കൂലി ചോദിച്ച കൊല്ലത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വക്കീല്‍ നോട്ടീസും

തൊഴിലാളിക്കൊപ്പം നിൽക്കുന്നതിനുപകരം തൊഴിലാളിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുന്ന രീതി സി.പി.എം പോലൊരു പാർട്ടി എങ്ങനെ വച്ചുപൊറുപ്പിക്കുന്നു
കൂലി ചോദിച്ച കൊല്ലത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വക്കീല്‍ നോട്ടീസും

ചെയ്ത ജോലിക്കു കൂലി ചോദിച്ചപ്പോൾ ചെയ്യാത്ത കുറ്റത്തിനു വക്കീൽ നോട്ടീസ് കിട്ടിയ അമ്പരപ്പിലാണ് കൊല്ലം ശക്തികുളങ്ങരയിലെ തൊഴിലുറപ്പു തൊഴിലാളി സന്ധ്യാമോൾ. പക്ഷേ, കൊല്ലം കോർപറേഷനിൽ ഇതുമായി ബന്ധപ്പെട്ട് ഒരു മാസത്തിലധികമായി പുകയുന്ന വിവാദത്തിൽ കൃത്യമായ രാഷ്ട്രീയമുണ്ട്; ഭരണ-പ്രതിപക്ഷ പോരുമുണ്ട്. എങ്കിലും മേയർ പ്രസന്ന ഏണസ്റ്റും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്. ജയനും ധാർഷ്ട്യം മാറ്റിവെച്ച് സ്ത്രീ തൊഴിലാളികളോടു പ്രതികരിച്ചിരുന്നെങ്കിൽ കാര്യങ്ങൾ ഇപ്പോഴത്തെ മോശം സ്ഥിതിയിൽ എത്തുമായിരുന്നില്ല. രണ്ടുപേരും സി.പി.എം നേതാക്കളുമാണ്. പ്രതിപക്ഷത്തിരിക്കുന്ന യു.ഡി.എഫിനു കിട്ടിയ അവസരം അവർ ഉപയോഗിച്ചതു സ്വാഭാവികം. കോർപറേഷനിലെ ആർ.എസ്.പി പാർലമെന്ററി പാർട്ടി ലീഡറും യു.ടി.യു.സി സംസ്ഥാന സമിതി അംഗവുമായ എം. പുഷ്പാംഗദൻ പ്രതിനിധീകരിക്കുന്ന ശക്തികുളങ്ങര രണ്ടാം ഡിവിഷനിലെ അയ്യന്‍കാളി തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമാണ് സന്ധ്യ. ആർ.എസ്.പിയും യു.ഡി.എഫും പുഷ്പാംഗദനും വിഷയം പരമാവധി സജീവമാക്കി നിർത്തുകയാണ്. 55 ദിവസത്തെ ശമ്പളം മുടങ്ങി എന്നു പരാതി പറയാൻ ചെന്ന തൊഴിലാളി സ്ത്രീകളോടു മാന്യമായി സംസാരിക്കാൻപോലും മേയർ തയ്യാറായില്ല എന്ന വിമർശനത്തിൽനിന്നാണ് തുടക്കം. സെപ്റ്റംബർ ഒടുവിലായിരുന്നു അത്. കോർപറേഷൻ ഓഫീസിനു മുന്നിൽ അന്ന് തൊഴിലാളികൾ പ്രതിഷേധിച്ചു. പൊലീസിനെ വിളിച്ച് അവരെ ബലംപ്രയോഗിച്ചു നീക്കിയാണ് മേയർ ദേഷ്യം തീർത്തത്. അതുകഴിഞ്ഞ് മേയറുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ എസ്. ജയൻ ലൈവിൽ വന്ന് കോർപറേഷന്റെ ഭാഗം വിശദീകരിച്ചപ്പോൾ പ്രതിഷേധത്തിനു നേതൃത്വം നൽകിയ സന്ധ്യയ്ക്കെതിരെ വ്യക്തിപരമായ ചില പരാമർശങ്ങൾ നടത്തി. ഓൺലൈൻ മാധ്യമമായ ചങ്ങാതിക്കൂട്ടം ഇതിനെക്കുറിച്ച് സന്ധ്യയോടു ചോദിച്ചപ്പോൾ തിരിച്ച് ജയനെതിരെ അവരും ചില ആരോപണങ്ങൾ ഉന്നയിച്ചു. 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചാണ് ജയൻ പ്രതികരിച്ചത്. ഫെയ്‌സ്ബുക്കിൽ സന്ധ്യയ്ക്കെതിരെ ജയൻ പറഞ്ഞ ആക്ഷേപങ്ങളും അതിന് ഓൺലൈൻ മാധ്യമത്തിലൂടെ സന്ധ്യ നൽകിയ മറുപടിയുമായി വിഷയത്തിനു പുതിയ കാലത്തെ രാഷ്ട്രീയ പോരിന്റെ മുഖവും വന്നുചേർന്നു. തനിക്കെതിരെ പറഞ്ഞത് പിൻവലിച്ചു മാപ്പു പറയണമെന്നാണ് ജയന്റെ ആവശ്യം. ആദ്യം തന്നെക്കുറിച്ച് പറഞ്ഞത് തെളിയിക്കട്ടെ എന്നു സന്ധ്യ.

സന്ധ്യ
സന്ധ്യ

വാദങ്ങൾ വേഷങ്ങൾ

അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്ന വാർത്തകൾ അസത്യവും ബോധപൂർവ്വവുമാണെന്ന് കൊല്ലം കോർപറേഷനിലെ അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിയുടെ നിജസ്ഥിതി എന്ന തലക്കെട്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ജയൻ പറയുന്നു. “യു.ഡി.എഫിന്റെ ഗൂഢാലോചനയുടെ ഭാഗമായി ഉണ്ടായ സംഭവങ്ങളാണ്. കൊല്ലം കോർപറേഷനിൽ പതിമൂവായിരത്തോളം ആളുകളാണ് തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതിൽ 1800 പേരാണ് നിലവിൽ ജോലിയിൽ ഏർപ്പെടുന്നത്. കഴിഞ്ഞ ആറു മാസമായി വേതനം ലഭിക്കുന്നില്ല എന്നാണ് സമരക്കാർ പറയുന്നതെങ്കിലും ജൂലൈ 16-ന് ലഭിച്ചിരുന്നു. ചില ഡിവിഷനുകളിൽ 20 ദിവസം വരെ വേതനം കിട്ടാനുണ്ട്. അതുമായി ബന്ധപ്പെട്ട ബില്ല് പാസ്സാക്കി അക്കൗണ്ട് സെക്ഷനിൽ എത്തിച്ചിട്ടുമുണ്ട്. ഓണത്തിനുശേഷം പത്തു ദിവസത്തെ ജോലിയുടെ മസ്റ്റർ റോൾ ഹാജരാക്കിയിട്ടില്ല. 425 തൊഴിലാളികൾക്കാണ് ബോണസ് ലാപ്‌സായിട്ടുള്ളത്. അവർക്ക് അതു നൽകാനുള്ള പണം ഇതുവരെ ഗവൺമെന്റ് എത്തിച്ചു തന്നിട്ടില്ല. എങ്കിലും കോർപറേഷനിലെ തനതു ഫണ്ടിൽനിന്നു കൊടുക്കാനാണ് തീരുമാനം. ഹരിതകർമ്മ സേനാംഗങ്ങളായ പത്തു പേർക്ക് വാഹനം കൊടുക്കുന്ന ചടങ്ങ് നടക്കുമ്പോൾ നേരത്തെ യാതൊരു പരാതിയും തരാതെ മിന്നലാക്രമണംപോലെ യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഈ തൊഴിലാളികൾ മേയറെ തടയാൻ ശ്രമിക്കുകയാണ് ചെയ്തത്” -ജയന്റെ വിശദീകരണം. ഇനിയാണ് വിവാദ ഭാഗം: “സമരത്തിനു നേതൃത്വം നൽകിയ സന്ധ്യ എന്നു പറയുന്നവൾ പറയുന്നത് എനിക്കു രാഷ്ട്രീയമില്ല എന്നാണ്. എന്നാൽ, അവൾ ആർ.എസ്.പിയുടെ സജീവ പ്രവർത്തകയും ഐക്യമഹിളാ സംഘത്തിന്റെ ചവറ മണ്ഡലം ജോയ്‌ന്റ് സെക്രട്ടറിയുമാണ്. സ്വന്തമായി അവൾക്കു വീടില്ല എന്നാണ് അവകാശപ്പെടുന്നത്. എന്നാൽ, ചവറ പുത്തൻകാവ് ക്ഷേത്രത്തിനടുത്ത് 14 സെന്റ് സ്ഥലവും വീടുമുണ്ട് എന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. കൂടാതെ ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് അഞ്ചു സെന്റ് സ്ഥലം അവളുടെ പേരിലേക്ക് ഇപ്പോൾ മാറി വന്നതേയുള്ളൂ. ഇതൊക്കെ മറച്ചുവെച്ചുകൊണ്ട് യു.ഡി.എഫിന്റെ ഒത്താശയോടെ കള്ളപ്രചാരണം നടത്തുകയാണ്.”

ഇതിനു പിന്നാലെയാണ് സന്ധ്യയുടെ പ്രതികരണം വന്നത്. കോർപറേഷനു കീഴിലെ മുളങ്കാടകം പൊതുശ്മശാനത്തിലെ ആഞ്ഞിലിമരം മുറിച്ചുകടത്തിയ സംഭവത്തിൽ ആരോപണവിധേയനായ കൗൺസിലറാണ് ജയൻ. കഴിഞ്ഞ ഭരണസമിതിയുടെ കാലത്തായിരുന്നു അത്. അന്ന് വലിയ വാർത്തയാവുകയും പാർട്ടിതല അന്വേഷണം നടക്കുകയും ചെയ്തു. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായിരുന്ന ജയൻ രാജിവച്ചു. അതുകഴിഞ്ഞ് 2020-ലെ തെരഞ്ഞെടുപ്പിലും ജയൻ ജയിക്കുകയും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാനാക്കുകയും ചെയ്തു. ഈ മരം മുറിക്കേസിനെക്കുറിച്ചാണ് സന്ധ്യ പറഞ്ഞത്. അവർ പറഞ്ഞതിനെക്കുറിച്ച് വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്നത് ഇങ്ങനെ: “ജയൻ എന്ന കൗൺസിലർ ഒരു മരം മോഷണക്കേസിലെ പ്രതിയാണ് എന്നും ജയൻ കൗൺസിലറെപ്പോലെ ഞാൻ ശ്മശാനത്തിൽ കയറി ആഞ്ഞിലിയൊന്നും വെട്ടിയെടുത്തിട്ടില്ല എന്നും സന്ധ്യ നടത്തിയ പരാമർശങ്ങൾ അപകീർത്തികരമാണ്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 500-ാം വകുപ്പുപ്രകാരം ശിക്ഷാർഹമായ കുറ്റമാണ് ജയനോട് ഇതിലൂടെ സന്ധ്യ ചെയ്തത്. മാന്യമായി പൊതുപ്രവർത്തനം നടത്തുന്ന ആളെ ഇല്ലാത്ത അപവാദം പറഞ്ഞ് സമൂഹമധ്യത്തിൽ അപമാനിച്ചു. അതുകൊണ്ട് ഉണ്ടായ നാണക്കേടിനു പരിഹാരമായി 25 ലക്ഷം രൂപ കൊടുക്കണം.” വീഡിയോ തയ്യാറാക്കി പോസ്റ്റ് ചെയ്തവരും സന്ധ്യയും ആ പ്രസ്താവന പിൻവലിച്ചു മാപ്പ് പറഞ്ഞില്ലെങ്കിൽ മാനനഷ്ടക്കേസുമായി മുന്നോട്ടു പോകുമെന്ന് ഒക്ടോബർ മൂന്നിന് അയച്ച നോട്ടീസിൽ പറയുന്നു.

എന്താണ് സംഗതി?

ചെയ്ത ജോലിയുടെ കൂലി ആവശ്യപ്പെട്ടു സമരം ചെയ്തതിന്റെ പേരിൽ എനിക്കെതിരെ ഇല്ലാത്ത ആരോപണങ്ങളും ഉന്നയിച്ച് മാനനഷ്ടക്കേസിനു വക്കീൽ നോട്ടീസും അയച്ചാൽ ഞാനെന്തു ചെയ്യും?” സന്ധ്യാമോൾ ചോദിക്കുന്നു. ഭർത്താവും രണ്ടു പെൺമക്കളുമായി, കഷ്ടപ്പാടുകൾക്കും ബുദ്ധിമുട്ടുകൾക്കുമിടയിലും സ്വസ്ഥമായി കഴിഞ്ഞിരുന്ന അവരുടെ ജീവിതം ഇപ്പോൾ പ്രക്ഷുബ്ധമാണ്. നോട്ടീസിനു മറുപടി കൊടുക്കേണ്ട എന്നാണ് ഉറച്ച തീരുമാനം. മാപ്പു പറയുകയുമില്ല. മാനനഷ്ടത്തിനു കാരണമായി എന്ന് ജയൻ പറയുന്ന വീഡിയോയും നീക്കം ചെയ്തിട്ടില്ല. കേസുണ്ടാകട്ടെ എന്നും അതുവഴി ഇതിലേക്ക് എത്തിച്ച മുഴുവൻ സാഹചര്യങ്ങളും ചർച്ചയാകട്ടെ എന്നുമാണ് നിലപാട്.

ശമ്പള കുടിശ്ശികയും ബോണസും ചോദിച്ചവരോട് മേയർ പുച്ഛസ്വരത്തിൽ സംസാരിച്ചിട്ട്

പുഷ്പാദംഗന്‍
പുഷ്പാദംഗന്‍

ഓഫീസിലേയ്ക്കു കയറിപ്പോയത് തൊഴിലാളികൾക്ക് വല്ലാത്ത ആഘാതമായിരുന്നു. തൊഴിലാളികൾ അതു ചോദ്യം ചെയ്തപ്പോൾ പൊലീസിനെ വിളിച്ചുവരുത്തുകയും ചെയ്തു. അന്നത്തെ ശമ്പള കുടിശ്ശികയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളൊക്കെ പരിഹരിച്ചുകഴിഞ്ഞിരിക്കുന്നു. പക്ഷേ, ജയന്റെ നോട്ടീസാണ് ഇപ്പോഴത്തെ പ്രശ്നം. ആർ.എസ്.പിയും യു.ഡി.എഫും ഈ വിഷയം പരമാവധി കത്തിച്ചുനിർത്താനും ശ്രമിക്കുന്നു. ഇതോടെ കാര്യങ്ങൾ മറ്റൊരു വിധത്തിൽ ചൂടുപിടിച്ചു. തൊഴിലാളിവർഗ്ഗ പാർട്ടിയുടെ വനിതാമേയർക്ക് സ്ത്രീ തൊഴിലാളികൾ കൂലി ചോദിച്ചാൽ പരിഹാസവും ശകാരവുമോ എന്നായിരുന്നു ആദ്യ ചോദ്യം. അതിൽനിന്ന്, പാവപ്പെട്ട ഒരു തൊഴിലാളി സ്ത്രീയുടെ ന്യായമായ ഇടപെടലിനു മറുപടി കാൽക്കോടിയുടെ വക്കീൽ നോട്ടീസാണെങ്കിൽ ഇവരെന്തു തൊഴിലാളി പക്ഷം? എന്നതിലേക്കു ചോദ്യം മാറി. കൗൺസിലർ പുഷ്പാംഗദനോടാണ് തൊഴിലാളികൾ ശമ്പള കുടിശ്ശിക ചോദിച്ചിരുന്നത്. ഒടുവിൽ മേയറെ കണ്ട് ശമ്പളം ചോദിക്കാൻ പുഷ്പാംഗദൻ തൊഴിലാളി സ്ത്രീകളെ ഇളക്കിവിട്ടു എന്നാണ് സി.പി.എമ്മിന്റെ ആരോപണം. “അവർ മേയറോടു ചോദിക്കുന്നെങ്കിൽ നേരിട്ടു ചോദിച്ചോട്ടെ എന്നു ഞാനും വിചാരിച്ചു. പക്ഷേ, തടയാനൊന്നും പറഞ്ഞില്ല; മേയറെ തടഞ്ഞുമില്ല” - പുഷ്പാംഗദൻ പറയുന്നു. ഞങ്ങൾ പ്രതികരണം ചോദിച്ച് രണ്ടു പ്രാവശ്യം ജയനെ വിളിച്ചെങ്കിലും അദ്ദേഹം ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിയുകയാണ് ചെയ്തത്.

ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് കോർപറേഷനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തിയവരെ മേയർ അപമാനിക്കുകയും പൊലീസിനെക്കൊണ്ട് തല്ലിച്ചതയ്ക്കുകയുമായിരുന്നു എന്ന് കൊല്ലം എം.പി എൻ.കെ. പ്രേമചന്ദ്രൻ പറയുന്നു. ഇപ്പോൾ അവർക്ക് തൊഴിൽ നിഷേധിക്കുന്ന വിധത്തിൽ ദിവസങ്ങൾ വെട്ടിക്കുറയ്ക്കുകയാണ് എന്നുമുണ്ട് വിമർശനം. അത് തൊഴിലാളികളും ശരിവയ്ക്കുന്നു. ജോലി ഇല്ലാത്തതെന്താണ് എന്നു ചോദിച്ചപ്പോൾ ശമ്പളം തരാൻ ഫണ്ടില്ല എന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണമെന്ന് സന്ധ്യയും ശക്തികുളങ്ങരയിലെ മറ്റു തൊഴിലാളികളും പറയുന്നു. പരസ്യമായ പകവീട്ടലും തൊഴിലാളിവിരുദ്ധ സമീപനവുമാണ് ഇത് എന്ന വിമർശനത്തോട് സി.പി.എം ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾ ഇതുവരെ പ്രതികരിക്കുന്നുമില്ല. തന്റെ പേരിലുണ്ടെന്ന് പ്രചരിപ്പിക്കുന്ന ഭൂമിയുടെ പ്രമാണമൊന്നു കൊണ്ടുകാണിക്കണം എന്നാണ് സന്ധ്യയുടെ ആവശ്യം. “മൂന്നര സെന്റ് സ്ഥലം അച്ഛന്റേയും അമ്മയുടേയും പേരിൽ തേവലക്കര വില്ലേജിൽ ഉണ്ട്; അത് മറ്റു സഹോദരങ്ങൾക്കു കൂടി അവകാശപ്പെട്ടതാണ്. ഭർത്താവിന് അദ്ദേഹത്തിന്റെ വീട്ടിൽനിന്നു കിട്ടിയ അഞ്ചു സെന്റ് സ്ഥലമുണ്ട്. തങ്ങളുടെ രണ്ടുപേരുടേയും കൂടി പേരിൽ ചവറയിൽ ഏഴര സെന്റുമുണ്ട്. അതിൽ പലകയടിച്ച കൊച്ചു വീടുമുണ്ട്. അതും ജോലിയുടെ ശമ്പള കുടിശ്ശിക ചോദിച്ചതിനെതിരായ ഈ പ്രതിഷേധവുമായി എന്തു ബന്ധം? നല്ല ഒരു വീടുപോലും ഇല്ല. ഭർത്താവിനു ബോട്ടിലാണ് ജോലി. അദ്ദേഹത്തിനു വലിയൊരു അപകടം പറ്റിയിട്ട് പഴയതുപോലെ ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. ജയൻ കൗൺസിലർ മരംമുറിക്കേസിൽ ആരോപണവിധേയനായതിനെക്കുറിച്ചു ഞാൻ പറഞ്ഞത് മാധ്യമങ്ങളിൽ വന്ന കാര്യമാണ്. അതു സത്യസന്ധമായ കാര്യമാണ്.” ഇതിനു മുന്‍പേ ശമ്പള കുടിശ്ശിക തന്നിരുന്നെങ്കിൽ സമരത്തിന് ഇറങ്ങാൻ തങ്ങൾ നിർബന്ധരാകില്ലായിരുന്നു എന്ന് സന്ധ്യക്കൊപ്പമുള്ള തൊഴിലാളിസ്ത്രീകൾ പറയുന്നു.

തൊഴിലാളികളെ കാണാൻ തയ്യാറാകാതെ പിൻവാതിലിലൂടെയാണ് പ്രസന്ന ഏണസ്റ്റ് പുറത്തുപോയത്. ഹരിതകർമ്മ സേനയിലെ അംഗങ്ങൾക്കു വാഹനം വിതരണം ചെയ്യുന്ന ചടങ്ങ് കോർപറേഷനിൽ നടക്കുമ്പോഴാണ് തൊഴിലാളികൾ മേയറെ കാണാൻ എത്തിയത് എന്നതു ശരിയാണ്. പക്ഷേ, തങ്ങൾക്ക് മേയറെ തടയാനായിരുന്നുവെങ്കിൽ അവിടെവച്ച് തടയാമായിരുന്നു എന്നാണ് അവരുടെ വാദം.

ദുരിതജീവിതങ്ങളോടോ പകവീട്ടൽ

അന്നത്തെ പ്രതിഷേധത്തിനുശേഷം കോർപറേഷൻ അവർക്ക് തൊഴിൽ കൊടുക്കുന്നില്ലെന്ന് പുഷ്പാംഗദൻ പറയുന്നു. കഴിഞ്ഞ രണ്ടു വർഷം തൊഴിലുറപ്പ് പദ്ധതി മികച്ച രീതിയിൽ നടത്തുന്നതിന് മഹാത്മാ അവാർഡ് നേടിയ കോർപറേഷനാണ് കൊല്ലം. ഇത് ജയന്റെ വീഡിയോയിലും പറയുന്നുണ്ട്. അന്ന് നൂറ് തൊഴിൽദിനം പൂർത്തീകരിച്ച നിരവധി തൊഴിലാളികളുണ്ടായിരുന്നു. ശക്തികുളങ്ങര ഡിവിഷനിൽത്തന്നെ 22 തൊഴിലാളികൾ നൂറു തൊഴിൽ ദിനം പൂർത്തിയാക്കിയവരായിരുന്നു. അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഓരോ ഡിവിഷനിലും 250 വീതം തൊഴിലാളികളെ വയ്ക്കാനാണ് ഗവൺമെന്റ് നിർദ്ദേശം. കൗൺസിൽ അത് അംഗീകരിക്കുകയും ചെയ്തു. ക്രമേണ ആ എണ്ണത്തിലേക്ക് എത്താനായിരുന്നു ധാരണ. “ശക്തികുളങ്ങര രണ്ട് ഡിവിഷനിൽ 55 പേരാണ് ഉണ്ടായിരുന്നത്. 333 രൂപയാണ് പ്രതിദിന കൂലി. രണ്ടു മാസത്തോളം ഇത് കുടിശ്ശികയായപ്പോൾ കൗൺസിലിൽ ഉൾപ്പെടെ ഉന്നയിച്ചു. മേയറോട് ഞാൻ നേരിട്ടു പറയുകയും ചെയ്തു. ഫണ്ട് വന്നാലുടൻ കൊടുക്കാം എന്നായിരുന്നു മറുപടി. കോർപറേഷൻ ഓഫീസിലെ തൊഴിലുറപ്പ് സെക്ഷനിൽനിന്നും അതായിരുന്നു പ്രതികരണം” -പുഷ്പാംഗദന്റെ വിശദീകരണം.

എസ്. ജയന്‍
എസ്. ജയന്‍

ശക്തികുളങ്ങരയിലെ തൊഴിലാളികൾക്ക് ചെമ്മീൻ നുള്ളാൻ പോകാൻ കഴിയും; ഇതിലും കൂടുതൽ കൂലിയും കിട്ടും. പക്ഷേ, ഐസ് അലർജിപോലുള്ള ബുദ്ധിമുട്ടുകളും സർക്കാരിന്റെ ഒരു പദ്ധതിയുടെ ഭാഗമാവുക എന്ന നിലയിലും കൂടിയാണ് പലരും ഇതിൽ ചേർന്നത്. വളരെ ആത്മാർത്ഥമായി തൊഴിലുറപ്പ് പദ്ധതിയുടെ ജോലികളിൽ അവർ മുഴുകുകയും ചെയ്യുന്നുണ്ട്. കുടുംബത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുള്ളവരും ഈ ശമ്പളംകൊണ്ട് ജീവിക്കുന്നവരുമാണ് മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികളും. അവർക്ക് രണ്ടു മാസത്തെ കുടിശ്ശിക വലിയ ബുദ്ധിമുട്ടുണ്ടാക്കി. ഓണത്തിനുപോലും കുടിശ്ശിക കിട്ടാത്ത സ്ഥിതി വന്നപ്പോഴാണ് അവർക്കു നിൽക്കാൻ വയ്യാതായത്. അതിനിടെ കൗൺസിലർക്കുതന്നെ ഇതുമായി ബന്ധപ്പെട്ട ഒരു വേദനിപ്പിക്കുന്ന അനുഭവം ഉണ്ടായി. തൊഴിലുറപ്പിന്റെ കൂലി കിട്ടുമ്പോൾ തരാം എന്ന് പറഞ്ഞ് ശക്തികുളങ്ങരയിലെ തുണിക്കടയിൽനിന്ന് ഇവരിലൊരു തൊഴിലാളി സ്ത്രീ ഓണത്തിനു മൂന്ന് മാക്സി വാങ്ങി. അടുത്ത ദിവസം കിട്ടും എന്ന പ്രതീക്ഷയിലാണ് പറഞ്ഞത്. പക്ഷേ, ഉത്രാടത്തിന്റെ അന്നും പണം കിട്ടാതിരുന്നപ്പോൾ അവർ അത് കടയിൽ തിരിച്ചുകൊണ്ടുക്കൊടുത്തു. കട നടത്തുന്ന സുഹൃത്ത് പറഞ്ഞാണ് കൗൺസിലർ ഈ വിവരം അറിഞ്ഞത്. ആഗ്രഹിച്ച് ഓണത്തിനെടുത്ത വസ്ത്രം തിരിച്ചുകൊടുക്കേണ്ടിവന്നതിനെക്കുറിച്ച് അറിഞ്ഞത് മനസ്സിൽ വല്ലാതെ വിഷമമുണ്ടാക്കിയെന്ന് പുഷ്പാംഗദൻ പറയുന്നു. അതുകൂടി മനസ്സിൽ വെച്ച് മേയറോട് വീണ്ടും പറഞ്ഞു, അവരുടെ കാശ് വേഗം കൊടുക്കണം. ട്രഷറി നിരോധനമുള്ളതുകൊണ്ടാണ് കിട്ടാത്തത് എന്നായിരുന്നു മറുപടി. അവരുടെ ബോണസ് 1000 രൂപയെങ്കിലും കൊടുക്കണം എന്ന് അഭ്യർത്ഥിച്ചു. കൊടുക്കാം എന്നൊക്കെ പറഞ്ഞെങ്കിലും അതിനും നടപടിയുണ്ടായില്ല. ഓരോ തവണയും തൊഴിലാളികൾ ചോദിക്കുമ്പോൾ ഫണ്ട് വരാത്തതുകൊണ്ടല്ലേ, വേഗം കിട്ടും എന്നു പറഞ്ഞ് അവരെ ആശ്വസിപ്പിക്കുകയാണ് കൗൺസിലർ ചെയ്തത്. പക്ഷേ, മേയറോട് തൊഴിലാളികൾ നേരിട്ട് ചോദിച്ച ആ ദിവസം അവരെ അങ്ങനെ പറഞ്ഞു തിരിച്ചയയ്ക്കാൻ കൗൺസിലർക്കും കഴിഞ്ഞില്ല. മേയറോട് ചോദിക്കാനുള്ള അവരുടെ അവകാശം തടയാനും കഴിയുമായിരുന്നില്ല.

ഹരിതകർമ്മ സേന പ്രവർത്തകർക്ക് വാഹനം കൊടുക്കുന്ന ചടങ്ങ് കഴിഞ്ഞ് മേയറും തൊഴിലാളി സ്ത്രീകളും പരസ്പരം ഉച്ചത്തിൽ സംസാരിക്കുന്നതു കേട്ടാണ് മാധ്യമപ്രവർത്തകർ അതു ശ്രദ്ധിച്ചത്. ആശ്വാസമോ പ്രതീക്ഷയോ നൽകുന്ന മറുപടി മേയറിൽനിന്നു കിട്ടാതെ വന്നപ്പോഴാണ് അവർ കോർപറേഷനു മുന്നിൽ പ്രതിഷേധിച്ചത്. പക്ഷേ, മുൻകൂട്ടി ആസൂത്രണം ചെയ്തു വന്ന് മാധ്യമങ്ങളുടെ മുന്നിൽ സംഘർഷം സൃഷ്ടിച്ചു എന്ന തരത്തിലാണ് ഭരണപക്ഷം പ്രചരിപ്പിക്കുന്നത്. മിനിറ്റുകൾക്കുള്ളിൽ പൊലീസ് വന്നു. ബലംപ്രയോഗിച്ചു തൊഴിലാളികളെ നീക്കുകയും ചെയ്തു. അതിനിടെ, ശക്തികുളങ്ങരയിലായിരുന്ന പുഷ്പാംഗദനെ പൊലീസ് വിളിച്ച് സംഘർഷത്തെക്കുറിച്ച് അറിയിച്ചു. പുഷ്പാംഗദൻ എത്തുമ്പോഴേയ്ക്കും സ്ഥിതി വഷളായിരുന്നു.

കൊല്ലം കോര്‍പ്പറേഷന്‍
മേയര്‍ പ്രസന്ന ഏണസ്റ്റ്

തൊഴിലാളിക്കൊപ്പം നിൽക്കുന്നതിനുപകരം തൊഴിലാളിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുന്ന രീതി സി.പി.എം പോലൊരു പാർട്ടി എങ്ങനെ വച്ചുപൊറുപ്പിക്കുന്നു എന്ന യു.ഡി.എഫിന്റെ ചോദ്യത്തിനു വേഗം പ്രചാരം കിട്ടി. “.കെ.ജിയുടേയോ എം.എൻ. ഗോവിന്ദൻ നായരുടേയോ വി.എസ്. അച്യുതാനന്ദന്റേയോ അടുത്താണ് ഈ തൊഴിലാളികൾ പോകുന്നതെങ്കിൽ അവരെ വിളിച്ചിരുത്തി പ്രശ്നം മനസ്സിലാക്കി പരിഹരിക്കാൻ ശ്രമിക്കില്ലേ? അവരുടെ പിൻഗാമികളും സഖാക്കളും അതിനു വിപരീതമായി ചെയ്യുന്നത് എത്ര മോശമാണ്?” ഇടതുപക്ഷ പാർട്ടി തന്നെയായ ആർ.എസ്.പിയുടെ പ്രചാരണം ഈ വിധത്തിലാണ്. “അദ്ദേഹത്തിന്റെ വക്കീൽ നോട്ടീസിനു മറുപടി കൊടുക്കേണ്ട എന്നു തീരുമാനിച്ചതാണ്. ആ തൊഴിലാളി സ്ത്രീക്കെതിരെ കേസ് നടത്തി തൊഴിലാളി പാർട്ടിയുടെ നേതാവായ അദ്ദേഹം കാൽക്കോടി രൂപ ഈടാക്കട്ടെ” എന്നാണ് പാർട്ടി നിലപാട്. നിരപരാധിയായ ഒരു തൊഴിലാളി സ്ത്രീയേയും അവരുടെ കുടുംബത്തേയും ഒറ്റപ്പെടുത്താനും അധികാരത്തിന്റേയും സംഘടനാശേഷിയുടേയും മുന്നിൽ ഇട്ടുകൊടുക്കാനും തയ്യാറല്ല എന്നും അവർ കൂട്ടിച്ചേർക്കുന്നു.

മാധ്യമങ്ങളിൽ വരികയും പാർട്ടിതല അന്വേഷണമുണ്ടാവുകയും ചെയ്ത ഒരു അഴിമതി ആരോപണം, തന്നെക്കുറിച്ചുള്ള മോശം പരാമർശങ്ങൾക്കു മറുപടിയായി പറഞ്ഞ ഒരു സ്ത്രീത്തൊഴിലാളിക്കെതിരെ കേസുമായി മുന്നോട്ടു പോകണോ? ഇനി തീരുമാനമെടുക്കേണ്ടത് എസ്. ജയനും സി.പി.എമ്മുമാണ്.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com