മതേതര പാര്‍ട്ടിക്കുള്ളിലെ വര്‍ഗീയവാദികള്‍

മതേതര പാര്‍ട്ടിക്കുള്ളിലെ വര്‍ഗീയവാദികള്‍

മതേതര പാര്‍ട്ടികളെന്ന കരുതപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗ്ഗീയതകളുടെ സ്വാധീനം എത്രമാത്രമുണ്ട്

കേരളത്തിലെ ആകെ ജനസംഖ്യ: 35699443, മുസ്ലിം ജനസംഖ്യ: 8873472. (26%), മദ്രസകളുടെ എണ്ണം: 21683, മദ്രസ അദ്ധ്യാപകരുടെ എണ്ണം: 204683, പഞ്ചായത്തുകളുടെ എണ്ണം: 941, ശരാശരി ഒരു പഞ്ചായത്തിലെ മദ്രസകളുടെ എണ്ണം (21683/941) = 23 മദ്രസകള്‍, മദ്രസ അദ്ധ്യാപകന്റെ ശമ്പളം 25000/ പ്രതിമാസം (മണിക്കൂറിന് 300 രൂപ നിരക്കില്‍ ശമ്പളം പറ്റുന്നവര്‍ പുറമേ), ഒരു മാസം മദ്രസ അദ്ധ്യാപകര്‍ക്കായി ഖജനാവില്‍നിന്നും കൊടുക്കുന്ന ശമ്പളം: (204683ഃ 25000 ) = 5117075000. കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ച വാട്സാപ് സന്ദേശമാണ് ഇത്. ഉന്നത വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍ പറഞ്ഞ വിവരങ്ങളോട് കടപ്പാട് എന്നാണ് അവകാശവാദം. യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു കണക്ക് നിയമസഭയിലോ മറ്റെവിടെയെങ്കിലുമോ ഔദ്യോഗികമായി വന്നിട്ടില്ല. മദ്രസ അദ്ധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത് സര്‍ക്കാരല്ല എന്ന വസ്തുത വ്യക്തമാകുന്നതോടെയാണ് ഇത് വിഷലിപ്തമായ നുണപ്രചരണമാണ് എന്നു മനസ്സിലാകുന്നത്. ആഴത്തില്‍ പഠിച്ചു മനസ്സിലാക്കിയ വസ്തുതകള്‍ എന്ന തോന്നലുണ്ടാക്കുന്നവിധം മതസ്പര്‍ധ ഉണ്ടാക്കുന്ന നുണ പ്രചരിപ്പിക്കുന്നത് ആരാണെന്ന് അന്വേഷിച്ചത് ഇടതുപക്ഷ പ്രവര്‍ത്തകരാണ്. അന്വേഷണം ചെന്നെത്തിയത് എല്‍.ഡി.എഫ് ഘടകകക്ഷിയുടെ നേതാവായ കോട്ടയത്തെ അഭിഭാഷകനില്‍. അദ്ദേഹം ഒരു വര്‍ഗ്ഗീയ സംഘടനയുടേയും ആളല്ല. ഈ പോസ്റ്റ് പ്രചരിക്കുന്നത് എല്ലാത്തരം വിശ്വാസികളുമുള്‍പ്പെടുന്ന ഗ്രൂപ്പുകളിലാണ്. ഗ്രൂപ്പുകളില്‍നിന്നു ഗ്രൂപ്പുകളിലേയ്ക്കും വ്യക്തികളില്‍നിന്നു വ്യക്തികളിലേയ്ക്കും പ്രചരിക്കുന്നത് നുണക്കഥയാണ് എന്നു മനസ്സിലാക്കി ചോദ്യം ചെയ്യുന്നവരെ തെറിയഭിഷേകം നടത്തുന്നത് സൈബര്‍ പോരാളികളല്ല, നല്ല നിലയും വിലയുമുള്ളവര്‍. സത്യം പറയുന്നവരെ സംഘിയാക്കുന്നു എന്നാണു വാദം. ഈ മുസ്ലിം വിരുദ്ധ പ്രചാരണത്തില്‍ ഒരിടത്തുപോലും പ്രഖ്യാപിത മുസ്ലിം വിരുദ്ധ സംഘടനകളെ കാണാനാകില്ല; പക്ഷേ, സമുദായങ്ങളെ തമ്മില്‍ അകറ്റുക എന്ന അവരുടെ ലക്ഷ്യം കൃത്യമായി നടപ്പാകുന്നു. 

കേരള പൊലീസില്‍ ബഹുഭൂരിപക്ഷം ആര്‍.എസ്.എസ്സുകാരാണ് എന്നും തരം കിട്ടിയാല്‍ അവര്‍ മുസ്ലിങ്ങള്‍ക്കെതിരെ തിരിയുമെന്നും 'താക്കീത്' ചെയ്യുന്ന കുറിപ്പ് അടുത്തയിടയ്ക്ക് ഒരു വാട്സാപ്പ് കൂട്ടായ്മയില്‍ വന്നു. ഇതു നുണയാണെന്ന് ആ കൂട്ടായ്മയില്‍ അംഗമായ മുസ്ലിം സാമൂഹിക പ്രവര്‍ത്തകന്‍ തന്നെ ചൂണ്ടിക്കാട്ടി. പിന്നെ നടന്നത് അദ്ദേഹത്തിനെതിരായ സംഘടിത കടന്നാക്രമണമായിരുന്നു. മുസ്ലിമായിട്ടുപോലും 'സംഘി'കള്‍ക്കുവേണ്ടി സംസാരിക്കുന്നു എന്നാണ് പ്രധാന വിമര്‍ശനം. ചീത്ത വിളികള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ തയ്യാറാകാതെ അദ്ദേഹം കുറിപ്പ് പോസ്റ്റുചെയ്ത ആളെ ഫോണില്‍ വിളിച്ചു. കുറിപ്പില്‍ പറഞ്ഞതിന്റെ ആധികാരികതയെക്കുറിച്ചാണ് ആദ്യം ചോദിച്ചത്. അതൊക്കെ ശരിയായ വിവരങ്ങളാണെന്നു മറുപടി. തെളിയിക്കാന്‍ വസ്തുതകളുടെ പിന്‍ബലമുണ്ടോ എന്ന ചോദ്യത്തിന്, വിവരമുള്ളവര്‍ അന്വേഷിച്ചു കണ്ടെത്തിയതാണ് എന്ന് ഉത്തരം. ''സര്‍ക്കാരിലായാലും സ്വകാര്യ മേഖലയിലായാലും എല്ലാത്തരം ആളുകളുമുണ്ടാകും. പൊലീസിലുമുണ്ട്. പക്ഷേ, അത് ഇങ്ങനെ അടിസ്ഥാനമില്ലാതെ പെരുപ്പിച്ചു കാണിക്കുന്നത് സാമൂഹ്യദ്രോഹമാണ്.'' അദ്ദേഹം ഉപദേശിച്ചെങ്കിലും വാദത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു യുവാവ്. സമുദായ സ്പര്‍ധയുണ്ടാക്കുന്ന നുണ, അതും പൊലീസിനെതിരേ പ്രചരിപ്പിച്ചാല്‍ കേസാകും എന്ന് മൃദുവായി ഒന്നു ഭീഷണിപ്പെടുത്തിയപ്പോള്‍ സത്യം പറഞ്ഞു. ഇത് മറ്റൊരു ഗ്രൂപ്പില്‍നിന്നു കിട്ടിയതാണ്, സുഹൃത്ത് ഫോര്‍വേഡ് ചെയ്തതാണ്. ആ സുഹൃത്തിന്റെ രാഷ്ട്രീയം അന്വേഷിച്ചപ്പോഴാണ് ശരിക്കും ഞെട്ടിയത്. അദ്ദേഹം ഉള്‍പ്പെട്ട സന്നദ്ധസംഘടനയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ആള്‍. ഒരുതരം രാഷ്ട്രീയവും പൊതുവേ പറയാറില്ല; വിദ്യാഭ്യാസ, തൊഴില്‍, ജീവകാരുണ്യ മേഖലകളിലാണ് ശ്രദ്ധ. അയാള്‍ക്കതു കിട്ടിയ വാട്സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റുചെയ്ത ആളും സ്വന്തം നിലയില്‍ തയ്യാറാക്കിയതല്ല എന്ന് സാമൂഹികപ്രവര്‍ത്തകന്‍ അന്വേഷിച്ചപ്പോള്‍ അറിഞ്ഞു; തിരക്കിപ്പോയാല്‍ കണ്ണികള്‍ നീണ്ടുപോകും എന്നതുകൊണ്ട് അദ്ദേഹം അവസാനിപ്പിക്കുകയും ചെയ്തു. 

ഇതു രണ്ടും ഒറ്റപ്പെട്ട കുറിപ്പുകളല്ല. വര്‍ഗ്ഗീയവല്‍ക്കരണ ശ്രമങ്ങളോട് ഇപ്പോഴും വിട്ടുവീഴ്ചയില്ലാതെ മുഖം തിരിച്ചു നില്‍ക്കുന്ന കേരളത്തില്‍ രണ്ടുതരം വര്‍ഗ്ഗീയ ശക്തികള്‍ മറയ്ക്കു പിന്നില്‍നിന്നു നടത്തുന്ന കരുനീക്കങ്ങളുടെ ഭാഗമാണ്; ഒരുതരം ഒളിപ്പോര്. മതേതര സ്വഭാവമുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍, സാമൂഹിക, സന്നദ്ധസംഘടനകള്‍ എന്നിവയില്‍ കയറിക്കൂടി വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നു. ആര്‍.എസ്.എസ്-ബി.ജെ.പി അനുബന്ധ സംഘടനകള്‍ കാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത് പോപ്പുലര്‍ ഫ്രണ്ട്-എസ്.ഡി.പി.ഐ അനുബന്ധ സംഘടനകളും പിന്തുടരുന്നു. വര്‍ഗ്ഗീയ രാഷ്ട്രീയത്തിന് ആളെക്കൂട്ടുക. നേരിട്ട് സംഘടനാശേഷി വര്‍ദ്ധിപ്പിക്കുന്നതിനേക്കാള്‍ ഇവര്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്ന സ്വന്തം ആശയങ്ങള്‍ ഒളിച്ചുകടത്തുന്നതിനാണ്. പേരു വെളിപ്പെടുത്തില്ല എന്ന് ഉറപ്പു നല്‍കി  ഈ വിഷയത്തില്‍ പ്രതികരണം ചോദിച്ച രാഷ്ട്രീയപ്പാര്‍ട്ടികളിലെ സാധാരണ പ്രവര്‍ത്തകര്‍ പങ്കുവച്ച ഒരേ സ്വഭാവമുള്ള അനുഭവങ്ങളുണ്ട്:  വളരെ യാദൃച്ഛികമായി എന്നു തോന്നിക്കുന്ന മട്ടില്‍ ചില സഹപ്രവര്‍ത്തകര്‍ പറയുന്ന വര്‍ഗ്ഗീയ സ്വഭാവമുള്ള കമന്റുകളാണ് അവ. സി.പി.എമ്മിലോ കോണ്‍ഗ്രസ്സിലോ മുസ്ലിംലീഗിലോ പ്രവര്‍ത്തിക്കുന്ന മുസ്ലിം ഒരിക്കലും പറഞ്ഞുകേള്‍ക്കാത്ത ഹിന്ദുവിരുദ്ധ വര്‍ത്തമാനങ്ങള്‍ ചിലരില്‍ ഉണ്ടാകുന്നു; സി.പി.എമ്മിലോ കോണ്‍ഗ്രസ്സിലോ സി.പി.ഐയിലോ ജനതാദളിലോ പ്രവര്‍ത്തിക്കുന്ന ഹിന്ദു ചിന്തിക്കാന്‍ കൂടി മടിക്കുന്ന മുസ്ലിം വിരുദ്ധ പരാമര്‍ശവും ഉണ്ടാകുന്നു. അത്തരം വര്‍ഗ്ഗീയ പരാമര്‍ശങ്ങളുടെ പേരില്‍ താക്കീതു ചെയ്യപ്പെട്ട പുതുതലമുറ പ്രവര്‍ത്തകര്‍ സി.പി.എമ്മിലും മുസ്ലിം ലീഗിലുമുണ്ട്. പക്ഷേ, പോപ്പുലര്‍ ഫ്രണ്ടാണ് എന്ന് ആരോപണം നേരിട്ട ലീഗ് പ്രവര്‍ത്തകനും ആര്‍.എസ്.എസ്സുകാരെപ്പോലെ ചിന്തിക്കുന്നു എന്ന വിമര്‍ശനത്തിനു വിധേയനായ സി.പി.എം പ്രവര്‍ത്തകനും പുറത്താക്കപ്പെട്ടതായി അറിയില്ല. കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തകരുടെ ഇത്തരം വാക്കും പെരുമാറ്റവും നിസ്സാരമായി കാണുന്നതാണ് പൊതുരീതി. 

മഹാരാജാസ് കോളജ് ക്യാമ്പസിൽ വച്ച് കുത്തേറ്റ് കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ മൃതദേഹത്തിന് മുന്നിൽ വിലപിക്കുന്ന അമ്മ ഭൂപതി
മഹാരാജാസ് കോളജ് ക്യാമ്പസിൽ വച്ച് കുത്തേറ്റ് കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ മൃതദേഹത്തിന് മുന്നിൽ വിലപിക്കുന്ന അമ്മ ഭൂപതി

നേരിട്ട് സംഘപരിപരിവാര്‍ ബന്ധം വ്യക്തമാകാത്ത അതിതീവ്ര സാമൂഹികമാധ്യമ കൂട്ടായ്മകളുടെ പേരില്‍ മുസ്ലിം വിരുദ്ധ പ്രചാരണം സജീവമാണ് എന്ന് പൊലീസിലെ രഹസ്യാന്വേഷണ വിഭാഗത്തിന് അറിവുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ പേരിലല്ലാതെ വ്യാജപ്പേരില്‍ ഹിന്ദുക്കള്‍ക്കെതിരെ വര്‍ഗ്ഗീയ വിഷം ചീറ്റുന്ന പ്രതികരണങ്ങളും ഇന്റലിജന്‍സിന്റെ ശ്രദ്ധയിലുണ്ട്. സമൂഹമാധ്യമങ്ങള്‍ ഇത്തരം പ്രച്ഛന്നവേഷത്തിലുള്ള വര്‍ഗ്ഗീയസംഘങ്ങളുടെ സജീവ ഇടമായി മാറുന്നു എന്നാണ് കണ്ടെത്തല്‍. വ്യാജ ഐഡികള്‍ മാത്രമല്ല, ചിലപ്പോള്‍ യഥാര്‍ത്ഥ ഐഡികള്‍ ഉപയോഗിച്ചുപോലും സമൂഹമാധ്യമങ്ങളില്‍, പ്രത്യേകിച്ചും ഫേസ്ബുക്കില്‍ ചിലര്‍ ഇടുന്ന പോസ്റ്റുകളും കമന്റുകളും തീവ്രവര്‍ഗ്ഗീയതയുടെ എല്ലാ അതിരുകളും മറികടക്കുന്ന വിധമാണ്. മറുവശത്ത് ഇത്തരം ആക്രമണങ്ങളുടെ ഇരകള്‍ക്ക് പൊലീസില്‍നിന്നു വേണ്ടത്ര പിന്തുണ കിട്ടുന്നുമില്ല. പരാതികൊടുത്തു നടപടി കാത്തിരുന്നു മടുത്തവരുടെ പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ത്തന്നെ വന്നുകൊണ്ടിരിക്കുന്നു.
 
ആര്‍.എസ്.എസ്സിന്റെ വര്‍ഗ്ഗീയ രാഷ്ട്രീയത്തില്‍ മനംനൊന്ത് സി.പി.എമ്മിലേയ്ക്കു വന്നു എന്ന് ചാനല്‍ ചര്‍ച്ചകളില്‍ അവകാശപ്പെട്ട പ്രമുഖനുള്‍പ്പെടെയാണ് സി.പി.എം സൈബര്‍ വിഭാഗത്തെ നിയന്ത്രിക്കുന്നത്. മുസ്ലിം സമുദായത്തിലെ യാഥാസ്ഥിതികതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരിക്കാന്‍ അമിതോത്സാഹമാണ് ഇത്തരക്കാര്‍ക്ക്. വയനാട് അനാഥാലയത്തിലെ ചില പെണ്‍കുട്ടികളെ സമീപത്തെ കടയുടമ പീഡിപ്പിച്ച സംഭവത്തില്‍ മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ സി.പി.എം പ്രവര്‍ത്തകന്റെ മുസ്ലിം വിരുദ്ധ പോസ്റ്റ് വിവാദമായിരുന്നു. പാര്‍ട്ടി നേതൃത്വം ഇടപെട്ട് അതു പിന്‍വലിപ്പിക്കുകയാണു ചെയ്തത്. 
വ്യാജപ്പേരില്‍ തീവ്രവര്‍ഗ്ഗീയ ശക്തികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സമീപകാലത്ത് കണ്ട  ഉദാഹരണങ്ങളിലൊന്നാണ് കണ്ണൂരിലെ കണ്ണവത്ത് എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന്‍ കൊല്ലപ്പെടുമെന്ന് വ്യക്തമായി പറഞ്ഞുകൊണ്ട് സ്ഥാപിച്ച ബോര്‍ഡ്. ബോര്‍ഡ് കണ്ണവത്ത് സലാഹുദ്ദീന്റെ വീടിന്റെ പരിസരത്ത് സ്ഥാപിച്ചത് 'ശിവജി വോയ്സ്' എന്ന പേരിലാണ്. സലാഹുദ്ദീന്‍ ഉള്‍പ്പെടെ എ.ബി.വി.പി നേതാവ് ശ്യാമപ്രസാദ് വധക്കേസിലെ ഏഴു പ്രതികളുടേയും ചിത്രങ്ങള്‍. അതില്‍ സലാഹുദ്ദീന്റെ ചിത്രം വെട്ടിയിരുന്നു. കൊല്ലും എന്ന ഭീഷണിതന്നെയാണ് ഇതെന്ന് പരാതി ഉണ്ടായി, പൊലീസിലെ സ്പെഷല്‍ ബ്രാഞ്ച് മുകളിലേയ്ക്ക് റിപ്പോര്‍ട്ടും കൊടുത്തു. ഒന്നും സംഭവിച്ചില്ല. എന്നാല്‍ സലാഹുദ്ദീന്‍ കൊല്ലപ്പെട്ട ശേഷം പ്രത്യാഘാതം നേരിടാന്‍ ബി.ജെ.പിയുടെ ഓരോ കൊടിമരത്തിനും കാവല്‍ ഏര്‍പ്പെടുത്തി എന്ന വിമര്‍ശനത്തിനു പൊലീസ് അവസരം നല്‍കുകയും ചെയ്തു. സമൂഹമാധ്യമങ്ങളില്‍ സമീപദിനങ്ങളില്‍ ഇത് 'വൈറല്‍' ആയി മാറുകയും ചെയ്തു. 

തങ്ങള്‍ കുടുംബത്തിലെ ഇളമുറക്കാരനെയാണ് കൊന്നത് എന്നു ചൂണ്ടിക്കാട്ടി ഒരേസമയം കാന്തപുരം സുന്നികള്‍ക്കിടയിലും ലീഗിലും സഹതാപവും അനുകൂല വികാരവുമുണ്ടാക്കാനാണ് എസ്.ഡി.പി.ഐ ശ്രമിച്ചത്. അതും മുതലെടുപ്പിന്റെ ഹീനമുഖംതന്നെ. അന്തരിച്ച സയ്യിദ് അബ്ദുറഹിമാന്‍ അല്‍ബുഖാരിയുടെ ചെറുമകനാണ് സലാഹുദ്ദീന്‍. ഉള്ളാള്‍ തങ്ങള്‍ എന്നും താജുല്‍ ഉലമ (പണ്ഡിതന്മാരുടെ കിരീടം) എന്നും വിശേഷിപ്പിക്കപ്പെടുന്ന അബ്ദുറഹിമാന്‍ അല്‍ ബുഖാരി മലബാറില്‍ മാത്രമല്ല, ദക്ഷിണേന്ത്യയില്‍ത്തന്നെ ഏറെ ആദരിക്കപ്പെടുന്ന മുസ്ലിം പണ്ഡിതനാണ്. അദ്ദേഹത്തിന്റെ മൂത്തമകളുടെ മകളാണ് സലാഹുദ്ദീന്റെ ഉമ്മ. 

രണ്ടു വര്‍ഗ്ഗീയ ശക്തികളേയും രാഷ്ട്രീയമായും സംഘടനാപരമായും ശക്തമായി ചെറുത്തു നില്‍ക്കുന്നത് സി.പി.എം ആണെന്ന് പാര്‍ട്ടി അവകാശപ്പെടുന്നു. അതു ശരിവയ്ക്കുന്ന രാഷ്ട്രീയ ഇടപെടലുകളുമുണ്ട്. ഈ കാരണംകൊണ്ട് സി.പി.എമ്മിനെതിരെ സംഘപരിവാറും പോപ്പുലര്‍ ഫ്രണ്ടും കൈകോര്‍ക്കുന്ന സന്ദര്‍ഭങ്ങളുമുണ്ട്. 2006 ഒക്ടോബര്‍ 22-ന് കണ്ണൂരിലെ തലശ്ശേരിയില്‍ പോപ്പുലര്‍ ഫ്രണ്ട് (പഴയ എന്‍.ഡി.എഫ്) പ്രവര്‍ത്തകന്‍ ഫസല്‍ കൊല്ലപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ടത് സി.പി.എം നേതാക്കള്‍ കാരായി രാജനും കാരായി ചന്ദ്രശേഖരനുമാണ്. എന്നാല്‍, സി.പി.എം നേതൃത്വം പൊതുവേയും കാരായിമാര്‍തന്നെ നേരിട്ടും വെളിപ്പെടുത്തുന്നത് യഥാര്‍ത്ഥ പ്രതികള്‍ ആര്‍.എസ്.എസ്സുകാരാണ് എന്നാണ്. ഫസല്‍ കൊല്ലപ്പെട്ട ദിവസം വൈകുന്നേരം ചേര്‍ന്ന സര്‍വ്വകക്ഷി സമാധാന യോഗത്തില്‍നിന്ന് എന്‍.ഡി.എഫ് ജില്ലാ നേതാക്കള്‍ ഇറങ്ങിപ്പോയിരുന്നു. യോഗത്തില്‍ പങ്കെടുത്ത ആര്‍.എസ്.എസ് നേതാക്കള്‍ക്കു നേരേ വിരല്‍ ചൂണ്ടിയാണ് അവര്‍ അതിന്റെ കാരണം പറഞ്ഞത്: ''ഫസലിനെ കൊന്നവര്‍ പങ്കെടുക്കുന്ന ഈ യോഗത്തില്‍ ഇരിക്കാന്‍ ഞങ്ങള്‍ക്കു കഴിയില്ല.'' എന്നാല്‍, പിന്നീട് അവര്‍ നിലപാടു മാറ്റി. സി.പി.എം നേതാക്കള്‍ പ്രതികളാവുകയും ചെയ്തു. 

സി.പി.എം പ്രവര്‍ത്തകന്‍ പടുവിലായി മോഹനന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുബീഷ് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. സി.പി.എം പ്രവര്‍ത്തകന്‍ കണ്ണവം പവിത്രനെ കൊന്നതിലെ പങ്ക് സുബീഷ് സമ്മതിച്ചു. സുബീഷിന്റെ ചില ഫോണ്‍സംഭാഷണ വിവരങ്ങള്‍ കൈവശമുണ്ടായിരുന്ന പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ഫസല്‍ വധത്തിലെ പങ്കും വെളിപ്പെടുത്തി. പവിത്രന്‍ വധക്കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡില്‍ അയച്ചശേഷം വീണ്ടും കോടതിയുടെ അനുമതിയോടെ ചോദ്യം ചെയ്തപ്പോഴാണ് ഫസല്‍ കേസിലെ വെളിപ്പെടുത്തലുണ്ടായത്. പക്ഷേ, സി.പി.എം നേതാക്കളെ പ്രതിചേര്‍ത്ത് സി.ബി.ഐ അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു, മൂന്നു കൂട്ടുപ്രതികളുടെ പേരും സുബീഷ് പറഞ്ഞു. അതിലൊരാളായ ഷിനോജിന്റെ ദീര്‍ഘമായ ഫോണ്‍ സംഭാഷണവും പൊലീസിനു കിട്ടി. ''സുബീഷിന് ഒരു കേസ് നോക്കിയാല്‍ മതിയായിരിക്കും. പക്ഷേ, എന്റെ കാര്യം അങ്ങനെയല്ല. നാലഞ്ചെണ്ണത്തിലുണ്ട്. കുടുങ്ങിയാല്‍ കുടുങ്ങിയതുതന്നെ.'' എന്നാണ് ഷിനോജ് ഫോണില്‍ പറയുന്നത്. വെളിപ്പെടുത്തലായിട്ടല്ലാതെ, കുടുങ്ങുമെന്ന ഭയത്തോടെ പരിഭ്രാന്തനായി ഫോണില്‍ പറഞ്ഞ കാര്യങ്ങളാണ് പുറത്തുവന്നത്. അന്ന് ഫോണിന്റെ മറുതലയ്ക്കല്‍ ഉണ്ടായിരുന്നയാള്‍ക്ക് അടുത്ത ദിവസം ഒരു മെസ്സേജ് വന്നു, ''നീ എന്നെ ചതിച്ചു അല്ലേ'' എന്നുമാത്രം. 

ഫസല്‍ വധക്കേസില്‍ സി.ബി. ഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ ഒരു സാക്ഷിമൊഴി പ്രധാനമാണ്: ''ഫസലുക്കയെ കാണുമ്പോള്‍ കൊടുവാള്‍ കല്ലില്‍വച്ച് മൂര്‍ച്ചകൂട്ടി, ഇത് നിനക്കുള്ളതാണ് എന്നും പെരുന്നാളിനു മുന്‍പ് നിന്നെ പച്ച പുതപ്പിച്ചു കിടത്തും എന്നും ആര്‍.എസ്.എസ്സുകാര്‍ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു'' എന്നാണ് ഫസലിന്റെ ബന്ധുകൂടിയായ അജിനാസ് എന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്റെ മൊഴി. 

കാരായിമാര്‍ ഇപ്പോഴും ശിക്ഷ അനുഭവിക്കുകയാണ്, ജയിലിനു പുറത്തായിട്ടും. ജാമ്യത്തില്‍ കഴിയുന്ന അവര്‍ക്ക് സ്വന്തം നാടായ കണ്ണൂരില്‍ പ്രവേശിക്കാന്‍ കോടതിയുടെ അനുമതിയില്ല. രണ്ടു വര്‍ഗ്ഗീയ ശക്തികള്‍ ആസൂത്രിതമായി കൈകോര്‍ത്ത് തങ്ങളെ കുടുക്കുകയായിരുന്നു എന്നാണ് കാരായിമാരും അവരുടെ പാര്‍ട്ടിയും തറപ്പിച്ചു പറയുന്നത്. ''മുസ്ലിമായ ഫസലിനെ കൊന്ന് അത് ഞങ്ങളാണ് ചെയ്തതെന്ന് വരുത്തിയാല്‍ മുസ്ലിങ്ങള്‍ക്ക് സി.പി.എമ്മിലുള്ള വിശ്വാസം തകരും. അതായിരുന്നു ആര്‍.എസ്.എസ്സിന്റെ ഉന്നം. അവരുടെ ആ അജന്‍ഡ നടപ്പാക്കാന്‍ പൊലീസിലെ ചിലരും കൂട്ടുനിന്നു. ആറ് മാസം കഴിഞ്ഞ് വിജേഷ് എന്ന സി.പി.എം പ്രവര്‍ത്തകനെ കൊന്ന് അത് എന്‍.ഡി.എഫാണ് ചെയ്തതെന്നു പ്രചരിപ്പിച്ചു. വര്‍ഗ്ഗീയ കലാപം ഉണ്ടാക്കുകയായിരുന്നു ആര്‍.എസ്.എസ്സിന്റെ ലക്ഷ്യം.'' കാരായി രാജന്റെ വാക്കുകള്‍.
  

ആരുടേയോ അജന്‍ഡകള്‍

കേരള സമൂഹത്തില്‍ വര്‍ഗ്ഗീയവല്‍ക്കരണം വര്‍ദ്ധിച്ചു എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിച്ചുകൊണ്ടല്ലാതെ അതിനെ മറികടക്കാനാകില്ല എന്നാണ് വിവിധ മേഖലകളിലെ മതേതര നിലപാടുള്ളവര്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. 

''വര്‍ഗ്ഗീയ നിലപാടുകളുള്ള വ്യക്തികള്‍ പല പാര്‍ട്ടികളിലും പ്രവര്‍ത്തിക്കുന്നു. പ്രത്യേകിച്ചും കോണ്‍ഗ്രസ്സില്‍ ആര്‍.എസ്.എസ് അനുഭാവമുള്ളവര്‍ ഏറെയുണ്ട്. പില്‍ക്കാലത്ത് ബി.ജെ.പി കൂടുതല്‍ ശക്തി പ്രാപിച്ചപ്പോഴാണ് അതു വെളിയില്‍ വന്നത്. അവരില്‍ പലരും  ബി.ജെ.പിയായി മാറി. 2014-ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വന്നതോടെ ബി.ജെ.പി വ്യക്തിത്വം പ്രകടിപ്പിക്കാന്‍ മടിച്ചിരുന്നവര്‍ വലിയ തോതില്‍ ആ മടി മാറ്റി. അവര്‍ക്ക് ഏതെങ്കിലും ഒരു രാഷ്ട്രീയ ഐഡന്റിറ്റി വേണം; പക്ഷേ, ആര്‍.എസ്.എസ്-ബി.ജെ.പി മുഖമോ പോപ്പുലര്‍ ഫ്രണ്ട്- എസ്.ഡി.പി.ഐ മുഖമോ പരസ്യമായി പ്രകടിപ്പിക്കാന്‍ താല്പര്യവുമില്ല.'' പറയുന്നത് കേരള രാഷ്ട്രീയത്തെ പതിറ്റാണ്ടുകളായി അടുത്തുനിന്ന് അറിഞ്ഞ ഉന്നത ഉദ്യോഗസ്ഥരിലൊരാള്‍. 

ആര്‍.എസ്.എസ്-സി.പി.എം സംഘര്‍ഷം ഉണ്ടായ ഇടങ്ങളില്‍ സി.പി.എം ഇരയും ആര്‍.എസ്.എസ്സുകാര്‍ പ്രതിസ്ഥാനത്തും വന്നപ്പോള്‍ പ്രതികള്‍ക്കുവേണ്ട ി കോണ്‍ഗ്രസ്സുകാര്‍ ഇടപെട്ട സംഭവങ്ങളുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ആലപ്പുഴയില്‍ ആര്‍.എസ്.എസ്സുകാര്‍ പ്രതികളായ കൊലക്കേസില്‍ കോണ്‍ഗ്രസ്സിന്റെ ഉന്നത നേതാവ് ഇടപെട്ട അനുഭവം ആലപ്പുഴയിലെ ചില പൊലീസുദ്യോഗസ്ഥര്‍ ഓര്‍ക്കുന്നുണ്ട്. മാര്‍ക്സിസ്റ്റ് അക്രമം ചെറുക്കാന്‍ തങ്ങളെക്കൊണ്ടു കഴിയില്ലെന്നും ഇവരെക്കൊണ്ടേ കഴിയൂ എന്നുമാണ് അന്ന് അദ്ദേഹം ന്യായീകരിച്ചത്. അതിനൊന്നു സഹായം ചെയ്തു കൊടുത്തതേയുള്ളൂ എന്നായിരുന്നു പ്രതികരണം.

സി.പി.എമ്മിലേയ്ക്ക് ഇപ്പോള്‍ പലരും വരുന്നത് ആശയപരമായ തിരിച്ചറിവോടെയല്ല, സമര മുന്നേറ്റങ്ങളില്‍ മാത്രം ആകൃഷ്ടരായാണ് എന്ന് പാര്‍ട്ടിയുമായി അടുത്തുനില്‍ക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞു: ''സി.പി.എമ്മില്‍ ക്രമേണ രാഷ്ട്രീയ വിദ്യാഭ്യാസം നഷ്ടപ്പെട്ടു. കോണ്‍ഗ്രസ്സിനു മതേതര ജാഗ്രതയുമില്ലാതായി. ആ സ്ഥാനത്തേയ്ക്ക് സാമുദായിക, വര്‍ഗ്ഗീയ ആശയ പ്രചാരണങ്ങള്‍ സജീവമായി. കെ.എസ്.യുവും എസ്.എഫ്.ഐയും കാമ്പസുകളില്‍ ദുര്‍ബ്ബലമാകുന്നിടത്ത് എ.ബി.വി.പിയും ക്യാംപസ് ഫ്രണ്ടും ഇടം നേടി. സന്നദ്ധ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ വര്‍ഗ്ഗീയ മുഖം മറച്ചുവയ്ക്കുന്ന സംഘടനകള്‍ രണ്ടു വിഭാഗത്തിലുമുണ്ട്. ആകര്‍ഷിക്കാനും വളരാനും എളുപ്പം സാധിക്കുന്നു.'' അദ്ദേഹം പറയുന്നു.

എല്‍.ഡി.എഫും യു.ഡി.എഫും ശക്തമായ രണ്ട് അധികാരകേന്ദ്രങ്ങളായി നില്‍ക്കുന്നതുകൊണ്ടാണ് കേരളത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണം കൂടുതല്‍ പരസ്യമാകാത്തത്. ബി.ജെ.പി അധികാരത്തില്‍ വരികയോ നിയമസഭയില്‍ കൂടുതല്‍ പ്രാതിനിധ്യമുള്ള പാര്‍ട്ടിയായോ മാറിയാല്‍ കോണ്‍ഗ്രസ്സില്‍നിന്നും സി.പി.എമ്മില്‍നിന്നും ആളുകള്‍ അങ്ങോട്ടു പോകും എന്നതാണ് അപ്രിയ സത്യം. ലീഗുമായി പോപ്പുലര്‍ ഫ്രണ്ട് ആശയക്കാര്‍ അടുക്കുന്നത് അവര്‍ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായതുകൊണ്ടു കൂടിയാണ്. എന്നാല്‍ എന്‍.ഡി.എഫിനു മുന്‍പ് 1990-കളില്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ വരവോടെ പല പാര്‍ട്ടികളിലും നിന്ന് മുസ്ലിം യുവാക്കള്‍ അങ്ങോട്ടു പോയിരുന്നു. മഅ്ദനി ജയിലിലാവുകയും പി.ഡി.പി ദുര്‍ബ്ബലമാവുകയും ചെയ്തപ്പോള്‍ അവരില്‍ പലരും എന്‍.ഡി.എഫിലേക്കു പോയി എന്നാണ് പൊതുവേ പറയാറ്; എന്‍.ഡി.എഫ് പേരുമാറ്റി പോപ്പുലര്‍ ഫ്രണ്ടായി, എസ്.ഡി.പി.ഐ എന്ന പാര്‍ട്ടിയും രൂപീകരിച്ചു. പി.ഡി.പി പിന്നീട് അനൗദ്യോഗികമായി എല്‍.ഡി.എഫിന്റെ ഒരു ഘടക കക്ഷിയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. 2009-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ മത്സരിച്ച ഡോ. ഹുസൈന്‍ രണ്ട ത്താണി എല്‍.ഡി.എഫ്-പി.ഡി.പി പൊതുസ്ഥാനാര്‍ത്ഥിയായിരുന്നു. മഅ്ദനി എത്താന്‍ വൈകിയപ്പോള്‍ പൊന്നാനിയിലെ തെരഞ്ഞെടുപ്പു വേദിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഒരു മണിക്കൂറോളം കാത്തിരുന്നു. അത് അന്ന് ചര്‍ച്ചയായിരുന്നു. പക്ഷേ, പൊന്നാനിയിലെ തോല്‍വിയോടെ ആ കൂട്ടുകെട്ട് പൊളിഞ്ഞു. സി.പി.എം കേന്ദ്രനേതൃത്തില്‍നിന്ന് പി.ഡി.പി ബന്ധത്തിന്റെ പേരില്‍ സംസ്ഥാന നേതൃത്വം വിമര്‍ശനവും ഏല്‍ക്കേണ്ടിവന്നു.

ഒളിച്ചും പതുങ്ങിയുമുള്ള സൗഹൃദം വിട്ട്, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് മലപ്പുറം കൊണ്ടോട്ടിയില്‍ കെ.ടി.ഡി.സിയുടെ ഹോട്ടലില്‍വച്ച് പി.കെ. കുഞ്ഞാലിക്കുട്ടിയും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച വാര്‍ത്തയായിരുന്നു. യാദൃച്ഛികമായി കണ്ടു എന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. പക്ഷേ, എസ്.ഡി.പി.ഐ അതേവിധം അത് ന്യായീകരിക്കാന്‍ നിന്നില്ല.

ഇസ്ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന വര്‍ഗ്ഗീയ സംഘടനകളില്‍പ്പെട്ട ആളുകള്‍ എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലും സി.പി.എമ്മില്‍ത്തന്നെയും നുഴഞ്ഞുകയറി അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട് എന്ന് ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനുമായ പ്രൊഫ. ഹമീദ് ചേന്നമംഗലൂര്‍ പറയുന്നു. ''അവയില്‍ പ്രവര്‍ത്തിക്കുന്ന തങ്ങളുടെ സമുദായത്തില്‍പ്പെട്ട പ്രവര്‍ത്തകരെ പ്രത്യേകിച്ചും യുവാക്കളെ അവരുടെ ആശയങ്ങളിലേക്കു കൊണ്ടുപോകാന്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്. അങ്ങനെയൊരു വിഭാഗമുണ്ട്. സ്വന്തം മതാത്മക ലോകവീക്ഷണം മറച്ചുവച്ച് പല കാര്യങ്ങളിലും തങ്ങളുടെ നിലപാടുകളിലേയ്ക്ക് മറ്റുള്ളവരെ എത്തിക്കാന്‍ ശ്രമിക്കുന്നു. അന്തര്‍ദ്ദേശീയ, ദേശീയ, പ്രാദേശിക വിഷയങ്ങളിലൊക്കെ തങ്ങളുടെ വീക്ഷണം മറ്റുള്ളവരുടേതുമാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അവര്‍ അവരുടേതായ ആശയം വിടുന്നില്ല. പക്ഷേ, മറ്റു പാര്‍ട്ടികളില്‍ ചെല്ലുമ്പോള്‍ ഞങ്ങളും നിങ്ങളുടെ ആള്‍ക്കാരാണ് എന്നു പറയുന്നു, അംഗത്വമെടുക്കുന്നു. സംഘപരിവാറില്‍നിന്നും തീര്‍ച്ചയായും ഇതേവിധമുള്ള നുഴഞ്ഞുകയറ്റം മറ്റു പാര്‍ട്ടികളിലേയ്ക്ക് ഉണ്ടാകാം.'' അദ്ദേഹത്തിന്റെ നിരീക്ഷണം.

കേരളത്തില്‍ ഇന്ന് ഏറ്റവും വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നത് ഹിന്ദുത്വ വര്‍ഗ്ഗീയതയാണ് എന്നും ഇടതുപക്ഷ പ്രസ്ഥാനം അതിന് അനുകൂലമായ നിലയില്‍, അല്ലെങ്കില്‍ അതു പ്രയോജനപ്പെടുത്തുന്ന വിധത്തിലാണ് നിലപാടെടുക്കുന്നത് എന്നും ഇടതുപക്ഷ ചിന്തകന്‍ ഡോ. ആസാദ് അഭിപ്രായപ്പെടുന്നു. ''മറുഭാഗത്ത് അതിന്റെ വിപരീതത്തേയും കൂടെ നിര്‍ത്തേണ്ടിവരുന്നു. അതുകൊണ്ട് കാന്തപുരത്തെ കൂടെ നിര്‍ത്തണം, സുന്നികളെ കൂടെ നിര്‍ത്തണം, പല ധാരകളിലുള്ള ഇസ്ലാമിക സംഘടനകളെ കൂടെ നിര്‍ത്തണം എന്ന ചിന്ത ഇടതുപക്ഷത്തിനുണ്ട ്. കോണ്‍ഗ്രസ് പണ്ടേ അങ്ങനെയാണ്. ദേശീയ പ്രസ്ഥാനത്തിന്റെ കാലം മുതല്‍ കോണ്‍ഗ്രസ്സില്‍ ഹിന്ദുത്വ ധാര സജീവമാണ്. സോഷ്യലിസ്റ്റ് ധാര ക്രമേണ തകര്‍ക്കപ്പെടുകയും വര്‍ഗ്ഗീയധാര മേല്‍ക്കൈ നേടുകയും ചെയ്തു. ആഗോളവല്‍ക്കരണ കാലത്തെ നവലിബറല്‍ നയങ്ങള്‍ക്കു കീഴടങ്ങുക വഴി എല്ലാ പാര്‍ട്ടികളിലും വര്‍ഗ്ഗീയ ശക്തിക്കു കടന്നുകയറാന്‍ കഴിയുന്ന ഒരു ഇടം രൂപപ്പെട്ടിട്ടുണ്ട്. ആ ഇടമാണ് യഥാര്‍ത്ഥ പ്രശ്നം. അതു തകര്‍ക്കാതെ രാഷ്ട്രീയപ്പാര്‍ട്ടികളില്‍നിന്നു വര്‍ഗ്ഗീയതയെ ഒഴിവാക്കാനാകില്ല. വര്‍ഗ്ഗീയ പ്രവണതകള്‍ ഉയര്‍ത്തുന്നവരെ പുറത്താക്കാനും കഴിയില്ല. ആളെയല്ല, പ്രവണതയെയാണ് പുറത്താക്കേണ്ടത്.'' ഡോ. ആസാദ്.  
ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗ്ഗീയ തകള്‍ വളരെക്കാലമായി സെക്കുലര്‍ പാര്‍ട്ടികളെ സ്വാധീനിക്കുകയും അതിന്റെ അകത്ത് നുഴഞ്ഞുകയറുകയും ചെയ്തിട്ടുണ്ട് എന്ന് ജനകീയ കലാസാഹിത്യവേദി സംസ്ഥാന സെക്രട്ടറിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പി.കെ. വേണുഗോപാല്‍ ചൂണ്ടിക്കാണിക്കുന്നു. ''പോപ്പുലര്‍ ഫ്രണ്ട് എന്‍.ഡി.എഫ് ആയിരുന്ന കാലത്തുതന്നെ മറ്റു പാര്‍ട്ടികള്‍ക്കകത്തു കടന്നുകയറി അവരുടെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്നതായിരുന്നു മുഖ്യമായും പ്രവര്‍ത്തനശൈലി. കാരണം, സംഘടനാപരമായ വലിപ്പം കൂട്ടുക മാത്രമല്ല, പ്രത്യയശാസ്ത്രപരമായി അവരുടെ സ്വാധീനമേഖല വികസിപ്പിക്കുക എന്നതുകൂടി അവരുടെ പ്രധാനപ്പെട്ട അജന്‍ഡയാണ്. രണ്ടുതരം വര്‍ഗ്ഗീയ ശക്തികളും അതു ചെയ്യുന്നുണ്ട്. ഇതിന്റെ വളരെ അക്രമോത്സുകമായ പ്രയോഗങ്ങള്‍ക്ക് കേരളത്തില്‍ത്തന്നെ ഉദാഹരണങ്ങളുമുണ്ട്.'' പി.കെ. വേണുഗോപാല്‍ പറയുന്നു.ആളുകള്‍ നുഴഞ്ഞുകയറുകയല്ല, പകരം ഈ ആശയങ്ങള്‍ മറ്റാളുകളെക്കൊണ്ടു ബോധപൂര്‍വ്വമോ അബോധപൂര്‍വ്വമോ ആയി സ്വീകരിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന് അഭിഭാഷകയായ രശ്മിത രാമചന്ദ്രന്‍ പറയുന്നു. ''വടക്കന്‍ കേരളത്തില്‍ ജനങ്ങളെ മതനിരപേക്ഷമായി നിലനിര്‍ത്തുന്നതില്‍ അടുത്തകാലം വരെ ഏറെക്കുറെ വിജയിച്ചിരുന്ന ഒരു പാര്‍ട്ടിയാണ് മുസ്ലിംലീഗ്. അതുകൊണ്ടാണ് തീവ്രവാദ സ്വഭാവമുള്ള കക്ഷികള്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിയാതിരുന്നത്. 

കോണ്‍ഗ്രസ് പോലുള്ള കക്ഷികളിലെ പലരുടെ മനോഭാവം മാറുന്നു എന്നു പറയുന്നതുപോലെതന്നെയാണ് ലീഗിന്റെ കാര്യത്തില്‍ ഈ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നത്. അടുത്തകാലത്തു കാണുന്ന ചില പ്രവണതകള്‍ അത് വളരെയധികം കാണിക്കുന്നുമുണ്ട്. സോമനാഥ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനു പോകരുതെന്ന് പറഞ്ഞ നെഹ്‌റുവിന്റെ പിന്‍ഗാമികള്‍(പ്രിയങ്കാഗാന്ധി) രാമക്ഷേത്രം വരുന്നതോടെ ഇന്ത്യയില്‍ എല്ലാം ശരിയാകുമെന്നു പറയുന്നു. ഇത് കോണ്‍ഗ്രസ്സില്‍  ആരെങ്കിലും നുഴഞ്ഞുകയറിയതുകൊണ്ടാണോ, അല്ല. അവിടെയുള്ളവരെ മൃദുഹിന്ദുത്വ നിലപാട് ബാധിച്ചതുകൊണ്ടാണ്.''

സ്വത്വവൈകാരികതയിലേക്കുള്ള മടക്കം 
ഡോ. ആസാദ്

വര്‍ഗ്ഗീയ സ്വഭാവമുള്ള സംഘടനകള്‍ക്ക് മറ്റു പാര്‍ട്ടികളില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കണമെങ്കില്‍, ഇടതുപക്ഷ പ്രസ്ഥാനത്തെ സ്വാധീനിക്കാന്‍ സാധിക്കണമെങ്കില്‍ അവരുടെ പ്രത്യയശാസ്ത്ര ധാരണകളുടേയും പ്രയോഗ പദ്ധതികളുടെയുമൊക്കെ അകത്ത് ഒരു ഇടം കിട്ടണം. അങ്ങനെയൊരു ഇടം ഉണ്ടായിത്തീരുന്നത് ആ പ്രസ്ഥാനത്തിന്റെ മതേതര അടിത്തറയില്‍ ചോര്‍ച്ച ഉണ്ടാകുന്നതുകൊണ്ടാണ്; അത് മതാത്മകമായ ധാരണകളിലേയ്ക്കു വ്യതിചലിച്ചു പോകുന്നതുകൊണ്ടാണ്. പ്രത്യേകിച്ചും കേരളത്തില്‍ ഇടതുപക്ഷത്തിനകത്ത് ഒരുതരം വരേണ്യമായ അനുഷ്ഠാനങ്ങളോടുള്ള താല്പര്യം കൂടിക്കൂടി വരികയാണ്. അതിന്റെ ഭാഗമായാണ് ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ അവരുടെ വക കുട്ടികളെ അണിനിരത്തിയുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നത്, രാമായണ മാസാചരണം മുന്‍പൊന്നുമില്ലാത്തവിധം ശക്തമായിത്തീരുന്നത്, ഇത്തരത്തില്‍ പലതും. ദേശീയ പ്രസ്ഥാനത്തിന്റെ കാലത്ത് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം നേതാക്കള്‍ കാണിച്ചുപോന്ന മൃദുഹിന്ദുത്വ നിലപാടിന്റെ കുറേക്കൂടി വിപുലമായ രീതി ഇടതുപക്ഷപ്രസ്ഥാനത്തില്‍ രൂപപ്പെടുകയാണ്. ഇത് ഒരു ഭാഗത്ത് ഉണ്ടാകുമ്പോള്‍ മറുഭാഗത്ത് കുറേക്കൂടി മതാത്മക നിലപാടുകളിലേയ്ക്കു പോകുന്നു. പള്ളികളില്‍ പോകാത്ത ഇടതുപക്ഷക്കാര്‍ പള്ളികളില്‍ പോകുന്നു, കുട്ടികളെ മുന്‍പ് മദ്രസയില്‍ അയയ്ക്കാതെ പൊതുവിദ്യാഭ്യാസത്തിന്റെ ധാരയില്‍ മാത്രം നിര്‍ത്തിയിരുന്നവര്‍ അതുനിര്‍ത്തി അങ്ങോട്ടു പോകുന്നു. തൊണ്ണൂറുകളുടെ തുടക്കത്തില്‍ കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തില്‍ കൂടുതല്‍ മതാത്മക അന്തരീക്ഷം വളര്‍ന്നുവന്നു. ഇതിന്റെ പിറകെയാണ് ഈ പാര്‍ട്ടികളുമായി ബന്ധപ്പെട്ട ആളുകള്‍ക്കു നുഴഞ്ഞു കയറാനുള്ള അവസരം സൃഷ്ടിക്കപ്പെടുന്നത്.
 
കുറേക്കൂടി ജാഗ്രത പുലര്‍ത്തേണ്ടിയിരുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ എന്താണു ചെയ്തത്? തൊണ്ണൂറിനുശേഷം ഇടതുപക്ഷം അതിന്റെ സമരപഥങ്ങളില്‍നിന്ന് വല്ലാതെ പിറകോട്ടു പോകുന്നുണ്ട്. മുതലാളിത്തം കൂടുതല്‍ മൂര്‍ച്ഛിക്കുന്ന കാലത്ത് ചൂഷണം കൂടുകയാണ് ചെയ്യുക, ചൂഷണം കൂടുമ്പോള്‍ സമരോത്സുകതയും വര്‍ദ്ധിക്കുകയാണു വേണ്ടത്. എണ്‍പതുകള്‍ കേരളത്തിലെ ഇടതുപക്ഷം, പ്രത്യേകിച്ചും സി.പി.എം ഏറ്റവും സമരോത്സുകമായിരുന്ന കാലമാണ്. യുവജനങ്ങളൊക്കെ ഏറ്റവും രാഷ്ട്രീയവല്‍കൃതമായിരുന്ന കാലം. ആ കാലത്താണ് 1987-ല്‍ വര്‍ഗ്ഗീയതയ്ക്കെതിരേ തത്ത്വാധിഷ്ഠിത നിലപാടു പുലര്‍ത്തിക്കൊണ്ട്, വര്‍ഗ്ഗീയ പാര്‍ട്ടികളെ അകറ്റിനിര്‍ത്തി എല്‍.ഡി.എഫ് ഗവണ്‍മെന്റ് വന്നത്. അത് എണ്‍പതുകളുടെ സമരോത്സുകമായ ഒരു കാലഘട്ടത്തിന്റെ സവിശേഷതകൊണ്ടുകൂടിയാണ്. തൊണ്ണൂറുകളോടെ ജനകീയ സമരങ്ങള്‍ ഏറ്റെടുക്കുന്നതു കുറഞ്ഞുവരികയാണു ചെയ്തത്. ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് ജനങ്ങളെ അവരുടെ മറ്റു സ്വത്വ വൈകാരികതകളില്‍നിന്നു മോചിപ്പിക്കേണ്ടത്. എന്നാല്‍ ആ സ്വത്വ വൈകാരികതകളിലേയ്ക്കു മടങ്ങാന്‍ അവസരം നല്‍കുന്നവിധം ഇടവേളകള്‍ ഉണ്ടാക്കിക്കൊടുക്കുകയാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ ചെയ്തത്. ഇന്നു കാണുന്ന മിക്ക ജനകീയ സമരങ്ങളും ഇടതുപക്ഷ പ്രസ്ഥാനം ഏറ്റെടുത്തു നടത്തുന്നതല്ല. സമരവേദികളില്‍ മതവും ജാതിയും മറന്ന് അണിനിരക്കാനുള്ള ഉത്സാഹമുണ്ടാകും. എന്നാല്‍, സമരങ്ങളില്‍നിന്ന് പിന്നോട്ടു പോകുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തുറന്നിടുന്ന വഴി, സ്വത്വത്തിലേയ്ക്കു മടങ്ങാനുള്ള ഇടവേള കൊടുക്കലാണ്.

ഉത്തരവാദിത്വം ഇടതുപക്ഷം തിരിച്ചറിയാത്തതില്‍ ആശങ്ക
പി.കെ. വേണുഗോപാല്‍

ഇതൊരു പുതിയ പ്രതിഭാസമല്ല. നെഹ്രുവിന്റെയൊക്കെ കാലം മുതല്‍ത്തന്നെ ഹിന്ദുമഹാ സഭയുടേയും ഇസ്ലാമിക വര്‍ഗ്ഗീയതയുടേയും സ്വാധീനം ഉണ്ടായിട്ടുണ്ട ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വലിയ മേഖല കോണ്‍ഗ്രസ്സില്‍  നിലനിന്നിരുന്നതുകൊണ്ടാണ് 1949-ല്‍ ബാബറി മസ്ജിദിനകത്ത് സ്ഥാപിക്കപ്പെട്ട രാമവിഗ്രഹം അവിടെത്തന്നെ ഇരുന്നുപോയത്. ഹിന്ദു വര്‍ഗ്ഗീയ ശക്തികള്‍ക്ക് അക്കാലത്തുതന്നെ കോണ്‍ഗ്രസ്സില്‍ സാമാന്യം നല്ല സ്വാധീനമുണ്ടായിരുന്നു. ഈ സ്വാധീനം പില്‍ക്കാലത്ത് കൂടുകയാണ് ചെയ്തത്. പൊതുസമൂഹത്തില്‍ പരസ്പരം പോരടിക്കുന്നു എന്ന് പറയുമ്പോഴും ഈ രണ്ടു വര്‍ഗ്ഗീയശക്തികളും പരസ്പരം പോഷിപ്പിക്കുകയും പരസ്പരം ആശ്രയിക്കുകയും ചെയ്യുന്നു. ആര്‍.എസ്.എസ് സ്വന്തം സ്വാധീനം വര്‍ദ്ധിപ്പിക്കുന്നത് പോപ്പുലര്‍ ഫ്രണ്ടിനെ ചൂണ്ടിക്കാട്ടിയാണ്, തിരിച്ചും. ഇങ്ങനെ പരസ്പരം ആശ്രയിക്കുകയും പരസ്പരം പോഷിപ്പിക്കുകയും ചെയ്യുന്ന ഈ വര്‍ഗ്ഗീയ പ്രസ്ഥാനങ്ങള്‍ സംഘടനാപരവും ആശയപരവുമായ സ്വാധീനമേഖല വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് മറ്റു പാര്‍ട്ടികളില്‍ കടന്നുകയറുന്നത്. അവരെക്കൊണ്ട് തങ്ങളുടെ അജന്‍ഡ നടപ്പാക്കിക്കുന്നു. കോണ്‍ഗ്രസ് ഒരുക്കിക്കൊടുത്ത അടിത്തറയിലാണ് മോദി രാമക്ഷേത്രത്തിനു ശിലയിട്ടത്.

ഇന്ന് ചെറുപ്പക്കാര്‍ക്കിടയില്‍ വര്‍ഗ്ഗീയശക്തികള്‍ക്ക് ഉണ്ട ാക്കാന്‍ കഴിയുന്ന ഈ സ്വാധീനം നിലനില്‍ക്കുകയും ചെയ്യുകയാണെങ്കില്‍ അവര്‍ രണ്ട ു പതിറ്റാണ്ടുകൊണ്ട് കേരളത്തെ ടേക്കോവര്‍ ചെയ്യാന്‍ കഴിയും എന്ന ആശങ്കയുണ്ട്. അത് അടിസ്ഥാനരഹിതമായ ഒരു ആശങ്ക മാത്രമായി മാറട്ടെ എന്നാണ് ആഗ്രഹിക്കുന്നത്. ഇതു തിരിച്ചറിയേണ്ടത് ഇടതുപക്ഷമാണ്. അവരുടെ ഉത്തരവാദിത്വമാണ്. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷം അതു തിരിച്ചറിയുന്നില്ല എന്നതാണ് ഏറ്റവും ആശങ്കപ്പെടുത്തുന്നത്. ഇന്ത്യയില്‍ ബി.ജെ.പി തോല്‍പ്പിക്കാനാകാത്ത ശക്തിയൊന്നുമല്ല. പക്ഷേ, അവരെ തോല്‍പ്പിക്കാനാകില്ല എന്നൊരു ബോധം പതുക്കെപ്പതുക്കെ അരിച്ചു കയറിക്കൊണ്ടിരിക്കുകയാണ്. അതിന് എതിരായി കോണ്‍ഗ്രസ് ഉള്‍പ്പെടെ സെക്കുലറിസത്തിന്റെ സ്വാധീനം ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത പാര്‍ട്ടികള്‍ ഐക്യപ്പെടുക എന്നൊരു സംഗതി ഉണ്ടാകുന്നില്ല. അവര്‍ കൂടുതല്‍ ശിഥിലമാവുകയും പരസ്പരം അകന്നു പോവുകയും ചെയ്യുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. 

അത്തരം ഐക്യപ്പെടലിനും രാഷ്ട്രീയ ദിശാബോധം നല്‍കേണ്ടത് ഇടതുപക്ഷംതന്നെയാണ്; കേരളത്തില്‍ മാത്രമല്ല, അഖിലേന്ത്യാ തലത്തില്‍. കാരണം, രാഷ്ട്രീയമായി ശരിയോട് ഏറ്റവും അടുത്തുനില്‍ക്കുന്നത് അവരാണ്. വാജ്പേയി സര്‍ക്കാരിനുശേഷം യു.പി.എ സര്‍ക്കാര്‍ വന്ന കാലത്ത് പാര്‍ട്ടികളെ ഐക്യപ്പെടുത്താന്‍ ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിനെപ്പോലുള്ള നേതാക്കള്‍ വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിച്ചത്. അങ്ങനെയൊരു സ്വാധീനശേഷിയുള്ളവരാകാന്‍ ദേശീയതലത്തില്‍ ഇടതുപക്ഷത്തിനു കഴിയുന്നില്ല. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ദൗര്‍ബ്ബല്യത്തിന്റെ ലക്ഷണമാണ് അത്.

മറക്കുന്ന യഥാര്‍ത്ഥ മതേതരത്വം
അഡ്വ. രശ്മിത രാമചന്ദ്രന്‍

മുസ്ലിംലീഗിലെ ആളുകള്‍ പോപ്പുലര്‍ ഫ്രണ്ടുമായി കൈകോര്‍ക്കാം എന്നു വിചാരിക്കുന്നത് കുറച്ചുകൂടി തീവ്ര നിലപാടിലേയ്ക്ക് ലീഗുതന്നെ പോകുന്നതുകൊണ്ടാണ്. ഇത് കോണ്‍ഗ്രസ്സിനും ലീഗിനും മാത്രം സംഭവിക്കുന്നതല്ല. ശബരിമല വിവാദകാലത്ത് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പറഞ്ഞത്, അന്തസ്സുള്ള സ്ത്രീകള്‍ ശബരിമലയില്‍ പോകില്ല എന്നാണ്. സി.പി.എമ്മിലേയ്ക്ക് സംഘപരിവാറുകാര് നുഴഞ്ഞുകയറിയതുകൊണ്ടല്ല. സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും എം.എല്‍.എയുമായിരുന്ന ആളാണ് ഈ പറയുന്നത്. ഇത് മൃദുഹിന്ദുത്വപരമായ ബോധ്യത്തില്‍നിന്നുകൊണ്ടുതന്നെയാണ് പറയുന്നത്. ഇങ്ങനെയുള്ള ബോധ്യങ്ങള്‍ സമൂഹത്തില്‍ സംഭവിക്കുന്നതിന്റെ ഭാഗമായി ഈ പാര്‍ട്ടികളിലും വരുന്നു. ജാതിപ്പേര് വ്യക്തമാക്കുന്ന വാല് പേരില്‍നിന്ന് ഒഴിവാക്കിയിരുന്നവര്‍ ഫേസ്ബുക്കിലൊക്കെ നില്‍ക്കുന്നതു കൃത്യമായും ജാതിപ്പേര് വച്ചുകൊണ്ടാണ് എന്നു കാണാം. നമ്മള്‍ നവോത്ഥാന സദസ്സുകളൊക്കെ നടത്തുമ്പോഴും ഇതെന്തിനാണ് എന്നു മനസ്സിലാകാത്ത ഒരു ജനത ഉള്ളതുകൊണ്ട ും ഈ ജനത അത് സമ്മതിച്ചു കൊടുക്കുന്നതുകൊണ്ടും കൂടിയാണ്. എല്ലാ പാര്‍ട്ടികളിലും ഇങ്ങനെയുളള വ്യതിയാനങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇവിടെയാണ് നമ്മള്‍ യഥാര്‍ത്ഥ സെക്കുലറിസം മനസ്സിലാക്കാത്തതിന്റെ പ്രശ്നമുള്ളത്. നമ്മള്‍ ഒരൊറ്റ രാജ്യത്തെ പൗരന്മാരായി നില്‍ക്കുന്നത് ഏതെങ്കിലും പ്രത്യേക മതത്തില്‍ വിശ്വസിക്കുന്നതുകൊണ്ടല്ല, ഏതെങ്കിലും ജാതിയില്‍ പിറന്നതുകൊണ്ടല്ല. മറിച്ച്, നമ്മുടെ ഭരണഘടന അങ്ങനെ വിഭാവനം ചെയ്യുന്നതുകൊണ്ടാണ്. ഇത് പാര്‍ട്ടികളിലുള്ളവര്‍ മറന്നുപോകുന്നു, ജനങ്ങളും മറക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com