Crime Story
The gripping account of how Kerala Police cracked a notorious vehicle theft series, narrated by former Crime Branch SP, P P Sadanandan.Samakalika malayalam

എവിടെയോ മറയുന്ന വാഹനങ്ങൾ

കേരളത്തിൽ ജനങ്ങൾക്കും പൊലീസിനും തലവേദന സൃഷ്ടിച്ച വാഹനമോഷണ പരമ്പരയുടെ പിന്നിലുള്ളവരെ പിടികൂടിയ കഥ ഓർമ്മിക്കുകയാണ് ക്രൈംബ്രാഞ്ച് മുൻ എസ് പി, പി പി സദാനന്ദൻ എഴുതുന്ന കേസ് അന്വേഷണ അനുഭവങ്ങളിൽ "സത്യത്തി​ന്റെ സാക്ഷി" മൂന്നാം ഭാ​ഗം
Published on

ഒരുകാലത്ത് പൊലീസിന് ഏറ്റവും തലവേദന സൃഷ്ടിച്ച കുറ്റകൃത്യമായിരുന്നു വാഹനമോഷണങ്ങളുടെ പരമ്പരകൾ. വീട്ടുമുറ്റത്തും നിരത്തിലും നിർത്തിയിടുന്ന വാഹനങ്ങൾ രാവ് ഇരുട്ടി വെളുക്കുമ്പോൾ എവിടെയോ പോയി മറയുന്നു. പുതുപുത്തൻ വാഹനങ്ങളെ മോഷ്ടാക്കൾ കിടത്തിയുറക്കാത്ത ഒരുകാലമായിരുന്നു ഇന്ത്യയിലെങ്ങും. പുതിയ വാഹനം വാങ്ങി നഷ്ടപ്പെട്ടവരുടെ കണ്ണീർ പതിവ് കാഴ്ചയായിരുന്നു.

ഇന്ന് അതിന് ഏറെക്കുറെ അറുതിവന്നത് വലിയ പ്രതിസന്ധികൾ നേരിട്ട് റിസ്‌ക്കുകൾ എടുത്ത് വിദൂര സംസ്ഥാനങ്ങളിലെ ഗുണ്ടാസംഘങ്ങളെ എതിരിട്ട് കേരള പൊലീസ് നടത്തിയ അന്വേഷണ പരമ്പരകളുടെ ശുഭപര്യവസാനം ആണെന്ന് പറയാം. വർഷങ്ങൾക്കു മുമ്പേ നടന്ന ചില അന്വേഷണകഥകൾ ഓർത്തെടുക്കുന്നത് പുതുതലമുറയിലെ ഉദ്യോഗസ്ഥർക്ക് മുന്നിലേക്ക് വയ്ക്കുന്ന വലിയ അനുഭവപാഠങ്ങൾ എന്ന നിലയ്ക്കാണ്.

ആഡംബര കാറുകളും ജീപ്പുകളുമായിരുന്നു അന്ന് ഏറ്റവും കൂടുതൽ കളവുപോയത്. അപൂർവമായി ലോറികളും ബസുകളും പോലും കളവ് പോകാറുണ്ട്. ഒരു പൊലിസ് സ്റ്റേഷന്‍ അതിർത്തിയിൽ ഒരു വാഹനമോഷണം എങ്കിലും നടക്കാത്ത ഒറ്റ മാസവും ഉണ്ടായിരുന്നില്ല. ഇന്നത്തെ രീതിയിലുള്ള മൊബൈൽ ഫോണോ സി.സി.ടി.വിയോ മറ്റ് ആധുനിക കുറ്റാന്വേഷണ സങ്കേതങ്ങളോ അന്ന് വേണ്ടരീതിയിൽ വികസിച്ചിട്ടുണ്ടായിരുന്നില്ല.

Crime Story
നീതിയുടെ കാവ്യം

അന്വേഷിച്ച് കണ്ടെത്താൻ ഏറ്റവും ബുദ്ധിമുട്ടേറിയതാണ് വാഹനമോഷണക്കേസുകൾ. കാരണം, കൈമാറി കൈമാറി വാഹനങ്ങൾ എത്തിപ്പെടുന്നത് വിദൂര സംസ്ഥാനങ്ങളിലാണ്. വൻ ഗുണ്ടാസംഘങ്ങൾ അവരുടെ ഓപ്പറേഷനുകൾക്കാണ് ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നത് എന്നുള്ളതും അവർക്കെതിരെ അന്യദേശത്തുവച്ചുള്ള ഓപ്പറേഷനുകൾ അത്യന്തം അപകടകരമാണ് എന്നുള്ളതും വേണ്ടരീതിയിൽ അന്വേഷണം നടക്കാത്തതിന് കാരണമായി തോന്നിയിട്ടുണ്ട്. വിവിധ പരമ്പരകളിലായി ഈ പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് ഒട്ടേറെ വാഹനങ്ങൾ തിരിച്ചുപിടിച്ച് കേരളത്തിൽ എത്തിച്ചിട്ടുണ്ട്.

1998 മുതൽ 2001 വരെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ എസ്.ഐ ആയിരുന്ന ഞാൻ തളിപ്പറമ്പ് മുതൽ കോഴിക്കോട് വരെയുള്ള പ്രദേശത്തുനിന്നും പുതിയ ജീപ്പുകളും 407 മോഡൽ ലോറികളും നിരന്തരമായി കളവ്ചെയ്ത് കൊണ്ടുപോകുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഈ മോഷ്ടാക്കളെ വലയിൽ പെടുത്തണമെന്ന് സദാ മനസ്സില്‍ ഉയർന്നെങ്കിലും കണ്ണികൾ ചേർത്ത് മോഷ്ടാക്കളിൽ എത്തുക അന്നത്തെക്കാലത്ത് ദുഷ്‌കരമായിരുന്നു. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ പ്രവർത്തനരീതികൾ കണ്ടെത്തി വ്യാപകമായ ചോദ്യം ചെയ്യൽ നടത്തിയെങ്കിലും വിജയിക്കാനാവുന്നില്ല. സജീവമായ സംഘങ്ങൾ എപ്പോഴും ഒളിവിലായിരിക്കും എന്നതാണ് പ്രശ്‌നം.

കുറ്റവാളികളുടെ ആത്മമുദ്ര പതിഞ്ഞ ചില സവിശേഷമായ പ്രവർത്തനരീതികൾ ഉണ്ട്. അതുവച്ച് സംഘങ്ങളെ തിരിച്ചറിയാൻ സാധിക്കും. പക്ഷേ, ഒരിക്കലെങ്കിലും പിടിക്കപ്പെട്ടവരുടെ വിവരങ്ങൾ മാത്രമേ പൊലീസ് റെക്കോർഡുകളിൽ ലഭ്യമാകുകയുള്ളൂ. പുതിയ ഗ്യാങ്ങുകളെ കണ്ടെത്തുക മറ്റെന്തെങ്കിലും തെളിവ് ലഭിച്ചാലേ സാധിക്കുകയുള്ളൂ. വിവിധ ജില്ലകളിൽ നടന്ന ഓപ്പറേഷനുകൾ നിരീക്ഷിച്ചതിൽ ജീപ്പ്, ലോറി മോഷണങ്ങൾക്കു പിറകിൽ ഒരേ സംഘം തന്നെയാണെന്ന് ഉറപ്പിച്ചു.

Crime Story
ജയാനന്ദ​ന്റെ ജയിൽചാട്ടം

അതിനിടയിൽ കണ്ണൂർ ജില്ലയിലെ പെരുമ്പടവിലുള്ള ഒരു ഡ്രൈവർ മനോജ് പുലർച്ചെ ചില ജീപ്പുകളുമായി വീട്ടിലെത്തി കുറച്ചുസമയം കഴിഞ്ഞ് എങ്ങോട്ടോ പോകുന്നതായും ദിവസങ്ങൾ കഴിഞ്ഞേ തിരിച്ചെത്താറുള്ളൂ എന്നും വിവരം ലഭിച്ചു. അന്വേഷിച്ചതിൽ ക്രിമിനൽ പശ്ചാത്തലം ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പ്രത്യക്ഷത്തിൽ അസ്വാഭാവികത തോന്നിയില്ല. ടാക്‌സി ഡ്രൈവർമാർക്ക് വിദൂര ദേശങ്ങളിലേക്ക് ദിവസങ്ങൾ എടുക്കുന്ന ട്രിപ്പ് പോകേണ്ടിവരാമല്ലോ. സാധാരണ നിലയിൽ അവിടെ ഉപേക്ഷിക്കപ്പെടേണ്ടതായ ഒരു വിവരം.

എന്നാൽ, സ്‌ക്വാഡ് അംഗങ്ങളോട് ഇയാളുടെ സുഹൃത്തുക്കൾ ആരാണെന്ന് അന്വേഷിക്കാൻ നിർദേശിച്ചു. സുഹൃത്തുക്കൾ പ്രസാദ്, ഇസ്‌മായിൽ തുടങ്ങി നാലു പേരായിരുന്നു. നാല് പ്രദേശങ്ങളിലുള്ളവർ. മനോജ് ഉൾപ്പെടെ നാലുപേരും സ്ഥിരമായി വീട്ടിൽ താമസിക്കുന്നവരല്ല എന്ന് മനസ്സിലായി. ഇവരിൽ ആരെങ്കിലും വീട്ടിലെത്തിയാൽ വിവരമറിയിക്കാൻ നാട്ടുകാരിൽ ചിലരെ ചട്ടം കെട്ടി.

ഒരു ദിവസം മനോജ് രാത്രിയിൽ വീട്ടിലെത്തിയതായി വിവരം ലഭിച്ചു. വീടുകയറി അറസ്റ്റ് ചെയ്യാൻ പര്യാപ്തമായ തെളിവുകൾ ഒന്നുമില്ല. അവരെ അഭിമുഖീകരിക്കാനുള്ള വിവരങ്ങൾ ഒന്നും ഇല്ലാതെ വെറുതെ ചോദ്യം ചെയ്യാൻ വിളിച്ചു കഴിഞ്ഞാൽ അത് അന്വേഷണത്തെ പ്രതികൂലമായാണ് ബാധിക്കുക. അവർക്ക് വേണ്ട മുൻകരുതലുകൾ എടുക്കാൻ സാധിക്കും.

Crime story, kerala police,Vehicle Theft Series
crime story :How kerala police, Cracked Infamous Vehicle Theft Series | PP Sadanandan AI

വീട്ടിലെത്തിയ ചെറുപ്പക്കാരൻ തിരിച്ചുപോകുമ്പോൾ അവൻ അറിയാതെ ബൈക്കിൽ പിന്തുടർന്ന് അവൻ എങ്ങോട്ടുപോകുന്നു എന്ന് നിരീക്ഷിക്കാൻ സ്‌ക്വാഡ് അംഗങ്ങളോട് നിർദേശിച്ചു. അത്തരം പ്രവർത്തനങ്ങൾ അതീവ സമർത്ഥമായി ചെയ്യാൻ കഴിയുന്നവരാണ് പൊലീസുകാർ. മോഹൻദാസ്, മനോഹരൻ, പുഷ്‌പൻ, സതീശൻ, രമേശൻ എന്നിവരെയാണ് ആ കാലഘട്ടത്തിൽ ക്രൈം സ്‌ക്വാഡ് ഡ്യൂട്ടിക്കായി ഉപയോഗിച്ചുവന്നിരുന്നത്. സ്ഥിരമായ സ്‌ക്വാഡ് പ്രവർത്തനമില്ല. എന്തെങ്കിലും ആവശ്യം വരുമ്പോൾ ഇവരെ നിയോഗിക്കുന്ന രീതി മാത്രമേ ഉള്ളൂ.

ബൈക്കിൽ മനോജിനെ പിന്തുടർന്ന പൊലീസുകാരൻ അയാൾ രാവിലെ 10 മണിയോടെ ബസ്റ്റോപ്പിൽ എത്തി കണ്ണൂരിലേക്കുള്ള ബസ് കയറുന്നതായി കണ്ടു. ഒരു നിശ്ചിത അകലത്തിൽ ബസിനെ പിന്തുടർന്നു. കണ്ണൂരിൽ എത്തുന്നതുവരെയും അയാൾ എവിടെയും ഇറങ്ങിയില്ല. കണ്ണൂർ ബസ്റ്റാന്റിൽ ഇറങ്ങി. ഓട്ടോറിക്ഷയിൽ കയറി വീണ്ടും യാത്രയായി. മൂന്ന് കിലോമീറ്റർ അപ്പുറത്തെ കക്കാട് ഭാഗത്തെ ചുറ്റുമതിലുകളുള്ള ഒരു വീട്ടിലേക്ക് കയറിയിട്ടുണ്ട്.

ഇത്രയും വിവരങ്ങൾ പൊലീസുകാരൻ വിളിച്ചുപറഞ്ഞു. എന്തുചെയ്യണമെന്നുള്ള ചോദ്യവും വന്നു. അയാൾ താമസിക്കുന്ന വീട് തന്നെയാണത്. മണിക്കൂറുകൾ കഴിഞ്ഞും പുറത്തിറങ്ങിയിട്ടില്ല. രാത്രിവരെ തുടർന്ന് നിരീക്ഷിക്കാൻ തന്നെ നിർദേശിച്ചു. അതിനായി കൂടുതൽ പൊലീസുകാരേയും അയച്ചു. സംശയം തോന്നാത്തവിധത്തിൽ വീടിനടുത്തുള്ള പെട്ടിക്കടക്കാരനോട് സിഗരറ്റ് വാങ്ങുന്നതിനിടെ അന്വേഷണം നടത്തി. വണ്ടിക്കച്ചവടവും മറ്റും നടത്തുന്ന കുറച്ച് ചെറുപ്പക്കാരാണ് അവിടെ താമസിക്കുന്നത് എന്ന് വിവരം ലഭിച്ചു. മനോജിന്റെ സംഘാംഗങ്ങൾ പല സമയങ്ങളിലായി ഓരോരാളുകൾ ഗേറ്റ് കടന്ന് വീടിനകത്തേക്ക് പോകുന്നതായി അകലെനിന്നുള്ള നിരീക്ഷണത്തിൽ കണ്ടു. പക്ഷേ, എല്ലാവരും ഓട്ടോറിക്ഷയിലാണ് എത്തിയത്. മറ്റു വാഹനങ്ങൾ ഉപയോഗിച്ചിട്ടില്ല.

Crime Story
സ്വയം ഏറ്റുവാങ്ങിയ പീഡനം

സന്ധ്യയോടെ മഫ്‌ടിയിൽ കൈലിമുണ്ടും ധരിച്ച് ഞാനും ആ പ്രദേശത്തെത്തി. അന്നൊന്നും എവിടെപ്പോയാലും ആളുകൾ തിരിച്ചറിയുന്ന അവസ്ഥയില്ല. വളരെ ജാഗ്രതയോടേയും ബുദ്ധിപരമായി പ്രവർത്തിക്കേണ്ടതിന്റെ സാഹചര്യം മനസ്സിലായി. വീടിനകത്ത് കയറി ബലമായി പിടിക്കാനുള്ള യാതൊരു തെളിവുകളും കയ്യിലില്ല. പക്ഷേ, വണ്ടിക്കച്ചവടക്കാരാണെന്നും മാറിമാറി വണ്ടികൾ ഇവിടെ എത്താറുണ്ടെന്നും പെട്ടിക്കടക്കാരൻ പറഞ്ഞത് ഗൗരവത്തിൽ എടുക്കേണ്ടതുണ്ട്. 11 മണിയോടുകൂടി വീട്ടിലെ ലൈറ്റുകൾ എല്ലാം അണഞ്ഞു.

സംഘാംഗങ്ങൾ എല്ലാം ഉറങ്ങിയിരിക്കാം എന്ന തോന്നലിൽ പുലർച്ചെ ഒരു മണിയോടെ ഗേറ്റ് ചാടി കോമ്പൗണ്ടിനകത്ത് കയറി. വീടിനു ചുറ്റും ഒന്ന് നടന്നുനോക്കി. പുറകുവശത്ത് ടാർപോളിൻ വച്ച് മൂടിയ നിലയിൽ ഒരു വാഹനം ഉണ്ട്. ടാർപോളിൻ പൊക്കി നോക്കിയതിൽ നമ്പർ പ്ലേറ്റ് ഇല്ലാത്ത ഒരു ജീപ്പ്. സംഘാംഗങ്ങളെല്ലാം അകത്തുണ്ട്. തിയേറ്റർ കോമ്പൗണ്ടിൽനിന്നും കളവുപോയ വാഹനമാണോ എന്ന് പൊലീസുകാരൻ സംശയം പ്രകടിപ്പിച്ചു. ജീപ്പ് മോഷ്ടിച്ചതാകാം. എന്നാൽ, നമ്പർ പ്ലേറ്റ് ഇല്ലാത്തതുകൊണ്ട് പെട്ടെന്ന് സ്ഥിരീകരിക്കാനും കഴിയുന്നില്ല. ഓപ്പറേഷൻ മാറ്റിവച്ചാൽ അവരെ എല്ലാവരേയും കിട്ടണമെന്നില്ല. വാഹനവും മാറ്റപ്പെടും. ഞങ്ങളുടെ കയ്യിൽ ബൈക്കുകൾ അല്ലാതെ മറ്റു വാഹനങ്ങൾ ഇല്ല. പൊലീസ് സ്റ്റേഷനിൽനിന്നും വാഹനം ഉൾപ്പെടെ യൂണിഫോമിൽ കൂടുതൽ പൊലീസുകാരോടും എത്താൻ പറഞ്ഞു.

എല്ലാവരും എത്തിയതോടെ പുറകിലെ ഡോറുകളിൽ പൊലീസുകാരെ കാവൽനിർത്തിയശേഷം മുൻ വാതിലിൽ മുട്ടി. അകത്തുനിന്നും പുറത്തെ ലൈറ്റ് ഇട്ടു. പൊലീസുകാരാണെന്ന് പറയാതെ കൂടുതൽ നാടകം കളിക്കാൻ മാത്രം ആള്‍ബലം നമ്മുടെ കൂടെയില്ല. എഴുന്നേറ്റുവന്ന ആളിനോട് വളരെ സൗഹൃദത്തിൽ തളിപ്പറമ്പ് എസ്‌.ഐ ആണ് വാതിൽ തുറക്ക് എന്നു പറഞ്ഞു. സൗമ്യമായി സംസാരിച്ചതുകൊണ്ടാണെന്ന് തോന്നുന്നു, അവൻ പെട്ടെന്ന് വാതിൽ തുറന്നു. അത് മനോജ് ആയിരുന്നു. എന്നാൽ, അതിനിടയിൽ അകത്തുണ്ടായിരുന്ന മറ്റു രണ്ടുപേർ പുറകുവശത്തെ വാതിലിനു നേർക്ക് നടന്നു. അതുവഴി രക്ഷപ്പെടാൻ ശ്രമിച്ച രണ്ടുപേരെയും പുറത്ത് യൂണിഫോമിൽ ഉണ്ടായിരുന്ന പൊലീസുകാർ അകത്തേക്ക് തള്ളി തടഞ്ഞുനിർത്തി.

പിറകുവശത്ത് നിർത്തിയിട്ടിരിക്കുന്ന ജീപ്പ് മോഷ്ടിച്ച വാഹനമാണ് എന്ന് പറഞ്ഞുനോക്കി. വണ്ടിക്കച്ചവടക്കാർ ആണെന്നും മറ്റ് ആളുകൾ വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണെന്നും മോഷ്ടിച്ചതല്ലെന്നും മറുപടി. തെളിയിക്കാനുള്ള വിവരങ്ങൾ ഒന്നും ഞങ്ങളുടെ കയ്യിലില്ല. കളവുപോയ വാഹനങ്ങളുടെ എൻജിൻ നമ്പറും ചേസിസ് നമ്പറുകളും എടുത്ത് അവിടെ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളുമായി താരതമ്യം ചെയ്യേണ്ടതുണ്ട്. അതിന് സമയം എടുക്കും.

Crime Story
ശ്രീനിവാസന്‍: സാമൂഹ്യ പ്രതിബദ്ധതയുടെ വിശ്വരൂപം

ആരാണ് ആ വാഹനം അവിടെ വിൽപ്പന നടത്തിയത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. നാലു പേരേയും നാലു മുറികളിൽ ഇരുത്തി കുറച്ചുസമയം ചോദ്യം ചെയ്തതിൽ ഉത്തരങ്ങൾ എല്ലാം വ്യത്യസ്തം. അവരെ ഉപേക്ഷിച്ചുപോകാൻ കഴിയില്ല. അവിടെ കൂടുതൽ സമയം നിൽക്കുന്നതും പ്രശ്‌നമാണ്. നിർബന്ധമായും വാഹനങ്ങളിൽ കയറ്റി അവിടെ ജീപ്പും ഒരു ബൈക്കും ഉൾപ്പെടെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. ആ വാഹനത്തിന്റെ എൻജിൻ നമ്പറും ചേസിസ് നമ്പറും പരിശോധിച്ചതിൽ തളിപ്പറമ്പ് ക്ലാസ്സിക് തിയേറ്ററിന്റെ കോമ്പൗണ്ടിൽനിന്നും ഒരാഴ്ച മുന്നേ കളവുപോയ വാഹനമാണെന്ന് മനസ്സിലായി.

നാലു പേരേയും തുടർച്ചയായി ദിവസങ്ങളോളം ചോദ്യം ചെയ്തു. 17 ജീപ്പ് മോഷണങ്ങളും 16 ലോറി മോഷണങ്ങളും ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. അവർക്ക് പരസ്പരം കാണാൻ അവസരം കൊടുക്കാതെ സംഘത്തിലെ ചിലർ എല്ലാ കുറ്റങ്ങളും സമ്മതിച്ചു എന്ന് ഓരോരുത്തർക്കും തോന്നൽ ഉണ്ടാക്കിയതാണ് കുറ്റസമ്മതം നൽകാൻ പ്രേരണയായത്. കൂടാതെ വിവിധ കേസുകളിലെ സംഭവസ്ഥലങ്ങൾ നിരീക്ഷിച്ചതിൽ മനസ്സിലാക്കിയ സമാനമായ പ്രവർത്തനരീതികൾ കൂടി തെളിവായി എടുത്തുകൊണ്ട് അവയെല്ലാം ഇതേ സംഘം ചെയ്തതാണ് എന്ന നിഗമനത്തിൽ എത്താൻ കഴിഞ്ഞു. അതുവച്ച് ആ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തതാണ് 32 വാഹന മോഷണക്കേസുകളിലേക്ക് കുറ്റസമ്മതം ഉണ്ടായത്.

കുറ്റസമ്മതം മാത്രംകൊണ്ട് കാര്യമില്ല. അത് നിയമസാധുതയുള്ള തെളിവല്ല. കളവ് പോയ വാഹനം കണ്ടെത്തേണ്ടതുണ്ട്. അതിനിടയിൽ മാധ്യമങ്ങളിൽ വാർത്തകൾ വന്നുകഴിഞ്ഞാൽ വാഹനങ്ങൾ വാങ്ങിയ ആളുകൾ ഒളിവിൽ പോവുകയും കളവ് മുതൽ കണ്ടെത്താൻ പറ്റാത്ത സാഹചര്യവും ഉണ്ടാകാം. അറസ്റ്റ് രേഖപ്പെടുത്തുന്നതോടെ മാധ്യമങ്ങളിൽ വാർത്ത വരുന്നത് തടയാൻ ആവില്ല. മാധ്യമപ്രവർത്തകരുടെ വിശ്വാസ്യതയേയും പ്രതിബദ്ധതയേയും സംബന്ധിച്ചുള്ള ചില അനുഭവങ്ങൾ കൂടി ഇവിടെ കുറിക്കട്ടെ. പ്രതികളെ കോടതിയിൽ ഹാജരാക്കുമ്പോൾ തന്നെ എല്ലാ രഹസ്യങ്ങളും ചോരും. അതിനുമുന്നേത്തന്നെ മാധ്യമപ്രവർത്തകരോട് കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞ് അന്വേഷണം ഒരു ഘട്ടത്തിലേക്ക് പുരോഗമിക്കുന്നതുവരെ വാർത്ത കൊടുക്കാതിരിക്കാൻ പറഞ്ഞുനോക്കി. അത്ഭുതകരമായ പ്രതികരണം ആയിരുന്നു മാധ്യമപ്രവർത്തകരുടേത്. ഒരുപക്ഷേ, മറ്റെവിടേയും ലഭിക്കാത്ത സഹകരണം തളിപ്പറമ്പിൽനിന്ന് ലഭിച്ചു. നമ്മൾ രഹസ്യമാക്കി വച്ചില്ല എന്നുള്ളതാവാം അവരെ സഹകരിക്കാൻ പ്രേരിപ്പിച്ചത്.

Crime Story
നടപ്പാക്കാൻ ഏകലക്ഷ്യം, നൽകാൻ വിവിധ മാനദണ്ഡങ്ങൾ

സമയം കളയാനില്ല. കാസർകോടുള്ള ചേക്കുവാണ് വാഹനങ്ങളെല്ലാം വാങ്ങിയത്. ചേക്കുവിന്റെ വീട് അറിയാവുന്ന ഒരാളെ മാത്രം കൂട്ടി അടുത്തദിവസം പുലർച്ചെ അഞ്ചുമണിയോടെ കാസർകോട് നഗരത്തിലുള്ള ചേക്കുവിന്റെ വീട്ടിലെത്തി. ഡോർബെൽ അടിച്ചപ്പോൾ വാതിൽ തുറന്നത് അയാൾ തന്നെ. അയാളെ ബലമായി വണ്ടിയിൽ കയറ്റി. ചില കാര്യങ്ങൾ അന്വേഷിക്കാൻ ഉണ്ടെന്ന് വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു. കാസർകോട് വച്ച് അയാളെ വിശദമായി ചോദ്യം ചെയ്തു. അയാൾ എല്ലാം തുറന്നുപറഞ്ഞു.

കർണാടകയിൽ മൂഡുബിദ്രീ കാർക്കള പ്രദേശത്തുള്ള മൂന്നു പേർക്കാണ് വാഹനങ്ങൾ എല്ലാം വിൽപ്പന നടത്തിയത്. വാഹനങ്ങൾ വാങ്ങിയ ആളുകളുടെ വീടുകൾ പ്രതിക്കു മാത്രമേ അറിയൂ. സമയം ഒട്ടും പാഴാക്കിയില്ല. അടുത്തദിവസം പുലർച്ചെ മൂഡുബിദ്രീ കാർകളയിൽ നടത്തിയ ഓപ്പറേഷനിൽ പ്രദേശത്തുള്ള മൂന്നു വ്യത്യസ്ത വീടുകളിൽനിന്നും വാഹനങ്ങൾ വാങ്ങിയ മൂന്നു പേരെ പിടികൂടി. ഒരാളുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടതായി കണ്ടെത്തിയ ജീപ്പിന്റെ എൻജിൻ നമ്പറും ചെയ്സിസ് നമ്പറും പരിശോധിച്ചതിൽ അതും കണ്ണൂർ ജില്ലയിൽനിന്നും കളവുപോയ വാഹനം തന്നെ.

അവിടുത്തെ പൊലീസ് സ്റ്റേഷനിൽ പോയാൽ സഹകരണം ലഭിച്ചേക്കാം പക്ഷേ, വിവരങ്ങൾ ചോരാം. നടപടിക്രമങ്ങളുടെ നൂലാമാലകൾ കടന്നാലേ അന്വേഷണം സാർത്ഥകമാവുകയുള്ളൂ. അതുകൊണ്ട് അതിനു തുനിഞ്ഞില്ല. കർണാടകയിൽനിന്നും പിടികൂടിയവരെ ലോഡ്ജ് മുറിയിൽ കൊണ്ടുനിർത്തി വിശദമായി ചോദിച്ചതിൽ ജീപ്പുകൾ എല്ലാം മറിച്ചുവിൽപ്പന നടത്തിയിട്ടുണ്ട് എന്ന് വ്യക്തമായി. വ്യാജ ആർ.സി. ബുക്ക് ഉണ്ടാക്കി അതിന്റെ അടിസ്ഥാനത്തിലാണ് വണ്ടി മറിച്ചുവിൽപ്പന നടത്തിയത്.

മൂഡുബിദ്രീ നിന്നും കളവുമുതലായ ജീപ്പും ഇത്രയും പ്രതികളും സഹിതം പൂനയിലേക്ക് പോകുന്നത് റിസ്‌കാണ്. കളവുനടത്തിയവരിൽ കൂടെ കൂട്ടിയ മനോജിനേയും കാസർകോട് നിന്നും പിടികൂടിയ ചേക്കുവിനേയും പൂനയിലുള്ള അന്വേഷണത്തിന് ആവശ്യമില്ല. മൂഡുബിദ്രീയിൽനിന്ന് കണ്ടെടുത്ത ജീപ്പിൽ പൊലീസുകാരുടെ കൂടെ അവരെ തളിപ്പറമ്പിലേക്ക് തിരിച്ചയച്ചു. കൂടുതൽ അറസ്റ്റും വാഹനങ്ങൾ കണ്ടെടുത്തതും സംബന്ധിച്ച് ഏതുസമയത്തും വാർത്തകൾ വരാം. കളവുമുതലുകളിൽ 30 വാഹനങ്ങൾ ഇനിയും കണ്ടെടുക്കാനുണ്ട്. വാർത്തകൾ വന്നില്ലെങ്കിലും പൂനയിൽ വാഹനം വാങ്ങിയ ആൾക്ക് വിവരം ലഭിച്ചുകഴിഞ്ഞാൽ അവ കണ്ടെടുക്കാൻ സാധിക്കില്ല. തളിപ്പറമ്പിലേക്ക് മടങ്ങണോ? പൂനയിലേക്ക് പോകണോ?

കൂടുതൽ പൊലീസുകാർ ഇതിനകം തളിപ്പറമ്പിൽനിന്നും കാർക്കളയിൽ എത്തിയിട്ടുണ്ടായിരുന്നു. ഞാൻ ഉൾപ്പെടുന്ന സംഘം പൂനെയിലേക്ക് തിരിച്ചു. പൊലീസ് വണ്ടിയിൽ പോയാൽ ചെലവ് കുറയും. എന്നാൽ, വാഹനത്തിന്റെ കണ്ടീഷൻ ദീർഘയാത്രയ്ക്ക് പറ്റിയതല്ല. അനുമതി വാങ്ങി എടുക്കേണ്ടതിന്റെ നടപടിക്രമങ്ങൾ സമയമെടുക്കും. വാടകയ്ക്ക് എടുത്ത ഒരു ടാറ്റാ സുമോയിൽ പ്രതികളും പൊലീസുകാരും ചേർന്ന് നിറയെ ആളുകളുമായി പൂനയിലേക്ക് പുറപ്പെട്ടു.

Crime story kerala police,Vehicle Theft Series
crime story :How kerala police Cracked Infamous Vehicle Theft Series | PP Sadanandan AI

പിറ്റേദിവസം കാലത്ത് പൂനയിലെത്തി അവിടെ ഒരു മുറിയെടുത്തു. ദിവസങ്ങളായി ഉറക്കം ശരിയായിട്ടില്ല. പൊലീസുകാരും പ്രതികളും റൂമിലിരിക്കെ ഞാൻ കുളിക്കാൻ കയറി. പുറത്തുനിന്ന് എന്തോ ബഹളം കേട്ടു. ഞാൻ പെട്ടെന്ന് കുളി കഴിഞ്ഞ് പുറത്തിറങ്ങി. ആരേയും മുറിയിൽ കാണാനില്ല. നാലാം നിലയിലാണ് മുറി. ഓടിവന്ന് വരാന്തയിൽനിന്ന് താഴോട്ടു നോക്കിയപ്പോൾ ഒന്നുരണ്ടു പൊലീസുകാർ റോഡിലൂടെ ആരുടേയോ പുറകെ ഓടുന്നതായി കണ്ടു. പ്രതികളെല്ലാം രക്ഷപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലായി. ഓടി താഴെ എത്തി പൊലീസുകാരോടൊപ്പം ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും അത് വിഫലമായി. അപരിചിതമായ സ്ഥലമാണ്. പെട്ടെന്ന് അവരെ കണ്ടെത്തൽ അസാധ്യമാണെന്ന് തോന്നി. അവിടത്തെ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തു.

തളിപ്പറമ്പിൽനിന്നും മറ്റൊരു സംഘത്തെ കാർകളയിൽ അവർ തിരിച്ചെത്തുന്നുണ്ടോ എന്ന് നിരീക്ഷിച്ച് നടപടി എടുക്കാനായി അയച്ചു. പ്രതികളെ കണ്ടെത്തുന്നതിനോടൊപ്പം പ്രാധാന്യമുള്ളതാണ് വാഹനം വാങ്ങിയ ആളിനെ കണ്ടെത്തി വാഹനങ്ങൾ കണ്ടെടുക്കുന്നത്.

എന്നാൽ, മോഷ്ടാക്കൾക്കും വാഹനം വാങ്ങിയ ആൾക്കും ഇടയിലുള്ള നിർണായകമായ കണ്ണികൾ നഷ്ടപ്പെട്ടിരിക്കുന്നു. പ്രതികളുടെ വിശദമായ മൊഴികൾ രേഖപ്പെടുത്താൻ സമയം ലഭിച്ചിരുന്നില്ല പക്ഷേ, ഒരു ട്രാക്ടർ ഡീലറാണ് വാങ്ങിയത് എന്നുമാത്രം ഓർമയുണ്ട്.

പൂനയിലെ ഇൻസ്‌പെക്ടർ കുറ്റാന്വേഷണത്തിൽ താല്പര്യമുള്ള ആളായി തോന്നി. തുടർന്നുള്ള ദിവസങ്ങളിലെ താമസത്തിന് അദ്ദേഹം സൗകര്യം ഒരുക്കി. സമർത്ഥനായ ഒരു പൊലീസുകാരനെ ഞങ്ങളുടെ കൂടെ അന്വേഷണത്തിന് അയച്ചുതന്നു. രക്ഷപ്പെട്ടവരെ കണ്ടെത്താനുള്ള അന്വേഷണം അവർ കൂടി നടത്താം എന്നും പറഞ്ഞു.

ട്രാക്‌ടർ ഡീലറെ കണ്ടെത്തണം. ഞാൻ ഇംഗ്ലീഷിൽ പറഞ്ഞതെല്ലാം കൂടെയുള്ള പൊലീസുകാരനും മനസ്സിലാകുന്നുണ്ട്. ഹിന്ദിയോ മറാത്തിയോ എനിക്കറിയില്ല കൂടെയുള്ള പൊലീസുകാർക്കും. ട്രാക്‌ടർ ഡീലർമാരുടെ ഓഫീസുകളിൽ മാറി മാറി കയറാൻ തുടങ്ങി. ഞാൻ ഇംഗ്ലീഷിൽ പറയുന്നത് അവർക്ക് മനസ്സിലാകുന്നില്ല. പൂനയിലെ പൊലീസുകാരനാണ് സംസാരിക്കുന്നത്.

മൂന്നാമത് കയറിയ ഓഫീസിൽ പൊലീസുകാരനുമായി കടുത്ത വാക്കുതർക്കം ഉണ്ടായി. ഞാനതിൽ ഇടപെട്ട് സമാധാനിപ്പിച്ച് പൊലീസുകാരനുമായി പുറത്തിറങ്ങി എന്താണ് വിഷയം എന്ന് സംസാരിച്ചപ്പോഴാണ് അയാളുടെ പൊലീസ് ബുദ്ധി മനസ്സിലായത്.

Crime Story
പ്രതീക്ഷയിലേക്ക് ഉയരുന്ന പന്ത്, കേരളത്തിന്റെ ഫുട്ബോൾ ലോകത്ത് മാറ്റങ്ങളുടെ കാറ്റ്

“we need not tell all the stories to them. They won't reveal if it all they had purchased the vehicle thus instead of asking them as to whether they had purchased the vehicle, I told them straight that they have to return the vehicle asserting that he is the purchaser.”

(സാറേ, ഈ കഥകൾ മുഴുവൻ പറയേണ്ട കാര്യമില്ല. അവരാണോ വാങ്ങിയത് എന്ന് ചോദിച്ചാൽ അവർ കാര്യങ്ങൾ തുറന്നുപറയാനും സാധ്യതയില്ല. അതുകൊണ്ട് തന്നെയാണ് വാങ്ങിയത് എന്ന നിഗമനത്തിൽ വണ്ടി തിരിച്ചുനൽകാൻ നേരെ ഒന്ന് പറഞ്ഞുനോക്കിയതാണ്).

രണ്ട് ഓഫീസിൽ പരാജയപ്പെട്ടപ്പോൾ മൂന്നാമത്തെ സ്ഥലത്ത് പുതിയൊരു തന്ത്രം പരീക്ഷിച്ചുനോക്കിയതാണ് തർക്കത്തിലേക്ക് പോയതെന്ന് എനിക്ക് മനസ്സിലായി. അടുത്ത ഓഫീസിൽ ചെന്നു. ഇംഗ്ലീഷ് ഒരല്പം പറഞ്ഞാൽ സംസാരിക്കാനും മനസ്സിലാക്കാനും പറ്റുന്ന ആളായിരുന്നു ഷോപ്പ് ഉടമ. അതുകൊണ്ട് ഞാൻ തന്നെ സംസാരിച്ചു.

നേരത്തെ പൊലീസുകാരൻ അവലംബിച്ച രീതി തന്നെ അല്പം സൗമ്യമായി ഉപയോഗിച്ചു. അത്ഭുതകരമായിരുന്നു അയാളുടെ പ്രതികരണം. വാഹനങ്ങൾ വാങ്ങിയത് അയാൾ തന്നെ എന്ന് സമ്മതിച്ചു. പക്ഷേ, ഒരു വാഹനം കർണാടക സ്റ്റേറ്റിൽനിന്ന് വാങ്ങുമ്പോൾ വേണ്ട എല്ലാ ഒറിജിനൽ രേഖകളും സഹിതമാണ് വിൽപ്പന നടത്തിയിരിക്കുന്നത്. കർണാടകത്തിൽ രജിസ്റ്റർ ചെയ്ത വാഹനം എന്ന രീതിയിലുള്ള ഒറിജിനൽ ആർ.സി. ബുക്ക്, മഹാരാഷ്ട്രയിലേക്ക് പോകുമ്പോഴുള്ള എൻട്രി ടാക്‌സ്, ഒറിജിനൽ ഇൻഷുറൻസ് ഉൾപ്പെടെയുള്ള എല്ലാ രേഖകളും സഹിതമാണ് വില്‍പ്പന നടത്തിയിരിക്കുന്നത്. യഥാർത്ഥ വില നൽകിയാണ് അവർ വാഹനം വാങ്ങിയത്. മഹാരാഷ്ട്ര ശ്രീരാംപൂർ ആർ.ടി. ഓഫീസിൽ റീ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഞങ്ങളുടെ ഭാഗത്ത് യാതൊരു തെറ്റുമില്ല എന്ന നിലയിലാണ് അവരുടെ വാദം.

Crime story, kerala police,Vehicle Theft Series
crime story :How kerala police, Cracked Infamous Vehicle Theft Series | PP Sadanandan AI

കേരളത്തിൽനിന്ന് കളവുപോയ വാഹനങ്ങളാണെന്ന് തെളിയിക്കാൻ, വിവിധ പൊലീസ് സ്റ്റേഷനുകളിൽ നൽകിയ എഫ്‌.ഐ.ആറുകൾ (First Information Report) പരിശോധിക്കാം. ഇതിനു വേണ്ട പ്രക്രിയയിൽ, നിങ്ങളുടെ കയ്യിലുള്ള വാഹനത്തിന്റെ എൻജിൻ നമ്പറും ചെയ്സിസ് നമ്പറും പരിശോധിച്ച് ഇവ എഫ്‌.ഐ.ആറിൽ രേഖപ്പെടുത്തിയതുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാമെന്ന് പറഞ്ഞു മനസ്സിലാക്കി.

കർണാടകത്തിലെ വിവിധ ആർ.ടി.ഒ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തത് എന്ന വ്യാജേന കള്ള ആർസി ബുക്ക് ഉണ്ടാക്കിയിരിക്കുകയാണ്. വ്യാജ ആർസി ബുക്ക് അടിസ്ഥാനത്തിൽ മഹാരാഷ്ട്രയിലെ ആർ.ടി.ഒ ഓഫീസുകളിൽ റീ രജിസ്‌ട്രേഷന് അപേക്ഷ നൽകിയാൽ ഒറിജിനൽ തന്നെയാണോ റീ രജിസ്‌ട്രേഷൻ നൽകുന്നതിൽ എതിർപ്പുണ്ടോ എന്ന് ചോദിച്ച് കർണാടകത്തിലേക്ക് ലെറ്റർ പോകും.

എന്നാൽ, ഈ ലെറ്ററുകൾ ആർ.ടി.ഒ ഓഫീസിലെ ഉദ്യോഗസ്ഥരുടെ കൈകളിൽ എത്താതെ, ഏതെങ്കിലും ഏജന്റുമാർ ഇത് കൈക്കലാക്കി, വ്യാജമായ എൻ.ഒ.സി (നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ്) സൃഷ്ടിച്ച് മഹാരാഷ്ട്രയിലെ ഓഫീസിൽ ഹാജരാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ രജിസ്‌ട്രേഷൻ ലഭിക്കുന്നു. സംഭവിച്ചത് ഇതായിരിക്കാം പക്ഷേ, വിശദമായ അന്വേഷണത്തിലൂടെ മാത്രമേ ഇത് തെളിയിക്കാൻ കഴിയൂ.

വാഹനങ്ങൾ എല്ലാം മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ മറിച്ചുവിൽപ്പന നടത്തിയിരിക്കുകയാണ്. ഷുഗർ ഫാക്ടറികളുമായി ബന്ധപ്പെട്ട് വലിയ രീതിയിൽ സ്‌പിരിറ്റ് കള്ളക്കടത്ത് നടത്തുന്ന വലിയ മാഫിയാസംഘങ്ങൾ ഉണ്ട്. അവർക്ക് മോഷണവണ്ടികൾ ഇതിനായി ആവശ്യമുണ്ട്. അതുകൊണ്ട് യഥാർത്ഥ വിലയ്ക്ക് മറിച്ചുവിൽപ്പന നടത്തുകയാണെന്ന് വിശ്വസിക്കാൻ കഴിയില്ലെന്ന് പൂനെയിലെ ഓഫീസർ പറയുന്നു. അഹമ്മദ് നഗർ, ഷിർദി, പൂനെ, ശ്രീരാംപൂർ, റൗരി തുടങ്ങിയ പ്രദേശങ്ങളിലാണ് വാഹനങ്ങൾ വിൽപ്പന നടത്തിയിരിക്കുന്നത്.

കേരളത്തിൽനിന്ന് കളവുപോയ വാഹനങ്ങൾ തന്നെയെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ സാധിച്ചതോടെ വാഹനങ്ങൾ തിരിച്ചുനൽകാൻ അയാൾ മാനസികമായി തയ്യാറായി. എന്നാൽ, അതോടെ അയാൾക്ക് നഷ്ടപ്പെടുന്ന ഭീമമായ തുക എങ്ങനെ തിരിച്ചുപിടിക്കും എന്നായി അടുത്ത ചോദ്യം. അവർക്ക് വിൽപ്പന നടത്തിയ ആളുകളോട് കേസ് നടത്തി വാങ്ങിയെടുക്കാം എന്ന് ഞാൻ പറഞ്ഞു മനസ്സിലാക്കി.

വിവിധ സ്ഥലങ്ങളിലായി മറിച്ചുവിൽപ്പന നടത്തിയ വാഹനങ്ങൾ വാങ്ങിയ ആളുകളെ നേരിൽ അറിയാവുന്ന അയാളുടെ ഓഫീസ് അസിസ്റ്റന്റ് സന്ദീപിനെ ഞങ്ങളുടെ കൂടെ വിട്ടുതന്നു. പൂനെയിൽനിന്ന് കണ്ടെടുത്ത മൂന്ന് വാഹനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ കോത്ത് വാലി പൊലീസ് സ്റ്റേഷനിൽ ഏല്പിച്ചു.

ബാക്കി വാഹനങ്ങൾ അഹമ്മദ് നഗറിലാണ് വിൽപ്പന നടത്തിയിരിക്കുന്നത്. അടുത്ത മൂന്ന് നാല് ദിവസങ്ങൾകൊണ്ട് അഞ്ച് ജീപ്പുകൾ കൂടി കണ്ടെത്തി. ആദ്യമാദ്യം വാഹന ഉടമകൾ വലിയ എതിർപ്പ് ഇല്ലാതെ അവ വിട്ടുതന്നെങ്കിലും സാവകാശം കൂടുതൽ വാഹനങ്ങളിലേക്ക് നീങ്ങിയപ്പോൾ കടുത്ത എതിർപ്പ് ഉയരാൻ തുടങ്ങി.

Crime Story
മാടൻ കാട്

എങ്കിലും 5-6 ദിവസങ്ങൾക്കുള്ളിൽ 8 മോഷണ വാഹനങ്ങൾ കണ്ടെത്താൻ കഴിഞ്ഞത് ടീം അംഗങ്ങൾക്ക് ആവേശമായി. പക്ഷേ, പ്രതിസന്ധികൾ കൂടുകയാണ്. കണ്ടെടുക്കുന്ന ഓരോ വണ്ടികൾക്കും എണ്ണയടിക്കണം, അവയെല്ലാം ഓടിച്ച് കേരളത്തിൽ എത്തിക്കാൻ ഡ്രൈവർമാർ വേണം. ഡ്രൈവിങ്ങ് അറിയുന്ന കൂടുതൽ പൊലീസുകാരോട് അഹമ്മദ് നഗറിൽ എത്താൻ നിർദേശിച്ചു.

ഇനിയും കണ്ടെടുക്കാനുള്ള ബാക്കി വാഹനങ്ങൾ ഷിർദി പ്രദേശത്തുള്ള റാവൂരി എന്ന ഗ്രാമത്തിലാണ് വിൽപ്പന നടത്തിയത്. റാവൂരി പൊലീസ് സ്റ്റേഷനിലെത്തി വാഹനങ്ങൾ കണ്ടെടുക്കുന്ന ലോക്കൽ പൊലീസിന്റെ സഹായം ആവശ്യമാണെന്ന് ലെറ്റർ നൽകി. പക്ഷേ, സ്റ്റേഷൻ ചാർജുള്ള ഇൻസ്‌പെക്ടർ സ്ഥലത്തില്ല. സ്റ്റേഷനിലുണ്ടായിരുന്ന ഓഫീസർക്ക് തീരുമാനം എടുക്കാൻ കഴിയുന്നില്ല. വാഹനങ്ങൾ കണ്ടെത്താൻ പോകണമെന്ന് ഞങ്ങൾ പറയുന്ന പ്രദേശം ഒരു പ്രശ്‌നമേഖലയാണ്. ആവശ്യത്തിന് പൊലീസുകാരേയും കൊണ്ടുമാത്രമേ അവിടെ പോകാൻ പറ്റൂ. സ്‌പിരിറ്റ് കടത്തുമായി ബന്ധപ്പെട്ട് മാഫിയാസംഘങ്ങൾ പ്രവർത്തിക്കുന്ന പ്രദേശമാണ്. കാത്തിരിപ്പ് കുറെയധികം നീണ്ടപ്പോൾ ലോക്കൽ പൊലീസിനു സഹായമില്ലാതെത്തന്നെ അങ്ങോട്ടുപോകാൻ ഞങ്ങൾ തീരുമാനിച്ചു.

കൂടെയുള്ള യുവാവ് കരിമ്പിൻ കാടുകൾക്കിടയിലൂടെയുള്ള കഷ്ടി ഒരു വാഹനത്തിനു മാത്രം പോകാൻ ആവുന്ന റോഡിലൂടെ കിലോമീറ്ററുകൾ സഞ്ചരിച്ച് ഞങ്ങളെ നയിച്ച് ഒരു ഷുഗർ ഫാക്ടറിക്ക് സമീപമുള്ള കെട്ടിടത്തിലെത്തി. ഫാക്ടറി ഉടമയാണ് വാഹനം വാങ്ങിയിരിക്കുന്നത്.

അയാൾ ഉടക്ക് ശൈലിയിലാണ്. കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുക എളുപ്പമല്ല. വാഹനം വാങ്ങിയ വില നൽകിയാൽ മാത്രമേ തിരിച്ചുനൽകുകയുള്ളൂ എന്ന വാദം അയാൾ ഉന്നയിക്കുന്നു. സമയമെടുത്തുള്ള തർക്കങ്ങൾക്കൊടുവിൽ അയാൾ വണ്ടി കൈമാറാം എന്ന് സമ്മതിച്ചു. തുടർന്ന് ആരെയൊക്കെയോ വിളിക്കുന്നു. തിരിച്ചുവരുന്ന റൂട്ടിലുള്ള റോഡ് ജംഗ്ഷനിൽ വണ്ടി എത്തിക്കാമെന്ന് പറയുന്നു.

ഞങ്ങൾ തിരിച്ചുവരികയാണ്. ടാറ്റാ സുമോ വാഹനം മുന്നിലുണ്ട്. അതിൽ ഞാനും പൂനയിൽനിന്ന് ഞങ്ങളുടെ കൂടെ വന്ന സന്ദീപ് എന്ന ചെറുപ്പക്കാരനും രണ്ടു പൊലീസുകാരും ഉണ്ട്. പുറകിലായി ആഴ്ചകൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ പിടിച്ചെടുത്ത അഞ്ച് ജീപ്പുകൾ ഉണ്ട്. അതിനും പിറകിൽ പൊലീസുകാര്‍ കയറിയ മറ്റൊരു സുമോ കൂടിയുണ്ട്. പൊലീസ് ഡ്രൈവർമാരെ ആവശ്യത്തിന് കിട്ടാത്തതിനാൽ പല വാഹനങ്ങളും ഓടിക്കുന്നത് മഹാരാഷ്ട്രയിൽനിന്നും കൂലിക്ക് വിളിച്ച ഡ്രൈവർമാരാണ്.

Crime Story
ഈജിയന്‍ മിത്തുകളും മീശ വിറപ്പിക്കുന്ന തത്വജ്ഞാനികളും

കരിമ്പിൻകാടുകൾക്കിടയിൽ ഇരുട്ടുനിറഞ്ഞ ഒരു ജംഗ്ഷനിൽ എത്തിയപ്പോൾ നമുക്ക് കണ്ടെടുക്കാനുള്ള ഒരു ജീപ്പ് റോഡിൽ നിർത്തിയിട്ടിരിക്കുന്നു. മുപ്പതോളം വരുന്ന ആൾക്കൂട്ടം. ഞങ്ങളുടെ വാഹനം അകലെനിന്ന് കണ്ടപ്പോൾ തന്നെ അവർ ആക്രമാസക്തരായി. അവരുടെ കയ്യിൽ ആയുധങ്ങൾ ഉണ്ട്. സുമാർ 30 മീറ്റർ അകലെയായി എന്റെ വണ്ടി നിർത്തി. അവർ കടുത്ത തെറിവിളികളും ബഹളങ്ങളും തുടങ്ങി. പലരും മദ്യലഹരിയിലാണ്. അവരുടെ അടുത്തേക്ക് പോകരുതെന്ന് പൊലീസുകാർ അഭിപ്രായപ്പെട്ടു. പക്ഷേ, അവർ നമ്മുടെ വാഹനത്തിന്റെ അടുത്തേക്ക് വരികയാണ്.

ഞാൻ വണ്ടിയിൽനിന്ന് പുറത്തിറങ്ങി വാഹനത്തിന്റെ മുൻവശത്ത് കയറിനിന്നു. അവർ വളരെ അക്രമാസക്തരാണ്. ജീപ്പിന്റെ വെളിച്ചത്തിൽ അവരുടെ കയ്യിലെ വടിവാളിന്റെ തിളക്കം കാണാം. ജീവൻ അപകടത്തിലായേക്കാവുന്ന സാഹചര്യം. കിലോമീറ്റർ സഞ്ചരിച്ചാൽ മാത്രമേ ആൾപ്പാർപ്പുള്ള പ്രദേശത്ത് എത്താൻ കഴിയുകയുള്ളൂ. ഇടയ്ക്ക് വന്ന കല്ലേറിൽ മുന്നിലെ ജീപ്പിന്റെ ഗ്ലാസ് പൊളിഞ്ഞു. കയ്യിലുള്ള റിവോൾവർ അവർക്ക് നേരെ ചൂണ്ടി. പ്രയോഗിക്കാതെ നിർവാഹമില്ല. അവർ അവിടെ നിന്നു കൂവി വിളിക്കുകയാണ്.

ഇംഗ്ലീഷ് സംസാരിക്കാൻ അറിയുന്ന ആരെങ്കിലും ഒരാൾ മാത്രം മുന്നോട്ടുവരണം എന്ന് ഞാൻ പറഞ്ഞു. അവരുടെ ഇടയിൽനിന്നും ഒരാൾ മുന്നോട്ടുവന്ന് നേരത്തെ പൂനെയിലെ ട്രാക്ടർ ഡീലർ പറഞ്ഞ അതേ വാദങ്ങൾ. ഈ വാഹനങ്ങളെല്ലാം യഥാർത്ഥ വില കൊടുത്ത് വാങ്ങിയതാണെന്നും ഞങ്ങൾ പൊലീസ് ഓഫീസർമാർ ആണെന്ന് വിശ്വസിക്കുന്നില്ലെന്നും യഥാർത്ഥ രേഖകൾ ഉള്ളതുകൊണ്ട് ഇതിനകം ഞങ്ങൾ പിടിച്ചെടുത്ത എല്ലാ വാഹനങ്ങളും അവർക്ക് കൊടുക്കണം എന്നും അവർ ശക്തമായി വാദിച്ചു.

ഇടയ്ക്കിടെ ബഹളം കൂടുതലായി തുടർന്നു. സംസാരിച്ച് അവരെ ബോധ്യപ്പെടുത്താൻ സാധിക്കാത്ത അന്തരീക്ഷം. അവരെ കീഴ്‌പെടുത്താനും സാധിക്കില്ല. അവിടുത്തെ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടാൻ യാതൊരു നിർവാഹവുമില്ല. അന്ന് മൊബൈൽ ഫോൺ ഉണ്ടായിരുന്നില്ല. ഒരു ആക്ഷനിലേക്ക് പോയിക്കഴിഞ്ഞാൽ ഒരുതരത്തിലും വിജയിക്കാൻ പോകുന്നില്ല.

Crime Story
സാഹസം പിതാമഹസ്യം

ഞങ്ങൾ ഇതിനകം പിടിച്ചെടുത്ത 5 വാഹനങ്ങളും വിട്ടുകൊടുക്കാതെ അവർ മടങ്ങിപ്പോകില്ല. തന്ത്രപരമായ നീക്കം മാത്രമേ വിജയിക്കുകയുള്ളൂ. പൂനെയിൽനിന്നും ഞങ്ങളുടെ കൂടെ വണ്ടിയിൽ കയറിയ സന്ദീപ് ക്രിമിനൽ സംഘാംഗങ്ങളെ തിരിച്ചറിയുന്നുണ്ട്. അവൻ കയ്യിലുണ്ടെങ്കിൽ വാഹനങ്ങൾ വിട്ടുകൊടുത്താൽ വീണ്ടും തിരിച്ചുപിടിക്കാം. അവനെ അവർ മോചിപ്പിച്ചാൽ കാര്യങ്ങൾ കൈവിട്ടുപോകും. ഒരു കാരണവശാലും അവനെ വണ്ടിയിൽനിന്ന് പുറത്തിറക്കരുത് എന്ന് പൊലീസുകാർക്ക് ആദ്യമേ നിർദേശം നൽകിയിരുന്നു. അവനെ മോചിപ്പിക്കാൻ ശ്രമിച്ചാൽ വീണ്ടും വെടിവയ്‌ക്കേണ്ടിവരും.

ക്രിമിനലുകളെ നിയന്ത്രണത്തിൽതന്നെ നിർത്തേണ്ടതുണ്ട്. അവർക്കു മുന്നിൽ കാര്യങ്ങൾ കൈവിട്ടുപോകാനും പാടില്ല. കസ്റ്റഡിയിൽ ഉള്ളയാൾ ക്രിമിനൽ സംഘത്തെ തിരിച്ചറിയുന്നതുകൊണ്ടുതന്നെ അന്വേഷണം വിജയകരമായി തുടരുന്നതിന് തടസ്സമില്ല. ഇരുട്ട് മൂടിയ ആ ഗ്രാമത്തിൽ കരിമ്പിൻ കാടുകൾക്കിടയിൽ അവരോട് ഏറ്റുമുട്ടാനുള്ള അംഗബലം നമ്മൾക്ക് ഇല്ല. ചിലപ്പോൾ കരിമ്പിന് വളമായി മാറിയേക്കാം. ആ അന്യമായ ഗ്രാമത്തിലെ പാതിരാത്രിയിൽതന്നെ ഓപ്പറേഷൻ വിജയിപ്പിക്കണമെന്ന് വാശിപിടിക്കുന്നതിൽ അർത്ഥമില്ല. ചെറിയ പിഴവുപോലും ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കാം. തിടുക്കത്തിൽ തെറ്റായ നീക്കം നടത്തിയാൽ, ഒരു വമ്പൻ തകർച്ചയിലേക്ക് എത്തിപ്പെടും. അന്വേഷണത്തിന്റെ യഥാർത്ഥ വിജയം സൂക്ഷ്മമായ ചിന്തയും ആലോചനയുമാണ്.

വാഹനങ്ങൾ വിട്ടുകൊടുക്കാൻ തന്നെ തീരുമാനിച്ചു. മറ്റ് മാർഗങ്ങൾ ഒന്നുമില്ല. ഒരാഴ്ച കാലംകൊണ്ട് കഠിനാധ്വാനത്തിലൂടെ കണ്ടെടുത്ത വാഹനങ്ങളെല്ലാം അവർ കൂകിയാർത്ത് തിരച്ചെടുത്തുകൊണ്ടുപോയി. ഞങ്ങളുടെ കൂടെയുള്ള സംഘത്തിൽ ചിലർ തിരിഞ്ഞ് ഓടിയിരുന്നു. എല്ലാവർക്കും ആത്മവിശ്വാസം നൽകി പുലർച്ചെ രണ്ടു മണിയോടെ റാവൂരി പൊലീസ് സ്റ്റേഷനിൽ എത്തി.

മുഹമ്മദ് യാസീൻ സാറാണ് അന്നത്തെ കണ്ണൂർ ഡി.ഐ.ജി. അസമയം ആണെങ്കിലും അദ്ദേഹത്തെ വിളിച്ചു. ഉന്നത ഉദ്യോഗസ്ഥന്മാരെ ബന്ധപ്പെടാതിരിക്കാൻ ആവില്ല. ഫോണെടുത്ത് പൊലീസുകാരനെ കാര്യം പറഞ്ഞു മനസ്സിലാക്കി. അതേത്തുടർന്ന് ഡി.ഐ.ജിയെ ഫോണിൽ ലഭിച്ചു. അദ്ദേഹത്തിന്റെ ബാച്ച് മേറ്റായ അവിടത്തെ ഓഫീസറെ ബന്ധപ്പെട്ടു.

അരമണിക്കൂറിനകം അവിടത്തെ സർക്കിൾ ഇൻസ്‌പെക്ടർ പൊലീസ് സ്റ്റേഷനിൽ എത്തി. സന്ദീപിനെ വിശദമായി ചോദ്യം ചെയ്തതിൽ എവിടെനിന്നൊക്കെയാണ് വണ്ടികൾ കണ്ടെത്തിയത് എന്നും വാഹനങ്ങൾ തിരിച്ചുകൊണ്ടുപോയ സംഘം ഏതാണെന്നും ഉൾപ്പെടെ വിശദമായ കാര്യങ്ങൾ മനസ്സിലാക്കി. രാത്രി തന്നെ വണ്ടികളെല്ലാം തിരികെ പിടിക്കാൻ സഹായം വേണമെന്ന് ഞാൻ പറഞ്ഞു.

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അദ്ദേഹം ഉൾപ്പെടെ നാളെ വാഹനങ്ങൾ കണ്ടെടുക്കാൻ ഇറങ്ങാം എന്നും തൽക്കാലം വിശ്രമിക്കണം എന്നും പറഞ്ഞ് ഞങ്ങൾക്ക് താമസസൗകര്യം ഒരുക്കിത്തന്നു.

Crime Story
ബിജെപിയുടെ അവനവന്‍ കടമ്പ

ദിവസങ്ങളോളം ശരിയായി ഉറങ്ങാത്തതിനാലും ക്ഷീണവുംകൊണ്ട് രാവിലെ വൈകിയാണ് ഉണർന്നത്. എന്നാൽ, പൊലീസുകാർ നേരത്തെ റെഡിയാണ്. സ്റ്റേഷനിൽ നിർത്തിയ സന്ദീപിന് കാവലായി നിന്ന പൊലീസുകാരൻ ഓടിക്കിതച്ച് വരുന്നു.

“സാർ ഇന്നലെ വണ്ടിയുംകൊണ്ടുപോയ സംഘത്തിന്റെ തലവൻ പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്.”

ഞാൻ ഉടൻ പൊലീസ് സംഘവുമായി സ്റ്റേഷനിലേക്കു പോയി. അകലെ നിന്നുതന്നെ സംഘത്തലവനെ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു. പിന്നെ ഒന്നും ആലോചിച്ചില്ല. അയാളെ കയറിപ്പിടിച്ചു. പൊലീസുകാർ എല്ലാവരും കൂടി അവനെ പൊക്കി എടുത്ത് സ്റ്റേഷനിലെത്തിച്ചു.

ലോക്കൽ ഇൻസ്‌പെക്ടറെ കാര്യം പറഞ്ഞ് മനസ്സിലാക്കി. അവൻ എന്തിന് പൊലീസ് സ്റ്റേഷനിൽ വന്നു എന്നത് വിചിത്രമായ കാര്യം. അവർ എല്ലാ രേഖകളും പരിശോധിച്ച് കുറച്ചു ജീപ്പുകൾ വിലകൊടുത്തു വാങ്ങിയിട്ടുണ്ട് എന്നും അത് കളവുമുതൽ ആണെന്നു പറഞ്ഞ് ഒരു സംഘം ആളുകൾ അത് തട്ടിയെടുത്തു എന്നും പൊലീസിനോട് പരാതി പറയാൻ വന്നതാണ്. കേരളത്തിൽനിന്നും വന്നത് പൊലീസുകാർ ആണെന്ന് അവർ വിശ്വസിക്കുന്നില്ല.

സുദീർഘമായ ചോദ്യം ചെയ്യലിൽ ആ സംഘത്തെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി. വാഹനങ്ങൾ തിരിച്ചെത്തിച്ചില്ല എങ്കിൽ ഉടൻ അറസ്റ്റ് രേഖപ്പെടുത്തും. വൈകുന്നേരത്തോടെ മുഴുവൻ വാഹനങ്ങളും പൊലീസ് കോമ്പൗണ്ടിലെത്തി.

വാഹനങ്ങൾക്ക് ഡീസൽ അടിക്കേണ്ടതുണ്ട്. ഡ്രൈവർമാരെ കൂടി വാടകയ്ക്ക് എടുക്കാൻ ആരുടെ കയ്യിലും പണമില്ല. ഞാനുൾപ്പെടെ പൊലീസുകാർ എല്ലാം വാഹനമോടിക്കാൻ തീരുമാനിച്ചു. നേരത്തെ അവിടെ സൂക്ഷിച്ച ജീപ്പുകൾ ഉൾപ്പെടെ 14 വാഹനങ്ങൾക്കും പൊലീസ് സ്റ്റിക്കർ പതിച്ച് ഉത്സവലഹരിയിൽ വാഹനഘോഷയാത്രയായി തിരിച്ച് തളിപ്പറമ്പിലെത്തി.

വണ്ടി മുഴുവനും ആയിട്ടില്ല. അഹമ്മദ് നഗറിൽ ഇനിയും വണ്ടികൾ ഉണ്ട്. ആഴ്ചകളുടെ ഇടവേളയിൽ ശ്രീരാംപൂർ ഭാഗത്തേക്ക് വീണ്ടും വാഹന ഉടമകളും ഡ്രൈവർമാരും പൊലീസും ഉൾപ്പെടെയുള്ള സംഘം പോയി അവ കൂടി കണ്ടെടുത്ത് തിരിച്ച് തളിപ്പറമ്പിലെത്തി.

Crime Story
മുഖാമുഖം

പലപ്പോഴും അന്വേഷണവുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങൾ അതേപടി രേഖകളിൽ ഉൾപ്പെടുത്താൻ ആവില്ല. അപസർപ്പക കഥകൾ എല്ലാം തന്നെ കേസ് ഡയറിയിൽ സ്ഥാനം പിടിച്ചാൽ ശിക്ഷയിലേക്ക് നയിക്കുക എന്നുള്ളത് വലിയ ബുദ്ധിമുട്ടാകും. അത് കേസിനെ സങ്കീർണമാക്കും. അവയെല്ലാം തെളിയിക്കാൻ വിദൂര സംസ്ഥാനങ്ങളിൽനിന്നുള്ള സാക്ഷികൾ ഇവിടെ വരേണ്ടിവരും. വിചാരണ അതിസങ്കീർണമായി മാറും. ലളിതമായി കേസ് ഫ്രെയിം ചെയ്യണം. എന്നാൽ, സത്യത്തിൽനിന്ന് വ്യതിചലിച്ച് പോകാനും പാടില്ല. ഇവിടെയാണ് കുറ്റാന്വേഷണം ഒരു കലയും ശാസ്ത്രവുമാകുന്നത്.

ഇൻവെസ്റ്റിഗേഷൻ രേഖകൾ പ്രധാനമാണ്. സീസർ മഹസറുകൾ, അറസ്റ്റ് മെമ്മോ, ഇൻസ്‌പെക്ഷൻ മെമ്മോ, റിമാൻഡ് അപേക്ഷകൾ... വാഹനങ്ങളെല്ലാം കോടതിയിൽ ഹാജരാക്കി മോഷണം നടന്ന വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് ഫയലുകൾ കൈമാറി. ഉടമകൾ കോടതിയിൽ ക്ലെയിം പെറ്റീഷൻ നൽകി വാഹനങ്ങൾ തിരിച്ചുവാങ്ങി.

ജീപ്പുകളാണ് മഹാരാഷ്ട്രയിൽനിന്നും കണ്ടെടുത്തത്. ലോറികൾ എല്ലാം നൽകിയിരിക്കുന്നത് ബാംഗ്ലൂരിലാണ്. മഹാരാഷ്ട്രയിലെ അന്വേഷണത്തിന്റേയും മറ്റും പത്രവാർത്തകൾക്കിടയിൽ ബാംഗ്ലൂരിൽ ലോറി വാങ്ങിയ സംഘങ്ങൾ എല്ലാം ഒളിവിൽ പോയിരുന്നു. അവരെ അന്വേഷിച്ച് നിരവധി തവണ ബാംഗ്ലൂരിലെത്തി. ഒരു കാരണവശാലും ഈ ശ്രമം ഞങ്ങൾ ഉപേക്ഷിക്കില്ല എന്ന് അവരുടെ വീട്ടുകാർക്ക് ബോധ്യപ്പെട്ടുകാണും. നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ ആ ലോറികളും കണ്ടെടുക്കാൻ കഴിഞ്ഞു. അവയോരോന്നും കണ്ടെടുത്തത്തിന്റെ കഥകൾ വിശദമായി എഴുതിയാൽ അതുതന്നെ ഒരു പുസ്തകം ആകും. വ്യത്യസ്തമായ ധാരാളം അനുഭവങ്ങൾ വേറെയും ഉള്ളതിനാൽ കഥ ഇവിടെ ചുരുക്കുന്നു.

ഏതാണ്ട് ആറുമാസം കഴിഞ്ഞുപോയി. അപ്പോഴാണ് മഹാരാഷ്ട്ര ഹൈക്കോടതിയിലെ ഔറംഗബാദ് ബെഞ്ചിൽനിന്നും തളിപ്പറമ്പ് എസ്‌.ഐ ആയ എനിക്കൊരു നോട്ടീസ്. ഒറിജിനൽ രേഖകളുടെ അടിസ്ഥാനത്തിൽ വാങ്ങിയ വാഹനങ്ങൾ കേരളത്തിലേക്ക് പിടിച്ചെടുത്തു കൊണ്ടുവന്നു എന്നും അവയെല്ലാം കോടതിയിൽ ഹാജരാക്കണം എന്നും ഞാൻ അവിടെ ഹാജരാകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മഹാരാഷ്ട്രയിലെ വാഹനങ്ങൾ വാങ്ങിയ ആളുകൾ നൽകിയ കേസിലാണ് നോട്ടീസ് വന്നിരിക്കുന്നത്.

Crime Story
അപകടകാരിയാണീ മുറ്റത്തെ മണിമുല്ല

ആദ്യ അവധിക്ക് ഹാജരായില്ല. അതിനാൽ ഐ ജി ഹാജരാകണമെന്ന് പറഞ്ഞ് വീണ്ടും നോട്ടീസ് വന്നു. തുടർന്ന് ഔറംഗബാദ് ഹൈക്കോടതിയിലേക്ക് ഞാൻ പുറപ്പെട്ടു. പൊലീസുകാരോ ഡ്രൈവർമാരോ വാഹന ഉടമകളോ പരിവാരങ്ങളോ ആരുമില്ല. അവിടത്തെ ഗവൺമെന്റ് പ്ലീഡറെ കണ്ടു. ഞാൻ മഹാരാഷ്ട്ര ഗവൺമെന്റ് വക്കീലാണ്. കേരളത്തിന്റെ കേസ് വാദിക്കുക എന്റെ ജോലി അല്ല. 50000 രൂപ ഫീസ് നൽകി പ്രൈവറ്റ് വക്കീലിനെ വെക്കണം എന്നു മറുപടി.

കോടതി സിറ്റിങ് ആരംഭിച്ചു. കഴിഞ്ഞ അവധിക്ക് ഹാജരാകാതിരുന്നതിനാൽ വലിയ ദേഷ്യത്തിലാണ്. വാഹനങ്ങളെല്ലാം ഹാജരാക്കിയിട്ടുണ്ടോ എന്ന് ചോദ്യം.

അവിടത്തെ കേസിലെ സാക്ഷികളെല്ലാം സർക്കാർ ഉദ്യോഗസ്ഥന്മാരാണ്. ഒറിജിനൽ രേഖകൾ കണ്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് റീ രജിസ്‌ട്രേഷൻ നൽകിയത് എന്ന് വാഹനവകുപ്പ് ഉദ്യോഗസ്ഥർ. എൻട്രി ടാക്‌സ് വിവരങ്ങൾ എല്ലാം ഒറിജിനൽ എന്ന് നികുതിവകുപ്പ് ഉദ്യോഗസ്ഥർ. വാഹനങ്ങളുടെ ഇൻഷുറൻസ് എല്ലാം ശരിയായതാണെന്ന് ഇൻഷുറൻസ് ഓഫീസർമാർ.

വാഹനങ്ങൾ കൊണ്ടുപോയത് പൊലീസ് തന്നെയോ എന്ന സംശയം കോടതിയിൽ നിലനിൽക്കുകയാണ്. ഐ.ജി എവിടെ എന്ന ചോദ്യം ഇടയ്ക്കിടെ ആവർത്തിക്കുന്നു. ലളിതമായ ഒരു കേസ് ആയിരുന്നില്ല അത്. സ്വന്തമായി കാര്യങ്ങൾ അവതരിപ്പിക്കാതെ മറ്റു പോംവഴികളില്ല.

“I am the station house officer of Taliparamba police station in Kerala. I had seized 16 vehicles from various districts of Maharashtra. These are the vehicles stolen from Kerala, your honor. These are produced before the court in kerala. FIR's registered in various police stations will prove these things. We can bring the RTO and vehicle owners from Kerala. The documents produced by the complainants before this court are fake ones. Registration is given in Maharashtra on the basis of the fake documents. Forgery is done in Karnataka. I may be given a chance to prove this through documents and witness from Kerala.”

കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാൻ ആവശ്യപ്പെട്ടു. അടുത്ത അവധി ദിവസം അൽഫോൺസ് ലൂയിസ് ഇറയിൽ ഐ ജിയുടെ നേതൃത്വത്തിൽ കേരളത്തിലെ ഒരു പ്ലീഡറും ആർ ടി ഒമാരും ഉൾപ്പെടെ ഔറംഗബാദ് ഹൈക്കോടതിയിലെത്തി. വാഹനങ്ങൾ ഒന്നും തിരികെ ഹാജരാക്കേണ്ടിവന്നില്ല. അന്തിമവിധിയിൽ ഒരു ലക്ഷം രൂപ കേരള പൊലീസിന് നഷ്ടപരിഹാരം കൊടുക്കാൻ കല്പിച്ചു. ഞങ്ങൾ തന്നെ ജയിച്ചു.

Crime Story
ഹാപ്പി ന്യൂ ഇയര്‍!, ഓര്‍മ്മയെ വലിച്ചിഴയ്ക്കാതെ നമ്മള്‍ മുന്നോട്ട് പോകുന്നു

വിദൂര സംസ്ഥാനങ്ങളിൽ ചെന്നുള്ള കുറ്റാന്വേഷണവേളകളിൽ പലപ്പോഴും വലിയ റിസ്‌ക്കുകൾ അനുഭവിക്കേണ്ടിവരും. അന്വേഷണസംഘം എത്തിപ്പെട്ടുപോകുന്ന പ്രതിസന്ധി ഘട്ടങ്ങളെ അഭിമുഖീകരിക്കുമ്പോൾ ചിലപ്പോൾ വിശാലമായ നിയമവ്യവസ്ഥയുടെ ഏതെങ്കിലും കണ്ണികൾ ലംഘിക്കപ്പെട്ടതായി വരാം. ഇവിടെ വലിയ അവധാനത പുലർത്തേണ്ടതുണ്ട്.

ക്രിമിനൽ ഗ്യാങ്ങുകളെക്കുറിച്ചും അവരുടെ നൂതനമായ പ്രവർത്തനരീതികളെപ്പറ്റിയും നിരന്തരമായ പഠനങ്ങൾ നടത്തിയെങ്കിൽ മാത്രമേ കുറ്റവാളികളുടെ സംഘങ്ങളെ തിരിച്ചറിയാൻ കഴിയുകയുള്ളൂ. അതിന് നൂതന സാങ്കേതികവിദ്യകളുടെ സഹായങ്ങൾ വലിയ രീതിയിൽ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. കാലം മാറുമ്പോൾ, അപരിഷ്‌കൃത മാർഗങ്ങളെ തിരസ്‌കരിക്കാൻ മടിക്കരുത്. ശാസ്ത്രീയതയേയും വിശാലമായ ചിന്താഗതിയേയും ആശ്രയിച്ച് മുന്നോട്ടുപോവണം. ഓരോ അന്വേഷണവും ഓരോ പഠനാനുഭവങ്ങളാണ്. ചെറിയ സൂചനകളെപ്പോലും അവഗണിക്കരുത്. ത്യാഗവും ക്ഷമയുമാണ് വിജയത്തിലെ പ്രധാന താക്കോൽ.

മാരകമായ പ്രതിസന്ധികളെ നേരിടുമ്പോഴും മനസ്സ് തികച്ചും ശാന്തമായിരിക്കണം. ഇത്തരം ഘട്ടങ്ങളിലുള്ള വൈകാരികമായ പ്രതികരണങ്ങൾ പലപ്പോഴും വലിയ അപകടത്തിൽ കൊണ്ടെത്തിക്കും. സാഹചര്യങ്ങളെ യുക്തിസഹമായി വിലയിരുത്തിക്കൊണ്ട് അന്വേഷണ നടപടികൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയണം. താൽക്കാലികമായ തിരിച്ചടികളെ അതിജീവിക്കാവുന്നതാണ്.

ഓരോ ഓപ്പറേഷനും അനുഭവങ്ങളുടെ പാഠപുസ്തകമാണ്. വ്യത്യസ്ത സാഹചര്യങ്ങളിൽപ്പെട്ട ഒരു അന്വേഷണസംഘത്തിന്റെ അനുഭവങ്ങൾ, അവരുടെ പരിമിതികൾ, അതിജീവനത്തിനുള്ള ശ്രമങ്ങൾ എന്നിവയെ വിശകലനം ചെയ്യാനും കൂടുതൽ ആവേശത്തോടെ പിന്തുടരാനും ഉറക്കച്ചടവില്ലാത്ത പുതിയ തലമുറയിലെ ഉദ്യോഗസ്ഥർ ഉണ്ടാകും എന്ന പ്രതീക്ഷയോടെ.

Summary

In the third part of “Sathyathinte sakshi,” former Crime Branch SP P P Sadanandan revisits the investigation into a series of vehicle thefts that troubled both the public and the Kerala Police.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com