ഓമന, അയ്യപ്പൻ
ഓമന, അയ്യപ്പൻ

വിധികളെല്ലാം നീതിക്കൊപ്പം; നടപ്പാക്കേണ്ടവര്‍ ആര്‍ക്കൊപ്പം?

ഓമനയുടേയും അയ്യപ്പന്റേയും നിയമപോരാട്ടവും അവര്‍ അനുഭവിച്ച പീഡാനുഭവങ്ങളും അംഗീകരിക്കാനും നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ തയ്യാറാകുമോ എന്നതുകൂടിയാണ് കേരളത്തിനു മുന്നിലുള്ള പ്രധാന ചോദ്യം

ജീവിതസഖാവിനോട് പൊലീസ് ചെയ്ത ക്രൂരതയ്‌ക്കെതിരെ നിയമപോരാട്ടം തുടങ്ങിയിട്ട് കാല്‍നൂറ്റാണ്ടായി എന്നത് ഓമനയുടെ വാക്കില്‍ മാത്രമല്ല, ചിന്തയില്‍പ്പോലും പ്രധാന കാര്യമല്ല. സ്വന്തം കുറ്റം കൊണ്ടല്ലാതെ അസാധാരണമായവിധം ജീവിതം മാറിപ്പോയ 1996 ഫെബ്രുവരി എട്ട് വൈകുന്നേരം മുതല്‍ ഇതുവരെ തിരിഞ്ഞുനോക്കാതെ പിടിച്ചുനിന്നു എന്നതുമാത്രമാണ് ഓമനയ്ക്കും അയ്യപ്പനും അവരുടെ രണ്ടു മക്കള്‍ക്കും പ്രധാനം. കള്ളക്കേസില്‍ കുടുക്കി അയ്യപ്പനെ ചവിട്ടിക്കുഴച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരേയുള്ള ആ പോരാട്ടത്തിന് ഇപ്പോഴൊരു പരിസമാപ്തി വന്നിരിക്കുന്നു. അവരില്‍ ജീവിച്ചിരിക്കുന്ന നാല് പേരുടേയും സര്‍വ്വീസാനന്തര ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കാനും ഒരു വര്‍ഷം തടവിനുമുള്ള കീഴ്ക്കോടതി വിധി ഹൈക്കോടതിയും ശരിവച്ചു. 2013-ല്‍ പ്രതികള്‍ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് എട്ടാം വര്‍ഷത്തിലെ ഉത്തരവ്. കൊല്ലം ജില്ലയിലെ എഴുകോണ്‍ എസ്.ഐ ആയിരുന്ന ഒന്നാം പ്രതി ഡി. രാജഗോപാല്‍ പിന്നീട് കൊല്ലം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആയാണ് വിരമിച്ചത്. മണിരാജ്, ബേബി, ഷറഫുദ്ദീന്‍ എന്നീ പൊലീസുകാരാണ് മൂന്നും നാലും അഞ്ചും പ്രതികള്‍. രണ്ടാം പ്രതി എ.എസ്.ഐ ടി.കെ. പൊടിയന്‍ ഇതിനിടെ മരിച്ചു. കൊട്ടാരക്കര മജിസ്‌ട്രേട്ട് കോടതിയും അപ്പീല്‍ പരിഗണിച്ച കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയും നീതി ഉയര്‍ത്തിപ്പിടിക്കുന്ന വിധികളാണ് മുന്‍പ് പുറപ്പെടുവിച്ചത്. എന്നാല്‍, നടപ്പാക്കാന്‍ മാറിവന്ന സര്‍ക്കാരുകള്‍ തയ്യാറായില്ല. ഈ ദരിദ്രകുടുംബത്തെ ഭീഷണികൊണ്ടും പ്രലോഭനംകൊണ്ടും കീഴ്പെടുത്താനാണ് പൊലീസുകാരും അവര്‍ക്കു വേണ്ടപ്പെട്ടവരും ശ്രമിച്ചത്. അപ്പീല്‍ നല്‍കുക എന്ന നിയമപരമായ അവകാശം വിനിയോഗിക്കുന്നതിനൊപ്പം നിയമവിരുദ്ധമായി കേസ് ഇല്ലാതാക്കാനുള്ള ശ്രമങ്ങളും അവര്‍ തുടര്‍ന്നു. വിധി നടപ്പാക്കാനും നീതി ഉറപ്പുവരുത്താനുമുള്ള ഒരൊറ്റ ശ്രമം ഇതിനിടെ സര്‍ക്കാരിന്റെ ഉന്നതതലത്തില്‍ത്തന്നെ നടക്കാതിരുന്നില്ല. നളിനി നെറ്റോ ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ ആയിരുന്നു ആ ഇടപടല്‍. എന്നാല്‍, പൊലീസിന്റെ സംഘടനാശേഷിയും സഹപ്രവര്‍ത്തകരെ ഏതു തെറ്റിലും സംരക്ഷിക്കുന്ന സംഘബോധവും അതിനും മുകളില്‍ വിജയം നേടി. പ്രതിപക്ഷ നേതാവായിരിക്കെ ഓമനയുടെ പോരാട്ടത്തെ പിന്തുണയ്ക്കുകയും അവരെ കന്റോണ്‍മെന്റ് ഹൗസില്‍ വരുത്തി പിന്തുണ അറിയിക്കുകയും ചെയ്ത വി.എസ്. അച്യുതാനന്ദനുപോലും മുഖ്യമന്ത്രിയായപ്പോള്‍ അതു മറികടക്കാന്‍ കഴിഞ്ഞില്ല. ഹൈക്കോടതി വിധി നടപ്പാക്കുകയും പൊലീസ് മൂലം ജീവിതം താറുമാറായ ഓമനയ്ക്കും കുടുംബത്തിനും സംസ്ഥാന സര്‍ക്കാര്‍ മാന്യമായ നഷ്ടപരിഹാരം നല്‍കുകയുമാണ് ഇനി വൈകാതെ ചെയ്യേണ്ടത്. ഈ ആവശ്യം ഉന്നയിച്ച് അവര്‍ വൈകാതെ മുഖ്യമന്ത്രിയെ കണ്ട് നിവേദനം കൊടുക്കും.

വക്കീല്‍ ഫീസിന്റെ വലിയ ഭാരം ചുമലില്‍ വച്ചുകൊടുക്കാതെ ഇവരെ സഹായിച്ചുകൊണ്ടിരുന്ന മുതിര്‍ന്ന അഭിഭാഷകന്‍ കെ.എസ്. മധുസൂദനന്‍, അഡ്വ. സി.ആര്‍. ശ്യാംമോഹന്‍, അഭിഭാഷകന്‍ കൂടിയായ കുടുംബസുഹൃത്ത് വി.പി. പ്രഭാസ് തുടങ്ങി അനീതിക്കെതിരായ ഉറച്ച പ്രതിബദ്ധത ഒന്നുകൊണ്ടുമാത്രം ഓരോ ചുവടുവെയ്പിലും കൂടെ നിന്നവരുണ്ട്. ഓടിയോടിത്തളര്‍ന്നുപോയ ഓമനയും അയ്യപ്പനും അവര്‍ക്കു നല്‍കാന്‍ വാടിപ്പോകുന്ന ഒരു ചെറുചിരിയുടെ തിളക്കമല്ലാതൊന്നുമില്ല.

കൊല്ലം എഴുകോണ്‍ പൊലീസാണ് അയ്യപ്പനെ കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ചത്. കൊട്ടാരക്കര ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ 1996-ല്‍ത്തന്നെ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. 13 വര്‍ഷത്തിനുശേഷം 2009 ഏപ്രില്‍ മൂന്നിന് മജിസ്‌ട്രേറ്റ് കോടതി പൊലീസുകാര്‍ക്ക് ഒരു വര്‍ഷം വീതം തടവും 3500 രൂപ പിഴയും ശിക്ഷ വിധിച്ചു. 10000 രൂപ അയ്യപ്പന് നഷ്ടപരിഹാരം നല്‍കാനും ഉത്തരവുണ്ടായി. ഇതിനെതിരായ പൊലീസിന്റെ അപ്പീല്‍ പരിഗണിച്ച സെഷന്‍സ് കോടതി 2013 ജനുവരി 18-ന് കീഴ്ക്കോടതി വിധി ശരിവച്ചു. തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി എന്ന കുറ്റം കെട്ടിച്ചമച്ച് അയ്യപ്പനെതിരെ ചുമത്തിയ കേസില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി നേരത്തെ വെറുതെ വിട്ടിരുന്നു; മേല്‍ക്കോടതികളും ഈ വിധി ശരിവെച്ചു. സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നിലനില്‍ക്കെ എഴുകോണ്‍ പൊലീസ് സ്റ്റേഷനില്‍ 2011 ആഗസ്റ്റില്‍ അയ്യപ്പന് വീണ്ടും ക്രൂരമര്‍ദ്ദനമേറ്റു. അയ്യപ്പന്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും മതിയായ ചികിത്സ നല്‍കാതെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് അയയ്ക്കുകയും മെഡിക്കല്‍ കോളേജില്‍ ചികിത്സ നിഷേധിക്കുകയും ചെയ്‌തെന്ന പരാതിയുമുണ്ടായി. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് ഒത്തുതീര്‍പ്പാക്കണമെന്ന ഭീഷണികള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങാത്തതിനാല്‍ അയ്യപ്പനെ വീണ്ടും കള്ളക്കേസില്‍ കുടുക്കുകയായിരുന്നു. ഇതു ചൂണ്ടിക്കാട്ടി ഓമന സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. അയ്യപ്പന്റെ ചികിത്സാരേഖകള്‍ നശിപ്പിച്ചതിനെക്കുറിച്ച് ആരോഗ്യവകുപ്പ് വിജിലന്‍സ് വിഭാഗത്തെക്കൊണ്ട് അന്വേഷിപ്പിച്ച് നടപടി സ്വീകരിക്കണമെന്നും അയ്യപ്പനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത വിവരം ലഭിച്ചിട്ടും കേസ് എടുക്കാതിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആരോഗ്യ, ആഭ്യന്തര സെക്രട്ടറിമാര്‍ക്ക് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. സംഭവത്തില്‍ അയ്യപ്പന്റെ മൊഴി രേഖപ്പെടുത്തി അന്വേഷണം നടത്തണമെന്നും കമ്മിഷന്‍ ഉത്തരവിട്ടു. എന്നാല്‍, അന്വേഷണം നടത്തിയെന്നു വരുത്തി കേസ് അവസാനിപ്പിക്കുകയായിരുന്നു എന്ന് ഓമന ആരോപിക്കുന്നു. രണ്ടാംതവണ അയ്യപ്പനെ മര്‍ദ്ദിക്കുന്നതിനു നേതൃത്വം നല്‍കിയ എസ്.ഐ വി. ജോഷി മുന്‍പ് ആരോഗ്യവകുപ്പില്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്തിരുന്നുവെന്നത് മറച്ചുവെച്ചാണ് പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും റിപ്പോര്‍ട്ട് നല്‍കിയത്. 

അയ്യപ്പനും ഓമനയും
അയ്യപ്പനും ഓമനയും

കേരളത്തിലാണിത് 

''നീയൊക്കെ ഇങ്ങനെ നരകിക്ക്, ഞങ്ങള്‍ക്കു കിട്ടേണ്ടതൊക്കെ കിട്ടി, നല്ല സുഖമായിട്ടു ജീവിക്കുകയാ എന്നു പ്രതികളിലൊരാളായ മണിരാജ് ഇടയ്ക്ക് എന്നെ വഴിയില്‍വച്ചു കണ്ടപ്പോള്‍ കളിയാക്കി. കോടതിയും കേസും ആശുപത്രിയുമായുള്ള ഞങ്ങളുടെ ഈ ജീവിതത്തെയാണ് അയാള്‍ പരിഹസിച്ചത്. ഈ മണിരാജനേയും ബേബി എന്ന പൊലീസുകാരനേയും ജോലിയില്‍നിന്നു മാറ്റിനിര്‍ത്തണം എന്നു ബഹുമാനപ്പെട്ട ഹൈക്കോടതി വിധിച്ചിട്ട് മാസം രണ്ടായി.'' 2014 സെപ്റ്റംബര്‍ ആദ്യം കണ്ടപ്പോള്‍ ഓമന പറഞ്ഞു. അന്ന് അയ്യപ്പന് വയസ്സ് 57, ഓമനയ്ക്ക് 53. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനെതിരായ കേസാണ് എന്നും അതുകൊണ്ട് സര്‍ക്കാരിന്റെ പ്രത്യേക അനുമതിയില്ലാതെ തങ്ങള്‍ക്കെതിരായ കേസ് നിലനില്‍ക്കില്ലെന്നും വാദിച്ച് പ്രതികള്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് ഡി. ഹേമ തള്ളിയതിനെക്കുറിച്ചാണ് അന്ന് അവര്‍ പറഞ്ഞത്. 

ഓമനയുടെ നാടാണ് എഴുകോണ്‍; അയ്യപ്പന്റെ സ്വദേശം കൊല്ലം ജില്ലയിലെത്തന്നെ തെന്മല. 1985-ല്‍ ആയിരുന്നു ഇവരുടെ വിവാഹം. അക്കാലത്തൊക്കെ രണ്ടാളുടെ പണി ചെയ്യുന്ന കൂലിപ്പണിക്കാരനായിരുന്നു. എന്തുജോലിക്ക് ആരു വിളിച്ചാലും പോകും. മറ്റുള്ളവര്‍ക്ക് 150 രൂപ കിട്ടിയാല്‍ അയ്യപ്പന് 300 കിട്ടുമായിരുന്നു. ഓമന അണ്ടിയാപ്പീസില്‍ ജോലിക്കു പോവുമായിരുന്നു. കാഷ്യു കോര്‍പ്പറേഷന്റെ കശുവണ്ടി ഫാക്ടറിക്കാണ് കൊല്ലത്തുകാര്‍ അണ്ടിയാപ്പീസ് എന്നു പറയുന്നത്. രണ്ടു മക്കളില്‍ മകള്‍ കല്പന കല്യാണം കഴിഞ്ഞ് കുടുംബമായി അടൂരിലായിരുന്നു. ഈ ഏഴു വര്‍ഷത്തിനിടയില്‍ മകളുടെ വൈധവ്യവും ഈ കുടുംബത്തിനുമേല്‍ അധിക വേദനയായി എത്തി. സംസ്‌കൃതത്തില്‍ എം.എയും ബി.എഡ്ഡുമുണ്ട്. പക്ഷേ, ജോലിയൊന്നുമില്ല. ഇടയ്ക്ക് കേന്ദ്രീയവിദ്യാലയത്തില്‍ താല്‍ക്കാലിക ജോലി കിട്ടിയിരുന്നു. പി.എസ്.സി ലിസിറ്റിലുമുണ്ട്. മകന്‍ അജീഷ് പോളിടെക്നിക് കഴിഞ്ഞ് ബിടെക് പാസ്സായി. പീഡാനുഭവങ്ങള്‍ക്കും ദാരിദ്ര്യത്തിനുമിടയില്‍ ജീവിച്ചിട്ടും നിരക്ഷരരായ അവര്‍ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കി; ആ മക്കള്‍ ഈ ദുരിതങ്ങള്‍ക്കിടയിലും പഠിക്കുകയും ചെയ്തു. 

മണിരാജിന്റെ ബന്ധു വീരസേനന്റെ പറമ്പില്‍ കിളയ്ക്കാന്‍ പോയപ്പോള്‍ കൂലിയെച്ചൊല്ലി ഉണ്ടായ തര്‍ക്കമാണ് എല്ലാത്തിനും തുടക്കം. പറഞ്ഞുറപ്പിച്ചിരുന്ന കൂലി മുഴുവന്‍ കൊടുക്കാന്‍ വീരസേനന്‍ മടിച്ചു. ചോദിച്ചപ്പോള്‍ മോശമായി സംസാരിച്ചു. അങ്ങോട്ടുമിങ്ങോട്ടും ഒന്നും രണ്ടും പറഞ്ഞു. ഇതൊക്കെ ഓമന പിന്നീട് അറിഞ്ഞ കാര്യങ്ങളാണ്. വൈകുന്നേരം രണ്ടു പൊലീസുകാര് വീട്ടില്‍ വന്ന് അയ്യപ്പനുണ്ടോ എന്നു ചോദിച്ചു. പണി കഴിഞ്ഞു വന്നില്ലല്ലോ, എന്താ സാറേ കാര്യം എന്നു ചോദിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ അയ്യപ്പന്‍ വന്നു. ഇട്ടിരുന്ന വേഷവും മടിക്കുത്തില്‍ അന്നത്തെ കൂലിയുമായി അവര്‍ അയാളെ പിടിച്ചുകൊണ്ടുപോയി. ഓമന പിറകേ ചെന്ന് അലമുറയിട്ടു കാര്യം ചോദിച്ചപ്പോള്‍ പറഞ്ഞത്, നീയങ്ങ് സ്റ്റേഷനിലോട്ടു വാ പറഞ്ഞുതരാം എന്നായിരുന്നു. ''എട്ടും പത്തും വയസ്സുള്ള മക്കളെ വീട്ടിലിട്ടിട്ട് സ്റ്റേഷനില്‍ച്ചെന്നപ്പോള്‍ കണ്ട കാഴ്ച ഈ ജീവനുള്ള കാലത്തോളം മറക്കില്ല. അതു മറക്കാന്‍ പറ്റാത്തതുകൊണ്ടാണ് ഞാന്‍ കോടതിയില്‍ പ്രതീക്ഷവച്ച് ഇക്കാലമത്രയും കയറിയിറങ്ങിയത്. കുറേ പൊലീസുകാര് ചേര്‍ന്ന് ചേട്ടനെ കയ്യില്‍ പൊക്കിപ്പിടിച്ചു കാണിച്ചു. എന്നിട്ടു പറഞ്ഞു: കണ്ടോടീ ഇനി ഇവന്‍ എണീറ്റു നടക്കില്ല. ആ സമയത്തിനകം അവര് ഇടിച്ചും ചവിട്ടിയും ഇഞ്ചപ്പരുവമാക്കിയിരുന്നു. നിലത്തു നിര്‍ത്തിയപ്പോ നില്‍ക്കാന്‍ പറ്റാതെ ഇരുന്നുപോയി. വെള്ളം ചോദിച്ചപ്പോ മണിരാജ് മൂത്രമൊഴിച്ചുകൊടുത്തു'' - ഓമന പറയുന്നു. 

പിറ്റേന്നു വൈകുന്നേരം കൊട്ടാരക്കര കോടതിയില്‍ കൊണ്ടുപോകുമെന്നും അപ്പോള്‍ അവിടെ ചെന്നാല്‍ മതിയെന്നും പറഞ്ഞ് അവര്‍ ഓമനയെ അവിടെനിന്ന് ഓടിച്ചുവിട്ടു. പിറ്റേന്ന് ജീപ്പില്‍ കൊണ്ടുവന്ന് കോടതിമുറ്റത്ത് ഇറക്കുമ്പോ അയ്യപ്പന്റെ നാക്ക് പൊട്ടിയൊലിച്ച് പുറത്തേക്ക് കിടക്കുകയായിരുന്നു. പൊലീസുകാര്‍ തലേന്ന് സിഗററ്റുകൊണ്ട് കുത്തിപ്പൊള്ളിച്ചതാണ്. കാലുകള്‍ കൂട്ടിക്കെട്ടിയിരുന്നു. ഭ്രാന്ത് മൂത്ത് പൊലീസുകാരെ ആക്രമിച്ചെന്നാണ് കോടതിയോടു പറഞ്ഞത്. പക്ഷേ, തല്ലിച്ചതച്ചെന്ന് അയ്യപ്പന്‍ പറഞ്ഞു. കോടതിക്ക് അത് ഒറ്റനോട്ടത്തില്‍ മനസ്സിലാകുന്ന കാര്യവുമായിരുന്നതുകൊണ്ട് ജാമ്യം കൊടുത്തു. അപ്പോള്‍ത്തന്നെ ആശുപത്രിയിലാക്കണമെന്ന് കോടതി പറഞ്ഞിട്ടുപോലും വരാന്തയില്‍ കിടത്തിയിട്ടു പോയി. ഉറച്ചുനില്‍ക്കാന്‍പോലും വയ്യാത്ത അയ്യപ്പനെ താങ്ങി എന്തു ചെയ്യണമെന്ന് അറിയാതെ നില്‍ക്കുമ്പോള്‍ ആളുകള്‍ കൂടി. ചില വക്കീല്‍ ഗുമസ്തന്മാരും മറ്റും ഓട്ടോയില്‍ കയറ്റി ആശുപത്രിയിലേക്ക് അയച്ചു. 

എന്തുവന്നാലും ഈ അവസ്ഥയിലാക്കിയവരോടു പകരം ചോദിക്കണം എന്നു മനസ്സില്‍ ഉറപ്പിച്ചു. പിന്നീട് പലരും ഓമനയോടു ചോദിച്ചിട്ടുണ്ട്, പൊലീസുകാര്‍ക്കെതിരെ കോടതിയില്‍ പോകാനൊക്കെ വഴിയുണ്ടെന്ന് എങ്ങനെ മനസ്സിലായി എന്ന്. എഴുകോണ്‍ എസ്.ഐ ഡി. രാജഗോപാല്‍, എ.എസ്.ഐ പൊടിയന്‍, കോണ്‍സ്റ്റബിള്‍മാരായ മണിരാജ്, ബേബി, ഷറഫുദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് കോടതിയില്‍ പോയത്. രാജഗോപാല്‍ ഡി.വൈ.എസ്.പിയായി പിരിഞ്ഞു. ഷറഫുദ്ദീനും പെന്‍ഷനായി. പൊടിയന്‍ മരിച്ചു. മണിരാജനും ബേബിയുമാണ് ആദ്യമായി ഞങ്ങള്‍ ഓമനയുടെ പോരാട്ടം എഴുതുമ്പോള്‍ സര്‍വ്വീസില്‍ ഉണ്ടായിരുന്നത്.

മൂന്നാഴ്ചയോളം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലായിരുന്നു അയ്യപ്പന്‍. ഡിസ്ചാര്‍ജ് ചെയ്യാന്‍ പൊലീസുകാര്‍ നിര്‍ബ്ബന്ധിച്ചപ്പോള്‍ ശരിക്കും ഭേദമാകാതെതന്നെ പൊയ്ക്കോളാന്‍ പറഞ്ഞു. പിന്നെയും ഒരു മാസത്തോളം വേറെ ചികിത്സകള്‍ ചെയ്തിട്ടാണ് പരസഹായം കൂടാതെ കക്കൂസില്‍ പോകാന്‍പോലും കഴിയുന്ന വിധത്തിലായത്. മെയ് 25-നാണ് കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് ഒന്നില്‍ സ്വകാര്യ അന്യായം സമര്‍പ്പിച്ചത്. കേസ് നീട്ടി നീട്ടിക്കൊണ്ടുപോകാന്‍ കഴിയുന്നവിധത്തിലൊക്കെ പൊലീസ് ശ്രമിച്ചു; വിജയിക്കുകയും ചെയ്തു. ഭീഷണികൊണ്ട് പിന്തിരിപ്പിക്കാന്‍ പറ്റില്ലെന്നു മനസ്സിലായപ്പോള്‍ പണം കൊടുത്തു വശത്താക്കാനായി ശ്രമം. അതിനും വഴങ്ങിയില്ല. പട്ടിണിയുണ്ടായിരുന്നു; കാശിന് ഒരുപാട് ആവശ്യങ്ങളുണ്ടായിരുന്നു: ''പക്ഷേ, തല്ലുകൊണ്ടു തളര്‍ന്ന മനുഷ്യനെ മൂത്രം കുടിപ്പിക്കുന്നതും നീറുന്ന നാക്ക് അകത്തേയ്ക്കിടാനാകാതെയുള്ള എന്റെ ചേട്ടന്റെ നില്‍പ്പും അപ്പോഴൊക്കെ ഓര്‍ക്കും'' -ഓമനയുടെ വാക്കുകള്‍.

പൊലീസുകാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനു മുന്‍പ് സര്‍ക്കാരിന്റെ അനുമതി വാങ്ങിയില്ല എന്നും അതുകൊണ്ട് കേസ് അവസാനിപ്പിക്കണം എന്നുമുള്ള ഹര്‍ജിയില്‍ ജസ്റ്റിസ് ഡി. ഹേമ നീതിയുടെ പക്ഷത്തുനിന്നു വിധിച്ചത് 2005 ജൂലൈ 25-നായിരുന്നു. പക്ഷേ, വിധി ആയിട്ടില്ലെന്നു പറഞ്ഞ് അന്നത്തെ വക്കീലിന്റെ ഗുമസ്തന്‍ ഓമനയ്ക്ക് കാര്‍ഡ് അയച്ചു. പാവങ്ങള്‍ അതു വിശ്വസിച്ച് ഇരുന്നു. പിന്നെ, നീതി കിട്ടണം എന്ന് ആഗ്രഹിച്ചു കഴിയുന്നവിധം കൂടെ നില്‍ക്കുന്ന ചിലരൊക്കെ പറഞ്ഞപ്പോള്‍ സംശയമായി. ഓമന വക്കീലിന്റെ വീട് അന്വേഷിച്ചുപോയി. അദ്ദേഹം വക്കീല്‍ പണിയൊക്കെ നിര്‍ത്തി സ്വര്‍ണ്ണക്കട തുടങ്ങിയെന്ന് അപ്പോഴാണ് മനസ്സിലായത്. സംഗതി കുഴപ്പമാകുമെന്നു കണ്ടോ എന്തോ അടുത്ത ദിവസം വിധിയുടെ പകര്‍പ്പ് എത്തിച്ചുകൊടുത്തു. വിധി വന്നിട്ട് ഒരു വര്‍ഷവും നാലു മാസവും കഴിഞ്ഞിട്ടായിരുന്നു ഇത്. മൂന്നു മാസത്തിനകം കേസ് തീര്‍പ്പാക്കണം എന്നായിരുന്നു ആ വിധിയില്‍ നിര്‍ദ്ദേശിച്ചിരുന്നത് എന്നുകൂടി അറിയുമ്പോഴേ വക്കീലിന്റെ ചതി എത്ര വലുതായിരുന്നുവെന്ന് മനസ്സിലാവുകയുള്ളൂ. 
ആ മൂന്നു മാസത്തിനു പകരം വര്‍ഷങ്ങള്‍ കഴിഞ്ഞാണെങ്കിലും കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് - 1 എ.എസ്. മല്ലികയുടെ സുപ്രധാന വിധി വന്നു. അതിനെതിരായ അപ്പീലില്‍ വിധി വന്നപ്പോള്‍ പൊലീസുകാരെ ജോലിയില്‍നിന്നു മാറ്റിനിര്‍ത്തുകയും അവര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുകയും ചെയ്യണം എന്ന് അഭ്യര്‍ത്ഥിച്ച് ഓമന ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി കൊടുത്തു. പക്ഷേ, ഒന്നുമുണ്ടായില്ല. 

കേസ് പിന്‍വലിക്കണമെന്നും ഒത്തുതീര്‍പ്പാക്കണം എന്നുമൊക്കെ ആവശ്യപ്പെട്ടിട്ടും വഴങ്ങാതിരുന്നതിന്റെ പക പൊലീസുകാരുടെ ഉള്ളിലുണ്ടായിരുന്നു. അതു തീര്‍ക്കാനാണ്, അപ്പീല്‍ കോടതിയില്‍ നിലനില്‍ക്കുമ്പോള്‍ രണ്ടാംതവണയും അയ്യപ്പനെ പിടിച്ചുകൊണ്ടുപോയി തല്ലിയത്. അയല്‍വാസി സുശീലയുടെ മകള്‍ ബേബിയെ കരുവാക്കിയാണ് രണ്ടാമത്തെ പരാതിയും കേസുമുണ്ടായത്. രണ്ടു വീട്ടുകാരും തമ്മില്‍ നല്ല രസത്തിലായിരുന്നില്ല. ഓമന പറയുന്നു: '2011 ആഗസ്റ്റ് രണ്ടിനു സന്ധ്യയ്ക്ക് സുശീലയും മകളും വീടിനു മുന്നില്‍ വന്നുനിന്ന് എന്നെയും ചേട്ടനേയും കുറേ ചീത്ത വിളിച്ചു. ഞങ്ങള്‍ക്കു ശരിക്കും പേടിയായിരുന്നു. കാരണം, തിരിച്ചു പ്രതികരിച്ചിട്ടു വല്ല പ്രശ്‌നവുമുണ്ടായാലും പൊലീസുകാര് വൈരാഗ്യം തീര്‍ക്കും. അയ്യപ്പനെതിരെ നാല് കള്ളക്കേസ് ഉണ്ടാക്കിക്കൊടുക്കാം എന്ന് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ഉദയനും സുശീലയുടെ മകന്‍ ബോസും രാജഗോപാലിനോടും മണിരാജിനോടും ഫോണിലൂടെ ഉറപ്പു കൊടുക്കുന്നത് കേട്ടവരുണ്ട്. ഞങ്ങള്‍ ഭയന്നതുപോലെതന്നെ സംഭവിച്ചു. അയ്യപ്പന്‍ ബേബിയോടു മോശമായി പെരുമാറി എന്നൊരു കള്ളക്കഥ ഉണ്ടാക്കി അത് ഉദയന്‍ പരാതി രൂപത്തിലാക്കി ബേബിയുടെ പേരില്‍ പൊലീസിനു കൊടുത്തു. ഏഴാം തീയതി വൈകുന്നേരം ഒരു പൊലീസുകാരന്‍ വീട്ടില്‍ വന്ന് പിറ്റേന്നു രാവിലെ പത്തു മണിക്ക് സ്റ്റേഷനില്‍ ചെല്ലണം എന്ന് ചേട്ടനോടു പറഞ്ഞിട്ടു പോയി. പരാതി എന്താണെന്നു ചോദിച്ചപ്പോള്‍ ''പൊലീസുകാരെ കോടതി കയറ്റുന്ന നീയൊന്നും വീട്ടില്‍ കിടന്ന് ഉറങ്ങത്തില്ല'' എന്നായിരുന്നു മറുപടി. അത് വെറും പറച്ചിലല്ല, അലറുന്നതുപോലെയായിരുന്നു. അറയ്ക്കുന്ന തെറിയും പറഞ്ഞു.''

ആദ്യത്തെ റിപ്പോർട്ട് തയ്യാറാക്കാൻ എടുത്ത അയ്യപ്പന്റേയും ഓമനയുടേയും ചിത്രം
ആദ്യത്തെ റിപ്പോർട്ട് തയ്യാറാക്കാൻ എടുത്ത അയ്യപ്പന്റേയും ഓമനയുടേയും ചിത്രം

എഴുകോണ്‍ സ്റ്റേഷനിലേക്ക് ഒരിക്കല്‍ക്കൂടി പോകാന്‍ ഭയമായിരുന്നു അവര്‍ക്ക്. അതുകൊണ്ട് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഓഫീസില്‍ പോയി അതുവരെയുള്ള കാര്യങ്ങളെല്ലാം പറഞ്ഞു. നിങ്ങളെ ആരും ഒന്നും ചെയ്യില്ല, പേടിക്കാതെ പൊയ്‌ക്കൊള്ളൂ എന്നാണ് സര്‍ക്കിള്‍ പറഞ്ഞത്. ഇവിടുന്നു വിളിക്കുമ്പോള്‍ വന്നാല്‍ മതിയെന്നും പറഞ്ഞു. ആശ്വാസത്തോടെയാണ് അവിടെനിന്നു മടങ്ങിയത്. പക്ഷേ, പിറ്റേന്നു വൈകുന്നേരം അഞ്ചു മണി കഴിഞ്ഞപ്പോള്‍ എസ്.ഐയും അഞ്ച് പൊലീസുകാരും കൂടി ചെന്നു. പ്ലാസ്റ്റിക്കൊണ്ടു മറച്ച കൂരയില്‍ കയറി അയ്യപ്പനെ പിടിച്ചു. ചവിട്ടും തൊഴിയും തെറിവിളിയും. പലരും കേട്ടുനില്‍ക്കെ ഒരു സ്ത്രീയുടെ മുഖത്തുനോക്കി എത്ര മോശമായും സംസാരിക്കാന്‍ കഴിയുമെന്ന് അന്ന് എസ്.ഐ ജോഷി ഓമനയെ ബോധ്യപ്പെടുത്തി. അലറിക്കരഞ്ഞുകൊണ്ട് പുറകേ ഓടിച്ചെന്നപ്പോള്‍ കമ്പെടുത്ത് ഓമനയെ എറിഞ്ഞു. ഹൃദ്രോഗിയായ അവര്‍ തളര്‍ന്നുവീണു. ജീപ്പിലിട്ടും ഇടിക്കുന്നുണ്ടായിരുന്നു എന്നു പലരും പറഞ്ഞ് അറിഞ്ഞു. വിവരം അറിഞ്ഞ് എത്തിയ മകള്‍ കല്പനയുടെ മുന്നിലിട്ടും തല്ലി. ''നീ പൊലീസിനെതിരെ കേസ് കൊടുക്കുമോടാ'' എന്നു ചോദിച്ചായിരുന്നു മര്‍ദ്ദനം. പകതീര്‍ക്കുക തന്നെയായിരുന്നു. അച്ഛനെ തല്ലുന്നതു സഹിക്കാതെ മകള്‍ നിലവിളിച്ചപ്പോള്‍ കൂടുതല്‍ വേദനിപ്പിക്കാന്‍ ലാത്തികൊണ്ട് ചേട്ടന്റെ നെഞ്ചില്‍ കുത്തി. കുഴഞ്ഞുവീണപ്പോഴാണ് അടി നിര്‍ത്തിയത്. സംഗതി കുഴപ്പമാകുമെന്ന് മനസ്സിലാക്കിയിട്ടാകണം, മകളെക്കൊണ്ട് ഒപ്പിടുവിച്ച് രാത്രിതന്നെ വിട്ടയച്ചു.''

അനീതിക്കു കൂട്ടുനില്‍ക്കുന്നവര്‍ 

രാത്രിതന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയത് ചെവിയില്‍നിന്നു ചോര ഒഴുകുന്ന നിലയിലായിരുന്നു. പൊലീസ് തല്ലിയ കാര്യം ഡോക്ടറോടു പറഞ്ഞ് അതൊക്കെ വിശദമായി എഴുതിത്തന്നെയാണ് അഡ്മിറ്റ് ചെയ്തത്. അടുത്ത ദിവസം മിക്ക പത്രങ്ങളിലും പൊലീസ് മര്‍ദ്ദനത്തെക്കുറിച്ചു വാര്‍ത്തയുമുണ്ടായിരുന്നു. പക്ഷേ, ഒരു ദിവസം കൂടി കഴിഞ്ഞപ്പോള്‍ ആശുപത്രിയില്‍ കാര്യങ്ങളൊക്കെ മാറിമറിഞ്ഞു. ഡോക്ടര്‍മാരുടേയും മറ്റുള്ളവരുടേയും പെരുമാറ്റം മുന്‍പത്തെപ്പോലയല്ല. ഡോക്ടര്‍മാരായ ജമീലയും ഹരീന്ദ്രബാബുവും അയ്യപ്പനോടും ഓമനയോടും തട്ടിക്കയറി. പൊലീസിനെന്താ നിങ്ങളോടു മാത്രം ഇത്ര വിരോധം എന്ന മട്ടിലായി ചോദ്യങ്ങള്‍. 14-ന് ആശുപത്രിയില്‍ കിടത്തിയെങ്കിലും രണ്ടുതവണ പുറത്തൊരിടത്തു വിട്ട് സ്‌കാനിംഗ് നടത്തിയതല്ലാതെ മരുന്നുകളൊന്നും കൊടുത്തില്ല. വേദനകൊണ്ട് പുളഞ്ഞപ്പോള്‍ ഒരു ഇന്‍ജക്ഷന്‍ കൊടുത്തു. മെഡിക്കല്‍ കോളജിലേയ്ക്ക് പൊയ്‌ക്കോ അതാണ് നല്ലത് എന്നു പിറ്റേന്ന് ഉച്ചയായപ്പോള്‍ ഡോ. ജമീല പറഞ്ഞു. അവശരായി വൈകുന്നേരത്തോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തി. പക്ഷേ, അവിടെ അഡ്മിറ്റു ചെയ്ത് വാര്‍ഡിലേയ്ക്ക് മാറ്റി പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ ഒരു നഴ്സ് വന്നു പറഞ്ഞു: ''അയ്യപ്പനെ ഡിസ്ച്ചാര്‍ജ് ചെയ്തു.'' അവര്‍ ശരിക്കും ഞെട്ടിപ്പോയി. എന്താണ് സംഭവിക്കുന്നതെന്നു പെട്ടെന്നു മനസ്സിലായില്ല. പക്ഷേ, പൊലീസ് പിന്തുടര്‍ന്നു ബുദ്ധിമുട്ടിക്കുകയാണെന്നു മനസ്സിലാക്കാന്‍ അധികം ചിന്തിക്കേണ്ടിവന്നില്ല. അയ്യപ്പനു രോഗമൊന്നുമില്ലെന്ന് താലൂക്ക് ആശുപത്രിയില്‍നിന്നു പറഞ്ഞു എന്നൊരു മുട്ടുന്യായമാണ് ഡോക്ടര്‍ പറഞ്ഞത്. തളര്‍ന്നലഞ്ഞു ചെന്നുകയറി ഒന്ന് ഇരിക്കും മുന്‍പ് അവിടെ നിന്ന് ആ രാത്രിയില്‍ത്തന്നെ ഇറങ്ങേണ്ടിവന്നു. അന്ന് ആഗസ്റ്റ് 15 ആയിരുന്നു. 

തിരിച്ചു കുണ്ടറയിലെ സ്വകാര്യ ആശുപത്രിയില്‍ പോയി. അവിടെനിന്നും പിറ്റേന്നു രാവിലെ തന്നെ ഡിസ്ച്ചാര്‍ജ് ചെയ്തു. അടുത്തത് എഴുകോണിലെ മറ്റൊരു ആശുപത്രി, പിന്നെ മറ്റൊന്ന്. എല്ലായിടത്തും അവര്‍ എത്താനുള്ള സാധ്യത മനസ്സിലാക്കി പൊലീസുകാര്‍ നേരത്തെതന്നെ 'വേണ്ടതു' ചെയ്തിരുന്നു. അവസാനം അഭയം ലഭിച്ച ഒരു ആയുര്‍വ്വേദ ആശുപത്രിയിലെ ചികിത്സകള്‍ക്കുശേഷമാണ് ജീവന്‍ പിടിച്ചുനിര്‍ത്താനായത്. പക്ഷേ, ആരോഗ്യം നശിച്ചു. എങ്കിലും മറ്റുള്ളവരുടെ മുന്നില്‍ ദയനീയാവസ്ഥ കാണിക്കാന്‍ ഇഷ്ടമില്ല. അതുകൊണ്ട് ഉള്ളതില്‍ നല്ല ഉടുപ്പൊക്കെ ഇട്ട് സന്തോഷം ഭാവിച്ചേ നടക്കുകയുള്ളൂ. അയ്യപ്പന്‍ പറയാറുള്ളതായി അന്ന് ഓമന പറഞ്ഞത് അവരുടെ ആത്മാഭിമാനത്തിന്റെ സാക്ഷ്യപത്രമാണ്: ''നമ്മള് കൂനിക്കൂടി വിഷമിച്ചു നടന്നാല്‍ ആരും ഉപകാരമൊന്നും ചെയ്യാന്‍ പോകുന്നില്ല; കിട്ടാനുള്ള പണി കൂടി കിട്ടാതെ പോവുകയേ ഉള്ളൂ.'' 

പൊലീസിനും ചികിത്സ നിഷേധിച്ച ആശുപത്രികള്‍ക്കുമെതിരെയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷനു പരാതി നല്‍കിയത്. കമ്മിഷന്‍ അംഗം ജസ്റ്റിസ് നടരാജനാണ് കേസ് ഏറ്റെടുത്തത്. അയ്യപ്പനു മര്‍ദ്ദനത്തില്‍ പരിക്കേറ്റതായി തെളിയിക്കുന്ന 'വൂണ്ട് സര്‍ട്ടിഫിക്കേറ്റ്' താലൂക്ക് ആശുപത്രി രജിസ്റ്ററില്‍നിന്ന് കീറി നശിപ്പിച്ചതായി കമ്മിഷന്റെ കേസിനിടയില്‍ മനസ്സിലായി. അതിനു കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം, എസ്.ഐ ജോഷി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വകുപ്പുതല നടപടി എന്നിവ വേണമെന്ന് സര്‍ക്കാരിനോടു നിര്‍ദ്ദേശിച്ചിരുന്നു. പൊലീസ് ഇടപെടല്‍ ഉണ്ടാകുന്നതിനു മുന്‍പേ, സ്വാഭാവിക നടപടിക്രമത്തിന്റെ ഭാഗമായി അയ്യപ്പനെ അഡ്മിറ്റ് ചെയ്ത വിവരം താലൂക്ക് ആശുപത്രിയില്‍നിന്ന് പൊലീസ് സ്റ്റേഷനില്‍ രേഖാമൂലം അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കേസ് എടുക്കണം എന്നും അന്നുതന്നെ കേസെടുക്കാതിരിക്കാന്‍ കാരണക്കാരനായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണം എന്നും കൂടി നിര്‍ദ്ദേശിച്ചിരുന്നു കമ്മിഷന്‍.

മണിരാജിനേയും ബേബിയേയും ജോലിയില്‍നിന്നു മാറ്റിനിര്‍ത്തണം എന്ന കോടതിവിധി ആഭ്യന്തര സെക്രട്ടറിക്ക് അയച്ചത് 2014 ജൂലൈ രണ്ടിനാണ്. അതു കിട്ടി മൂന്നുമാസത്തിനകം നടപടിയെടുക്കണം. അതുപ്രകാരം ഒക്ടോബര്‍ ആദ്യത്തെയാഴ്ച നടപടിയുണ്ടാകേണ്ടിയിരുന്നു. പൊലീസുകാര്‍ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജിയുമായി പോയ പിറകെ, ''ഇതൊന്ന് ഒത്തുതീര്‍പ്പാക്കാനെന്താ വഴി'' എന്നു ചോദിച്ച് അവരുടെ അഭിഭാഷകന്‍ ഓമനയെ വിളിച്ചു. ഒരൊത്തുതീര്‍പ്പുമില്ല, ഇക്കാര്യത്തിന് എന്നെ വിളിക്കുകയും വേണ്ട എന്നായിരുന്നു മറുപടി. ഒരു വാക്കുകൊണ്ടെങ്കിലും കൂടെ നില്‍ക്കുകയോ ഒരു നേരത്തെ വിശപ്പില്‍ സഹായിക്കുകയോ ചെയ്യാത്ത ബന്ധുക്കളില്‍ ചിലരും ഉപദേശിച്ചു: ''അതങ്ങ് ഒത്തുതീര്‍പ്പാക്കെന്നേ. ഞാന്‍ പറഞ്ഞാല്‍ ഓമനയും അയ്യപ്പനും കേള്‍ക്കുമെന്ന് അവരോടു പറഞ്ഞിട്ടുണ്ട്.'' ഇല്ല, കേള്‍ക്കില്ല എന്നു മുഖത്തടിച്ചതുപോലെ പറയാന്‍ മടിച്ചില്ല. വിചിത്രമായ കാര്യം എന്താണെന്നുവച്ചാല്‍, ''അവരുടെ ജീവിതം എന്തിനാ നീയായിട്ടു നശിപ്പിക്കുന്നത്?'' എന്ന് ഓമനയോടു ചോദിക്കാന്‍ പോലും ചിലര്‍ ധൈര്യപ്പെട്ടു. അക്കാര്യം പറഞ്ഞിട്ട് ഓമന അന്നു ചോദിച്ച ഒരു ചോദ്യമുണ്ട്: ''അദ്ധ്വാനിച്ചു ജീവിച്ച ഒരു കുടുംബത്തെ നശിപ്പിച്ചു നാനാവിധമാക്കിയവരുടെ ജീവിതത്തെക്കുറിച്ചാണ് ഇവരൊക്കെ പറയുന്നത്. അതെന്താ, പാവങ്ങളുടെ ജീവിതത്തിന് ഒരു വിലയുമില്ലേ...?''

ഇപ്പോഴത്തെ ചിത്രം
ഇപ്പോഴത്തെ ചിത്രം

തട്ടിക്കളിക്കുന്നവര്‍ 

കോടതി നിര്‍ദ്ദേശിച്ച കാലപരിധിക്കുള്ളില്‍ വിധി നടപ്പാക്കും എന്നാണ് 2014 സെപ്റ്റംബറില്‍ മലയാളം വാരിക ഓമനയുടേയും അയ്യപ്പന്റേയും ജീവിതവും നിയമപോരാട്ടവും പുറത്തുകൊണ്ടുവന്നപ്പോള്‍ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്: ''നിയമപരമായ പ്രശ്‌നമാണത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ബാധകമായ സര്‍ക്കാര്‍ ഉത്തരവുണ്ട്. പൊലീസുകാര്‍ക്ക് ലഭിച്ച ശിക്ഷയുടെ അടിസ്ഥാനത്തില്‍ എന്തുതരം നടപടിയാണ് വേണ്ടത് എന്ന് ആ ഉത്തരവു നോക്കി തീരുമാനിക്കും'' എന്നുകൂടിയാണ്. അഞ്ചുവര്‍ഷം മുന്‍പുണ്ടായ വിധിയാണെന്നും പൊലീസുകാരുടെ അപ്പീല്‍ മേല്‍ക്കോടതി തള്ളിയതാണെന്നും അറിയാതെ ആയിരുന്നില്ല ഈ പ്രതികരണം. ചേരാനെല്ലൂരില്‍ പൊലീസ് അതിക്രമത്തിന് ഇരയായ യുവതിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചശേഷമാണ് മാധ്യമങ്ങളോട് ആഭ്യന്തര മന്ത്രി സംസാരിച്ചത്. എന്നിട്ടും അക്രമികളായ പൊലീസിനെ സര്‍ക്കാര്‍ സംരക്ഷിക്കില്ല എന്ന സന്ദേശം വ്യക്തമായി നല്‍കാന്‍ മടിച്ചു. കുറേ പഴയ കേസും വിധിയുമാണല്ലോ എന്നും എന്താണ് ഇതുവരെ സംഭവിച്ചതെന്നു പരിശോധിക്കാം എന്നുമാണ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പി. ഹരന്‍ പറഞ്ഞത്. ഇ ഗവേണന്‍സിന്റെ കാലത്ത് മന്ത്രിയുടേയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടേയും വിരല്‍ത്തുമ്പില്‍ വിവരങ്ങള്‍ ലഭിക്കാന്‍ നിമിഷങ്ങള്‍ മതിയെന്നിരിക്കെ, വിവരങ്ങള്‍ ശേഖരിച്ചു തുടര്‍നടപടി സ്വീകരിക്കാന്‍ മണിക്കൂറുകള്‍ മതിയെന്ന് അന്ന് അഡ്വ. കെ.എസ്. മധുസൂദനന്‍ ചൂണ്ടിക്കാണിച്ചതും ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. സെഷന്‍സ് കോടതിക്കു പിന്നാലെ, ഹൈക്കോടതിയും അപ്പീല്‍ തള്ളിയശേഷം ശിക്ഷ നടപ്പാക്കാതിരിക്കാന്‍ ഹൈക്കോടതിയില്‍ പ്രതികള്‍ റിവിഷന്‍ ഹര്‍ജി നല്‍കി. നീതി കിട്ടാന്‍ അയ്യപ്പനും ഓമനയും റിട്ട് പെറ്റീഷന്‍ നല്‍കുകയായിരുന്നു. പക്ഷേ, വകുപ്പുതല നടപടി സ്വീകരിക്കാന്‍ പ്രതികളുടെ ഹര്‍ജി തടസ്സമായിരുന്നുമില്ല. ജില്ലാ പൊലീസ് മേധാവിക്ക് എ.എസ്.ഐമാരെ ഡിസ്മിസ് ചെയ്യാം. എസ്.ഐയാണു ശിക്ഷിക്കപ്പെട്ടതെങ്കില്‍ ഈ ഉത്തരവാദിത്വം ഡി.ഐ.ജിക്കാണ്. ശിക്ഷ സി.ഐക്കാണെങ്കില്‍ ഐ.ജിക്കു നടപടിയെടുക്കാം. അവരാരും നടപടിയെടുക്കാത്ത സാഹചര്യത്തില്‍ ആഭ്യന്തര സെക്രട്ടറി ഈ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കി നടപടി എടുപ്പിക്കേണ്ടിയിരുന്നു. കാരണം, കോടതി ഉത്തരവ് നല്‍കിയത് വകുപ്പു സെക്രട്ടറിക്കാണ്. മന്ത്രിയും സെക്രട്ടറിയും മാറിവന്നവരാണെങ്കിലും സര്‍ക്കാര്‍ സംവിധാനത്തിനു മാറ്റമില്ലാത്തതുകൊണ്ട് നടപടി എടുക്കാതിരുന്നതിനു ന്യായീകരണമില്ല എന്നാണ് മനുഷ്യാവകാശ കമ്മിഷന്‍ അംഗം ജസ്റ്റിസ് നടരാജന്‍ അന്നു വ്യക്തമാക്കിയത്. കോടതി ശിക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് 2010-ല്‍ പരിഷ്‌കരിച്ചിരുന്നു. അതുവരെ കോടതി ശിക്ഷ വിധിച്ചാല്‍ അടിയന്തര നടപടിയാണ് നിര്‍ദ്ദേശിച്ചിരുന്നത്. പക്ഷേ, പരിഷ്‌കരിച്ച നടപടിക്രമമനുസരിച്ച്, ചെയ്ത കുറ്റത്തിന്റെ ഗൗരവവും സ്വഭാവവും ശിക്ഷിക്കപ്പെട്ടയാളുടെ അതുവരെയുള്ള പെരുമാറ്റവും അയാള്‍ ചെയ്ത കുറ്റം സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതവുമൊക്കെ പരിഗണിച്ചു നടപടിയെടുക്കാന്‍ മേലുദ്യോഗസ്ഥനു വിവേചനാധികാരം ഉപയോഗിക്കാം. പക്ഷേ, സര്‍ക്കാര്‍ ഉത്തരവ് പരിഷ്‌കരിക്കുന്നതിനു മുന്‍പായിരുന്നു എഴുകോണ്‍ കേസിലെ വിധി. 

പൊലീസുകാര്‍ക്കെതിരെ വിധി നേടിയ ശേഷവും അയ്യപ്പനും ഓമനയ്ക്കും വധഭീഷണിവരെ ഉണ്ടായി. മണിരാജിന്റെ ബന്ധുവും ആരോഗ്യവകുപ്പില്‍ ഡ്രൈവറുമായ എഴുകോണ്‍ സ്വദേശി ഹര്‍ഷകുമാറിനെതിരെ അവര്‍ പൊലീസില്‍ പരാതിയും നല്‍കി. പൊലീസുകാരുമായുള്ള കേസ് എത്രയും വേഗം ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ അയ്യപ്പനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായാണ് പരാതിയില്‍ പറഞ്ഞത്. മനുഷ്യാവകാശ കമ്മിഷന്‍ വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി മൊഴിയെടുത്ത പൊലീസുകാരും അയ്യപ്പനോടു സംസാരിച്ചത് കേസ് തീര്‍ക്കണമെന്ന ഉപദേശസ്വരത്തിലാണ്. 

നിവേദിത പി. ഹരന്‍ വിരമിക്കുകയും നളിനി നെറ്റോ ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയാവുകയും ചെയ്തതോടെയാണ് കോടതിവിധി നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ ഉത്തരവുണ്ടായത്. ശിക്ഷിക്കപ്പെട്ട പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ ഹൈക്കോടതി നിര്‍ദ്ദേശിച്ച സമയപരിധിക്കുള്ളില്‍ നടപടിയെടുക്കാന്‍ ആഭ്യന്തര വകുപ്പു തയ്യാറാകാതിരുന്നതോടെ കോടതിയലക്ഷ്യത്തിന് നടപടി നേരിടേണ്ടിവരുന്ന സാഹചര്യത്തിലാണ് പുതിയ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചുമതലയേറ്റത്. മണിരാജിനെ സര്‍വ്വീസില്‍നിന്നു നീക്കാനും ഡി. രാജഗോപാല്‍, ബേബി, ഷറഫുദ്ദീന്‍ എന്നിവരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ സ്ഥിരമായും പൂര്‍ണ്ണമായും തടഞ്ഞു വയ്ക്കാനുമായിരുന്നു ഉത്തരവ്. മണിരാജിനെ അടിയന്തരമായി ഡിസ്മിസ് ചെയ്ത് സര്‍ക്കാരിനെ അറിയിക്കാനും മറ്റു മൂന്നു പേര്‍ക്കും നടപടിക്കു മുന്നോടിയായുള്ള കാരണം കാണിക്കല്‍ നോട്ടീസ് ഉടന്‍ നല്‍കാനും സംസ്ഥാന പൊലീസ് മേധാവി കെ.എസ്. സുബ്രഹ്മണ്യത്തിനു നിര്‍ദ്ദേശം നല്‍കിക്കൊണ്ടുള്ള ഉത്തരവ് 2015 ഫെബ്രുവരി 20 ലക്കത്തില്‍ മലയാളം വാരിക പ്രസിദ്ധീകരിച്ചിരുന്നു. മണിരാജിനെ ഇനി സര്‍വ്വീസില്‍ നിലനിര്‍ത്താന്‍ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അടിയന്തരമായി ഡിസ്മിസ് ചെയ്യാന്‍ നിര്‍ദേശിച്ചത്. ഭരണഘടനയുടെ 311-ാം വകുപ്പ്, കേരള പൊലീസ് ഡിപ്പാര്‍ട്ടുമെന്റല്‍ ഇന്‍ക്വയറീസ്, പണിഷ്മെന്റ് ആന്റ് അപ്പീല്‍ റൂള്‍സ് - 1958 എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. കേരള സര്‍വ്വീസ് ചട്ടങ്ങളിലെ ഭാഗം മൂന്ന് (2) പ്രകാരമാണ് മറ്റു മൂന്നുപേരുടെ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഉത്തരവ് ഇറക്കിയത്. 

അയ്യപ്പനും ഓമനയ്ക്കും വലിയ പ്രതീക്ഷയും സന്തോഷവുമാണ് ഈ ഉത്തരവു നല്‍കിയത്. പക്ഷേ, പേരിനു നടപ്പാക്കിയശേഷം മണിരാജിനു തിരിച്ചു കയറി കാലാവധി പൂര്‍ത്തിയാക്കി വിരമിക്കാന്‍ പൊലീസ് അവസരമൊരുക്കി. യാത്രയയപ്പും നല്‍കി. മറ്റുള്ളവരുടെ ആനുകൂല്യങ്ങളുടെ കാര്യത്തിലും ഉത്തരവിന്റെ അന്തസ്സത്ത മാനിക്കുന്ന നടപടിയുണ്ടായില്ല. റിവിഷന്‍ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ് എന്ന ന്യായമാണ് പറഞ്ഞത്. ഇപ്പോഴിതാ ആ വിധിയും പ്രതികളായ പൊലീസുകാര്‍ക്ക് എതിരായിരിക്കുന്നു. ഈ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമോ എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. ഓമനയുടേയും അയ്യപ്പന്റേയും നിയമപോരാട്ടവും അവര്‍ അനുഭവിച്ച പീഡാനുഭവങ്ങളും അംഗീകരിക്കാനും നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ തയ്യാറാകുമോ എന്നതുകൂടിയാണ് കേരളത്തിനു മുന്നിലുള്ള പ്രധാന ചോദ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com