'ഇവിടെയുണ്ട്' എന്നല്ല, 'ഇവിടെത്തന്നെയുണ്ട്' എന്ന ഉറപ്പ് 

By താഹ മാടായി  |   Published: 13th April 2022 11:30 AM  |  

Last Updated: 13th April 2022 11:30 AM  |   A+A-   |  

thaha_madayi_copy

 

'ലൗ ജിഹാദ് ഒരു നിര്‍മ്മിത കള്ളമാണ്' എന്ന് സര്‍ക്കുലറിലൂടെ ഡിവൈഎഫ്‌ഐ പാര്‍ട്ടിയെ തിരുത്തുകയാണ്. പറയേണ്ടത് ഒട്ടും നീട്ടിവെച്ചില്ല. ഡിവൈഎഫ്‌ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി ഷെജിനും ജ്യോത്സനയും തമ്മിലെ വിവാഹത്തെ പൊതു സമൂഹത്തിന് മുന്നില്‍ രാഷ്ട്രീയമായി റദ്ദാക്കാനുള്ള പാര്‍ട്ടി പ്രാദേശിക ഘടകത്തിന്റെ തീരുമാനത്തിനെതിരെ ഡിവൈഎഫ്‌ഐ അങ്ങനെ പ്രതിരോധ വലയം തീര്‍ക്കുന്നു. െ്രെകസ്തവ / സംഘ് പരിവാര്‍ പ്രണയ വിരുദ്ധചാലക/ സെക്കുലര്‍ വിരുദ്ധ ചാലകശക്തിക്കെതിരെ പൊതു സമൂഹത്തെ ഉണര്‍ത്തേണ്ട സന്ദര്‍ഭത്തില്‍, ഡിവൈഎഫ്‌ഐ മുന്നില്‍ നില്‍ക്കുന്നത് പ്രതീക്ഷയാണ്. നമ്മുടെ സാമ്പ്രദായിക കുടുംബ സംവിധാനങ്ങളും കാരണവ / സമുദായ മന:സ്ഥിതിക്കാരും ഈ വിഷയത്തില്‍ ഡിവൈഎഫ്‌ഐയെ തള്ളിപ്പറയാനിടയുണ്ട്.

പ്രണയം/പ്രളയം/കോവിഡ്  ഇങ്ങനെ ഒരേ കാലം പല അനുഭവ കാലങ്ങളിലൂടെ മലയാളികള്‍ കടന്നു പോയി. ഡിവൈഎഫ്‌ഐ അനുഭവപ്പെടുത്തിയ വ്യക്തിപരമായ അനുഭവങ്ങളെ വിശദീകരിക്കുകയാണ് ഈ കുറിപ്പില്‍. ഓര്‍മ, ജീവിതത്തെ സൈദ്ധാന്തികമായി മാത്രമല്ല വിശദീകരിക്കുന്നത്.

പ്രളയകാലം അനുഭവ രാഹിത്യമുള്ള ജനത എന്ന ആക്ഷേപത്തില്‍ നിന്ന് മലയാളികളെ വിമോചിപ്പിച്ചു. പ്രകൃതിക്ക് അങ്ങനെ ചില വിമോചക ധര്‍മ്മങ്ങളുണ്ട്. മലയാളികള്‍, വളരെ രസകരമായി കുടിച്ചാറാടുന്ന മലയാളികള്‍, പ്രളയം വന്നപ്പോള്‍ പ്രകൃതിക്ക് / മഴയ്ക്ക് / ജലത്തിന് ഇങ്ങനെയുമൊരു ലഹരിയുണ്ടെന്ന് മനസ്സിലാക്കി. പ്രളയം നേരിട്ടു ബാധിച്ച ഒരു ദേശമല്ല, മാടായി. പക്ഷെ, കേരളത്തെ പരസ്പരം പ്രചോദിപ്പിച്ച മാനുഷികതയുടെ തുടര്‍ക്കണ്ണികളില്‍ ഇവിടെയുള്ള ഡി.വൈ.എഫ് സഖാക്കള്‍ രാപകലില്ലാതെ ഇടപെട്ടു. എന്നാല്‍, വ്യക്തിപരമായ ഒരു ഓര്‍മ്മയുടെ പങ്കിടലാണിത്. ആ പ്രളയ നാളുകളിലൊരു ദിവസം, മാടായിയില്‍ നിന്ന് കണ്ണൂരിലേക്കുള്ള ബസ് യാത്രയ്ക്കിടയില്‍, പഴയങ്ങാടി ബസ് സ്റ്റാന്‍ഡില്‍ ഒരു ചെറുപ്പക്കാരന്‍ വീണു കിടക്കുന്നതു കണ്ടു. അടുത്ത്, ജീവിതത്തിന്റെ കഷ്ണം പോലെ, ഒരു പ്ലാസ്റ്റിക് കവറും. നല്ല തിരക്കുള്ള ആ അങ്ങാടിയില്‍ നിരാലംബനായി ഒരാള്‍ കിടക്കുന്നു. അയാള്‍ തളര്‍ന്നു വീണതാണോ? മദ്യപിച്ചു 'പൂസായി' വീണതാണോ?ബസ്സില്‍ നിന്നിറങ്ങാതെ (അതില്‍ ദുഃഖിച്ച്, എന്നാല്‍ ബസ്സില്‍ നിന്നിറങ്ങാതെ!) അറിയാവുന്ന രണ്ടു ചെറുപ്പക്കാരായ സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചു. രൊള്‍, ഡി.വൈ.എഫ്.ഐ സഖാവായിരുന്നു. മറ്റൊരാള്‍, ഒരു 'പൊതു' പ്രവര്‍ത്തകന്‍. രണ്ടു പേരോടും ആ മനുഷ്യന്‍ വീണുകിടക്കുന്ന സ്ഥലം കൃത്യമായി പറഞ്ഞ്, പെട്ടെന്ന് സഹായം എത്തണമെന്ന് അപേക്ഷിച്ചു.

ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഡി.വൈ.എഫ് സഖാവ് തിരിച്ചു വിളിച്ചു. വീട്ടിലേക്ക് മീന്‍ വാങ്ങി തിരിച്ചു പോകുമ്പോള്‍ തല കറക്കം വന്നു വീണതാണ്. അയാളെ ആശുപത്രിയില്‍ കാണിച്ച്, ആവശ്യമായ ചികിത്സ നല്‍കി വീട്ടില്‍ കൊണ്ടാക്കി.

പൊതുപ്രവര്‍ത്തകനെ വൈകീട്ട് വെറുതെ അങ്ങോട്ടുവിളിച്ചു. അയാള്‍ അങ്ങോട്ടെന്തെങ്കിലും ചോദിക്കും മുമ്പേ പറഞ്ഞു:
'ഓ, രാവിലെ ഒരു കാര്യം പറഞ്ഞിരുന്നല്ലൊ. മറന്നു പോയി'.

ഡി.വൈ.എഫ് ഓര്‍മ്മയുടെ തല്‍സമയ ഇടപെടലാണ്. 'മറന്നു പോയി' എന്നു പറയില്ല.

കോവിഡ് കാലത്ത് സാമൂഹ്യ അടുക്കളയില്‍ സജീവമായി കൊണ്ടു നടന്ന ഡിവൈ.എഫ്.ഐ സഖാക്കള്‍എത്രയോ ഉണ്ട്. അതിലൊരു പ്രിയ സുഹൃത്തിനോട് സഖാവ് പി.പി.രാജീവനോട് പറഞ്ഞു:

'ഒരു ചാക്ക് അരി ഞാന്‍ തരും.'

സത്യത്തില്‍ ,ആ വാഗ്ദാനം ഞാന്‍ നിറവേറ്റിയില്ല. അത് മറന്നു പോയി. ( ബസ്സില്‍ നിന്നിറങ്ങാത്ത ആ ഞാന്‍! ) അതില്‍ ഇപ്പോള്‍ കുറ്റബോധമുണ്ട്. എന്നാല്‍, അവര്‍ എത്രയോ പേര്‍ക്ക് അന്നം നല്‍കി ആഗോള ദുരന്ത നാളുകളില്‍ അവരുടെ വാഗ്ദാനങ്ങള്‍ നിശ്ശബ്ദമായി നിറവേറ്റി.

പാലിക്കപ്പെടുന്ന രാഷ്ട്രീയ വാഗ്ദാനങ്ങള്‍ ഒരു നിത്യ പ്രചോദനമാണ്. സ്തംഭിക്കുമ്പോള്‍ ചലിപ്പിക്കുന്ന, തളര്‍ന്നു വീഴുമ്പോള്‍ പിടിച്ചെഴുന്നേല്‍പിക്കുന്ന ജാഗ്രത. 'ഇവിടെയുണ്ട് ' എന്നു പറയാനെളുപ്പമാണ്. എന്നാല്‍, 'ഇവിടെത്തന്നെയുണ്ട്' എന്ന ഉറപ്പ് ഡി.വൈഎഫ്.ഐ പാലിക്കുന്നു. അപ്പോള്‍ തന്നെ ഡി.വൈ എഫ്.ഐയെ പല സന്ദര്‍ഭങ്ങളിലും വിമര്‍ശിച്ചിട്ടുമുണ്ട്. അത് അവര്‍ 'വായിച്ചിട്ടുണ്ട്.

ഈ ലേഖനം കൂടി വായിക്കൂ

'പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്നിടത്താണ് കോണ്‍ഗ്രസ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്'

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ