എന്തായിരിക്കും തിരുവനന്തപുരം മേയറുടെ കൊടിനിറം?

കേരളത്തിന്റെ തലസ്ഥാന ഭരണം കയ്യെത്തും ദൂരെ എത്തിയിരിക്കുന്നു എന്ന് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി പ്രതീക്ഷ വയ്ക്കുന്നതാണ് തിരുവനന്തപുരം നഗരസഭാ തെരഞ്ഞെടുപ്പിനെ ഇത്തവണ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്
രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങളുമായി ഫെയ്സ് മാസ്ക്കുകൾ വിൽപ്പനയ്ക്ക്. തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്തു നിന്നുള്ള കാഴ്ച
രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങളുമായി ഫെയ്സ് മാസ്ക്കുകൾ വിൽപ്പനയ്ക്ക്. തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്തു നിന്നുള്ള കാഴ്ച

കേരളത്തിന്റെ തലസ്ഥാന ഭരണം കയ്യെത്തും ദൂരെ എത്തിയിരിക്കുന്നു എന്ന് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി പ്രതീക്ഷ വയ്ക്കുന്നതാണ് തിരുവനന്തപുരം നഗരസഭാ തെരഞ്ഞെടുപ്പിനെ ഇത്തവണ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്നിലാക്കി എന്‍.ഡി.എ രണ്ടാം സ്ഥാനത്ത് എത്തുകയും മുഖ്യ പ്രതിപക്ഷമാവുകയും ചെയ്തു. ഇപ്പോള്‍ കൂടുതല്‍ പ്രതീക്ഷ വയ്ക്കാന്‍ പ്രധാന കാരണവും അതുതന്നെ. തിരുവനന്തപുരം നഗരസഭ പിടിക്കാന്‍ കഴിഞ്ഞാല്‍ കേരളം പിടിക്കുക എന്ന ലക്ഷ്യത്തിലേക്ക് ദൂരം കുറയും എന്നാണ് സംഘ്പരിവാര്‍ കരുതുന്നത്. അഞ്ചുമാസം കഴിഞ്ഞു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ ഫലം വളരെ പ്രധാന രാഷ്ട്രീയ സന്ദേശമായി മാറുകയും ചെയ്യും. നൂറു വാര്‍ഡുകളുള്ള കോര്‍പ്പറേഷനില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി അധികാരത്തിലെത്തിയെങ്കിലും കേവല ഭൂരിക്ഷത്തിന് എട്ടു സീറ്റുകള്‍ കുറവായിരുന്നു. രണ്ടാമതെത്തിയ എന്‍.ഡി.എയ്ക്ക് എല്‍.ഡി.എഫിനേക്കാള്‍ എട്ടു സീറ്റുകള്‍ മാത്രം കുറവ്. എല്‍.ഡി.എഫിന് 43, എന്‍.ഡി.എയ്ക്ക് 35, യു.ഡി.എഫിന് 21. അതായത് കേവല ഭൂരിപക്ഷത്തിലേക്ക് എന്‍.ഡി.എയുടെ അകലം 16 കൗണ്‍സിലര്‍മാരും യു.ഡി.എഫിന്റേത് മുപ്പതും. ഒരു സ്വതന്ത്ര അംഗമുള്ളത് ഇടതുപക്ഷാനുകൂല നിലപാടാണ് സ്വീകരിച്ചത്. ഇത്തവണ എല്‍.ഡി.എഫിന് ഭരണം നിലനിര്‍ത്തണം; എന്‍.ഡി.എയ്ക്കു ഭരണം നേടണം. യു.ഡി.എഫിനും ഭരണം നേടാനാണ് ആഗ്രഹം. അതു നടന്നില്ലെങ്കില്‍ രണ്ടാമതെങ്കിലും എത്തണം, മുഖ്യ പ്രതിപക്ഷമാകണം. ഇതില്‍ ഏതാണ് നടക്കേണ്ടത് എന്ന തലസ്ഥാനത്തെ വോട്ടര്‍മാരുടെ തീരുമാനത്തെ സ്വാധീനിക്കാന്‍ അടിയൊഴുക്ക് അതിശക്തം. 14 വാര്‍ഡുകളില്‍ മത്സരിക്കുന്ന തിരുവനന്തപുരം വികസന മുന്നേറ്റം (റ്റി.വി.എം) എന്ന സംഘടന പിടിക്കുന്ന വോട്ടുകളും ഇതിനിടയില്‍ പ്രധാനമാകും. ചിലയിടത്തെങ്കിലും ജയം അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍, ജയിക്കാത്ത സീറ്റുകളിലും ജയപരാജയങ്ങളെ സ്വാധീനിക്കാന്‍ അവര്‍ക്കു കിട്ടുന്ന വോട്ടുകള്‍ക്കു കഴിഞ്ഞേക്കും എന്നതാണ് കൂടുതല്‍ പ്രധാനം. 

സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതു മുതല്‍ മുന്‍പെന്നെത്തേക്കാള്‍ ഇടതുമുന്നണി നടത്തിയ വലിയ തയ്യാറെടുപ്പുകളും പ്രവര്‍ത്തനങ്ങളും ബി.ജെ.പിക്കുവേണ്ടി ആര്‍.എസ്.എസ്സിന്റെ നേരിട്ടുള്ള ഇടപെടല്‍ എന്നീ രണ്ടു കാര്യങ്ങള്‍ ഈ തെരഞ്ഞെടുപ്പിന് രണ്ടുപക്ഷവും നല്‍കുന്ന അധിക പ്രാധാന്യം വ്യക്തമാക്കുന്നു. യു.ഡി.എഫില്‍ ഈ വിധം സംഘടിതരീതികളൊന്നും കാണാനില്ല. പ്രവര്‍ത്തകരുടെ പ്രതീക്ഷകള്‍ക്കൊത്ത പ്രവര്‍ത്തനങ്ങള്‍ നടത്താതിരിക്കുന്നതിലെ ദുരൂഹത നിസ്സാരമല്ലതാനും. തമ്പാനൂര്‍ രവിയും വി.എസ്. ശിവകുമാറുമാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതില്‍ പ്രധാന റോള്‍ വഹിച്ചത്. ഇവരുടെ തീരുമാനങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പച്ചക്കൊടി കാട്ടുകയും ചെയ്തു. തലസ്ഥാനത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇടപെട്ടില്ല. ഫലത്തില്‍ ബി.ജെ.പിക്കുവേണ്ടി വിട്ടുവീഴ്ച ചെയ്തതായി തോന്നിക്കുന്ന സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമെന്ന വിമര്‍ശനം നിലനില്‍ക്കുന്നു; അകത്തും പുറത്തും. എന്നാല്‍ 35 മുതല്‍ 45 വരെ സീറ്റുകളില്‍ ജയിക്കുമെന്ന വിവരമാണ് പ്രാഥമികമായി കെ.പി.സി.സിക്ക് ഡി.സി.സി നല്‍കിയിരിക്കുന്നത്. ബി.ജെ.പിയും സി.പി.ഐ.എമ്മും തമ്മിലാണ് മത്സരമെന്നു വരുത്തി യു.ഡി.എഫിനെ മൂലയ്ക്കിരുത്താനുള്ള വ്യാപക പ്രചാരം നടക്കുന്നു എന്നുമുണ്ട് വിലയിരുത്തല്‍. 

ഡിസംബര്‍ എട്ടിന് ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു ജില്ലകളിലൊന്നാണ് തിരുവനന്തപുരം. നഗരസഭയിലെ വോട്ടര്‍മാര്‍ 8,05937, വീടുകള്‍ 2,02762, 48 ശതമാനം പുരുഷന്മാരും 52 ശതമാനം സ്ത്രീകളും രണ്ട് ട്രാന്‍സ്ജെന്‍ഡേഴ്സും. 73 ശതമാനം ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍ 16 ശതമാനം, മുസ്ലിങ്ങള്‍ 11 ശതമാനം, ഹിന്ദു വോട്ടര്‍മാര്‍ 5,84,317, ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ 1,30,119, മുസ്ലിം വോട്ടര്‍മാര്‍ 91,501. 18 വയസ്സ് മുതല്‍ 21 വരെ പ്രായമുള്ളവര്‍ 7328 (1%), 24 മുതല്‍ 29 വരെ പ്രായമുള്ളവര്‍ 70,388 (9%), 30 മുതല്‍ 35 വയസ്സ് വരെ പ്രായമുള്ളവര്‍ 92,582 (11%), 36 മുതല്‍ 45 വയസ്സു വരെയുള്ളവര്‍ 1,84,134 (23%), 46 മുതല്‍ 59 വയസ്സുവരെയുള്ളവര്‍ 2,26,920 (28%), 66 മുതല്‍ 79 വയസ്സ് വരെയുള്ള മുതിര്‍ന്ന പൗരര്‍ 1,92048 (24%), വെരി സീനിയര്‍ സിറ്റിസണ്‍ വിഭാഗത്തില്‍പ്പെടുന്ന 80-നു മുകളില്‍ പ്രായമുള്ളവര്‍ 32,663 (4%). 

44 ശതമാനമുള്ള നായര്‍ സമുദായമാണ് തലസ്ഥാനത്തെ ഭൂരിപക്ഷ സമുദായം. ഈഴവരും ദളിതരും ചേര്‍ന്നാല്‍ ഇത്രതന്നെയുണ്ട്; 44 ശതമാനം. ആശാരി നാല് ശതമാനം ചെട്ടിയാര്‍ ഒരു ശതമാനം, അയ്യര്‍ ഒരു ശതമാനം, നമ്പൂതിരി 1086 പേര്‍, നാടാര്‍ മൂന്ന് ശതമാനം, പണിക്കര്‍ രണ്ട് ശതമാനം എന്നിങ്ങനെയാണ് ഹിന്ദുക്കളുടെ സമുദായം തിരിച്ചുള്ള കണക്ക്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാസങ്ങളായി നടത്തിയ ശ്രമത്തിന്റെ ഫലമായി ടെക്നോപാര്‍ക്കിലെ ഒരു ഏജന്‍സി തയ്യാറാക്കിയതാണ് ഈ കണക്ക്. 

വള്ളക്കടവ് ‍ഡിവിഷനിലെ മുസ്ലിം ലീ​ഗിന്റെ സ്ഥാനാർത്ഥിയായ ഡോ. അൻവർ നാസർ തന്റെ വധുവായ റോഷ്നിക്ക് പ്രചാരണത്തിനായി വീടിന് മുന്നിൽ സ്ഥാപിച്ച പോസ്റ്ററുകൾ കാണിച്ചു കൊടുക്കുന്നു/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്
വള്ളക്കടവ് ‍ഡിവിഷനിലെ മുസ്ലിം ലീ​ഗിന്റെ സ്ഥാനാർത്ഥിയായ ഡോ. അൻവർ നാസർ തന്റെ വധുവായ റോഷ്നിക്ക് പ്രചാരണത്തിനായി വീടിന് മുന്നിൽ സ്ഥാപിച്ച പോസ്റ്ററുകൾ കാണിച്ചു കൊടുക്കുന്നു/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്

ആര്, എന്തുകൊണ്ട് 

55 മുതല്‍ 60 വരെ സീറ്റുകള്‍ കിട്ടുമെന്ന് ഇടതുമുന്നണി പ്രതീക്ഷിക്കുന്നതായി മുന്‍ മേയറും വട്ടിയൂര്‍ക്കാവ് എം.എല്‍.എയുമായ വി.കെ. പ്രശാന്ത് പറയുന്നു. എന്നാല്‍, ഇതു പുറത്തേക്കു പറയുന്ന അവകാശവാദമാണെന്നും പരമാവധി 50 വാര്‍ഡുകളിലാണ് വിജയപ്രതീക്ഷ എന്നുമാണ് മനസ്സിലാകുന്നത്. പൂജപ്പുര വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയും ബി.ജെ.പി ജില്ലാ പ്രസിഡന്റുമായ വി.വി. രാജേഷിന്റെ തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു രാജ്യസഭാംഗം സുരേഷ് ഗോപി അവകാശപ്പെട്ടത് എന്‍.ഡി.എ 65 മുതല്‍ 70 സീറ്റുകളില്‍ വരെ വിജയിക്കും എന്നാണ്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ആര്‍.എസ്.എസ്സിന്റെ വിലയിരുത്തലായി പ്രചരിക്കുന്നത് 20 സീറ്റുകളെങ്കിലും കൂടുതല്‍ നേടാനാകും എന്നാണ്; അതായത് 55. എന്നാല്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലേക്കാള്‍ പത്തു വാര്‍ഡുകളിലെങ്കിലും കൂടുതല്‍ ജയിച്ച് 45-ല്‍ എത്താനാകും എന്നാണ് അവരുടെ കേന്ദ്രങ്ങള്‍ ആധികാരികമായി പറയുന്ന കണക്ക്. എന്‍.ഡി.എ 45, എല്‍.ഡി.എഫ് 35, യു.ഡി.എഫ് 20. ഇതില്‍ ചെറിയ ഏറ്റക്കുറച്ചിലുകള്‍ വന്നാല്‍ യു.ഡി.എഫിന്റെ സീറ്റുകള്‍ കുറയുമെന്നും അതിന്റെ മെച്ചം മറ്റു രണ്ടു മുന്നണികള്‍ക്കും ലഭിക്കുമെന്നും കരുതുന്നു. എന്‍.ഡി.എയുടെ സീറ്റുകള്‍ കഴിഞ്ഞ തവണത്തേക്കാള്‍ പത്തെണ്ണം വരെ കുറയാം എന്നാണ് സി.പി.ഐ.എം വിലയിരുത്തുന്നത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തു പോയതും തോറ്റതുമായ പല വാര്‍ഡുകളും എല്‍.ഡി.എഫിനു തിരിച്ചു പിടിക്കാനാകുമെന്നും പാര്‍ട്ടി കരുതുന്നു. ബി.ജെ.പിയുടെ ആഭ്യന്തര പ്രശ്‌നങ്ങള്‍ എല്‍.ഡി.എഫിനു ഗുണകരമാകുമെന്നുമുണ്ട് കണക്കുകൂട്ടല്‍.

''യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍ രഹസ്യധാരണയുണ്ട്. ഇവിടെയും മറ്റൊരു കോര്‍പ്പറേഷനിലും ബി.ജെ.പിയെ യു.ഡി.എഫ് സഹായിക്കുന്നു, തിരിച്ച് രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ സഹായിക്കും. രാഷ്ട്രീയ ഗൂഢാലോചനയാണിത്. പല വാര്‍ഡുകളിലും യു.ഡി.എഫിനു ദുര്‍ബ്ബല സ്ഥാനാര്‍ത്ഥികളാണ്. പക്ഷേ, അതിനെയൊക്കെ മറികടന്ന് ഇടതുമുന്നണിക്കു ജയിക്കാനാകും'' -വി.കെ. പ്രശാന്ത് പറയുന്നു. ഇതിനോട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രൂക്ഷമായാണ് പ്രതികരിക്കുന്നത്. ''കോണ്‍ഗ്രസ്സും ബി.ജെ.പിയുമായി ഒരിടത്തും ഒരു ധാരണയുമില്ല. ഞാന്‍ കെ.പി.സി.സി അധ്യക്ഷനായിരിക്കുമ്പോള്‍ അതു സമ്മതിക്കുന്ന പ്രശ്‌നവുമില്ല. പക്ഷേ, സി.പി.ഐ.എമ്മും ബി.ജെ.പിയുമായി ധാരണയുണ്ട്. അത് നിയമസഭാ തെരഞ്ഞെടുപ്പിലുമുണ്ടാകും'' -മുല്ലപ്പള്ളി പറയുന്നു. എന്‍.ഡി.എ തിരുവനന്തപുരം നഗരസഭാ ഭരണത്തില്‍ എത്തും എന്ന് ഉറപ്പായതിന്റെ വേവലാതി യു.ഡി.എഫിനും എല്‍.ഡി.എഫിനും ഉണ്ടെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ് പറയുന്നു. ഏതെങ്കിലും മുന്നണിയുമായോ പാര്‍ട്ടികളുമായോ പരസ്യമല്ലാത്ത ഒരു ധാരണയുമില്ലെന്നും മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയായ സുരേഷ്. സംസ്ഥാനത്താകെ 150 ന്യൂനപക്ഷ സമുദായ സ്ഥാനാര്‍ത്ഥികളെയാണ് ബി.ജെ.പി മത്സരിപ്പിക്കുന്നത്. അതില്‍ 60 പേര്‍ മുസ്ലിങ്ങളും അവരില്‍ 16 പേര്‍ സ്ത്രീകളുമാണ്. എന്നാല്‍, തിരുവനന്തപുരം നഗരസഭയില്‍ അവര്‍ക്ക് ഒരു മുസ്ലിം സ്ഥാനാര്‍ത്ഥി പോലുമില്ല. 

ബി.ജെ.പി പണമൊഴുക്കുന്നു എന്ന് മറ്റു രണ്ടു മുന്നണികളും സര്‍ക്കാരിന്റെ സാധ്യതകള്‍ ഉപയോഗിച്ച് സി.പി.ഐ.എം പണം ഇറക്കുന്നുവെന്ന് ബി.ജെ.പിയും ആരോപിക്കുന്ന തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത്, ശൂന്യമായ കൈകള്‍ നീട്ടിക്കാണിച്ചാണ് കെ.പി.സി.സി പ്രസിഡന്റ് സംസാരിക്കുന്നത്. ''ഞങ്ങള്‍ക്ക് ഒഴുക്കാന്‍ പണമില്ല. അവരില്‍ ഒരു കൂട്ടര്‍ക്ക് കേന്ദ്രഭരണവും മറ്റൊരു പക്ഷത്തിന് സംസ്ഥാന ഭരണവുമുണ്ട്. എല്ലാ വാര്‍ഡുകള്‍ക്കും കെ.പി.സി.സിയുടെ വക രസീത് കുറ്റി മാത്രമാണ് അടിച്ചുകൊടുത്തത്. കൈപ്പത്തി ചിഹ്നവും അച്ചടിച്ചു നല്‍കി. ഇനി ഒരു പോസ്റ്റര്‍ കൂടി കൊടുക്കും'' -മുല്ലപ്പള്ളി പറയുന്നു. 

തയ്യാറെടുപ്പുകള്‍ 

2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയ വലിയ വിജയത്തിന്റെ അലയൊലികള്‍ നിലനില്‍ക്കെ ആയിരുന്നു 2015-ലെ തദ്ദേശ തെരഞ്ഞെടുപ്പ്. മുഖ്യപ്രതിപക്ഷത്തിന് നികുതി അപ്പീല്‍ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനവും ലഭിച്ചു. കഴക്കൂട്ടത്ത് ടെക്നോപാര്‍ക്കിന്റെ തേജസ്വിനി കെട്ടിടത്തിനു നികുതി ഇളവ് നല്‍കിയതുമായി ബന്ധപ്പെട്ട് അധ്യക്ഷയ്ക്കും ബി.ജെ.പി ജില്ലാ നേതൃത്വത്തിനും എതിരെ അഴിമതി ആരോപണം ഉയര്‍ന്നു. കോര്‍പ്പറേഷനു വന്‍തുക നഷ്ടം വരുത്തിയ ആ ഇളവ് വലിയ വിവാദമാണ് ഉയര്‍ത്തിയത്. മണക്കാട് കൗണ്‍സിലറായിരുന്ന അന്നത്തെ അധ്യക്ഷ ഇത്തവണ ചാല വാര്‍ഡില്‍ മത്സരിക്കുന്നു. അവസരം കിട്ടിയാല്‍ അഴിമതി എന്നതിനു തെളിവായി ഈ ആരോപണം എല്‍.ഡി.എഫ് വ്യാപകമായി പ്രചരിപ്പിക്കുന്നു. പ്രതിപക്ഷം എന്ന നിലയില്‍ ശ്രദ്ധ നേടാനായില്ല എന്നും 35 അംഗങ്ങളുണ്ടായിട്ടുംച്ചും മികച്ച പ്രതിപക്ഷമാകാന്‍ കഴിഞ്ഞില്ല എന്നുമാണ് മറ്റൊരു വിമര്‍ശനം. 

സി.പി.ഐ.എമ്മിനും ഇടതുമുന്നണിക്കും വലിയ നഷ്ടം സംഭവിക്കാന്‍ സാധ്യത കുറവാണ് എന്ന വിലയിരുത്തലാണ് തലസ്ഥാനത്തെ തെരഞ്ഞെടുപ്പു രംഗം നല്‍കുന്നത്. നഷ്ടം യു.ഡി.എഫിനായിരിക്കും. അവര്‍ വളരെ പിന്നിലേക്കു പോകും. അതിന്റെ നേട്ടം ബി.ജെ.പിക്കും കിട്ടും. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാറിനിന്നില്ലായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പില്‍ അതു പാര്‍ട്ടിക്കും മുന്നണിക്കും ദോഷം ചെയ്യുമായിരുന്നു. സി.പി.ഐ.എം പ്രവര്‍ത്തകര്‍ വലിയതോതില്‍ നിര്‍ജ്ജീവമാകുന്ന സ്ഥിതി മറികടക്കാന്‍ കൂടിയാണ് പാര്‍ട്ടി വേഗത്തില്‍ തീരുമാനമെടുത്തത്. കോടിയേരിയെ മാറ്റിനിര്‍ത്താന്‍ സി.പി.എം തീരുമാനിച്ചതിലെ രാഷ്ട്രീയ ശരി മറ്റാരേക്കാള്‍ നന്നായി സംഘ്പരിവാറാണ് മനസ്സിലാക്കുന്നത്. കോടിയേരി മാറാതിരുന്നെങ്കില്‍ അതു വലിയ പ്രചാരണായുധമാക്കാന്‍ ആര്‍.എസ്.എസ് ആലോചിച്ചിരുന്നു. സി.പി.എം ശരിയായി തിരിച്ചറിഞ്ഞു തീരുമാനമെടുത്തു. 

കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ പരിധിവിടുന്നതിനെതിരായ നവംബര്‍ 25-ന്റെ സമരം, 26-ലെ ദേശീയ പണിമുടക്ക് എന്നിവയോടെ പ്രവര്‍ത്തകരെ പൂര്‍ണ്ണമായി രംഗത്തിറക്കാന്‍ കഴിയുമെന്നും സി.പി.എം കണക്കുകൂട്ടി. ഇത് തെറ്റിയിട്ടില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട വോട്ടുകള്‍ വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചുപിടിക്കാന്‍ എല്‍.ഡി.എഫിനു സാധിച്ചിരുന്നു. 2016-ലെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ ജയിച്ചപ്പോള്‍ ബി.ജെ.പിയുടെ കുമ്മനം രാജശേഖരനു പിന്നില്‍ മൂന്നാം സ്ഥാനത്തായിപ്പോയ എല്‍.ഡി.എഫ് ഉപതെരഞ്ഞെടുപ്പില്‍ ഒന്നാം സ്ഥാനത്തേക്കു വന്നു, ജയിച്ചു. ശബരിമല വിഷയത്തില്‍ നഷ്ടപ്പെട്ട വോട്ടുകള്‍ തിരിച്ചുപിടിക്കുക കൂടിയാണ് ചെയ്തത്. ഇതിനു പുറമേ ക്രൈസ്തവസഭാ നേതൃത്വവുമായി സംസ്ഥാന ഭരണം ഉപയോഗിച്ചു ചില ധാരണകളിലും എത്തിയതായാണ് വിവരം. കൊവിഡ് കാലത്തെ സന്നദ്ധപ്രവര്‍ത്തനങ്ങളുടെ ഗുണഫലം കിട്ടാന്‍ പോകുന്ന തെരഞ്ഞെടുപ്പാണിത്. സി.പി.ഐ.എമ്മാണ് കൊവിഡ് കാലത്ത് കാര്യമായി സന്നദ്ധ പ്രവര്‍ത്തനം നടത്തിയ പ്രധാന രാഷ്ട്രീയപ്പാര്‍ട്ടി. സംസ്ഥാന ഭരണവും കൂടുതല്‍ പ്രാദേശിക ജനപ്രതിനിധികളും ഉള്ളത് സി.പി.ഐ.എമ്മിന് ഫലപ്രദമായി സന്നദ്ധപ്രവര്‍ത്തനം നടത്താന്‍ സഹായകമായി. പ്രാദേശിക നേതാക്കള്‍ ഏറ്റവുമധികമുള്ള പാര്‍ട്ടി സി.പി.ഐ.എം ആണ്. മറ്റൊന്ന്, മികച്ച സ്ഥാനാര്‍ത്ഥികളാണ്. യുവജനങ്ങള്‍, സ്ത്രീകള്‍, വിദ്യാസമ്പന്നര്‍. എല്‍.ഡി.എഫിന്റെ സ്ത്രീ സ്ഥാനാര്‍ത്ഥികള്‍ ബഹുഭൂരിപക്ഷവും സമൂഹത്തില്‍ സ്വാധീനമുള്ളവരാണ്. അവരെക്കൊണ്ട് സമൂഹത്തിനു ഗുണമുണ്ടായിട്ടുണ്ട്. കേന്ദ്ര പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം ശൈലിയില്‍ നടപ്പാക്കുന്നു. അതിന്റെ ഗുണഫലം ചെറുതല്ല. ലൈഫ്മിഷനും കേന്ദ്ര പദ്ധതിയാണ്. പക്ഷേ, അത് വാങ്ങിക്കൊടുക്കുന്നതാര് എന്നാണ് ജനങ്ങള്‍ നോക്കുക.

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് ഈ തെരഞ്ഞെടുപ്പില്‍ സാധാരണ വോട്ടര്‍മാരെ സ്വാധീനിക്കുന്ന വിഷയമല്ല. എന്നാല്‍, മയക്കുമരുന്നു കേസ് അങ്ങനെയല്ല. അതില്‍ സാധാരണക്കാര്‍ക്ക് ഉല്‍ക്കണ്ഠയും പ്രതിഷേധവുമുണ്ട്. ആര്‍.എസ്.എസ്സുകാരോട് ഉള്ളതിനേക്കാള്‍ അമര്‍ഷം സി.പി.ഐ.എമ്മിന്റെ സാധാരണ പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗത്തിന് ബിനീഷ് കോടിയേരിയോട് ഉണ്ട് എന്നു രഹസ്യമായി പറയുന്നത് പാര്‍ട്ടിക്കാര്‍ തന്നെയാണ്. മകനെ കേസില്‍ സംരക്ഷിക്കാന്‍ കോടിയേരി പ്രത്യക്ഷത്തില്‍ ശ്രമിക്കാത്തതും പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്നു മാറിനിന്നതും സി.പി.ഐ.എമ്മിന്റെ പ്രധാന മെച്ചമായി മാറുന്നതും അതുകൊണ്ടാണ്. സോളാര്‍ കേസ് വീണ്ടും സജീവമാക്കുന്നത്, ബാര്‍ കോഴക്കേസ് വീണ്ടും ചര്‍ച്ചയാക്കുന്നത് ഇതൊക്കെ 2016-നു മുന്‍പുള്ള യു.ഡി.എഫിന്റെ സ്ഥിതിയെക്കുറിച്ച് കേരളത്തെ ഓര്‍മ്മിപ്പിക്കാന്‍ ഉതകുന്നുണ്ട്. അതുതന്നെയാണ് സി.പി.ഐ.എമ്മും സര്‍ക്കാരും ഉന്നംവയ്ക്കുന്നത്. ഉമിയില്‍ തീ കൊടുത്തതുപോലെ നീറിനീറി നില്‍ക്കുന്ന കേസുകള്‍. 

എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനെത്തന്നെ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലകൂടി ഏല്പിക്കാനുള്ള പിണറായി വിജയന്റെ തീരുമാനം ഈഴവ സമുദായത്തെ ഉന്നംവച്ചാണ്. മുഖ്യമന്ത്രിയും അതേ സമുദായമാണ്. എസ്.എന്‍.ഡി.പി യോഗത്തിന്റേയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റേയും പിന്തുണ ആ വഴിക്കു ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. നായര്‍ സമുദായത്തില്‍നിന്ന് പാര്‍ട്ടി വോട്ടുകള്‍ മാത്രം ലഭിക്കാറുള്ള സി.പി.ഐ.എം പത്ത് ശതമാനം മുന്നോക്ക സംവരണത്തിന്റെ ഗുണം കൂടി പ്രതീക്ഷിക്കുന്നു. ഹാഗിയ സോഫിയ വിഷയത്തില്‍ ക്രിസ്ത്യാനികളുടെ രോഷം യു.ഡി.എഫിന് എതിരാണ്. ഹാഗിയ സോഫിയ പള്ളി മുസ്ലിങ്ങള്‍ക്കു തുറന്നു കൊടുത്തതിനെ മുസ്ലിം ലീഗ് നേതൃത്വം പരസ്യമായി അനുകൂലിച്ചു. കോണ്‍ഗ്രസ്സാകട്ടെ, നിലപാട് പറഞ്ഞുമില്ല. ഇത് ക്രിസ്ത്യാനികളെ പ്രകോപിപ്പിച്ചിട്ടുണ്ട്. ക്രൈസ്തസഭകള്‍ക്കുള്ളില്‍ ഈ വിഷയം ചര്‍ച്ചയാണ്. 

ശ്രീകണ്ഠേശ്വരം വാർഡിലെ എൽഡിഎഫ്, യുഡിഎഫ് ഓഫീസുകൾ. ഇരു വിഭാ​ഗത്തിന്റേയും കമ്മിറ്റി ഓഫീസുകൾ ഒരു കെട്ടിടത്തിലാണ്/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ
ശ്രീകണ്ഠേശ്വരം വാർഡിലെ എൽഡിഎഫ്, യുഡിഎഫ് ഓഫീസുകൾ. ഇരു വിഭാ​ഗത്തിന്റേയും കമ്മിറ്റി ഓഫീസുകൾ ഒരു കെട്ടിടത്തിലാണ്/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ

പോരുകള്‍ 

കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ സംഘടനാ പ്രശ്‌നങ്ങള്‍ ബി.ജെ.പിയെ ബാധിക്കുന്നുണ്ട്. ബി.ജെ.പിയെ കേരളത്തില്‍ നയിക്കുന്നത് കോണ്‍ഗ്രസ്സുകാരാണെന്ന് കെ.എസ്. രാധാകൃഷ്ണന്‍, പ്രമീളാ ദേവി, രാമന്‍ നായര്‍ എന്നിവര്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാരായതും എ.പി. അബ്ദുള്ളക്കുട്ടി ദേശീയ വൈസ് പ്രസിഡന്റായതും ചൂണ്ടിക്കാട്ടി ഉള്ളില്‍ വിമര്‍ശനമുണ്ട്. തെരഞ്ഞെടുപ്പു സമയത്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു പകരം കത്താന്‍ അവസരം നല്‍കിയത് കെ. സുരേന്ദ്രന്റ പിഴവായാണ് വിലയിരുത്തുന്നത്. മുതിര്‍ന്ന വനിതാ നേതാവ് ശോഭാ സുരേന്ദ്രനെ കാണാനില്ലല്ലോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അവരോടു പോയി ചോദിക്കാനാണ് സുരേന്ദ്രന്‍ പറഞ്ഞത്. പിന്നീട് കേന്ദ്രനേതൃത്വത്തിന്റെ താക്കീത് ലഭിച്ചപ്പോള്‍ ശോഭാ സുരേന്ദ്രന്‍ മുതിര്‍ന്ന നേതാവാണെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുമെന്നും പറഞ്ഞു. പക്ഷേ, അവരെ കൂടെ നിര്‍ത്താനുള്ള ഇടപെടലൊന്നും നടത്തിയില്ല. തിരുവനന്തപുരത്തെ പ്രധാന നേതാവായ എം.എസ്. കുമാര്‍ രാജിവച്ചിട്ട് ഒന്‍പത് മാസമായി. സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വളരെ ജൂനിയര്‍ നേതാക്കളെ നിയോഗിക്കുകയും കുമാറിനെ വീണ്ടും വക്താവ് മാത്രമാക്കുകയും ചെയ്തതിലെ പ്രതിഷേധമായിരുന്നു രാജി. പ്രധാനപ്പെട്ട ഒരു നേതാവും അദ്ദേഹത്തെ ഫോണില്‍ വിളിക്കുകയോ രാജിവച്ചതിനു കാരണം അന്വേഷിക്കുകയോ ചെയ്തിട്ടില്ല. കുമാര്‍ ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമത്തിലാണ് ഇപ്പോള്‍. സംസ്ഥാന അധ്യക്ഷന്‍ ഇതുവരെ വിളിച്ച് അന്വേഷിച്ചില്ല. സമന്വയമല്ല ശത്രുതയാണ് പ്രകടിപ്പിക്കുന്നത് എന്നും കൂടെയുള്ള നേതാക്കളോട് ഇത്ര മോശം നിലപാടെടുക്കുന്ന മറ്റൊരു പ്രസിഡന്റ് കേരളത്തില്‍ ബി.ജെ.പിക്ക് ഉണ്ടായിട്ടില്ല എന്നും ബി.ജെ.പി നേതാക്കള്‍ തന്നെ കുറ്റപ്പെടുത്തുന്നു. നാല് ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായിരുന്ന സുരേന്ദ്രന്‍ പ്രസിഡന്റായപ്പോള്‍ രണ്ടു ജനറല്‍ സെക്രട്ടറിമാരെ വൈസ് പ്രസിഡന്റാക്കി. അവരില്‍ എ.എന്‍. രാധാകൃഷ്ണനെ കോര്‍ കമ്മിറ്റിയില്‍ നിലനിര്‍ത്തുകയും ശോഭാ സുരേന്ദ്രനെ ഒഴിവാക്കുകയും ചെയ്തു. ഇതിനു കാരണം പല മുതിര്‍ന്ന നേതാക്കളും ചോദിച്ചിട്ട് സുരേന്ദ്രനു പറയാന്‍ കഴിയുന്നില്ല. ശോഭയെ അപമാനിച്ചു എന്ന വികാരം പ്രവര്‍ത്തകരിലുണ്ട്. ദേശീയതലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ത്രീപക്ഷം പറയുന്നു, ഇവിടെ മുതിര്‍ന്ന നേതാവിനെ പുറത്തു നിര്‍ത്തുന്നു എന്ന വികാരമുണ്ട് പാര്‍ട്ടിക്കുള്ളില്‍. 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വോട്ടുപിടിച്ച നിയോജകമണ്ഡലം ശോഭാ സുരേന്ദ്രന്‍ മത്സരിച്ച ആറ്റിങ്ങലാണ്. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, തൃശൂര്‍, കാസര്‍കോഡ് മണ്ഡലങ്ങളെ എ പ്ലസ് വിഭാഗത്തിലാണ് ബി.ജെ.പി ദേശീയ നേതൃത്വം ഉള്‍പ്പെടുത്തിയത്; ജയിക്കാന്‍ സാധ്യതയുണ്ട് എന്നായിരുന്നു വിലയിരുത്തല്‍. പണവും കൂടുതല്‍ പ്രവര്‍ത്തകരുടെ സാന്നിധ്യവും ഉണ്ടായിരുന്നത് ഈ മണ്ഡലങ്ങളില്‍. ആറ്റിങ്ങല്‍ സി കാറ്റഗറി ആയിരുന്നു. എന്നാല്‍, ലഭിച്ച വോട്ടുകളുടെ ശതമാനത്തില്‍ പത്തനംതിട്ടയേക്കാള്‍ മുന്നില്‍ ആറ്റിങ്ങലായിരുന്നു. ആറ്റിങ്ങലില്‍ 2014-ലെ തൊണ്ണൂറായിരം വോട്ടുകള്‍ 2019-ല്‍ രണ്ടേമുക്കാല്‍ ലക്ഷമായി. അതേസമയം പത്തനംതിട്ടയില്‍ ഒരു ലക്ഷത്തി മുപ്പതിനായിരത്തില്‍ നിന്നാണ് രണ്ടു ലക്ഷത്തി തൊണ്ണൂറായിരമായത്. സി കാറ്റഗറി മണ്ഡലം ആയിരുന്നതുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെ പ്രചാരണയോഗത്തില്‍ ശോഭാ സുരേന്ദ്രന്‍ വേദിയില്‍ ഉണ്ടായിട്ടുപോലും അവരുടെ പേര് പറഞ്ഞില്ല. എന്നാല്‍, മുതിര്‍ന്ന നേതാവ് കുമ്മനം മത്സരിച്ച തിരുവനന്തപുരത്ത് വോട്ട് കുറഞ്ഞു. പത്തനംതിട്ടയില്‍ അമിത് ഷാ എത്തി. ആറ്റിങ്ങലില്‍ പ്രധാന നേതാക്കളാരും പോയില്ല. ഇതൊക്കെയായിട്ടും ഫലം വന്നപ്പോള്‍ വന്‍ മുന്നേറ്റമുണ്ടായി. കഴക്കൂട്ടം ഉള്‍പ്പെടുന്ന ആറ്റിങ്ങലിലെ ഈ അനുഭവം അതേ കഴക്കൂട്ടം ഉള്‍പ്പെടുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി.ജെ.പിക്കാര്‍ക്ക് ഓര്‍മ്മയുണ്ട്. വ്യക്തിവിദ്വേഷമാണ് ബി.ജെ.പിക്കുള്ളില്‍ നടക്കുന്നതെന്ന തോന്നല്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാന്‍ സാധ്യത.
 
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇതാദ്യമായാണ് ആര്‍.എസ്.എസ് കേരളത്തിലെ പൂര്‍ണ്ണ സംഘടനാ ശേഷി ഉപയോഗപ്പെടുത്തുന്നത്. ബി.ജെ.പിയല്ല, ആര്‍.എസ്.എസ്സാണ് ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പരമാവധി തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണം നേടുക. തിരുവനന്തപുരം കോര്‍പ്പറേഷന്‍ അതിന്റെ പ്രധാന പരീക്ഷണശാലയും. ആര്‍.എസ്.എസ്സ് പൂര്‍ണ്ണമായും അന്‍പതോളം സഹസംഘടനകളും തെരഞ്ഞെടുപ്പു രംഗത്തുണ്ട്. 

മാറ്റിനിര്‍ത്തപ്പെട്ട വലിയൊരു വിഭാഗം നേതാക്കളെ ഏതുവിധവും മയപ്പെടുത്തി കൂടെ നിര്‍ത്താന്‍ അവരെ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തുക എന്ന തന്ത്രമാണ് സ്വീകരിച്ചിരിക്കുന്നത്. ഒരു ലോക്സഭാ മണ്ഡലത്തില്‍ ഒരാള്‍ എന്ന നിലയില്‍ 20 ദേശീയ കൗണ്‍സില്‍ അംഗങ്ങളാണ് കേരളത്തില്‍നിന്ന് സാധാരണയായി ഉണ്ടാകാറ്. പക്ഷേ, ഇത്തവണ അത് 28 ആക്കി. പ്രത്യേകിച്ചു സംഘടനാ ചുമതലകളൊന്നും ഇല്ലാത്ത പദവിയാണ് ദേശീയ കൗണ്‍സില്‍ അംഗത്വം. ദേശീയ കൗണ്‍സിലിലുണ്ട് എന്നു പറയാമെന്നു മാത്രം. പക്ഷേ, കുറേപ്പേരെ തൃപ്തിപ്പെടുത്താന്‍ ആ പദവിക്കു സാധിച്ചു. സംസ്ഥാന കൗണ്‍സിലിലും ഇതുപോലെ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി; ലക്ഷ്യം അസംതൃപ്തരായ കുറേപ്പേരെ മയപ്പെടുത്തുകതന്നെ. 140 പേര്‍ ഉണ്ടാകാറുള്ള സംസ്ഥാന കൗണ്‍സിലില്‍ നൂറിലധികം ആളുകളാണ് ഇത്തവണ അധികമുള്ളത്. ഇവരിലാര്‍ക്കും ഒരു ബൂത്തിന്റെ ചുമതല പോലുമില്ല. അതേസമയം, സംഘടനയെ നയിക്കുന്ന, ഉത്തരവാദിത്തപ്പെട്ട പദവികളില്‍ ബഹുഭൂരിപക്ഷവും വി. മുരളീധരന്‍ പക്ഷത്തിനു നല്‍കുകയും ചെയ്തു. ഇത് തിരിച്ചറിഞ്ഞ് ഇടഞ്ഞുനില്‍ക്കുന്നവര്‍ തിരുവനനന്തപുരത്തും കുറവല്ല. അവരെ കൃത്യമായി കണ്ടുപിടിച്ച് സി.പി.ഐ.എം കണ്ണുവച്ചിരിക്കുന്നു എന്നതും പ്രധാനമാണ്. എന്നാല്‍, വോട്ട് മറിയാതിരിക്കാന്‍ ആര്‍.എസ്.എസ്സ് നിരന്തരം ഇത്തരം പ്രവര്‍ത്തകരുമായി ബന്ധപ്പെടുന്നു. 

പാര്‍ട്ടി പദവികള്‍ക്ക് പ്രായപരിധി കുറച്ചതും അതൃപ്തിക്ക് ഇടയാക്കി. 60 കഴിഞ്ഞവര്‍ക്ക് പാര്‍ട്ടിയില്‍ വിലയില്ല. സംസ്ഥാന പ്രസിഡന്റിന് 60 വയസ്സാണ് പ്രായപരിധി. ജില്ലാ പ്രസിഡന്റിന് 55, നിയമസഭാ നിയോജകമണ്ഡലം പ്രസിഡന്റിന് 35 വയസ്സ്. 60 കഴിഞ്ഞവരെയാണ് ഭൂരിഭാഗവും ദേശീയ കൗണ്‍സില്‍, സംസ്ഥാന കൗണ്‍സില്‍ എന്ന പേരില്‍ ഒതുക്കിനിര്‍ത്തുന്നത്. മുതിര്‍ന്ന നേതാക്കളുടെ അനുഭവസമ്പത്തിന് പരിഗണന നല്‍കുന്നില്ല എന്നാണ് വിമര്‍ശനവും യുവജനങ്ങളെ പരമാവധി പരിഗണിക്കുന്നത് പ്രായമായവരെ മാറ്റി നിര്‍ത്തിയാകരുത് എന്ന വികാരവുമുണ്ട്. ആയുര്‍ദൈര്‍ഘ്യം കൂടുതലുള്ള കേരളത്തില്‍ 60 വയസ്സ് കഴിഞ്ഞവരെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സ്ഥാനങ്ങളില്‍നിന്നു മാറ്റുന്നത് അബദ്ധമാണെന്ന വിമര്‍ശനം നേരത്തേയുണ്ട്. ദേശീയ തലത്തിലെ മാനദണ്ഡമാണ് ഇത്. പക്ഷേ, നിരവധി സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് ഭരണമുള്ളതുകൊണ്ട് മുതിര്‍ന്നവര്‍ക്കു കൊടുക്കാന്‍ സര്‍ക്കാര്‍തലത്തിലെ വിവിധ പദവികളും നിയമസഭാംഗത്വം പോലുള്ള വലിയ അംഗീകാരവുമുണ്ട്. ഇതൊന്നുമില്ലാത്ത കേരളത്തില്‍ രീതി മാറ്റണം എന്നാണ് വാദം. 193 പഞ്ചായത്തും 24 മുനിസിപ്പാലിറ്റിയും തിരുവനന്തപുരം അടക്കമുള്ള കോര്‍പ്പറേഷനിലും ബി.ജെ.പിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിക്കുമെന്നും സംസ്ഥാനത്ത് 8000 സീറ്റു ലഭിക്കുമെന്ന കണക്കാണ് കെ. സുരേന്ദ്രന്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍, കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തലില്‍ സംസ്ഥാനത്തു ബി.ജെ.പി മുന്നോട്ട് പോകുമെങ്കിലും കാര്യമായ പുരോഗതി കൈവരിക്കാന്‍ കഴിയില്ല. ഇതിനേക്കാള്‍ അനുകൂലമായ അന്തരീക്ഷം ലോകസഭാ തെരഞ്ഞെടുപ്പ് സമയത്തുണ്ടായിട്ടുകൂടി അഞ്ച് എം.പിമാരെ കേരളത്തില്‍നിന്നും നല്‍കാമെന്നാണ് അന്ന് കേന്ദ്രനേതൃത്വത്തിന് വാഗ്ദാനം നല്‍കിയതെങ്കിലും ഒരിടത്തുപോലും രണ്ടാംസ്ഥാനത്തു എത്താന്‍ ആയില്ല. ഇതാണ് കേന്ദ്രനേതൃത്വം ഇപ്പോള്‍ കേരളം നല്‍കിയ കണക്കു ഗൗരവത്തിലെടുക്കാത്തതിന്റെ കാരണങ്ങളിലൊന്ന്. കേന്ദ്രത്തിനു ലഭിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടാണ് മറ്റൊന്ന്.

ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷ് പ്രചാരണ പരിപാടിയിൽ
ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷ് പ്രചാരണ പരിപാടിയിൽ

നേട്ടങ്ങള്‍ കോട്ടങ്ങള്‍ 

രണ്ടു വാര്‍ഡുകളില്‍ സി.പി.ഐ.എം റിബല്‍ സ്ഥാനാര്‍ത്ഥികളുണ്ട്, കണ്ണമ്മൂലയിലും നെട്ടയത്തും. വനിതാ വാര്‍ഡായ കണ്ണമ്മൂലയില്‍ തുടക്കത്തില്‍ പാര്‍ട്ടി പരിഗണിച്ച യമുനയെ സ്ഥാനാര്‍ത്ഥി ആക്കാതിരുന്നതിനെത്തുടര്‍ന്നാണ് സ്വതന്ത്രയായി മത്സരിക്കുന്നത്. ദളിത് യുവതിയാണ്. കഴിഞ്ഞ തവണ വനിതാ വാര്‍ഡായിരുന്ന നെട്ടയം ഇത്തവണ ജനറല്‍ ആയെങ്കിലും നിലവിലെ കൗണ്‍സിലറെത്തന്നെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ എതിര്‍പ്പുള്ള ആളാണ് സ്വതന്ത്രന്‍. നെട്ടയത്തു മാത്രമല്ല, ശാസ്തമംഗലത്തും വള്ളക്കടവിലും നെടുങ്കാടും പൊന്നുമംഗലത്തും ജനറല്‍ സീറ്റില്‍ സി.പി.ഐ.എം വനിതാ സ്ഥാനാര്‍ത്ഥിയാണ് മത്സരിക്കുന്നത്. ശാസ്തമംഗലവും കഴിഞ്ഞ തവണ വനിതാ വാര്‍ഡായിരുന്നു. ജയിച്ചത് സി.പി.ഐ.എം സ്ഥാനാര്‍ത്ഥി ബിന്ദു ശ്രീകുമാര്‍. ഇത്തവണ ജനറലായപ്പോഴും അവരെ മാറ്റിയില്ല. തൈക്കാട് വാര്‍ഡിലെ കൗണ്‍സിലര്‍ വിദ്യാമോഹനെ സി.പി.ഐ.എം ജഗതിയിലേക്കു മാറ്റി. ഇത്തവണ തൈക്കാട് എസ്.സി. ജനറല്‍ സംവരണമായതാണ് കാരണം. ജനറല്‍ ആയിരുന്നെങ്കില്‍ വിദ്യ തന്നെയാകുമായിരുന്നു സ്ഥാനാര്‍ത്ഥി എന്ന് സി.പി.എം പറയുന്നു. 

എല്‍.ഡി.എഫിന് 66 ശതമാനമാണ് സ്ത്രീസ്ഥാനാര്‍ത്ഥികള്‍. ആര്‍.എസ്.എസ് കേഡര്‍ സ്വഭാവമുള്ള സംഘടനയാണെങ്കിലും ബി.ജെ.പി കേഡര്‍ പാര്‍ട്ടിയല്ല എന്നു വ്യക്തമാക്കുന്ന സംഭവങ്ങളാണ് ഉള്ളിലുണ്ടായത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയഘട്ടത്തിലാണ് ഇത് പ്രകടമായത്. പുറത്തേക്കു കാര്യമായി ഇത് എത്താതിരിക്കാന്‍ ആര്‍.എസ്.എസ് ഇടപെടേണ്ടിവന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വളരെ നേരിയ ഭൂരിപക്ഷത്തിനു വിജയിച്ച വാര്‍ഡുകള്‍ ഇത്തവണ നിര്‍ണ്ണായകമാണ്. മണ്ണന്തലയില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് തുല്യവോട്ടുകളാണ് കിട്ടിയത്. നറുക്കെടുപ്പിലൂടെയാണ് എല്‍.ഡി.എഫ് വിജയം തീരുമാനിച്ചത്. എസ്റ്റേറ്റ് വാര്‍ഡില്‍ എല്‍.ഡി.എഫ് ഒരു വോട്ടിനും വഞ്ചിയൂരില്‍ മൂന്നു വോട്ടിനുമാണ് ജയിച്ചത്. രണ്ടിടത്തും ബി.ജെ.പി ആയിരുന്നു രണ്ടാമത്. ആദ്യമായാണ് വഞ്ചിയൂര്‍ എല്‍.ഡി.എഫ് നേടിയത്. 

നഗരസഭാ ഭരണത്തിനു ലഭിച്ച പുരസ്‌കാരങ്ങളുടെ മികവിലാണ് നഗരസഭാ ഭരണസമിതി. ലൈഫ് മിഷന്‍ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയ കോര്‍പ്പറേഷന്‍ (ഇതിനു സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം), മികച്ച നഗരസഭയ്ക്കുള്ള മഹാനഗര പാലിക പുരസ്‌കാരം, മികച്ച ഭരണനിര്‍വ്വഹണത്തിന് ബംഗളൂരുവിലെ ജനഗ്രഹതാ പുരസ്‌കാരം, രണ്ടു വര്‍ഷം തുടര്‍ച്ചയായി ജൈവ പച്ചക്കറിക്കൃഷിയില്‍ സംസ്ഥാനത്തെ നഗരസഭകളില്‍ ഒന്നാം സ്ഥാനം, ശുചിത്വമികവിന് മുഖ്യമന്ത്രിയുടെ ഹരിതകേരളം പുരസ്‌കാരം, മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീ സി.ഡി.എസ്സുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛതാ എക്‌സലന്‍സ് അവാര്‍ഡ്, ഉറവിട മാലിന്യ സംസ്‌കരണരംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റിന്റെ ഫോര്‍ ലീവ്സ് പുരസ്‌കാരം, ഗ്ലോബല്‍ അലയന്‍സ് ഫോര്‍ ഇന്‍സിനറേറ്റര്‍ ആള്‍ട്ടര്‍നേറ്റീവ്സിന്റെ സീറോ വേസ്റ്റ് സിറ്റി അന്താരാഷ്ട്ര പുരസ്‌കാരം. 

കൊവിഡില്‍ ആദ്യം മുതല്‍ തന്നെ ആക്ഷന്‍ പ്ലാന്‍ പ്രഖ്യാപിച്ച് ചിട്ടയായ പ്രവര്‍ത്തനം നടത്തി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്ഡെസ്‌ക്കും കോള്‍ സെന്ററും. രോഗം സ്ഥിരീകരിക്കുന്ന സ്ഥലങ്ങളും പൊതുസ്ഥലങ്ങളും അണുമുക്തമാക്കുന്നതിന് റാപ്പിഡ് റെസ്പോണ്‍സ് ടീം, തെരുവില്‍ അലയുന്നവരെ ഭക്ഷണവും താമസവും നല്‍കി പുനരധിവസിപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സഹായമെത്തിച്ചു. ലോക്ഡൗണ്‍ കാലത്ത് 15 സമൂഹ അടുക്കളകളിലൂടെ 25,15791 ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു. സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തുനിന്നെത്തുന്നവര്‍ക്കായി 40 ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ നടത്തി. 19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളും നടത്തി. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ലുകള്‍ വച്ച് ഇരുപതിലധികം വീടുകള്‍ നിര്‍മ്മിച്ചു കൊടുത്തതാണ് മറ്റൊരു പ്രധാന നേട്ടം.

''പുതിയ വോട്ടര്‍മാരുടേയും യുവാക്കളുടേയും അധിക സാന്നിധ്യം ആര്‍ക്കു ഗുണമാകും എന്നതു പ്രധാനമാണ്. ഇടതുമുന്നണിയും ബി.ജെ.പിയും യുവ സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രാധാന്യം നല്‍കി. ജില്ലാ പ്രസിഡന്റ് തന്നെ മത്സരിക്കുന്നത് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന് ബി.ജെ.പി നല്‍കുന്ന അധിക പ്രാധാന്യമാണ് കാണിക്കുന്നത്'' തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അദ്ധ്യാപകന്‍ ഡോ. ബിവീഷ് യു.സി. പറയുന്നു. ''തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. 2010, 2015 തെരഞ്ഞെടുപ്പുകള്‍ക്കുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇതു പ്രകടമായിരുന്നു. 2010-ല്‍നിന്നും 2015-ല്‍ എത്തിയപ്പോള്‍ ബി.ജെ.പിയുടെ വോട്ടിംഗ് ശതമാനം കൂടി. 2021-ല്‍ അത് ഇനിയും കൂടാനാണ് സാധ്യത'' -അദ്ദേഹം പറയുന്നു. 

പലരേയും ഞെട്ടിച്ചുകൊണ്ടാണ് റ്റി.വി.എം മുന്നേറ്റമെന്ന് ജനറല്‍ സെക്രട്ടറി എം.എസ്. വേണുഗോപാല്‍ പറയുന്നു. ''ഒരിടത്തു ജയിച്ചാല്‍പ്പോലും അതു നേട്ടമാണ്. തെരഞ്ഞെടുപ്പിന്റെ മൂന്നു ദിവസം മുന്‍പാണ് മത്സരിക്കാന്‍ തീരുമാനിച്ചത്. സ്ഥാനാര്‍ത്ഥികളെ പത്രപ്പരസ്യം കൊടുത്ത് ക്ഷണിച്ചു. നൂറിലധികം അപേക്ഷകള്‍ വന്നു. പ്രത്യേക സമിതി പരിശോധിച്ചു. വിലയിരുത്തി. ദിവസങ്ങളോളം ചര്‍ച്ച ചെയ്താണ് തീരുമാനിച്ചത്. സംഘടനയുടെ ഭാഗമായി നില്‍ക്കണം എന്ന ഉറപ്പ് എഴുതി വാങ്ങി. നൂറിടത്തും നില്‍ക്കാന്‍ ആളുകള്‍ സന്നദ്ധരായി. എല്ലാ പാര്‍ട്ടികളില്‍നിന്നും റിബലുകള്‍ വന്നു. എന്നാല്‍, അതിനു കൂട്ടുനിന്നില്ല'' -വേണുഗോപാല്‍ പറയുന്നു. 

അതേസമയം, തിരുവനന്തപുരം വികസന മുന്നേറ്റം ഒരു വാര്‍ഡില്‍പ്പോലും ജയത്തേയും തോല്‍വിയേയും കാര്യമായി സ്വാധീനിക്കില്ലെന്ന് വി.കെ. പ്രശാന്ത് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com