സമരത്തിനും ആവശ്യങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവിനും ഇടയില്‍ സംസ്ഥാന സര്‍ക്കാര്‍

സമരം നീളുന്നതില്‍ സഭയ്ക്ക് ഉല്‍ക്കണ്ഠയില്ല; കാരണം, അത്രയ്ക്കാണ് സമുദായത്തിലെ സാധാരണക്കാരുടെ പങ്കാളിത്തം
സമരത്തിനും ആവശ്യങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവിനും ഇടയില്‍ സംസ്ഥാന സര്‍ക്കാര്‍

വശ്യങ്ങള്‍ ഏഴും അംഗീകരിക്കുന്നതുവരെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തുടരാന്‍ അനുവദിക്കില്ല എന്നു പ്രഖ്യാപിച്ച ലത്തീന്‍ അതിരൂപതയുടെ അനിശ്ചിതകാല സമരത്തിനും മുഴുവന്‍ ആവശ്യങ്ങളും ഒറ്റയടിക്ക് അംഗീകരിച്ചു നടപ്പാക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവിനും ഇടയില്‍പ്പെട്ടിരിക്കുന്നു സംസ്ഥാന സര്‍ക്കാര്‍.  സമരം നീളുന്നതില്‍ സഭയ്ക്ക് ഉല്‍ക്കണ്ഠയില്ല; കാരണം, അത്രയ്ക്കാണ് സമുദായത്തിലെ സാധാരണക്കാരുടെ പങ്കാളിത്തം. ലോകായുക്ത നിയമഭേദഗതിയും കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവും ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷത്തിന്റേയും ഗവര്‍ണറുടേയും ഉന്നമായി മാറി പ്രതിരോധത്തില്‍ നില്‍ക്കുന്നതിനിടെയാണ്, ഒന്നേകാല്‍ വര്‍ഷമായ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിനു മുന്നിലെ വലിയ കീറാമുട്ടികളിലൊന്നായി വിഴിഞ്ഞവും മാറിയത്. 

സ്വാതന്ത്ര്യദിനപ്പിറ്റേന്ന് തീരദേശം കരിദിനമായി ആചരിച്ചു. എല്ലാ ഇടവകകളിലും കരിങ്കൊടി ഉയര്‍ത്തി. ഇടവകകളില്‍നിന്നു കരിങ്കൊടിയേന്തിയുള്ള വാഹനറാലി നടത്തി. നിയമസഭയുടെ പ്രത്യേക സമ്മേളനം തുടങ്ങിയ ആഗസ്റ്റ് 22 രാപ്പകല്‍ സമരം ഏഴാം ദിവസത്തിലേക്കു കടന്നത് കടലും കരയും ഉപരോധിച്ചാണ്. മത്സ്യത്തൊഴിലാളികളെ അണിനിരത്തി അനിശ്ചിത കാല ഉപരോധ സമരം. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ച് അതിരൂപത നിര്‍ദ്ദേശിക്കുന്നവരെക്കൂടി ഉള്‍പ്പെടുത്തി ശാസ്ത്രീയ പഠനം നടത്തുക, വീടും സ്ഥലവും നഷ്ടപ്പെട്ടവരെ സര്‍ക്കാര്‍ വാടക നല്‍കി ശാശ്വതമായി പുനരധിവസിപ്പിക്കുക, വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് അതിനു തുല്യമായ നഷ്ടപരിഹാരം നല്‍കുക, കാലാവസ്ഥാ മുന്നറിയിപ്പും മറ്റും മൂലമുണ്ടാകുന്ന തൊഴില്‍ നഷ്ടത്തിനു പകരം മിനിമം വേതനം നല്‍കുക, മണ്ണെണ്ണ വില വര്‍ദ്ധന പിന്‍വലിക്കാന്‍ ഇടപെടുക, മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിക്കുക എന്നിവയാണ് ആവശ്യങ്ങള്‍.

ആഗസ്റ്റ് 19ന് ഫിഷറീസ് മന്ത്രി വി. അബ്ദുറഹിമാന്‍ ചര്‍ച്ച നടത്തിയെങ്കിലും തീര്‍പ്പുണ്ടായില്ല. ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കും എന്നാണ് ചര്‍ച്ചയില്‍ മന്ത്രി അറിയിച്ചത്. കടലാക്രമണത്തെത്തുടര്‍ന്ന് മാസങ്ങളും വര്‍ഷങ്ങളുമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഇത്തരം വാഗ്ദാനങ്ങള്‍ കേട്ടു നല്ല ശീലമാണ്. പക്ഷേ, നടപടിയാണ് ആവശ്യം. അതുകൊണ്ടുകൂടിയാണ് അവര്‍ ഇത്തവണ രണ്ടും കല്പിച്ച് ഇറങ്ങിയത്. വാടക വീടുകളിലേക്ക് മാറിത്താമസിക്കാന്‍ വാടകത്തുക നിശ്ചയിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കളക്ടര്‍ അദ്ധ്യക്ഷനായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറും മറ്റ് ഉദ്യോഗസ്ഥരും അടങ്ങുന്ന സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. ആഗസ്റ്റ് 27നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കാലാവസ്ഥ മുന്നറിയിപ്പ് മൂലം മത്സ്യബന്ധനത്തിനു കടലില്‍ പോകാന്‍ കഴിയാത്ത ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്കു ധനസഹായം അനുവദിക്കുന്നതിനുള്ള സാധ്യത പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഫിഷറീസ് ഡയറക്ടറെ ചുമതലപ്പെടുത്തി. മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ വിതരണത്തിലെ ക്രമക്കേടുകള്‍ ഒഴിവാക്കാന്‍ മത്സ്യഫെഡിന് മണ്ണെണ്ണ വിതരണത്തിനുള്ള അനുമതി ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി യോഗത്തില്‍ അറിയിച്ചു. 

‌വിഴിഞ്ഞം തുറമുഖ നിർമാണം നടക്കുന്ന സ്ഥലത്ത് സമരക്കാർ കൊടി നാട്ടിയപ്പോൾ/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്
‌വിഴിഞ്ഞം തുറമുഖ നിർമാണം നടക്കുന്ന സ്ഥലത്ത് സമരക്കാർ കൊടി നാട്ടിയപ്പോൾ/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്

തീരത്തിന്റെ പ്രശ്‌നങ്ങള്‍

മുതലപ്പൊഴി ഫിഷിങ്ങ് ഹാര്‍ബര്‍ നിര്‍മ്മാണത്തിലെ അപാകതകള്‍ സംബന്ധിച്ച് പഠനം നടത്തി തദ്ദേശവാസികളായ മത്സ്യത്തൊഴിലാളികളുടെ അഭിപ്രായവും കണക്കിലെടുത്ത് ആവശ്യമായ പരിഹാര നടപടികള്‍ സ്വീകരിക്കും. ഇതിനായി ഹാര്‍ബര്‍ എന്‍ജിനീയറിങ്ങ് വകുപ്പ് ചീഫ് എന്‍ജിനീയറെ ചുമതലപ്പെടുത്തി. പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വലിയതുറയില്‍ 192 ഫ്‌ലാറ്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഭൂമി കൈമാറ്റ നടപടികള്‍ വേഗം പൂര്‍ത്തീകരിക്കും. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഫിഷറീസ് ഡയറക്ടര്‍ അദീല അബ്ദുല്ലയും കളക്ടര്‍ ജറോമിക് ജോര്‍ജും എ.ഡി.എം അനില്‍ ജോസും ഉള്‍പ്പെടെ വന്‍ ഉദ്യോഗസ്ഥ നിരയാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. സമരം ചെയ്യുന്നവരുടെ പ്രതിനിധികളായി ലത്തീന്‍ അതിരൂപതാ നേതൃത്വത്തില്‍നിന്നു വലിയൊരു നിരയും; സമരസമിതി ജനറല്‍ കണ്‍വീനര്‍ യുജിന്‍ എച്ച്. പെരേര, ഫാദര്‍ ജയിംസ് കുലാസ്, ഫാദര്‍ തിയാദാതിയോസ് ഡിക്രൂസ്, ഫാദര്‍ ഹൈസിന്ത് എം. നായകം, ഫാദര്‍ ഷാജിന്‍ ജോസ്, ഫാദര്‍ മൈക്കിള്‍ തോമസ്, ഫാദര്‍ ജോണ്‍ ബോസ്‌കോ തുടങ്ങിയവര്‍. പക്ഷേ, അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ബാധിക്കുന്ന, തീരദേശത്തെ എല്ലാ വിഭാഗങ്ങളുടേയും സമരമായി ഈ സമരം മാറുന്നില്ല എന്ന പരിമിതി ഇതില്‍ പ്രകടമായിരുന്നു.

ഈ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരം കടുത്തത്. തുറമുഖ നിര്‍മ്മാണം മൂലം വീടുകള്‍ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ മുട്ടത്തറയില്‍ പത്ത് ഏക്കര്‍ വിട്ടുനല്‍കാമെന്ന നിര്‍ദ്ദേശമാണ് 22ന് മന്ത്രിസഭാ ഉപസമിതി മുന്നോട്ടു വച്ചത്. മുട്ടത്തറയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള എട്ട് ഏക്കറും ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനു നഗരസഭ നല്‍കിയ രണ്ട് ഏക്കറും ഏറ്റെടുത്ത് ഫ്‌ലാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കും. ഇവിടെ 3000 മത്സ്യത്തൊഴിലാളികളെ താമസിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

തിരുവനന്തപുരത്തിന്റെ തീരമേഖലകളിലെ തീരശോഷണത്തിനു കാരണം വിഴിഞ്ഞം തുറമുഖ നിര്‍മ്മാണമാണെന്ന് ചൂണ്ടിക്കാട്ടി പത്ത് ദിവസം സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രതിഷേധിച്ച ശേഷമാണ് തുറമുഖനിര്‍മ്മാണം തടയുന്ന സമരത്തിലേക്കു കടന്നത്. രണ്ടാംഘട്ടമായി അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ ഉപരോധസമരം നടത്തി. ഉപരോധത്തിന് എത്തിയവരെ വിവിധയിടങ്ങളില്‍ തടഞ്ഞ്, ആരും സെക്രട്ടറിയേറ്റിനു മുന്നില്‍ എത്താതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു എന്ന് അതിരൂപത ആരോപിച്ചിരുന്നു. സമരത്തിന്റെ നേതൃത്വത്തില്‍ തുടക്കം മുതല്‍ത്തന്നെ കോവളം എം.എല്‍.എയും കോണ്‍ഗ്രസ്സ് നേതാവുമായ എ. വിന്‍സന്റ് ഉണ്ട്. എന്നാല്‍, വിഴിഞ്ഞത്തെ സമരപ്പന്തല്‍ സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മോശം പ്രതികരണമാണ് നേരിടേണ്ടിവന്നത്. സമരത്തെ രാഷ്ട്രീയവല്‍ക്കരിക്കാനാഗ്രഹമില്ലെന്നും എത്രയും പെട്ടെന്ന് സമരത്തിന് അവസാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കൂടി പറഞ്ഞ് സതീശന്‍ മടങ്ങി. സമരം നടത്തുന്നവരെ നേരില്‍ കണ്ട് ചര്‍ച്ച നടത്താന്‍ ഭരണസംവിധാനം തയ്യാറാവാത്തതുകൊണ്ടാണ് സമരം തുറമുഖ കവാടം വരെയെത്തിയത് എന്നായിരുന്നു സമരം വിഴിഞ്ഞത്തേക്കു മാറ്റിയതിനു കാരണമായി പറഞ്ഞത്. ഫിഷറീസ് മന്ത്രി നടത്തിയ ചര്‍ച്ച വിജയിക്കില്ല എന്ന സൂചനകള്‍ മുന്‍കൂട്ടിത്തന്നെ പ്രചരിക്കുകയും ചെയ്തു. മുഖ്യമന്ത്രിതന്നെ ചര്‍ച്ചയ്ക്കു വിളിക്കണം എന്നാണ് അതിരൂപത പ്രതീക്ഷിക്കുന്നത്. അതിനിടെ, പുറത്തുനിന്നു വന്നവരാണ് സമരം ചെയ്യുന്നത് എന്ന തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പ്രതികരണം അദ്ദേഹത്തെ സമരക്കാര്‍ക്ക് അനഭിമതനാക്കുകയും ചെയ്തു. അതിരൂപത ആസ്ഥാനവും നിരവധി ലത്തീന്‍ കത്തോലിക്കാ ഭൂരിപക്ഷ മേഖലകളും ഉള്‍പ്പെടുന്ന തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ എം.എല്‍.എ കൂടിയായ മന്ത്രി ആന്റണി രാജുവും ഫിഷറീസ് മന്ത്രിയുടെ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, അര്‍ത്ഥഗര്‍ഭമായ മൗനത്തിലാണ് അദ്ദേഹം. ഒരേസമയം സര്‍ക്കാരിന്റേയും സമരക്കാരുടേയും ആളായി നില്‍ക്കാനുള്ള ബദ്ധപ്പാടിന്റെ ഭാഗംകൂടിയാണ് ഈ മൗനം. ഇടയ്ക്ക് പ്രശ്‌നപരിഹാരത്തിന് ശശി തരൂര്‍ എം.പി നടത്തിയ ശ്രമങ്ങളും ഫലം കണ്ടില്ല. 

'ജീവല്‍പ്രശ്‌നങ്ങളാണ് സമരം ചെയ്യുന്നവര്‍ ഉന്നയിക്കുന്നത്. കടലെടുത്ത അവരുടെ ജീവിതത്തിനായാണ് പോരാട്ടം. തുറമുഖ നിര്‍മ്മാണം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ആ പ്രശ്‌നങ്ങള്‍ നേരിടുന്ന ജനങ്ങള്‍ക്കായി ആസൂത്രണം ചെയ്ത പദ്ധതികള്‍ എപ്പോള്‍ നടപ്പാക്കും എന്ന് സര്‍ക്കാര്‍ ജനങ്ങളോട് പറയണം' എ. വിന്‍സന്റ് എം.എല്‍.എ പറയുന്നു. 

വിഴിഞ്ഞം തുറമുഖ പ്രദേശത്ത് സമരക്കാർ നിലയുറപ്പിച്ചപ്പോൾ
വിഴിഞ്ഞം തുറമുഖ പ്രദേശത്ത് സമരക്കാർ നിലയുറപ്പിച്ചപ്പോൾ

ആരെയെല്ലാം തുറമുഖ പദ്ധതി ബാധിക്കുന്നുണ്ടോ അവര്‍ക്കനുയോജ്യമായ പാക്കേജുകള്‍ 20112016 കാലയളവിലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ രൂപവല്‍ക്കരിച്ചിരുന്നു എന്നാണ് വിന്‍സന്റിന്റെ അവകാശവാദം. അത് നടപ്പാക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. 

'തുറമുഖനിര്‍മ്മാണം ഒരു ഘട്ടം കഴിയുമ്പോഴേക്കും അന്നു കാണാത്ത പല പ്രശ്‌നങ്ങളുമുണ്ടായി. ആ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പഠനങ്ങള്‍ നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്നതാണ്, തുറമുഖനിര്‍മ്മാണം നിര്‍ത്തിവയ്ക്കുകയല്ല ലക്ഷ്യം.' 

സമരത്തില്‍നിന്നും പിന്നോട്ട് പോവില്ലെന്നും തുറമുഖത്തിലെ നിര്‍മ്മാണ പ്രവൃത്തികള്‍ മൂലം വഴിയാധാരമായ കുടുംബങ്ങളിലേക്ക് സര്‍ക്കാരിന്റെ ശ്രദ്ധ പതിയുന്നതു വരെ പ്രതിഷേധം തുടരുമെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. തീരശോഷണത്തിനു കാരണം വിഴിഞ്ഞം തുറമുഖ നിര്‍മ്മാണമാണെന്ന് പഠനങ്ങളിലൂടെ തെളിഞ്ഞിട്ടും അതു മറച്ചുവച്ചു നിര്‍മ്മാണം തുടരുമ്പോള്‍ നോക്കിനില്‍ക്കാന്‍ കഴിയില്ലെന്ന് അതിരൂപത സഹായ മെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ് പറയുന്നു. ഈ നിലപാടിന്റെ തുടര്‍ച്ചയായി സമരം സംസ്ഥാനതലത്തിലേയ്ക്കു വ്യാപിപ്പിക്കുകയും ചെയ്തു. ഭരണാധികാരികള്‍ക്കു ശക്തമായ താക്കീതാണ് കേരളത്തിലുടനീളം നടക്കുന്ന പ്രതിഷേധസമരങ്ങളെന്ന് വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞത് ഇതിന്റെ ഭാഗമായിരുന്നു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വരാപ്പുഴ അതിരൂപത അല്‍മായ കമ്മിഷന്റെ നേതൃത്വത്തില്‍ എറണാകുളം വഞ്ചി സ്‌ക്വയറില്‍ നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്തത് ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ആണ്. ആഗസ്റ്റ് 13ന് 11 ഫെറോന കേന്ദ്രങ്ങളിലായി നെയ്യാറ്റിന്‍കര രൂപത ഐക്യദാര്‍ഢ്യ ധര്‍ണ്ണകള്‍ നടത്തി. അന്നുതന്നെ കണ്ണൂര്‍ കാള്‍ടെക്‌സ് ഗാന്ധി സര്‍ക്കിളില്‍ കണ്ണൂര്‍ രൂപതാ മെത്രാന്‍ ഡോ. അലക്‌സ് വടക്കുംതലയുടെ നേതൃത്വത്തില്‍ തീപ്പന്തം തെളിയിച്ച് സായാഹ്ന ധര്‍ണ്ണ നടത്തി. പതിനാറിന് ആലപ്പുഴ രൂപത അല്‍മായ കമ്മിഷന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കോട്ടപ്പുറം രൂപത മെത്രാന്‍ ഡോ. ജോസഫ് കാരിക്കശേരിയുടെ നേതൃത്വത്തില്‍ അഴീക്കോട് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. കൊല്ലം രൂപത മെത്രാന്‍ പോള്‍ ആന്റണി മുല്ലശ്ശേരിയുടെ നിര്‍ദ്ദേശപ്രകാരം വീടുകളില്‍ തിരിതെളിച്ചു. സര്‍ക്കാരിനുമേല്‍ പരമാവധി സമ്മര്‍ദ്ദം ചെലുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിവിധ രൂപതകളും രൂപതാധ്യക്ഷന്മാരും തീരത്തേയും ഉള്‍പ്രദേശങ്ങളിലേയും നിരവധി ഇടവകകളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്നോട്ട് വന്നത്. 

​ഗൗതം അദാനി
​ഗൗതം അദാനി

തിരുവനന്തപുരം തീരം മുഴുവന്‍ ശക്തികുളങ്ങരവരെ ശക്തമായ കടലാക്രമണമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞതും സമരക്കാര്‍ പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതി ഉയര്‍ത്തുന്ന വെല്ലുവിളികളെ വിലയിരുത്തി ശില്പശാല ഉള്‍പ്പെടെ നടത്തി വിഷയം പരമാവധി ജനങ്ങളിലും മാധ്യമങ്ങളിലും എത്തിക്കാനാണ് ശ്രമം. അതിരൂപതാദ്ധ്യക്ഷന്‍ ഡോ. തോമസ് ജെ. നേറ്റോ ആണ് ശില്പശാല ഉദ്ഘാടനം ചെയ്തത്.

അതിനിടെ, വിവിധ തലങ്ങളില്‍നിന്നു രൂക്ഷ വിമര്‍ശനങ്ങളും സമരത്തിനെതിരെ ഉയരുന്നുമുണ്ട്. തീരശോഷണം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ബാധിക്കുന്ന എല്ലാ വിഭാഗങ്ങളേയും ഒന്നിപ്പിച്ചു സമരം ചെയ്യുന്നതിനു പകരം ഒരു സമുദായത്തിന്റെ മാത്രം പ്രശ്‌നവും പ്രതിഷേധവുമാക്കി മാറ്റാന്‍ ശ്രമിക്കുന്നു എന്ന വിമര്‍ശനമാണ് ഒന്നാമത്തേത്. എന്നാല്‍, തീരദേശത്തെ മറ്റു സമുദായങ്ങളോ അവരുടെ നേതാക്കളോ ഈ വിമര്‍ശനം പരസ്യമായി ഉന്നയിക്കുന്നില്ല എന്നതാണ് പ്രത്യേകത. പരസ്പരം സാഹോദര്യത്തോടെ കഴിയുന്ന സമുദായങ്ങള്‍ക്കിടയില്‍ അകല്‍ച്ച ഉണ്ടാക്കുന്നതൊന്നും ഒരു സമുദായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകരുത് എന്ന ശക്തമായ ധാരണ തീരദേശത്തു നിലനില്‍ക്കുന്നതാണ് കാരണം. സര്‍ക്കാര്‍ പുനരധിവാസ പാക്കേജുള്‍പ്പെടെ നടപ്പാക്കുമ്പോള്‍ പ്രശ്‌നബാധിതരായ എല്ലാവരേയും പരിഗണിക്കും എന്നു മറ്റു സമുദായങ്ങളും പ്രതീക്ഷിക്കുകയും ചെയ്യുന്നു. സര്‍ക്കാരിനു മുന്നില്‍ ലത്തീന്‍ കത്തോലിക്കാ സഭ ഉന്നയിച്ചിരിക്കുന്ന മറ്റു പല ആവശ്യങ്ങളും നേടിയെടുക്കാന്‍ വിഴിഞ്ഞം തുറമുഖവിരുദ്ധ സമരത്തെ സമ്മര്‍ദ്ദതന്ത്രമാക്കി മാറ്റുന്നു എന്നത് മറ്റൊരു വിമര്‍ശനം. തുറമുഖനിര്‍മ്മാണം ഏറ്റെടുത്തു നടത്തുന്ന അദാനിക്കുവേണ്ടിത്തന്നെയാണ് സമരം എന്ന വാദവും ഉയരുന്നു. സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് (വി.ഐ.എസ്.എല്‍) ആണ് തുറമുഖ നിര്‍മ്മാണം നടത്തുന്നത്. കരാര്‍ ഏറ്റെടുത്ത് തുറമുഖം നിര്‍മ്മിക്കുന്നത് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് (എ.വി.പി.പി.എല്‍).

ഉമ്മൻ ചാണ്ടി
ഉമ്മൻ ചാണ്ടി

കേരളത്തിന്റെ പരിസ്ഥിതിക്ക് പുല്ലുവില കല്പിച്ച് അദാനി തുടങ്ങിയതാണ് തുറമുഖ നിര്‍മ്മാണമെങ്കിലും കേരളതീരം രണ്ടു മൂന്നു വര്‍ഷം കൊണ്ട് നേരിട്ടതും ഇനി നേരിടാന്‍ പോവുന്നതുമായ വന്‍ തീരശോഷണം വിഴിഞ്ഞം പദ്ധതിക്ക് അത്ര ശുഭസൂചനയല്ല നല്‍കുന്നത്. മാത്രമല്ല, ഏതാനും വര്‍ഷങ്ങളായി അറബിക്കടലിലെ കേരള തീരമേഖല ന്യൂനമര്‍ദ്ദങ്ങളുടേയും ചുഴലിക്കാറ്റുകളുടേയും തട്ടകമായി മാറിയത് ഭാവിയില്‍ കപ്പല്‍ ഗതാഗതത്തെയടക്കം പ്രതികൂലമായി ബാധിച്ചേക്കാനുള്ള സാധ്യത. സംസ്ഥാന സര്‍ക്കാറുമായുള്ള കരാര്‍ പ്രകാരം 2019 ഡിസംബറിനകം തുറമുഖം പ്രവൃത്തി പൂര്‍ത്തിയാക്കണമായിരുന്നു. ഈ സമയത്തിനുള്ളില്‍ തീരാത്തപക്ഷം മൂന്ന് മാസം കൂടി ഇളവ് നല്‍കുമെന്നും വ്യവസ്ഥ ഉണ്ടായിരുന്നു. എന്നിട്ടും തീര്‍ന്നില്ലെങ്കില്‍ പ്രതിദിനം 12 ലക്ഷം രൂപ വെച്ച് സര്‍ക്കാറിന് അദാനി നഷ്ടപരിഹാരം കൊടുക്കണം. 

1000 ദിവസം പിന്നിട്ടിട്ടും 

2015ല്‍ കരാര്‍ ഒപ്പിടുമ്പോള്‍, ആയിരം ദിവസംകൊണ്ട് തീര്‍ക്കുമെന്ന അദാനിയുടെ പ്രഖ്യാപനം നടപ്പായില്ല. ഇതെത്തുടര്‍ന്ന് ആര്‍ബിട്രേഷന്‍ കൗണ്‍സിലിനെ സമീപിച്ച് 2023 ഡിസംബര്‍ 23 വരെ സമയം നീട്ടി വാങ്ങി. ഒരിക്കലും ഈ സമയം കൊണ്ട് പണി തീരാന്‍ പോവുന്നില്ല. സര്‍ക്കാറിന് അങ്ങോട്ട് നഷ്ടപരിഹാരം നല്‍കാതെ അദാനിക്ക് തടിയൂരാനുള്ള അവസരം ഒരുക്കാനുള്ള ഒത്തുകളിയാണോ എന്ന സംശയം ബലപ്പെടുത്തുന്നു.  തീരശോഷണം സംബന്ധിച്ചു തെറ്റിദ്ധാരണകള്‍ പരത്തുന്നു, ഇക്കാര്യത്തിലെ ആധികാരിക റിപ്പോര്‍ട്ടുകള്‍ അവഗണിക്കുന്നു തുടങ്ങിയ ആരോപണങ്ങളും അതിരൂപതക്കെതിരെ ഇങ്ങനെ ഉന്നയിക്കപ്പെടുന്നുണ്ട്. എന്നാല്‍, തീരശോഷണത്തെ പൂര്‍ണ്ണമായി നിരാകരിക്കുന്നതോ അംഗീകരിക്കുന്നതോ അല്ല ആധികാരിക റിപ്പോര്‍ട്ടുകളെല്ലാം എന്നതാണു വസ്തുത. 2000 മുതല്‍ 2020 വരെ പലപ്പോഴായി തീരശോഷണം സംബന്ധിച്ചു തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടുകളെ 2021ലെ എന്‍.ഐ.ഒ.ടി (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷീന്‍ ടെക്‌നോളജി) റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. '2020'21ലെ റിപ്പോര്‍ട്ടും 20152021 കാലയളവിലെ റിപ്പോര്‍ട്ടുകളും താരതമ്യം ചെയ്യുമ്പോള്‍ വലിയതുറ, ശംഖുമുഖം, പൂന്തുറ എന്നിവിടങ്ങളിലെ തീരശോഷണം തുറമുഖ നിര്‍മ്മാണം തുടങ്ങുന്നതിനു മുന്‍പും ശേഷവും ഒരേപോലെയാണ്. അതേസമയം, കൊച്ചുവേളി, ചെറിയതുറ മുതല്‍ വലിയതുറയുടെ വടക്കുഭാഗം വരെയുള്ള തീരത്ത് 2020 ഒക്ടോബര്‍ മുതല്‍ 2021 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ തീരശോഷണം ഉണ്ടായതായാണ് കാണുന്നത്' റിപ്പോര്‍ട്ട് പറയുന്നു.

പിണറായി വിജയൻ
പിണറായി വിജയൻ

മാത്രമല്ല, തുറമുഖനിര്‍മ്മാണം തീരദേശത്തിനു പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ എന്തുതരം പ്രത്യാഘാതമാണ് ഉണ്ടാക്കിയിട്ടുള്ളത് എന്നു പരിശോധിക്കണം എന്ന ദേശീയ ഹരിത ട്രിബ്യൂണലിന്റെ (എന്‍.ജി.ടി) നിര്‍ദ്ദേശമനുസരിച്ച് നടത്തിയ പഠനത്തെക്കുറിച്ചും എന്‍.ഐ.ഒ.ടി പറയുന്നുണ്ട്: ലഭ്യമായ ഉപഗ്രഹചിത്രങ്ങളെ വിശകലനം ചെയ്താണ് വിലയിരുത്തല്‍ നടത്തിയത്.  'ഡ്രെഡ്ജിംഗ്, ഫില്ലിംഗ് തുടങ്ങി തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചെറുകിട പ്രവര്‍ത്തനങ്ങളും വന്‍തോതിലുള്ള പ്രവര്‍ത്തനങ്ങളും 2015 ഡിസംബറില്‍ തുടങ്ങിയിരുന്നു. സമീപവര്‍ഷങ്ങളിലെ ചുഴലിക്കാറ്റും സമാന പ്രകൃതിക്ഷോഭങ്ങളും തീരത്ത് വിവിധതരം മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. 2018ലെ ഓഖി കൊടുങ്കാറ്റ് വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയത്. തീരം നേരത്തേ ഉള്ളതിലും പിന്നോട്ടുപോയി. ഓഖിക്കുശേഷം പലതരം കൊടുങ്കാറ്റുകള്‍ തീരത്തെ ഉലച്ചു. പ്രകൃതിദുരന്തങ്ങളും തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും താരതമ്യം ചെയ്യുമ്പോള്‍ തുറമുഖ നിര്‍മ്മാണം മൂലമള്ള പ്രത്യാഘാതം കുറവാണ് എന്നാണ് പഠനത്തില്‍ വ്യക്തമാകുന്നത്. എങ്കിലും തുറമുഖ നിര്‍മ്മാണവും അതിന്റെ പ്രത്യാഘാതവും നിരീക്ഷിച്ചുകൊണ്ടിരിക്കുകതന്നെ വേണം' എന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com