നവജാതശിശുവിനെ അമ്മ എയര്‍പോര്‍ട്ടില്‍ വച്ച് മറന്നു; കുഞ്ഞിനെ എടുക്കാന്‍ വിമാനം തിരിച്ചിറക്കി 

യാത്രയുടെ തിരക്കിനിടയില്‍ കുഞ്ഞുണ്ടെന്ന കാര്യം യുവതി മറന്നുപോകുകയായിരുന്നു
നവജാതശിശുവിനെ അമ്മ എയര്‍പോര്‍ട്ടില്‍ വച്ച് മറന്നു; കുഞ്ഞിനെ എടുക്കാന്‍ വിമാനം തിരിച്ചിറക്കി 

ജിദ്ദ: യാത്രക്കിടെ സാധനങ്ങള്‍ മറന്നുപോകുന്നത് അപൂര്‍വ്വസംഭവമല്ല. വിമാനയാത്രക്കിടെ സാധനങ്ങള്‍ മറന്നുപോയാല്‍ അത്യാവശ്യ വസ്തുക്കളൊന്നുമല്ലെങ്കില്‍ പൊതുവെ ഫ്‌ലൈറ്റ് തിരികെ ലാന്‍ഡ് ചെയ്യാറില്ല. എന്നാല്‍ അത്യാവശ്യഘട്ടങ്ങളില്‍ ഫ്‌ലൈറ്റ് നിര്‍ത്തിയിടുകയോ തിരികെയിറങ്ങുകയോ ചെയ്യാറുണ്ട്. സൗദി അറേബ്യയിലെ ജിദ്ദയിലെ കിംഗ് അബ്ദുള്‍ അസീസ് വിമാനത്താവളത്തില്‍ അത്തരമൊരു സംഭവമുണ്ടായി. പെട്ടിയോ,ബാഗോ മറ്റു വിലപിടിച്ച സാധനങ്ങളോ മറന്നുവെച്ചതു കൊണ്ടല്ല വിമാനം തിരിച്ചിറങ്ങിയത്. തന്റെ കുഞ്ഞിനെയാണ് അമ്മ എയര്‍പോര്‍ട്ടില്‍ മറന്നു വച്ചത്. കുഞ്ഞ് ജനിച്ചിട്ട് അധിക ദിവസങ്ങളായിരുന്നില്ല. യാത്രയുടെ തിരക്കിനിടയില്‍ കുഞ്ഞുണ്ടെന്ന കാര്യം യുവതി മറന്നുപോകുകയായിരുന്നു.

എയര്‍പോര്‍ട്ടിലെ വെയിറ്റിംഗ് റൂമിലാണ് കുഞ്ഞിനെ മറന്നു വച്ചത്. ഫ്‌ലൈറ്റ് ഉയര്‍ന്ന് പൊങ്ങി കുറച്ചു സമയം കഴിഞ്ഞാണ് കുഞ്ഞ് കൂടെയില്ലെന്ന കാര്യം യുവതി ഓര്‍ത്തതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അപ്പോള്‍ത്തന്നെ പൈലറ്റിനോട് പറഞ്ഞ് ഫ്‌ലൈറ്റ് തിരികെയിറക്കി. ജിദ്ദയില്‍ നിന്നും ക്വലാലംപൂരിലേക്ക് പോകുന്ന ഫ്‌ലൈറ്റായിരുന്നു സംഭവം.യുവതി കുഞ്ഞിനെ വിമാനത്താവളത്തില്‍ മറന്നു വച്ചു, തിരികെയെടുക്കാന്‍ വേണ്ടി ഫ്‌ലൈറ്റ് തിരിച്ച് ലാന്റ് ചെയ്യുന്നു എന്നാണ് പൈലറ്റ് എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ചത്. പൈലറ്റ് ഈ വിവരം എയര്‍പോര്‍ട്ടില്‍ വിളിച്ച് പറയുന്നതിന്റെ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

സംഭവത്തെക്കുറിച്ച് പൈലറ്റ് വിളിച്ചു പറഞ്ഞപ്പോള്‍ കാബിന്‍ ക്രൂ ജീവനക്കാര്‍ അത്ഭുതപ്പെടുന്നുണ്ട്. പൈലറ്റിന്റെ സന്ദേശം ഇപ്രകാരമായിരുന്നു. ''ഫ്‌ലൈറ്റ് തിരികെയിറക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. യാത്രക്കാരിയായ യുവതി കുഞ്ഞിനെ വെയിറ്റിംഗ് റൂമില്‍ വച്ച് മറന്നു.'' സന്ദേശം കേട്ട ഓപ്പറേറ്റര്‍ പ്രതികരിച്ചത് 'ഓകെ എന്നാല്‍ ഇതൊരു പുതിയ സംഭവമാണല്ലോ' എന്നായിരുന്നു. എന്തായാലും മറന്നു പോയ കുഞ്ഞിനെ തിരിച്ചെടുത്ത് യുവതി യാത്ര തുടര്‍ന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com