസ്തയായിട്ടും എന്തുതരം സമ്മര്‍ദ്ദമാണ് നളിനി നെറ്റോയുടെ രാജിക്ക് ഇടയാക്കിയത് എന്ന് ആര്‍ക്കും അറിയില്ല. അവര്‍ വെളിപ്പെടുത്തിയിട്ടുമില്ല.

രമൺ ശ്രീവാസ്തവ
രമൺ ശ്രീവാസ്തവ

പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് അനുഭവ സമ്പത്തുമുള്ള എം.വി. ജയരാജന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന കാലത്തെക്കുറിച്ച് എല്ലാവരും നല്ലതുമാത്രം പറയുന്നു. സാധാരണക്കാരുടെ കാര്യങ്ങള്‍ക്കു നീക്കുപോക്ക് ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുമായി തുല്യനിലയില്‍ സംസാരിക്കാന്‍ ശേഷിയും അനുമതിയും ജയരാജന് ഉണ്ടായിരുന്നു. പക്ഷേ, അദ്ദേഹം പോയതോടെ നോര്‍ത്ത് ബ്ലോക്ക് 'കോട്ടിട്ടവര്‍ കയറിയിറങ്ങുന്ന' സ്ഥലമായി മാറി. മൂന്നാം നിലയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ എതിര്‍വശത്ത് എത്രയോ കാലമായി ഏതെങ്കിലുമൊരു മന്ത്രിയുടെ ഓഫീസാണ് പ്രവര്‍ത്തിച്ചിരുന്നത്. എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി സര്‍ക്കാരുകളുടെ കാലത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഓഫീസ്; വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ എസ്. ശര്‍മ്മയുടെ ഓഫീസ്; പിണറായി വിജയന്‍ സര്‍ക്കാര്‍ വന്നപ്പോള്‍ ആദ്യം അത് വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ ഓഫീസായിരുന്നു. ജയരാജന്‍ രാജിവച്ചപ്പോള്‍ വ്യവസായ മന്ത്രിയുടെ ചുമതലയുണ്ടായിരുന്ന എ.സി. മൊയ്തീന്‍ അവിടേക്കു വന്നു. പക്ഷേ, അക്കാലത്തു തന്നെ ആ ഓഫീസ് ഒഴിപ്പിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമാക്കി മാറ്റി.

പിണറായി മികച്ച മുഖ്യമന്ത്രിയും കരുത്തനായ രാഷ്ട്രീയ നേതാവുമാണ് എന്നതില്‍ സംശയമില്ലാത്തവര്‍ തന്നെയാണ് അദ്ദേഹത്തിന്റെ ഓഫീസ് നേര്‍വഴിക്കല്ല പോകുന്നത് എന്നു പരിതപിക്കുന്നത്. കസേരയ്ക്കു താഴെ ഇരുന്നു കാലുകള്‍ അറുത്തുമാറ്റുന്നവരെ മുഖ്യമന്ത്രിക്കു കാണാന്‍ കഴിഞ്ഞില്ല.

മാറ്റങ്ങള്‍ക്കു പിന്നിലാര്?  

മുഖ്യമന്ത്രിയുടെ തുടക്കം വളരെ നല്ല നിലയില്‍ ആയിരുന്നു. ഉദാഹരണത്തിന്, തലസ്ഥാന നഗരത്തിലൂടെ സഞ്ചരിക്കുമ്പോള്‍ അകമ്പടി വാഹനങ്ങളോടുപോലും മുഖ്യമന്ത്രിക്ക് യോജിപ്പുണ്ടായിരുന്നില്ല. ജനങ്ങള്‍ക്ക് അകല്‍ച്ച തോന്നും എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പക്ഷേ, ഇപ്പോള്‍ അദ്ദേഹം പോകുന്നത് മുന്‍പിലും പിന്‍പിലും നിരവധി അകമ്പടി വാഹനങ്ങള്‍ക്കൊപ്പമാണ്. ഈ നാല് വര്‍ഷത്തിനിടയില്‍ എന്തു സുരക്ഷാ ഭീഷണിയാണ് അദ്ദേഹത്തിന് ഉണ്ടായത് എന്ന ചോദ്യം പ്രസക്തം. ചുറ്റും നില്‍ക്കുന്നവരില്‍ചിലരുടെ തെറ്റായ ഉപദേശത്തിന് മികച്ച ഉദാഹരണമാണ് ഇതെന്നു പറയുന്നത് പാര്‍ട്ടിയിലും സര്‍ക്കാരിലും ഉള്ളവര്‍ തന്നെയാണ്. അവര്‍ അദ്ദേഹത്തിന്റെ ശത്രുക്കളല്ലതാനും.

തുടക്കത്തില്‍ ഉന്നത തസ്തികകളിലെ ബഹുഭൂരിഭാഗം നിയമനങ്ങളിലും നളിനി നെറ്റോയുടെ 'അടയാളം' പതിഞ്ഞിരുന്നു. അവര്‍ക്ക് മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും കുഴപ്പത്തിലാക്കുന്ന താല്പര്യങ്ങള്‍ ഉണ്ടായിരുന്നില്ല. ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് ഉള്‍പ്പെടെ അവരുടെ സ്വാധീനമായിരുന്നു. മാധ്യമ ശ്രദ്ധയോടുള്ള അമിത താല്പര്യവും ദൈനംദിന പൊലീസ് ഭരണത്തില്‍ പരിചയക്കുറവും ഉണ്ടായിരുന്നെങ്കിലും അഴിമതിരഹിതമാകണം ഭരണ സംവിധാനം എന്ന ആഗ്രഹമുണ്ടായിരുന്നു, ജേക്കബ് തോമസിന്. അത് നളിനി നെറ്റോയുടെ ഇടപെടലിലൂടെ മുഖ്യമന്ത്രിക്ക് പ്രതീക്ഷ നല്‍കുന്ന ഘടകമായി മാറി. ജേക്കബ് തോമസിനെ തുടക്കത്തില്‍ കയറൂരിവിട്ടത് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും മികച്ച അഴിമതിരഹിത പ്രതിച്ഛായ നല്‍കിയതോടെ തുടക്കം ശരിയായ ദിശയിലാണ് എന്ന ശക്തമായ ധാരണ മുഖ്യമന്ത്രിക്കും ഉണ്ടായി.

മാധ്യമങ്ങളുടെ പ്രതികരണത്തെ നിസ്സാരമായി കാണുന്ന കാര്യത്തില്‍ ഉപദേശകരുടെ സ്വാധീനം മുഖ്യമന്ത്രിക്കു ഗുണമല്ല ചെയ്തത്. ഭരണാധികാരി വിമര്‍ശിക്കപ്പെടേണ്ട ആളാണ് എന്ന ജനാധിപത്യപരമായ തിരിച്ചറിവുള്ള നേതാവായിട്ടുകൂടി അദ്ദേഹത്തില്‍നിന്നുണ്ടായ പ്രതികരണങ്ങള്‍ നേരെ വിപരീതമായി. ഇപ്പോഴത്തേതിനേക്കാള്‍ മോശം കേസായിരുന്ന സോളാറില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ആക്രമിച്ചതിനേക്കാള്‍ രൂക്ഷമായി ശിവശങ്കരനെ ചാരി മാധ്യമങ്ങള്‍ അദ്ദേഹത്തെ ആക്രമിക്കുന്നത് ഇതിന്റെ ബാക്കിപത്രമാണ്. അതിനൊരു മറുവശം അദ്ദേഹം സ്വയം തീരുമാനിച്ചു നടപ്പാക്കിയപ്പോഴും ജനാധിപത്യപരമായല്ല പോക്ക്. കൊവിഡ് കാലത്തെ വാര്‍ത്താ സമ്മേളനങ്ങളാണ് മികച്ച ഉദാഹരണം. മുഖ്യമന്ത്രിയെ കേള്‍ക്കാന്‍ കേരളം ടി.വി ചാനലുകള്‍ക്കു മുന്നില്‍ കാത്തിരിക്കുന്ന സമയമായി അതു മാറി എന്നതു ശരിതന്നെ. പക്ഷേ, ആരോഗ്യമന്ത്രിയേയും റവന്യൂമന്ത്രിയേയും ഒരു മണിക്കൂര്‍ നിശ്ശബ്ദസാക്ഷികള്‍ മാത്രമായി ഒപ്പമിരുത്തുകയാണ്. കെ.കെ. ശൈലജ ടീച്ചറും ഇ. ചന്ദ്രശേഖരനും മറുപടി പറയേണ്ട ചോദ്യങ്ങള്‍, പ്രത്യേകിച്ചും ആരോഗ്യമന്ത്രിക്ക് കൂടുതല്‍ നന്നായി വിശദീകരിക്കാവുന്ന ചോദ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നു. പക്ഷേ, മുഖ്യമന്ത്രി മാത്രമാണു സംസാരിക്കുന്നത്. അധികാരത്തിലെത്തിയ ആദ്യ മാസങ്ങളില്‍ മന്ത്രിസഭാ യോഗങ്ങള്‍ക്കുശേഷമുള്ള പതിവു വാര്‍ത്താസമ്മേളനം പോലും മുഖ്യമന്ത്രി നടത്തിയിരുന്നില്ല. അത് വാര്‍ത്തയും ചര്‍ച്ചയുമായി. നിയമസഭയില്‍ പ്രതിപക്ഷം ആ വിഷയം ഉന്നയിച്ചു. മുഖ്യമന്ത്രി പി.ആര്‍.ഒ അല്ല എന്നായിരുന്നു മറുപടി. അന്നു കിട്ടിയിരുന്ന ഉപദേശമായിരുന്നു ആ മറുപടിയില്‍ പ്രതിഫലിച്ചത്. പക്ഷേ, ഇപ്പോള്‍ അദ്ദേഹം എല്ലാ ദിവസവും മാധ്യമങ്ങളോട് കൊവിഡ് സംബന്ധിച്ച മുഴുവന്‍ കണക്കുകളും തികഞ്ഞ ക്ഷമയോടെ വിശദീകരിക്കുന്നു; ഇന്ന് എത്ര പേര്‍ പോസിറ്റീവ്, രോഗമുക്തര്‍ എത്ര, രണ്ടിന്റേയും ജില്ല തിരിച്ചുള്ള കണക്കുകള്‍, പരിശോധിച്ച സാമ്പിളുകളുടെ എണ്ണം എല്ലാം പറയുന്നു. ഇത് പിണറായി വിജയന്റെ തീരുമാനമാണ്. അതിനു ഫലവുമുണ്ടായി. കണക്കുകളെല്ലാം ഇങ്ങനെ പറയണോ പത്രക്കുറിപ്പ് കൊടുത്താല്‍ പോരെ എന്നു ചോദിക്കാനുള്ള ധൈര്യം കാണിച്ചവരോട് അങ്ങനെയല്ല വേണ്ടത് എന്നാണത്രേ അദ്ദേഹം പ്രതികരിച്ചത്. ആ നിലപാട് സ്വന്തം മന്ത്രിമാര്‍ക്കു സംസാരിക്കാന്‍ അവസരം നല്‍കുന്നതില്‍ കാണിക്കുന്നുമില്ല.

പാർട്ടിക്കും ഭരണത്തിനുമിടയിൽ: കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനുമൊപ്പം എംവി ജയരാജൻ
പാർട്ടിക്കും ഭരണത്തിനുമിടയിൽ: കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനുമൊപ്പം എംവി ജയരാജൻ

അനാവശ്യമായി ഇടപെടാതിരിക്കാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിക്കുന്നുണ്ട്, ഇപ്പോഴും എന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അനുഭവത്തില്‍ നിന്നു പറയുന്നത്. പക്ഷേ, അദ്ദേഹത്തിന്റെ ആ ശക്തി പൊതുജനത്തിനു ഗുണമായി വന്നില്ല. ഇന്റലിജന്‍സ് തലപ്പത്തുള്ളത് മികച്ച പ്രതിച്ഛായയുള്ള ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. പക്ഷേ, രാഷ്ട്രീയം നോക്കാതെ പ്രാപ്തിയുള്ള ആളുകളെ കൂടെ വയ്ക്കുന്നതില്‍ അദ്ദേഹത്തിനു പൂര്‍ണ്ണമായും വിജയിക്കാന്‍ കഴിഞ്ഞില്ല. തീരുമാനം മുഖ്യമന്ത്രിയുടെ ഓഫീസാണ് എടുക്കുന്നത്. അതില്‍ പൊലീസ് അസോസിയേഷന്റെ സ്വാധീനവും ഉണ്ടായി. ഇന്റലിജന്‍സ് മേധാവിയുടെ അഭിപ്രായം നിയമനങ്ങളിലെല്ലാം അംഗീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കുറേയെങ്കിലും അദ്ദേഹത്തിന്റെ താല്പര്യം പരിഗണിച്ചിരുന്നെങ്കില്‍ ഇന്റലിജന്‍സ് വിഭാഗം കൂടുതല്‍ കരുത്തുറ്റതാകുമായിരുന്നു എന്നു ചൂണ്ടിക്കാട്ടുന്നവരുണ്ട് ഭരണത്തലപ്പത്തുതന്നെ.

വളരെ സെന്‍സിറ്റീവായ കാര്യങ്ങള്‍, അപായസൂചനകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് എന്ന രൂപത്തില്‍ അല്ലാതെ ഇന്റലിജന്‍സ് മേധാവി നേരിട്ട് മുഖ്യമന്ത്രിയോടു പറയാറുണ്ട്. പക്ഷേ, അത്തരം സൂചനകള്‍ മുഖ്യമന്ത്രി അംഗീകരിക്കുന്നതില്‍നിന്ന് നിരുത്സാഹപ്പെടുത്തിയ ഉപദേശക സാന്നിധ്യവും പ്രശ്‌നമായി. വിവരങ്ങള്‍ വളരെ സൂക്ഷ്മമായി പരിശോധിച്ചു മാത്രമാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താറ്. സ്വപ്നയുമായുള്ള ശിവശങ്കരന്റെ പരിധിവിട്ട അടുപ്പം ഇന്റലിജന്‍സിനു നന്നായി അറിയാമായിരുന്നു. അത് മുഖ്യമന്ത്രിയോട് ഇന്റലിജന്‍സ് മേധാവി നേരിട്ടു പറഞ്ഞോ എന്നത് അവര്‍ രണ്ടുപേര്‍ക്കും മാത്രം അറിയാവുന്ന കാര്യമാണ്.

പിണറായി വിജയനെതിരെ മുന്‍പ് ആദായനികുതി വകുപ്പിനു ലഭിച്ച പരാതി അന്വേഷിച്ച് അത് കള്ളപ്പരാതിയാണ് എന്നു കണ്ടെത്തിയത് അന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ആര്‍. മോഹനാണ്. തികച്ചും വ്യാജമായിരുന്നു ആ പരാതിയിലെ വിവരങ്ങള്‍. പക്ഷേ, പിണറായിക്കെതിരായ മാധ്യമ അജന്‍ഡയ്ക്ക് ആ പരാതിവിവരം വിട്ടുകൊടുക്കാതിരിക്കാനുള്ള മാന്യത കാണിച്ച ഉദ്യോഗസ്ഥനാണ് മോഹന്‍. ആ കടപ്പാടുകൂടി ഉള്ളതുകൊണ്ട് മോഹനു മുകളില്‍ ഒരു പൊളിറ്റിക്കല്‍ പ്രൈവറ്റ് സെക്രട്ടറി ഇനി വരാനിടയില്ല എന്ന സൂചന ശക്തമാണ്. പക്ഷേ, എം.വി. ജയരാജന്റെ അഭാവം നികത്താന്‍ കഴിയുന്ന മികച്ച രാഷ്ട്രീയ നിയമനം വേണമെന്ന വാദവും പാര്‍ട്ടിയിലും സര്‍ക്കാരിലുമുണ്ട്. പക്ഷേ, ജയരാജന്‍ നിര്‍വ്വഹിച്ച രാഷ്ട്രീയമായ പങ്ക് നിര്‍വ്വഹിക്കാന്‍ മോഹനു കഴിയില്ല എന്നത് ഒരു പോരായ്മയായി മുഖ്യമന്ത്രി കാണുന്നുണ്ടോ എന്നതു പ്രധാനമാണ്.

ഭരണസംവിധാനത്തിനു ചട്ടക്കൂടും മാര്‍ഗ്ഗദര്‍ശനവും നല്‍കുന്ന റൂള്‍സ് ഓഫ് ബിസിനസ് പ്രകാരം മുഖ്യമന്ത്രി നേരിട്ട് രേഖാമൂലം നിര്‍ദ്ദേശങ്ങളൊന്നും നല്‍കുന്നില്ല. ചീഫ് സെക്രട്ടറിക്കോ ഡി.ജി.പിക്കോ മറ്റാര്‍ക്കെങ്കിലുമോ ആയാലും മുഖ്യമന്ത്രിയല്ല, അദ്ദേഹത്തിനുവേണ്ടി സെക്രട്ടറിയാണ് നിര്‍ദ്ദേശം നല്‍കുന്നത്. സെക്രട്ടറിയാണ് ഭരണനിര്‍വ്വഹണ സംവിധാനത്തിന്റെ മുന. സെക്രട്ടറി ഇടപെട്ടാല്‍ അത് മുഖ്യമന്ത്രിയുടെ ഇടപെടലായാണ് കണക്കാക്കുക. അത് എം. ശിവശങ്കരന്‍ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തി; ദുരുപയോഗപ്പെടുത്തുകയായിരുന്നു എന്ന് വ്യക്തമായത് ഇപ്പോഴാണെന്നു മാത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com