
പുതുപ്പള്ളി നിയോജക മണ്ഡലത്തെ കഴിഞ്ഞ അന്‍പത്തിമൂന്നു വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച 'ഉമ്മന്‍ ചാണ്ടി' വീണ്ടും അവിടെ ജനവിധി തേടുകയാണ്; എന്നാല്‍, അദ്ദേഹമല്ല മത്സരിക്കുന്നത്. ഉമ്മന്‍ ചാണ്ടി മരിച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്. മകന്‍ ചാണ്ടി ഉമ്മനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. പക്ഷേ, ഉമ്മന്‍ ചാണ്ടിയോട് വലിയൊരു വിഭാഗം പുതുപ്പള്ളിക്കാര്‍ക്കുണ്ടായിരുന്ന സ്‌നേഹാദരങ്ങളും ഇപ്പോഴുമുള്ള ഇഷ്ടവും അദ്ദേഹത്തിന്റെ അഭാവത്തിലും വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിനാണ് മുന്‍തൂക്കം. അതുകൊണ്ടാണ് മത്സരിക്കുന്നത് ചാണ്ടി ഉമ്മനാണെങ്കിലും ജനവിധി തേടുന്നത് ഉമ്മന്‍ ചാണ്ടി തന്നെയാകുന്നത്. ഒന്നു മാത്രമായി നടക്കുന്ന ഏത് ഉപതെരഞ്ഞെടുപ്പുപോലെയും കേരളത്തിന്റെ രാഷ്ട്രീയ ശ്രദ്ധയാകെ നേടിയിരിക്കുന്നു പുതുപ്പള്ളി.
ഒറ്റനോട്ടത്തില്‍ ലളിതമാണ് അവിടുത്തെ ഫലത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതത്തെക്കുറിച്ചുള്ള വിലയിരുത്തല്‍. അരനൂറ്റാണ്ടായി ഉമ്മന്‍ ചാണ്ടി മാത്രം ജയിക്കുന്നിടത്ത് അദ്ദേഹത്തിന്റെ വിയോഗത്തിനു തൊട്ടുപിന്നാലെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയും മുന്നണിയും മകനും ജയിച്ചാല്‍ അത്ഭുതമില്ല. എന്നാല്‍, ഫലം മറിച്ചാണെങ്കില്‍, രണ്ടുവട്ടം ഉമ്മന്‍ ചാണ്ടിയോടു തോറ്റ സി.പി.എം യുവനേതാവ് ജെയ്ക് തോമസ് മൂന്നാം മത്സരത്തില്‍ മകനെ തോല്‍പ്പിച്ചാല്‍ അത് എല്‍.ഡി.എഫിന്റെ സമീപകാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ നേട്ടമായി മാറും. സെപ്റ്റംബര്‍ അഞ്ചിനു തെരഞ്ഞെടുപ്പ്, എട്ടിന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുകൊണ്ട് നിര്‍ത്തിവെച്ച പതിനഞ്ചാം നിയമസഭയുടെ ഒന്‍പതാം സമ്മേളനത്തിന്റെ തുടര്‍ച്ച ഇനി സെപ്റ്റംബര്‍ 11-നാണ്. അന്നാണ് പുതിയ എം.എല്‍.എയുടെ സത്യപ്രതിജ്ഞ. ഉമ്മന്‍ ചാണ്ടി മരിക്കുന്നതിനു മുന്‍പ് 41 എം.എല്‍.എമാരാണ് പ്രതിപക്ഷത്തിന് ഉണ്ടായിരുന്നത്. ഇപ്പോള്‍ 40. അത് വീണ്ടും 41 ആകുമോ അതോ ഭരണമുന്നണിക്ക് അംഗബലം നൂറാകുമോ എന്ന ചോദ്യത്തിന് കണക്കിനപ്പുറം രാഷ്ട്രീയ പ്രാധാന്യമുണ്ട്. അതുകൊണ്ട് ലളിതമെന്നു തോന്നാവുന്ന ആദ്യനോട്ടത്തിനപ്പുറം അടിയൊഴുക്കുകളുണ്ട് ഈ തെരഞ്ഞെടുപ്പു കളത്തിലെ കേരള രാഷ്ട്രീയത്തിന്. കോണ്‍ഗ്രസ് എം.എല്‍.എയായിരുന്ന പി.ടി. തോമസ് മരിച്ച ഒഴിവില്‍ തൃക്കാക്കരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം എല്‍.ഡി.എഫിന് 100 സീറ്റ് തികയ്ക്കും എന്നു പ്രതീക്ഷിച്ചതിനേക്കാള്‍ കനമുള്ള പ്രതീക്ഷ സി.പി.എം പുതുപ്പള്ളിയില്‍ വയ്ക്കുന്നു; അതൊരു മാറ്റമാണ്. ഈ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തുടക്ക ഘട്ടത്തില്‍നിന്നുള്ള മാറ്റം.
പക്ഷേ, സി.പി.എമ്മും എല്‍.ഡി.എഫും പുതുതായി തലയിലേറ്റുന്ന ഈ പ്രതീക്ഷയ്‌ക്കൊത്ത വിധം കോണ്‍ഗ്രസ്സിന്റേയും യു.ഡി.എഫിന്റേയും ഉള്ളില്‍ ആശങ്കയുണ്ടോ? ഈ രണ്ടു ചോദ്യങ്ങളുടേയും ഉത്തരങ്ങള്‍ ചേര്‍ന്നുവരില്ല. പക്ഷേ, ചേര്‍ന്നുവരുന്ന മറ്റു ചിലതുണ്ട്. അത് രണ്ടു പക്ഷത്തേയും ഉന്നത നേതാക്കളെ തട്ടിക്കടന്നു പോകുന്ന രാഷ്ട്രീയ വിവാദങ്ങളാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ കരിമണല്‍ ഖനന കമ്പനി കെ.എം.ആര്‍.എല്‍ ഉടമയില്‍നിന്നു മാസപ്പടി വാങ്ങിയത് ഇന്‍കംടാക്‌സ് കണ്ടുപിടിച്ചതിന്റെ വേവ് ഒരു വശത്ത്. പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ബന്ധവും കോണ്‍ഗ്രസ് എം.എല്‍.എ മാത്യു കുഴല്‍നാടന്റെ നിയമവിരുദ്ധ ഭൂമിയും റിസോര്‍ട്ടും സംബന്ധിച്ച അന്വേഷണങ്ങളുടേയും കുരുക്ക് മറുവശത്ത്. അതിനിടയില്‍ ചെറുതും വലുതുമായ കല്ലേറുകളും തിരിച്ചടികളും പലത്.
ഇടതു പ്രതീക്ഷയുടെ പിടി
ഒന്നോ രണ്ടോ അല്ല 12 തെരഞ്ഞെടുപ്പുകളിലാണ് ഉമ്മന്‍ ചാണ്ടി ഇവിടുന്ന് ജയിച്ചത്. അദ്ദേഹം ഇവിടെ മാത്രമേ മത്സരിച്ചുള്ളൂ, ഒരിക്കല്‍പോലും തോറ്റുമില്ല. 2021-ലെ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ നേമം ബി.ജെ.പിയില്‍നിന്നു തിരിച്ചുപിടിക്കാന്‍ വലിയ നേതാവിനെ മത്സരിപ്പിക്കണമെന്ന ആലോചന വന്നു; അത് ഉമ്മന്‍ ചാണ്ടിയാകട്ടെ എന്ന വര്‍ത്തമാനങ്ങളും കോണ്‍ഗ്രസ്സിനുള്ളില്‍ സജീവമായി. അങ്ങനെയൊരു തീരുമാനം വന്നേക്കും എന്ന തോന്നലും ശക്തമായി. പക്ഷേ, പുതുപ്പള്ളിയില്‍നിന്നു മാറാനോ നേമത്തുകൂടി മത്സരിക്കാനോ ഉമ്മന്‍ ചാണ്ടി തയ്യാറായില്ല. ആ തെരഞ്ഞെടുപ്പില്‍ നേമത്തു മത്സരിച്ച വടകര എം.പി കെ. മുരളീധരനു ജയിച്ച ഇടതു മുന്നണി സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടിയേക്കാള്‍ 19,313 വോട്ടുകള്‍ കുറവായിരുന്നു. മൂന്നാം സ്ഥാനത്തു പോവുകയും ചെയ്തു. രണ്ടാം സ്ഥാനത്തെത്തിയത് ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജേശഖരനാണ്; അദ്ദേഹത്തിന് മുരളീധരനേക്കാള്‍ 15364 വോട്ടുകള്‍ അധികം കിട്ടി. പുതുപ്പള്ളിയില്‍ പന്ത്രണ്ടാം തവണ മത്സരിച്ച ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തില്‍ താഴെ മാത്രവും (9,044). എന്നുവച്ചാല്‍ ഇടതുമുന്നണിക്ക് ഭരണത്തുടര്‍ച്ച കിട്ടിയ തരംഗത്തില്‍ നേമം യു.ഡി.എഫിനു പാകമായിരുന്നില്ല.
ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിട്ടു വന്നിരുന്നെങ്കിലും തോല്‍വിക്കു സാധ്യത കൂടുതലുമായിരുന്നു. ഭരണമാറ്റം ഉണ്ടായാല്‍ ഉമ്മന്‍ ചാണ്ടി മൂന്നാംവട്ടം മുഖ്യമന്ത്രിയാകുന്നതിനു പകരം രമേശ് ചെന്നിത്തല വരണമെന്ന് ആഗ്രഹിച്ചവര്‍ കോണ്‍ഗ്രസ്സിലും യു.ഡി.എഫിലും ഉണ്ടായിരുന്നുതാനും. അവരുടെ ആ ആഗ്രഹം വോട്ടായതാണ് ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം കുത്തനെ കുറച്ചതിലെ പ്രധാന ഘടകം. ആ യാഥാര്‍ത്ഥ്യം ഉള്ളില്‍വെച്ച് തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ മെനയുമ്പോഴും ജെയ്ക് തോമസിന്റെ യൗവ്വനവും പോരാട്ടവീര്യവും സ്വീകാര്യതയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ജനം നല്‍കിയ പിന്തുണയുമാണ് ഉമ്മന്‍ ചാണ്ടിക്ക് ഭൂരിപക്ഷം കുറയാന്‍ കാരണമായതെന്നാണ് എല്‍.ഡി.എഫ് പുറമേ പ്രചരിപ്പിക്കുന്നത്. അത് അങ്ങനെ തന്നെ വേണം താനും; സംഗതി തെരഞ്ഞെടുപ്പു രാഷ്ട്രീയമാണ്, ഉപ തെരഞ്ഞെടുപ്പാണ്. മൂന്നാംവട്ടവും ജെയ്ക് തോമസിനെത്തന്നെ സ്ഥാനാര്‍ത്ഥിയാക്കി, ജയത്തിലേക്കാണ് അടുക്കുന്നത് എന്ന പ്രതീതി നിലനിര്‍ത്താന്‍ കിണഞ്ഞു ശ്രമിക്കുമ്പോള്‍ ഈ ക്യാംപെയ്നിലാണ് എല്‍.ഡി.എഫിന്റെ ഊന്നല്‍. മുന്നണിയെ നയിക്കുന്ന സി.പി.എം അന്നന്നത്തെ രാഷ്ട്രീയ ചലനങ്ങള്‍ക്കും യു.ഡി.എഫ് ക്യാമ്പിലെ പ്ലാനുകള്‍ക്കും തന്ത്ര കുതന്ത്രങ്ങള്‍ക്കുമൊപ്പിച്ച് മറുചലനങ്ങളും എതിര്‍ പ്ലാനുകളും മറുതന്ത്രകുതന്ത്രങ്ങളും മെനയുന്നത് സ്വാഭാവികം. പക്ഷേ, ഈ ഉപതെരഞ്ഞെടുപ്പിലുടനീളം താഴെ വയ്ക്കാതെ ഉയര്‍ത്തിപ്പിടിക്കാന്‍ അവര്‍ രൂപപ്പെടുത്തിയ മറ്റൊരു പ്ലാനുണ്ട്. അത് നിയോജക മണ്ഡലത്തിലെ വികസനം ചര്‍ച്ചയാക്കുക എന്നതാണ്. അന്നന്നത്തെ ഓളങ്ങള്‍ക്കൊപ്പമാണ് എന്ന് തോന്നിപ്പിക്കുമ്പോള്‍ത്തന്നെ ഈ ചര്‍ച്ചയില്‍നിന്ന് അവര്‍ പിന്നോട്ടു പോകുന്നേയില്ല. നിയോജക മണ്ഡലത്തില്‍നിന്നു മാറാതെ നില്‍ക്കുന്ന ടി.വി ചാനലുകള്‍ എട്ടു പഞ്ചായത്തുകളുടേയും മുക്കുമൂലകളില്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചകള്‍, വീടുവീടാന്തരം വിതരണം ചെയ്യുന്ന ലഘുലേഖ, നോട്ടീസ്, ഘടക കക്ഷികളുടെ പ്രാദേശിക നേതാക്കള്‍ മുതല്‍ സംസ്ഥാന നേതാക്കളും മുഖ്യമന്ത്രിയും വരെ പങ്കെടുക്കുന്ന നൂറുകണക്കിനു പൊതുപരിപാടികള്‍: എല്ലാത്തിലും വികസനം ചര്‍ച്ചയാക്കുന്നു. രണ്ടാണ് ലക്ഷ്യം: ഒന്ന്, ഉമ്മന്‍ ചാണ്ടിയോടുള്ള സ്‌നേഹാദരങ്ങളും ഒരു വിഭാഗം മാധ്യമങ്ങള്‍ സജീവമായി നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ഉമ്മന്‍ ചാണ്ടി പ്രഭാവവും പ്രചാരണ രംഗത്തു പിന്നിലാക്കുക. രണ്ട്, അരനൂറ്റാണ്ട് മണ്ഡലത്തെ പ്രതിനിധീകരിച്ച ഉമ്മന്‍ ചാണ്ടി പലവട്ടം മന്ത്രിയും യു.ഡി.എഫ് സര്‍ക്കാരിനെ നിയന്ത്രിച്ച മുന്നണി കണ്‍വീനറും രണ്ടുവട്ടം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നിട്ടും അതിനൊത്ത വികസനം പുതുപ്പള്ളിക്ക് ഉണ്ടായിട്ടില്ല എന്നു വരുത്തുക. എട്ടില്‍ ആറ് പഞ്ചായത്തുകളും ഭരിക്കുന്ന എല്‍.ഡി.എഫ്, പ്രാദേശികമായി തങ്ങളുടെ ഭരണസമിതികള്‍ അവിടെയൊക്കെ കൊണ്ടുവന്ന വികസനത്തിന് ആനുപാതിക വികസനം മണ്ഡലത്തില്‍ പൊതുവായി ഉണ്ടായോ എന്ന ചോദ്യം സജീവമാക്കി നിര്‍ത്താനാണ് ശ്രമിക്കുന്നത്. ഇത്തവണ ജെയ്ക് തോമസിനെ ജയിപ്പിച്ചാല്‍ രണ്ടര വര്‍ഷത്തിലധികം ബാക്കിയുള്ള സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന എം.എല്‍.എയെ കിട്ടും; പുതുപ്പള്ളിയുടെ മുഖച്ഛായ മാറ്റുന്ന വികസനകാലം വരാനിരിക്കുന്നു. ഇതാണ് വാദം. ഭരണപക്ഷ എം.എല്‍.എ വേണോ പ്രതിപക്ഷ എം.എല്‍.എ വേണോ എന്ന ചോദ്യം തന്നെയാണിത്.
ഉമ്മന്‍ ചാണ്ടിയുടെ കല്ലറയേയും അവിടുത്തെ സന്ദര്‍ശകരേയും അവരുടെ വൈകാരിക പ്രകടനങ്ങളെയുമൊക്കെ യു.ഡി.എഫ് പ്രചാരണ മധ്യത്തില്‍ നിര്‍ത്താന്‍ തുടക്കത്തില്‍ ശ്രമിച്ചിരുന്നു. വിശ്വാസത്തെ ചോദ്യം ചെയ്തില്ലെങ്കിലും ഉമ്മന്‍ ചാണ്ടിയെ പുണ്യാളനാക്കാനുള്ള ശ്രമത്തെ ഇടതുപക്ഷ കേന്ദ്രങ്ങള്‍ പരിഹസിക്കാതിരുന്നില്ല. സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറഞ്ഞു. പക്ഷേ, സഹതാപം വോട്ടാക്കി മാറ്റാനുള്ള ശ്രമത്തെ നേരിട്ടെതിര്‍ക്കുന്ന രീതി വളരെ വേഗം തന്നെ അവര്‍ അവസാനിപ്പിച്ചു. വികസന സംവാദത്തിനു വരൂ എന്ന ക്ഷണമാണ് പകരമുണ്ടായത്. സംവാദത്തിനു പോകാന്‍ യു.ഡി.എഫ് തയ്യാറാകാത്തത് എല്‍.ഡി.എഫിന് ആയുധവുമായി. സ്വന്തം നിലയില്‍ സംവാദ സദസ്സുകള്‍ സംഘടിപ്പിച്ച് പറയാനുള്ളതത്രയും പറഞ്ഞു തീര്‍ക്കുകയാണ് എല്‍.ഡി.എഫ്.
പിടികൊടുക്കാതെ യു.ഡി.എഫ്
പുതുപ്പള്ളി, പാമ്പാടി, മണര്‍കാട്, കൂരോപ്പട, വാകത്താനം, അകലക്കുന്നം, അയര്‍ക്കുന്നം, മീനടം പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ അയര്‍ക്കുന്നവും മീനടവും ഒഴികെ എല്ലാം എല്‍.ഡി.എഫ് ഭരണത്തില്‍. അതൊരു വലിയ കാര്യമായി കോണ്‍ഗ്രസ്സോ യു.ഡി.എഫോ കാണുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണവും അവ ഉള്‍പ്പെട്ട നിയമസഭാ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധിയുടെ രാഷ്ട്രീയവും വ്യത്യസ്തമായ സ്ഥലങ്ങള്‍ വേറെയുമുണ്ട്. കേരളത്തിലെ 20-ല്‍ 19 ലോക്സഭാ എം.പിമാരും യു.ഡി.എഫുകാരാണ്; പക്ഷേ, അവര്‍ ജയിച്ച 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന 2020-ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കാണ് മുന്‍തൂക്കം കിട്ടിയത്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു ഭരണത്തുടര്‍ച്ച കിട്ടുകയും ചെയ്തു. ലോക്സഭാ, നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയ വിഷയങ്ങളും വോട്ടര്‍മാരുടെ തീരുമാനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളും വ്യത്യസ്തമാണ്. അതുകൊണ്ട് പഞ്ചായത്ത് ഭരണവും പുതുപ്പള്ളി തെരഞ്ഞെടുപ്പും ചേര്‍ത്തു പറയുന്നതു മാത്രമല്ല, അതു വിശദീകരിക്കുന്നതും സമയം നഷ്ടപ്പെടുത്തലായാണ് യു.ഡി.എഫ് കാണുന്നത്.
പക്ഷേ, വികസനത്തിലേക്കു ചര്‍ച്ച കൊണ്ടുപോകുന്നതില്‍ യു.ഡി.എഫ് വലിയ താല്പര്യം കാണിക്കുന്നില്ല എന്നതൊരു സത്യമാണ്. അതില്‍ അവര്‍ക്ക് അവരുടേതായ കൃത്യമായ കാരണങ്ങളുമുണ്ട്. ആ കാരണങ്ങള്‍ ഒരു തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് വിശദീകരിക്കാതിരിക്കാനുള്ള ബുദ്ധിയുമുണ്ട്. ഒന്നാമതായി, ഉമ്മന്‍ ചാണ്ടിയെപ്പോലെ ഒരു വലിയ ജനകീയ നേതാവ് മരിച്ച് ആഴ്ചകള്‍ക്കകം നടക്കുന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകന്‍ മത്സരിക്കുമ്പോള്‍ ആ വിയോഗത്തിന്റെ വൈകാരികത വോട്ടായി മാറുക തന്നെ ചെയ്യും എന്ന് അവര്‍ ഉറപ്പായും കണക്കു കൂട്ടുന്നു.
ഈ തെരഞ്ഞെടുപ്പില്‍ 'വെറുതെ നിന്നുകൊടുത്താലും' ജയിക്കാന്‍ കഴിയുന്ന മൂലധനമാണ് ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ എന്നതില്‍ കോണ്‍ഗ്രസ്സിന്റേയോ ഘടക കക്ഷികളുടേയോ ഒരു നേതാവിനും സംശയവുമില്ല. കോട്ടയം ഡി.സി.സിയിലെ മുതിര്‍ന്ന നേതാക്കളിലൊരാള്‍ തന്നെ ഉദ്ധരിക്കരുത് എന്ന നിബന്ധനയില്‍ തുറന്നു പറയുകയും ചെയ്തു: ''ഉമ്മന്‍ ചാണ്ടി സാറ് മരിച്ചു തലയ്ക്കും മുകളീ നില്‍ക്കുന്ന ഈ സമയത്ത് വേറെയൊന്നും വേണ്ട ജയിക്കാന്‍; അതങ്ങു നടന്നോളും.'' മരിച്ച് അധികകാലമായിട്ടില്ലാത്ത പ്രിയപ്പെട്ടവരെക്കുറിച്ച് കോട്ടയത്തൊക്കെ പറയുന്നതാണ് ''മരിച്ചു തലയ്ക്കുംമുകളില്‍ നില്‍ക്കുന്നു'' എന്ന ഈ വൈകാരിക പ്രയോഗം. അതിനിടയില്‍, സി.പി.എമ്മിന്റെ അജന്‍ഡയ്‌ക്കൊപ്പിച്ച് വികസന സംവാദത്തിനു തലവെച്ചു കൊടുക്കുന്നത് അബദ്ധമല്ല അനാവശ്യമാണെന്ന് യു.ഡി.എഫിനു സംശയമില്ല. പക്ഷേ, സഹതാപത്തില്‍നിന്നു രാഷ്ട്രീയ വിഷയങ്ങളിലേക്കും വികസന ചര്‍ച്ചയിലേക്കും കാര്യങ്ങളെ മാറ്റാന്‍ എല്‍.ഡി.എഫിനു കുറേയൊക്കെ കഴിഞ്ഞു എന്ന് അവര്‍ തിരിച്ചറിയുന്നുണ്ട്. സാധാരണ കോണ്‍ഗ്രസ്സുകാരോടു ചോദിച്ചാല്‍ അവരതു തുറന്നു സമ്മതിക്കും. പക്ഷേ, ചര്‍ച്ചയും പ്രചാരണവും അങ്ങനെ വഴിമാറിപ്പോയാല്‍പോലും ചാണ്ടി ഉമ്മനു ജയിക്കാന്‍ കഴിയുന്ന വിധം ശക്തമായ ഉമ്മന്‍ ചാണ്ടി വികാരം മണ്ഡലത്തിലുണ്ട്. അതൊരു സത്യമാണ്. എന്നിട്ടും ഉമ്മന്‍ ചാണ്ടി വികാരവും ഇടതു സര്‍ക്കാര്‍ വിരുദ്ധ വികാരവും കൃത്രിമമായി ഉണ്ടാക്കാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന ശ്രമങ്ങള്‍ അവര്‍ക്കു തന്നെ തിരിച്ചടിയും എല്‍.ഡി.എഫിന് അനുകൂലവുമായി മാറുന്നു. പി.ഒ. സതിയമ്മ എന്ന കുടുംബിനിക്ക് വെറ്ററിനറി ആശുപത്രിയിലെ താല്‍ക്കാലിക ജോലി നഷ്ടപ്പെട്ടത് ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് നല്ലത് പറഞ്ഞതിനാണ് എന്ന പ്രചാരണം പൊളിഞ്ഞത് ഉദാഹരണം. കോട്ടയം എം.എല്‍.എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ആ പ്രചാരണം തുടങ്ങിവച്ചത്. തിരുവഞ്ചൂരും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉള്‍പ്പെടെ സതിയമ്മയുടെ വീട്ടിലെത്തി പിന്തുണയും പ്രഖ്യാപിച്ചു. പക്ഷേ, ലിജി മോള്‍ എന്ന ജീവനക്കാരിയുടെ ജോലിയും ശമ്പളവും ആളുമാറി തട്ടിയെടുത്തതിനാണ് സതിയമ്മയെ പിരിച്ചുവിട്ടത് എന്ന് മന്ത്രി ജെ. ചിഞ്ചുറാണി വസ്തുതകള്‍വെച്ച് പറഞ്ഞു. സതിയമ്മയ്‌ക്കെതിരെ ലിജി മോള്‍ പൊലീസിനു പരാതിയും കൊടുത്തു. ഇതോടെ തിരുവഞ്ചൂരും അദ്ദേഹത്തെ വിശ്വസിച്ച് സതിയമ്മ വിഷയം ഏറ്റെടുത്തവരും വെട്ടിലായി. നാട്ടുകാരുടെ പ്രതികരണത്തിലുണ്ട് അത്. മണ്ഡലത്തിലൊരിടത്തെ പെട്രോള്‍ പമ്പിലെ മുതിര്‍ന്ന ജീവനക്കാരനോട് സംസാരത്തിനിടെ ഞങ്ങള്‍ ഈ കാര്യം ചോദിച്ചു. ''വല്ല കാര്യവുമുണ്ടോ വേണ്ടാത്ത പ്രശ്‌നം കേറിപ്പിടിക്കാന്‍. എന്നിട്ട് ഇപ്പോ നാറിപ്പോയില്ലേ?'' എന്നായിരുന്നു പ്രതികരണം. താന്‍ ഇവിടെത്തന്നെയുള്ള ആളാണെന്നും ജയിക്കാനുള്ള വഴികള്‍ കോണ്‍ഗ്രസ്സുകാരായിട്ട് കല്ലുവച്ച് അടയ്ക്കുകയാണെന്നും കൂടി പറഞ്ഞു അദ്ദേഹം.
തുടക്കത്തിലെ അമിത ആത്മവിശ്വാസത്തില്‍ നിന്ന് ഒരടിയും പിന്നോട്ടു നിന്നല്ല കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിക്കുന്നത്. ആ കാര്യത്തില്‍ പ്രാദേശിക നേതാക്കള്‍ മുതല്‍ പ്രതിപക്ഷ നേതാവും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വരെ കട്ടയ്ക്കാണ് നില്‍ക്കുന്നത്. ആത്മവിശ്വാസ പ്രകടനത്തില്‍ ഇടതുനേതാക്കളോടു മത്സരിക്കുകയാണെന്നു തോന്നിപ്പോകും. പക്ഷേ, പ്രമുഖ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളായ നിബു ജോണും ഫില്‍സണ്‍ മാത്യൂസും ഇടംതിരിഞ്ഞു നില്‍ക്കുന്നു എന്നു തുടക്കത്തില്‍ വന്ന വാര്‍ത്തകള്‍ കോണ്‍ഗ്രസിനെ കാര്യമായിത്തന്നെ ബാധിച്ചിരുന്നു. രണ്ടെങ്കില്‍ രണ്ടു ദിവസം കോണ്‍ഗ്രസ് ക്യാമ്പ് പതറുക തന്നെ ചെയ്തു. ഉമ്മന്‍ ചാണ്ടിയുടെ മകന് സീറ്റു കൊടുക്കുന്നതിലെ പ്രതിഷേധം പ്രകടിപ്പിക്കാന്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാവുക എന്ന കടുത്ത തീരുമാനത്തിനുവരെ നിബു ജോണ്‍ തയ്യാറാകുമെന്ന് വന്നിരുന്നു. ഒടുവില്‍ നിബു ജോണ്‍ തന്നെ മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്ന് അങ്ങനെയൊരു ആലോചനയില്ലെന്നു വിശദീകരിച്ചു. പക്ഷേ, സ്വതന്ത്രനായി മത്സരിക്കാനാണെങ്കിലും അതല്ല കോണ്‍ഗ്രസ് നേതൃത്വത്തെ ഒന്നു വിരട്ടാനാണെങ്കിലും ചില ആശയ വിനിമയങ്ങളൊക്കെ നടന്നു എന്നത് സത്യമാണ്. കടുത്ത തീരുമാനമെടുക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ രണ്ടു പേര്‍ക്കും സംസ്ഥാന നേതൃത്വം എന്ത് വാഗ്ദാനമോ ഉറപ്പോ ആണ് നല്‍കിയത് എന്ന് അറിയില്ല. പക്ഷേ, നിബു ജോണും ഫില്‍സണ്‍ മാത്യൂസും രംഗത്തുണ്ട്. സംസ്ഥാന നേതാക്കള്‍ ടി.വി ചാനലുകളോടു സംസാരിക്കുമ്പോള്‍ ഒരു ചാനലിന്റെ മൈക്ക് നേതാവിന്റെ സൗകര്യത്തിനു പിടിച്ചുകൊടുക്കുന്ന ഫില്‍സണ്‍ മാത്യൂസിന്റെ ചിത്രം കഴിഞ്ഞ ദിവസം എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ 'സഹതാപത്തോടെ' സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.
പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുന:സംഘടിപ്പിച്ചത്. രമേശ് ചെന്നിത്തല സ്ഥിരം ക്ഷണിതാവ് മാത്രവും ശശി തരൂര്‍ അംഗവുമായ പുന:സ്സംഘടന. അത് രമേശ് രമേശ് ചെന്നിത്തലയെ പ്രകോപിപ്പിച്ചത് സ്വാഭാവികം. പത്തൊന്‍പത് വര്‍ഷം മുന്‍പ് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായ നേതാവാണ് ചെന്നിത്തല. അതിനുശേഷം എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും കെ.പി.സി.സി പ്രസിഡന്റും ആഭ്യന്തര മന്ത്രിയും പ്രതിപക്ഷ നേതാവുമായി. പക്ഷേ, 2009-ലെ തെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ്സില്‍ വന്ന ശശി തരൂര്‍ പ്രവര്‍ത്തക സമിതി അംഗം. ഇത് അനീതിയാണെന്നു പ്രചരിപ്പിച്ചത് ചെന്നിത്തലയുമായി അടുപ്പമുള്ള നേതാക്കള്‍ തന്നെയാണ്. രമേശ് പരസ്യമായി പ്രതികരിച്ചില്ലെന്നു മാത്രം. എ.ഐ.സി.സി അധ്യക്ഷനായി മത്സരിച്ച ശശി തരൂര്‍ തോറ്റെങ്കിലും കോണ്‍ഗ്രസ്സിലെ പുതുതലമുറയ്ക്ക് ദേശീയതലത്തില്‍ത്തന്നെ പ്രിയങ്കരനാണ്. ബി.ജെ.പിയില്‍ പോകുമെന്ന് പ്രചരിച്ചെങ്കിലും അദ്ദേഹത്തിന്റെ മതനിരപേക്ഷ പ്രതിബദ്ധതയില്‍ സംശയമുണ്ടാക്കുന്ന ഒരു വാക്കും പ്രവൃത്തിയും ഉണ്ടായിട്ടുമില്ല. എങ്കിലും കോണ്‍ഗ്രസ് പശ്ചാത്തലത്തിന്റെ കാര്യത്തില്‍ രമേശ് ചെന്നിത്തലയുമായി താരതമ്യമില്ല എന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടത്. അത്തരം താരതമ്യത്തില്‍ കഴമ്പില്ലെന്നും തരൂരും രമേശും പാര്‍ട്ടിക്കു വേണ്ടവര്‍ തന്നെയാണെന്നുമുള്ള നിലപാടിലാണ് ഹൈക്കമാന്റ്. അതുകൊണ്ടാണ് രമേശിനെ അനുനയിപ്പിക്കാന്‍ പാക്കേജ് രൂപപ്പെടുന്നത്. പുതുപ്പള്ളി മണ്ഡലത്തിലെ കോണ്‍ഗ്രസ് നായര്‍ വോട്ടുകള്‍ എതിരാകാന്‍ രമേശിനെ 'ഒതുക്കിയ' നടപടി കാരണമാകും എന്നു സമ്മതിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറല്ല. പക്ഷേ, അങ്ങനെ സംഭവിക്കാതിരിക്കാന്‍ കൂടിയാണ് അനുനയ നീക്കം എന്നതാണ് സത്യം.
സംഖ്യകള്‍ പറയുന്നതെന്ത്?
പ്രചാരണ രംഗത്ത് പ്രധാന നേതാക്കളെ ഇറക്കി സാന്നിധ്യം ശക്തമായി അറിയിക്കുന്നുണ്ട് എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കൂടി ആയതുകൊണ്ട് പ്രാദേശിക നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയിലാണ് ലിജിന്‍ മത്സരിച്ചത്. പ്രചാരണ രംഗത്ത് ബി.ജെ.പി എത്രയധികം സാന്നിധ്യം അറിച്ചാലും പ്രധാന മത്സരം യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ്. ത്രികോണ മല്‍സരത്തിന്റെ സംഘടനാ ബലമോ സ്ഥാനാര്‍ത്ഥിമികവോ ബി.ജെ.പി അവകാശപ്പെടുന്നുമില്ല; രാഷ്ട്രീയമായുമില്ല അത്തരമൊരു സാഹചര്യം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി എന്‍. ഹരിക്കു കിട്ടിയത് 11694 വോട്ടുകളാണ്. 8.87 ശതമാനം. ഉമ്മന്‍ ചാണ്ടിക്ക് 63372 വോട്ടുകളും ജെയ്ക് തോമസിന് 54328 വോട്ടുകളുമാണ് അന്നു കിട്ടിയത്. തൊട്ടുമുന്‍പ് 2016-ല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ജോര്‍ജ്ജ് കുര്യന് 15993 വോട്ടുകള്‍ കിട്ടി; 12.0 ശതമാനം. അന്ന് ഉമ്മന്‍ ചാണ്ടിക്ക് 71597-ഉം ജെയ്ക് തോമസിന് 44505-ഉം വോട്ടുകള്‍ കിട്ടി. അതായത് യു.ഡി.എഫിനു 2021-ല്‍ 2016 ലേക്കാള്‍ വോട്ട് കുറയുകയും എല്‍.ഡി.എഫിനു കുത്തനെ കൂടുകയും ചെയ്തപ്പോള്‍ ബി.ജെ.പിക്ക് കുറയുകയാണ് ചെയ്തത്. 2011-ല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി പി. സുനില്‍കുമാര്‍ 5.71 ശതമാനം വോട്ടുകള്‍ മാത്രം നേടിയിടത്താണ് അഞ്ചു വര്‍ഷം കഴിഞ്ഞ് ജോര്‍ജ്ജ് കുര്യന്‍ 12 ശതമാനമായി ഉയര്‍ത്തിയത്. അത് അടുത്ത അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ മുകളിലേക്കല്ല താഴേയ്ക്കാണ് പോയത്.
കടുത്തുരുത്തിയില്‍ മത്സരിച്ചപ്പോള്‍ ലിജിന്‍ ലാലിനു കിട്ടിയത് 11670 വോട്ടുകള്‍, 8.8 ശതമാനം. തൊട്ടു മുന്‍പ് 2016-ല്‍ അവിടെ സ്റ്റീഫന്‍ ചാഴികാടന്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ കിട്ടിയ 17536 വോട്ടുകളേക്കാള്‍ 5866 വോട്ടുകള്‍ കുറവ്. കടുത്തുരുത്തിയും പുതുപ്പള്ളിയും വെവ്വേറെ സാഹചര്യങ്ങളുള്ള മണ്ഡലങ്ങളാണ്; നിലവിലെ തെരഞ്ഞെടുപ്പു പശ്ചാത്തലവും വ്യത്യസ്തമാണ്. ഇതേ വ്യക്തി അവിടെ മത്സരിച്ചപ്പോള്‍ കിട്ടിയതുമായി മാത്രമല്ല ഈ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ മറ്റു സ്ഥാനാര്‍ത്ഥികള്‍ക്കു മറ്റു സാഹചര്യങ്ങളില്‍ കിട്ടിയതുമായുള്ള താരതമ്യവും അക്കങ്ങള്‍ക്കപ്പുറം പ്രസക്തമാകണമെന്നില്ല. പക്ഷേ, തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ അത്തരം കണക്കുകളും ചര്‍ച്ചയാകും, വിശകലനങ്ങളില്‍ വരികയും ചെയ്യും. അതുകൊണ്ടാണല്ലോ ജെയ്ക് തോമസ് ഉമ്മന്‍ ചാണ്ടിയെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെള്ളം കുടിപ്പിച്ചു എന്ന് എല്‍.ഡി.എഫ് പറയുന്നതും അന്നത്തെ പതിനായിരത്തില്‍ താഴ്ന്ന ഭൂരിപക്ഷം അതിനു തെളിവായി ഉയര്‍ത്തിക്കാണിക്കുന്നതും.
ആരാണെങ്കിലും രാഷ്ട്രീയ താരം
ഒരു സീറ്റിലെ ഏറ്റക്കുറച്ചിലുകള്‍ കോണ്‍ഗ്രസിനും സി.പി.എമ്മിനും യു.ഡി.എഫിനും എല്‍.ഡി.എഫിനും നേട്ടമോ ആഘാതമോ ആകില്ലെന്നു പറഞ്ഞല്ലോ. പക്ഷേ, യു.ഡി.എഫിനു ജയിച്ചേ പറ്റൂ എന്നതും എല്‍.ഡി.എഫിന് ജയിച്ചാല്‍ ബമ്പറടിക്കുന്ന ഫലമാകും എന്നതും കൂടി അതിനൊപ്പം പറയേണ്ട വസ്തുതയാണ്. അതെന്തായാലും സെപ്റ്റംബര്‍ അഞ്ചിലെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തില്‍ പുതിയ ഒരു രാഷ്ട്രീയ താരത്തിന്റെ ഉദയത്തിന് ഇടയാക്കും. ചാണ്ടി ഉമ്മനും ജെയ്ക് തോമസും ചെറുപ്പക്കാരാണ്. പക്ഷേ, അവരുടെ പാര്‍ട്ടികളുടെ രീതികള്‍ പാടേ വ്യത്യസ്തം. ചാണ്ടി ഉമ്മനു തോറ്റാല്‍ തിരിച്ചുവരവ് എളുപ്പമാകണമെന്നില്ല. രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്രയില്‍ 4000 കിലോമീറ്റര്‍ നടന്നതൊക്കെ ഒരൊറ്റ തോല്‍വികൊണ്ട് നിഷ്പ്രഭമാകുന്ന പാര്‍ട്ടി സംവിധാനമാണ് കോണ്‍ഗ്രസ്സിന്റേത്. ജയിച്ചാല്‍ കോണ്‍ഗ്രസ്സിലെ പുതിയ അധികാര കേന്ദ്രമായി അതിവേഗം മാറാനും ഇതേ സംഘടനാ സംവിധാനം വഴിയൊരുക്കും. ജെയ്ക് തോമസ് തോറ്റാല്‍ ജയിക്കാനും വളരാനും ഇനിയും അവസരങ്ങള്‍ നല്‍കുന്ന സംഘടനാ സംവിധാനമാണ് സി.പി.എമ്മിന്റേത്. മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ത്തന്നെ ജെയ്ക്കിനു പുതിയ ഊഴം കിട്ടുകയും ചെയ്‌തേക്കും. ജയിച്ചാലോ; പുതുപ്പള്ളിയുടെ പേരിനൊപ്പം തികച്ചും വ്യത്യസ്തമായ പുതിയ പേരും രാഷ്ട്രീയവും ചേര്‍ത്തതിന്റെ ക്രെഡിറ്റ്.
കേരളത്തിന് സെപ്റ്റംബര്‍ ഏഴിന്റെ ഫലത്തില്‍ നല്ല ആകാംക്ഷയുണ്ട്.
ഈ റിപ്പോർട്ട് കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക