വര്‍ത്തമാനവും ചിരിയും വിലക്കുന്ന ഒരു സ്ഥാപനത്തില്‍ തുടരുന്നതിനേക്കാള്‍ മരണമാണ് നല്ലതെന്നു തോന്നിയ നിമിഷമായിരിക്കാം... അവള്‍...

ബീമാപള്ളി വലിയവിളാകം വീട്ടില്‍ നാസറുദ്ദീന്റേയും റഹ്മത്ത് ബീവിയുടേയും മകളുമായ അസ്മിയ മോളെ കോളേജ് ലൈബ്രറി ഹാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത് മെയ് 13-ന്
വര്‍ത്തമാനവും ചിരിയും വിലക്കുന്ന ഒരു സ്ഥാപനത്തില്‍ തുടരുന്നതിനേക്കാള്‍ മരണമാണ് നല്ലതെന്നു തോന്നിയ നിമിഷമായിരിക്കാം... അവള്‍...

സ്മിയയുടെ മരണത്തിലെ ദുരൂഹത നീങ്ങിയാലും കുടുംബത്തിന്റെ വേദന നീങ്ങില്ല; നഷ്ടവും. ആ പെണ്‍കുട്ടി താമസിച്ചു പഠിച്ചതുപോലുള്ള 'മത വിദ്യാഭ്യാസ' സ്ഥാപനങ്ങളോട് ചോദിക്കാനും പറയാനും ആരുമില്ലാത്ത സ്ഥിതി മാറാനുമിടയില്ല. തിരുവനന്തപുരം ബാലരാമപുരം ഇടമനക്കുഴി ഖദീജത്തുല്‍ ഖുബ്റ വനിതാ അറബിക് കോളേജിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും ബീമാപള്ളി വലിയവിളാകം വീട്ടില്‍ നാസറുദ്ദീന്റേയും റഹ്മത്ത് ബീവിയുടേയും മകളുമായ അസ്മിയ മോളെ കോളേജ് ലൈബ്രറി ഹാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത് മെയ് 13-ന്. 

ഉമ്മയുടെ പ്രതീക്ഷയായിരുന്നു മകള്‍, നാസറുദ്ദീന്‍ അവര്‍ക്കൊപ്പമല്ല. അല്‍ അമാന്‍ എജുക്കേഷനല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴിലാണ് കോളേജ് പ്രവര്‍ത്തിക്കുന്നത്. മകളുടെ മരണത്തിനു കാരണം കോളേജിലെ മാനസിക പീഡനമാണെന്നു ചൂണ്ടിക്കാട്ടിയാണ് വീട്ടുകാര്‍ പൊലീസ് അന്വേഷണം ആവശ്യപ്പെട്ടത്. തൂങ്ങിമരണമാണെന്നും ശരീരത്തില്‍ മറ്റു പരിക്കുകള്‍ ഇല്ലെന്നുമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനെക്കുറിച്ചു ലഭിക്കുന്ന അനൗദ്യോഗിക വിവരം. നെയ്യാറ്റിന്‍കര എ.എസ്.പി ടി. ഫറാഷിന്റെ നേതൃത്വത്തില്‍ നാല് എസ്.എച്ച്.ഒമാര്‍ ഉള്‍പ്പെട്ട പതിനൊന്നംഗ സംഘമാണ് അന്വേഷിക്കുന്നത്. ഡി.ഐ.ജി ആര്‍. നിശാന്തിനി, റൂറല്‍ എസ്.പി ഡി. ശില്പ എന്നിവര്‍ക്കാണ് മേല്‍നോട്ടം. 

ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പതിയെ ജസ്റ്റിസ് ഫോര്‍ അസ്മിയ ഹാഷ് ടാഗുകള്‍ സമൂഹമാധ്യമങ്ങളില്‍നിന്ന് അപ്രത്യക്ഷമായിത്തുടങ്ങി. ആത്മഹത്യാ പ്രേരണക്കുറ്റത്തില്‍നിന്ന് ആ പെണ്‍കുട്ടി പഠിച്ച വിദ്യാഭ്യാസ സ്ഥാപനത്തെ രക്ഷിച്ചെടുക്കാനുള്ള പിന്‍വാതില്‍ ശ്രമങ്ങള്‍ നടന്നു വരുന്നു. സ്ഥാപനത്തിലും അസ്മിയയുടെ വീട്ടിലും നാട്ടിലും മൊഴിയെടുത്തു. മകള്‍ വലിയ മാനസിക പീഡനം അനുഭവിച്ചിരുന്നു എന്ന ഉമ്മ റഹ്മത്ത് ബീവിയുടെ മൊഴിയുടെ ബലത്തിലാണ് കേസ്. മകളുടെ ജീവനെടുത്ത ക്രൂരമായ 'അച്ചടക്ക പീഡന'ത്തിനു കാരണക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും ഉമ്മ അപേക്ഷിക്കുന്നു. സമുദായ സംഘടനകളും മറ്റു സാമൂഹിക സംഘടനകളും വേദനയില്‍ കൂടെ നില്‍ക്കുന്നു. 

എന്നാല്‍, മകള്‍ പോയി, ഇനി 'സമുദായത്തിന്റെ സ്ഥാപനത്തെ'ക്കൂടി കുഴപ്പത്തിലാക്കണോ എന്ന നിശ്ശബ്ദ ക്യാംപെയ്ന്‍ ബന്ധുക്കള്‍ക്കിടയില്‍പോലും നടക്കുന്നു. പണവും സ്വാധീനവും ഇല്ലാത്തവരാണ്. ഇതുപോലെ ഏതെങ്കിലും സ്ഥാപനത്തില്‍ വലിയ ചെലവില്ലാതെ പഠിച്ചു 'മിടുക്കി'യായി വന്നാല്‍ മകളുടെ ജീവിതം രക്ഷപ്പെടുമെന്നും ഭാവി നന്നാകുമെന്നുമായിരുന്നു പ്രതീക്ഷ. തീരുമാനം തെറ്റിപ്പോയി എന്ന് ഇപ്പോള്‍ മനസ്സിലാകുന്നു. അതിനിടയില്‍ സംഭവത്തെ വര്‍ഗ്ഗീയ ദുഷ്ടലാക്കോടെ സമീപിക്കുന്നവരുടെ രാഷ്ട്രീയ ദുരുദ്ദേശ്യങ്ങള്‍ ശ്രദ്ധിക്കാനും അതില്‍ വേവലാതിപ്പെടാനും അവര്‍ക്കു നേരമില്ല. നീതിയിലാണ് പ്രതീക്ഷ. 

അസ്മിയ പഠിച്ച മതപഠന കേന്ദ്രത്തിന്റെ മുന്നിൽ സാമൂഹിക പ്രവർത്തകർ (ശ്രീജ നെയ്യാറ്റിൻകരയുടെ ഫെയ്സ്ബുക്ക് പേജിൽ നിന്ന്)
അസ്മിയ പഠിച്ച മതപഠന കേന്ദ്രത്തിന്റെ മുന്നിൽ സാമൂഹിക പ്രവർത്തകർ (ശ്രീജ നെയ്യാറ്റിൻകരയുടെ ഫെയ്സ്ബുക്ക് പേജിൽ നിന്ന്)

ന്യായീകരണം ഇങ്ങനെ

2000-ല്‍ പ്രവര്‍ത്തനം തുടങ്ങിയ സ്ഥാപനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വേദനനിറഞ്ഞ ദിവസമായിരുന്നു ഈ മെയ് 13 എന്നാണ് അല്‍ അമാന്‍ എജുക്കേഷനല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് അധികൃതര്‍ പ്രസിദ്ധീകരണത്തിനു നല്‍കിയ പ്രസ്താവന തുടങ്ങുന്നത്. ''അസ്മിയ മോളുടെ മരണത്തില്‍ അല്‍ അമാന്‍ കുടുംബാംഗങ്ങള്‍ വലിയ ദുഃഖവും ഹൃദയം തൊട്ട വേദനയും അറിയിക്കുന്നു. ഒപ്പം, ആ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നു'' എന്ന് ഇത്തരം ഏതു സംഭവത്തിലും ആരോപണവിധേയമാകുന്ന സ്ഥാപനത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന സ്വാഭാവിക ദുഃഖപ്രകടനം. 

എന്നാല്‍, ചെറിയ പെരുന്നാള്‍ അവധി കഴിഞ്ഞ് കോളേജില്‍ തിരിച്ചെത്തിയ അസ്മിയയ്ക്ക് ഒറ്റയ്ക്ക് ഇരിക്കുന്ന സ്വഭാവവും വിഷാദവും കുറച്ച് ആളുകളോടു മാത്രം സംസാരവും കൂടുതല്‍ സമയവും ഉറക്കവും കണ്ടത് എന്നാണ് തുടര്‍ന്നു പറയുന്നത്. വിഷാദരോഗം ഉണ്ടായിരുന്നു എന്നും അതാണ് ആത്മഹത്യയ്ക്കു കാരണമെന്നും വരുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ പ്രതികരണം എന്ന വിമര്‍ശനം സാമൂഹിക പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട് എന്നാണ് മറ്റൊരു പരാമര്‍ശം. പൊലീസ് അങ്ങനെയൊരു ഔദ്യോഗിക സ്ഥിരീകരണം പുറത്തുവിട്ടിട്ടില്ല എന്നിരിക്കെയാണ് ഇത്. അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ടെന്നു പറയുകയും സത്യം വെളിച്ചത്തു വരികതന്നെ ചെയ്യുമെന്ന പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനം ഇതേവരെ ആരോപണവിധേയരായ ഒരാളേയും അന്വേഷണവിധേയമായി മാറ്റിനിര്‍ത്താന്‍ തയ്യാറായിട്ടില്ല. 

'വലിയ ഉസ്താദ്', അസ്മിയയുടെ അദ്ധ്യാപിക എന്നിവരുടെ പെരുമാറ്റത്തെക്കുറിച്ച് സ്വന്തം അനുഭവത്തില്‍നിന്നും അസ്മിയയുടെ അനുഭവത്തില്‍നിന്നും റഹ്മത്ത് ബീവി പറഞ്ഞ കാര്യങ്ങള്‍ ഗുരുതരമാണ്. മകള്‍ തൂങ്ങിമരിച്ച വിവരംപോലും മറച്ചുവച്ച്, എന്തോ വയ്യായ്കയാണെന്നും ആശുപത്രിയില്‍ കൊണ്ടുപോയി കാണിക്കാനും പറഞ്ഞ് മൃതദേഹം റഹ്മത്ത് ബീവിയുടേയും ഓട്ടോഡ്രൈവറുടേയും കയ്യില്‍ കൊടുത്തു. അസ്മിയ അബോധാവസ്ഥയിലാണെന്നു കരുതി ഓട്ടോയില്‍ ആ മൃതദേഹവുമായി അവര്‍ ആശുപത്രി അന്വേഷിച്ചു പോയി. ആശുപത്രിയില്‍ വെച്ചാണ് മരണവിവരം അറിയുന്നത്. 

നീ നന്നാവില്ലെടീ എന്ന് ഒരു അദ്ധ്യാപിക എപ്പോഴും തന്നെ 'പ്രാകുമായിരുന്നു' എന്ന് മകള്‍ ഒടുവില്‍ വീട്ടില്‍ വന്നു മടങ്ങുമ്പോള്‍ പറഞ്ഞിരുന്നു, ആ അദ്ധ്യാപികയുടെ പേരും പറഞ്ഞിരുന്നു. ഉസ്താദിനോട് ഉമ്മ ഇക്കാര്യമൊന്നു പറഞ്ഞാല്‍ ശാപവാക്കുകള്‍ ആ അദ്ധ്യാപിക നിര്‍ത്തുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷേ, ഉസ്താദിനോട് പറഞ്ഞപ്പോള്‍, നീ എന്തിന് ഇക്കാര്യം വീട്ടില്‍ പറഞ്ഞുവെന്നും തന്നോടായിരുന്നില്ലേ ആദ്യം പറയേണ്ടത് എന്നും ചോദിച്ച് ഉമ്മയുടെ മുന്നില്‍ വെച്ച് അസ്മിയയോട് ദേഷ്യപ്പെടുകയാണ് ചെയ്തത്. 

എല്ലാ വെള്ളിയാഴ്ചയുമാണ് വീട്ടിലേക്കു വിളിക്കാന്‍ അനുവാദമുള്ളത്. അവധിക്കു വീട്ടില്‍ വന്നശേഷം മെയ് രണ്ടിനു തിരിച്ചുകൊണ്ടു വിട്ടപ്പോഴായിരുന്നു ഇത്. അതുകഴിഞ്ഞ് മെയ് അഞ്ച് വെള്ളിയാഴ്ച സന്തോഷത്തോടെയാണ് ഫോണില്‍ സംസാരിച്ചത്. എന്നാല്‍, പിറ്റേ വെള്ളിയാഴ്ച വിളിച്ചില്ല. അപ്പോള്‍ ഉമ്മ ഉസ്താദിനെ വിളിച്ച് തിരക്കി. നാളെ വിളിക്കും എന്നായിരുന്നു മറുപടി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് വിളിച്ചിട്ട് കരഞ്ഞു. നാളെത്തന്നെ വന്നു തന്നെ കൊണ്ടുപോകണം എന്ന് ഉമ്മയോട് ആവശ്യപ്പെടുകയും ചെയ്തു. 

സംസാരിക്കുമ്പോള്‍ ശബ്ദംപോലും പുറത്തേക്കു വരാത്തവിധം വിങ്ങിക്കരഞ്ഞുകൊണ്ടാണ് അതു പറഞ്ഞത്. കാര്യം തിരക്കിയപ്പോള്‍ ഉസ്താദ് തന്നെ ഒറ്റയ്‌ക്കൊരു മുറിയില്‍ അടച്ചിട്ടിരിക്കുകയാണെന്ന് പറഞ്ഞു. ആരോടും സംസാരിക്കാന്‍ അനുവദിക്കുന്നില്ല. അങ്ങനെയാണ് ബന്ധുവായ ഓട്ടോ ഡ്രൈവറേയും കൂട്ടി ഓട്ടോയില്‍ പോയത്. സാധാരണയായി ഉമ്മ ചെല്ലുമ്പോള്‍ വേഗം ഓടിവരുന്ന മകളെ അന്ന് ഒരു മണിക്കൂറായിട്ടും കണ്ടില്ല. ഉസ്താദിനോട് ചോദിച്ചപ്പോള്‍, നിസ്‌കാര ഹാളില്‍ കയറിയാല്‍ മകള്‍ ഭയങ്കര സംസാരവും ചിരിയും കളിയുമാണെന്നും കണക്കിനു ചീത്ത പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. ''കൊണ്ടുപോകണമെങ്കില്‍ കൊണ്ടുപൊയ്‌ക്കോ'' എന്നും പറഞ്ഞു. 

പ്രിന്‍സിപ്പല്‍ അന്ന് ഉണ്ടായിരുന്നില്ല. ടൗണില്‍ പോയി എന്നു പറഞ്ഞ് അസിസ്റ്റന്റാണ് സംസാരിച്ചത്. കുറച്ചു കഴിഞ്ഞു പറയുന്നു, നിങ്ങള്‍ തളര്‍ന്നു വീഴരുത്, അവിടെ കുറച്ചുനേരം ഇരിക്കൂ എന്ന്; അവള്‍ക്കു സുഖമില്ലെന്നും ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും പിന്നെയാണ് പറഞ്ഞത്. മകളെ പൊക്കിയെടുത്ത് കയ്യില്‍ തന്നിട്ടാണ് അവരിതു പറഞ്ഞതെന്നും ആശുപത്രി എവിടെയാണെന്ന് അറിയാവുന്ന ആരും കൂടെ വന്നില്ലെന്നും റഹ്മത്ത് ബീവി പറയുന്നു. ''മകളെ തൂങ്ങിയ നിലയിലാണ് കണ്ടതെന്ന് എന്നോട് പറഞ്ഞില്ല. ആശുപത്രിയില്‍ എത്തിക്കുമ്പോഴും സുഖമില്ലാതെ ബോധം കെട്ട് കിടക്കുന്നു എന്നാണ് കരുതിയത്. എന്റെ മകള്‍ ആത്മഹത്യ ചെയ്യുമെന്ന് എനിക്കു തോന്നുന്നില്ല. ആത്മഹത്യയാണെങ്കില്‍ അതിനു കാരണമെന്താണെന്ന് അറിയണം. ഞാന്‍ ഉത്തരവാദിത്വത്തോടെ ഏല്പിച്ചതല്ലേ. അവര്‍ക്കു തിരിച്ചുതരാനും ഉത്തരവാദിത്വമില്ലേ?'' -അവരുടെ ചോദ്യം. 

''ക്യാംപസില്‍ മറ്റു വാഹനങ്ങള്‍ ഉണ്ടായിരുന്നില്ല, ജനലിലൂടെ അസ്മിയ തൂങ്ങിനില്‍ക്കുന്നത് കണ്ടതോടെ വെപ്രാളപ്പെട്ട് വാതില്‍ ചവിട്ടിപ്പൊളിച്ച് അവരുടെ മാതാവ് വന്ന ഓട്ടോയില്‍ തന്നെയാണ് കൊണ്ടുപോയത്, മറ്റൊരു വണ്ടി സംഘടിപ്പിച്ച് സ്ഥാപനത്തിലുള്ളവര്‍ കൂടെ പോയിട്ടുണ്ട്'' എന്നാണ് പ്രിന്‍സിപ്പല്‍ ജസാര്‍ ഫൈസിയുടെ വിശദീകരണം. സ്ഥാപനത്തില്‍ പീഡനമുണ്ടായില്ലെന്നും അസ്മിയയ്ക്ക് വീട്ടില്‍ തിരിച്ചെത്താനുള്ള ആഗ്രഹം കൂടുതലായിരുന്നു എന്നുമാണ് ഖദീജത്തുല്‍ ഖുബ്റ അധികൃതരുടെ വാദം. ശാരീരികമായോ മാനസികമായോ പീഡനമുണ്ടായിട്ടില്ല എന്നാണ് വൈസ് പ്രിന്‍സിപ്പല്‍ മുഹമ്മദ് ജാഫര്‍ പറഞ്ഞത്. സംഭവ ദിവസം ഉച്ചയ്ക്ക് വീട്ടുകാരുമായി ഫോണില്‍ സംസാരിക്കുന്നതു കണ്ടപ്പോള്‍ എന്താണ് കാര്യമെന്ന് അദ്ധ്യാപിക അന്വേഷിച്ചെന്നും ഫോണില്‍ ഉമ്മ ശകാരിച്ചെന്ന് അസ്മിയ പറഞ്ഞെന്നുമാണ് വിശദീകരണം. മകള്‍ പഠനം നിര്‍ത്തി വരാന്‍ താല്പര്യപ്പെടുകയും തന്നെ തിരിച്ചുകൊണ്ടുപോയില്ലെങ്കില്‍ മരിച്ചുകളയുമെന്നു പറയുകയും ചെയ്തത്രേ. ഇത് പൊലീസ് പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. അസ്മിയ ഉമ്മയോടു സംസാരിച്ചതിന്റെ ശബ്ദരേഖ പുറത്തുവന്നതാണു കാരണം. അതില്‍ ആത്മഹത്യാഭീഷണിയൊന്നുമില്ല. ശബ്ദരേഖ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അസ്മിയയുടെ ഉമ്മയുടേയും സഹപാഠികളുടേയും മൊഴിയില്‍ പരാമര്‍ശിക്കുന്ന അദ്ധ്യാപിക, ഉസ്താദ്, ഇവിടെത്തന്നെ അദ്ധ്യാപികയായ സ്ഥാപന മേധാവിയുടെ ഭാര്യ, ചില ജീവനക്കാര്‍ എന്നിവരുടെ കുട്ടികളോടുള്ള പെരുമാറ്റത്തെക്കുറിച്ച് സമഗ്ര അന്വേഷണമാണ് പൊലീസ് നടത്തിയത്. കുട്ടികള്‍ക്ക് പൊലീസിനോടു സംസാരിക്കാന്‍ മടിയുള്ളതുപോലെയായിരുന്നു ആദ്യം. അവര്‍ സ്ഥാപന അധികൃതരെ ഭയക്കുന്നു എന്നാണ് പൊലീസിനു മനസ്സിലായത്. എന്നാല്‍, നിര്‍ഭയം കാര്യങ്ങള്‍ പറയുന്നതിന്റെ പേരില്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് പൊലീസ് ഉറപ്പു കൊടുത്തു. പൊലീസിനോടു സംസാരിച്ച ഒരു കുട്ടിയോടുപോലും അതിനേക്കുറിച്ചു പിന്നീട് ചോദിക്കരുതെന്ന് സ്ഥാപനത്തിന് പൊലീസ് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. തങ്ങളെപ്പോലെ ഒരു പെണ്‍കുട്ടിയുടെ മരണത്തിലെ ദുരൂഹത നീക്കാനുള്ള ഉത്തരവാദിത്വം മനസ്സിലാക്കി സംസാരിക്കണമെന്ന് പൊലീസ് കുട്ടികളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അതോടെയാണ് കുട്ടികള്‍ തുറന്നു സംസാരിച്ചത്. ഈ സ്ഥാപനത്തിനെതിരെ നേരത്തേയും പരാതികള്‍ ഉണ്ടായതായി പൊലീസിനു വിവരം കിട്ടിയിരുന്നു. ആ പരാതിക്കാരുമായും പൊലീസ് ബന്ധപ്പെട്ടു. സ്ഥാപനത്തിന് ഹോസ്റ്റല്‍ നടത്തിപ്പിന് അനുമതി കിട്ടിയിരുന്നില്ല എന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. 35 പെണ്‍കുട്ടികളാണ് ഇവിടെ താമസിച്ചു പഠിക്കുന്നത്. പഠനകേന്ദ്രത്തിനു തന്നെ അനുമതിയോ അംഗീകാരമോ ഇല്ലെന്നു പിന്നീട് വ്യക്തമായി. മരണത്തിന്റെ അടുത്ത ദിവസം സ്ഥാപന മേധാവിയോടും പ്രിന്‍സിപ്പലിനോടും മറ്റും സംസാരിച്ച മാധ്യമപ്രവര്‍ത്തകരോട് അനുമതിയെക്കുറിച്ച് അവ്യക്തമായാണ് അവര്‍ സംസാരിച്ചത്. പിന്നീട് പൊലീസ് അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങളറിഞ്ഞത്. ഏതെല്ലാം വകുപ്പുകളുടേയും സര്‍ക്കാര്‍ ഏജന്‍സികളുടേയും അംഗീകാരം ഉണ്ട് എന്നതില്‍ കൂട്ടായ പരിശോധന ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് പൊലീസ് കത്തു നല്‍കിയിട്ടുണ്ട്. ഈ പരിശോധന വൈകാതെ ഉണ്ടാകും. 

ബലരാമപുരം മതപഠന കേന്ദ്രത്തിലേക്ക് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാർച്ച്
ബലരാമപുരം മതപഠന കേന്ദ്രത്തിലേക്ക് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാർച്ച്

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ 

23 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ എല്ലാ മതക്കാരുമായ 200 കുട്ടികള്‍ പഠിക്കുന്ന ഗ്രീന്‍ ഡോം പബ്ലിക് സ്‌കൂളാണ് പ്രധാനം. പ്രൈവറ്റായി പത്താം ക്ലാസ്സും ഹയര്‍സെക്കണ്ടറിയും ബാക്കി സമയങ്ങളില്‍ മതപഠനവും നടത്തുന്ന അറബിക് കോളേജിലാണ് 35 കുട്ടികള്‍. ഇവ കൂടാതെ പ്രത്യകമായി ഖുര്‍ആന്‍ പഠനത്തിന്  കോളേജുമുണ്ട്. വീട്ടില്‍നിന്നു പഠിക്കാന്‍ അസൗകര്യമുള്ളവരും പാവപ്പെട്ടവരുമായ പെണ്‍കുട്ടികളെയാണ് അറബിക് കോളേജിലേക്ക് എടുക്കുന്നത്. എന്നാല്‍ അനാഥാലയമല്ല.

അതേസമയം, സംസ്ഥാനത്തെ സ്വകാര്യ അനാഥാലയങ്ങളും ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്കു കീഴിലുള്ള സ്ഥാപനങ്ങളും അവയുടെ അനുബന്ധ സ്ഥാപനങ്ങളും നിയമവിധേയമായാണോ നടത്തുന്നത് എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ സംയുക്ത ഇടപെടല്‍ വേണമെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ നിയമസഭാസമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 2006-2011 കാലയളവിലെ പന്ത്രണ്ടാം നിയമസഭയില്‍ കെ.കെ. ശൈലജ അധ്യക്ഷയായ സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനുവേണ്ടിയുള്ള സമിതിയാണ് ശുപാര്‍ശ നല്‍കിയത്. അതിനു മുന്നോടിയായി സമിതി നിരവധി സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. പക്ഷേ, അതിനുശേഷവും ആ ദിശയില്‍ ഫലപ്രദമായ ഇടപെടലുകള്‍ ഉണ്ടായില്ല. 

മുഖ്യധാരാ സമുദായ സംഘടനകള്‍ നടത്തുന്ന സ്ഥാപനങ്ങളുടേയും സന്നദ്ധ സംഘടനകള്‍ നടത്തുന്ന സ്ഥാപനങ്ങളുടേയും കാര്യത്തില്‍ പൊതുവേ സ്ഥിതി തൃപ്തികരമാണ് എന്നാണ് പൊലീസിന്റേയും വിലയിരുത്തല്‍. പക്ഷേ, അത്തരം യാതൊരു ബന്ധവുമില്ലാത്ത സ്വകാര്യ സ്ഥാപനങ്ങളുടെ ലൈസന്‍സും മറ്റ് അനുമതികളും മിക്കപ്പോഴും സംശയത്തിലാണ്. ബാലരാമപുരത്തെ സ്ഥാപനം ഔദ്യോഗികമായി ഏതെങ്കിലും വിഭാഗത്തിന്റേതല്ല. എന്നാല്‍, സമസ്ത കേരള ജംയ്യത്തുല്‍ ഉലമ ഇ.കെ. വിഭാഗക്കാരനാണ് ഉടമ; അദ്ധ്യാപകരും ഇ.കെ. വിഭാഗത്തിന്റെ സ്ഥാപനങ്ങളില്‍ പഠിച്ചുവന്നവരാണ്. വലിയതോതില്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ച് ആകര്‍ഷിക്കുന്നവിധമാണ് സ്ഥാപനം പ്രചാരണം നടത്തിയിരുന്നത്. ''പെണ്‍കുട്ടികള്‍ക്കൊരു സുരക്ഷിത മതപഠന സ്ഥാപനം തലസ്ഥാന നഗരിയില്‍: ഖദീജത്തുല്‍ ഖുബ്റ ബനാത്ത് അറബിക് കോളേജ്, അല്‍ അമാന്‍ നഗര്‍, ബാലരാമപുരം: സ്‌കൂള്‍ അഞ്ചാം ക്ലാസ് മുതല്‍ അഡ്മിഷന്‍ ആരംഭിച്ചു'' എന്നാണ് പരസ്യത്തില്‍.

''18 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ താമസിപ്പിക്കുന്ന ഹോസ്റ്റലുകള്‍ അടക്കമുള്ള എല്ലാ സ്ഥാപനങ്ങളേയും നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി നിയമനിര്‍മ്മാണം നടത്തണം'' സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ഇടപെടലുകളില്‍ സജീവമായ മുന്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ അംഗം അഡ്വക്കേറ്റ് ജെ. സന്ധ്യ പറയുന്നു. ''ബാലരാമപുരത്ത് അസ്മിയ താമസിച്ചുവന്ന സ്ഥാപനത്തെ സംബന്ധിച്ച എന്തു വിവരങ്ങളാണ് സര്‍ക്കാരിന്റെ കൈവശം ഉള്ളത്? അവിടെ എത്ര കുട്ടികളെ താമസിപ്പിച്ചിരുന്നു? എത്ര ജീവനക്കാര്‍ ഉണ്ട്? കുറഞ്ഞത് കുട്ടികള്‍ക്കു സമയത്തിനു ഭക്ഷണവും മറ്റും ലഭ്യമായിരുന്നോ? കുട്ടികളുടെമേല്‍ അതിക്രമങ്ങള്‍ ഉണ്ടായിരുന്നോ? അവിടെ താമസിച്ചുവരുന്ന കുട്ടികളുടെ സംരക്ഷണം ആരുടെ ഉത്തരവാദിത്വത്തില്‍ ആയിരുന്നു? ഇതുപോലെയുള്ള എത്ര സ്ഥാപനങ്ങള്‍ കേരളത്തില്‍ ഉണ്ട്? ഇവിടെ താമസിക്കുന്ന കുട്ടികള്‍ക്കു നിയമം അനുശാസിക്കുന്ന അവകാശങ്ങളും കരുതലും ലഭ്യമാകുന്നുണ്ടോ? ഇതൊന്നും തന്നെ വനിതാ-ശിശു വകുപ്പിനു ശേഖരിക്കാന്‍ അധികാരം നല്‍കുന്ന ഒരു നിയമവും നിലവില്‍ കേരളത്തില്‍ ഇല്ല. ആര്‍ക്കും ഇത്തരം സ്ഥാപനങ്ങള്‍ നടത്താം. ഫണ്ട് വാങ്ങാം. കുട്ടികളെ തല്ലാം, കൊല്ലാം. ആരും ചോദിക്കാനില്ലാത്ത അവസ്ഥ. കുട്ടികളുടെ പരിപാലനവുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക മാനദണ്ഡവും ഇന്ന് ഇത്തരം സ്ഥാപനങ്ങള്‍ക്ക് പാലിക്കേണ്ടതില്ല. സുപ്രീംകോടതിയുടെ ഇടപെടല്‍മൂലം ബാലനീതി നിയമം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായതോടെ സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍നിന്നും നിയന്ത്രണത്തില്‍നിന്നും രക്ഷപ്പെടാന്‍ കുട്ടികളെ താമസിപ്പിച്ചുവന്ന പല സ്ഥാപനങ്ങളും കഴിഞ്ഞകാലങ്ങളില്‍ ചൈല്‍ഡ് കെയര്‍ സെന്ററുകള്‍ എന്ന രീതി മാറ്റി ഹോസ്റ്റലുകള്‍ ആക്കി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റികള്‍ക്കോ വനിതാ-ശിശു വകുപ്പിനോ ഒരു ഇടപെടലും നടത്താന്‍ കഴിയാത്ത അവസ്ഥ. ആര്‍ക്കും ഇന്ന് കുട്ടികളുടെ സ്ഥാപനങ്ങള്‍ ഹോസ്റ്റലുകള്‍ എന്ന രീതിയില്‍ നടത്താം. കുട്ടികളെ ചൂഷണം ചെയ്യാം. ആരും ചോദിക്കാനില്ലാത്ത ഈ സ്ഥിതി മാറണം. തമിഴ്നാട്ടിലും മറ്റും ബാലനീതി നിയമത്തിന്റെ പരിധിയില്‍ വരാത്ത കുട്ടികളുടെ ഹോസ്റ്റല്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ പ്രത്യേക നിയമം കൊണ്ടുവന്നു.'' ബാലാവകാശ കമ്മിഷനില്‍ ഇരുന്നപ്പോള്‍ ഇത്തരം ഒരു നിയമത്തിനായി പല ശ്രമങ്ങളും നടത്തിയതായും അവര്‍ ഓര്‍ക്കുന്നു. ''കുട്ടികളെ പാര്‍പ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കു ബാധകമാക്കാവുന്ന മാര്‍ഗ്ഗരേഖ കേന്ദ്ര ബാലവകാശ കമ്മിഷന്‍ 2019-ല്‍ പുറത്തിറക്കിയതുമാണ്. ഒന്നും നടന്നില്ല.''

മനസ്സിന്റെ മുറിവുകള്‍ 

ദുരൂഹ സാഹചര്യത്തില്‍ അസ്മിയ മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട പ്രക്ഷോഭങ്ങള്‍ നടന്നു. ഡി.വൈ.എഫ്.ഐയാണ് ആദ്യം സ്ഥാപനത്തിലേക്കു മാര്‍ച്ച് നടത്തിയത്. പിന്നീട് ബി.ജെ.പി ബാലരാമപുരം പൊലീസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തി. ഉന്നതതല അന്വേഷണം നടത്തുക, കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യുക എന്നതായിരുന്നു ആവശ്യം. കുടുംബം ഉന്നയിച്ച ആരോപണങ്ങളില്‍ പൊലീസ് സമഗ്ര അന്വേഷണം നടത്തണമെന്നും നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എം. ഷിജുഖാന്‍ ആവശ്യപ്പെട്ടു. ''കുട്ടികള്‍ താമസിച്ചു പഠിക്കുന്ന സ്ഥാപനങ്ങളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കണം.'' 

ബീമാ പള്ളിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പ്ലസ് വണ്‍ പഠിക്കുന്നതിനിടെ പരീക്ഷ എഴുതാന്‍ അനുവദിക്കാതെ ഖദീജത്തുല്‍ ഖുദ്റയിലേക്ക് അയച്ചത് അസ്മിയയുടെ സമ്മതമില്ലാതെയാണ് എന്നും പുറത്തുവന്നിട്ടുണ്ട്. അത്തരമൊരു സ്ഥാപനത്തിലേക്കു പോകാന്‍ ആ പെണ്‍കുട്ടിക്ക് ഇഷ്ടമുണ്ടായിരുന്നില്ല. എന്നാല്‍, ഒരു പ്രണയമുണ്ടായെന്നും അത് വീട്ടുകാര്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്തതുകൊണ്ട് നാട്ടില്‍നിന്നു മാറ്റിനിര്‍ത്താന്‍ കൂടിയാണ് പഠനം ഇടയ്ക്കു നിര്‍ത്തി അറബിക് കോളേജില്‍ ചേര്‍ത്തതെന്നും അന്വേഷണത്തില്‍ അറിഞ്ഞു. പെരുന്നാള്‍ അവധിക്കു വന്നപ്പോള്‍ വീണ്ടും ആ ആണ്‍കുട്ടിയെ കണ്ടതും സങ്കടമായി. ഇതെല്ലാം ചേര്‍ന്ന മാനസിക സമ്മര്‍ദ്ദത്തോടെയാണ് അസ്മിയ തിരിച്ചുപോയത്. അസ്മിയയുടെ സ്വഭാവത്തെക്കുറിച്ച് പ്രിന്‍സിപ്പലും റഹ്മത്ത് ബീവിയും പറയുന്നതില്‍തന്നെയുണ്ട് ആ പെണ്‍കുട്ടി അനുഭവിച്ച മാനസിക പിരിമുറുക്കത്തിന്റെ സൂചന. മകള്‍ സംസാരിക്കാന്‍ ഇഷ്ടമുള്ള കുട്ടിയായിരുന്നു എന്നാണ് ഉമ്മ പറഞ്ഞത്; അവള്‍ നമസ്‌കാര ഹാളില്‍പോലും സംസാരവും ചിരിയുമാണ് എന്നാണ് പ്രിന്‍സിപ്പല്‍ കുറ്റപ്പെടുത്തിയതായി ഉമ്മ പറയുന്നത്. വര്‍ത്തമാനം പറഞ്ഞും ചിരിച്ചും കളിച്ചും ജീവിക്കാനാഗ്രഹിച്ച ഒരു കൗമാരക്കാരിക്കു വര്‍ത്തമാനവും ചിരിയും വിലക്കുന്ന ഒരു സ്ഥാപനത്തില്‍ തുടരുന്നതിനേക്കാള്‍ മരണമാണ് നല്ലതെന്നു തോന്നിയ നിമിഷമായിക്കാം അവള്‍ ജീവനൊടുക്കിയത്. സ്ഥാപനത്തിലെ അന്തരീക്ഷം അങ്ങനെയാണെന്ന് വീട്ടുകാര്‍ക്ക് അറിയാമായിരുന്നിരിക്കില്ല. സുരക്ഷിത പഠനത്തിനു ക്ഷണിക്കുന്ന പരസ്യത്തിന്റെ സ്വാധിനമുണ്ടുതാനും. എന്നാല്‍ ആത്മഹത്യയ്ക്കു മുമ്പത്തെ ദിവസം ഒറ്റയ്ക്കു മുറിയില്‍ അടച്ചിട്ടതും വര്‍ത്തമാനം പറഞ്ഞതിനു രൂക്ഷമായി വഴക്കുപറഞ്ഞതും മറ്റും ആത്മഹത്യയിലേക്ക് എത്തിച്ച കാരണങ്ങളില്‍പെടാം എന്നു മനശ്ശാസ്ത്ര വിദഗ്ദ്ധരും ചൂണ്ടിക്കാണിക്കുന്നു.

''ഇസ്ലാംമത വിശ്വാസികള്‍ ഏറ്റവും വലിയ പാപങ്ങളിലൊന്നായി കാണുന്ന കാര്യമാണ് ആത്മഹത്യ. വിശ്വാസത്തിന്റേയും മതാനുഷ്ഠാനങ്ങളുടേയും കാര്യത്തില്‍ ശ്രദ്ധയുണ്ടായിരുന്ന അസ്മിയ അതില്‍നിന്നു മാറിയതായി ആരും പറയുന്നില്ല. എന്നിട്ടും സ്വയം ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയെങ്കില്‍ സ്ഥാപനത്തിലെ പെരുമാറ്റവും ഒറ്റപ്പെടുത്തലും അത്രയ്ക്ക് മനസ്സിനെ മുറിവേല്പിച്ചിരിക്കാം'' എന്ന നിരീക്ഷണമാണ് ഇതിനോടു ചേര്‍ത്തു പറയുന്നത്.

ഈ റിപ്പോർട്ട് കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com