'ലോകത്തിന് സ്വപ്നം കാണാൻ ആരംഭിക്കാം, കോവിഡ് പരിസമാപ്തിയിലേക്ക്'- പ്രതീക്ഷകൾ പങ്കിട്ട് ഡബ്ല്യുഎച്ഒ തലവൻ

'ലോകത്തിന് സ്വപ്നം കാണാൻ ആരംഭിക്കാം, കോവിഡ് പരിസമാപ്തിയിലേക്ക്'- പ്രതീക്ഷകൾ പങ്കിട്ട് ഡബ്ല്യുഎച്ഒ തലവൻ
'ലോകത്തിന് സ്വപ്നം കാണാൻ ആരംഭിക്കാം, കോവിഡ് പരിസമാപ്തിയിലേക്ക്'- പ്രതീക്ഷകൾ പങ്കിട്ട് ഡബ്ല്യുഎച്ഒ തലവൻ

യുനൈറ്റഡ് നേഷന്‍സ്: വാക്‌സിന്‍ പരീക്ഷണങ്ങള്‍ അനുകൂല ഫലം നല്‍കിത്തുടങ്ങിയതായും കോവിഡിന്റെ പരിസമാപ്തിയ്ക്കായി ലോകത്തിന് സ്വപ്‌നം കാണാനാരംഭിക്കാമെന്നും ലോകാരോഗ്യ സംഘടനാ മേധാവി തെദ്രോസ് അദനോം ഗബ്രെയേസിസ്. കോവിഡ് കാലത്തുണ്ടായ പ്രതിസന്ധികളെ അതിജീവിച്ച് ലോകത്തിന് മുന്നോട്ട് പോകണമെന്നും ഉത്പാദനത്തിന്റേയും ഉപഭോഗത്തിന്റേയും മുമ്പുണ്ടായിരുന്ന അതേ നിലയിലേക്കും ശൈലിയിലേക്കും തിരിച്ചെത്തണമെന്നും തെദ്രോസ് അദനോം ആവശ്യപ്പെട്ടു. 

വാക്‌സിനുകള്‍ക്കായുള്ള കൂട്ടയോട്ടത്തിനിടെ ദരിദ്ര രാഷ്ട്രങ്ങളെ സമ്പന്ന രാഷ്ട്രങ്ങള്‍ ചവിട്ടിയമര്‍ത്തരുതെന്നും തെദ്രോസ് അദനോം ഓർമിപ്പിച്ചു. സ്വകാര്യ സ്വത്തായി കാണാതെ വാക്‌സിന്‍ സൗകര്യം ലോകത്തെ എല്ലായിടത്തും സമാന രീതിയില്‍ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

'വൈറസിനെ നമുക്ക് എന്നന്നേക്കുമായി നശിപ്പിക്കാം. പക്ഷെ അതിലേക്കുള്ള പാത അപകടകരവും അവിശ്വനീയവുമാണ്. മനുഷ്യത്വത്തിന്റെ നന്മയും ഏറ്റവും മോശമായ വശവും കോവിഡ് കാലം നമുക്ക് കാണിച്ചു തന്നു. സഹാനുഭൂതിയും നിസ്വാര്‍ഥതയും നിറഞ്ഞ പ്രചോദനപരമായ പ്രവര്‍ത്തികളും, ഗവേഷണങ്ങളുടേയും പുത്തന്‍ ആവിഷ്‌കാരങ്ങളുടേയും അദ്ഭുതാവഹമായ നേട്ടങ്ങളും കോവിഡ് കാലത്തുണ്ടായി എന്നാല്‍ അതോടൊപ്പം തന്നെ സ്വാര്‍ഥതാത്പര്യങ്ങളുടേയും പഴിചാരലുകളേയും ഭിന്നതയുടേയും കാഴ്ചകളും നാം കണ്ടു'- തെദ്രോസ് അദനോം പറഞ്ഞു. 

ഗൂഢാലോചനയുടെ തന്ത്രങ്ങള്‍ കാരണം ശാസ്ത്രം പിന്തള്ളപ്പെട്ട, ഭിന്നതയുടെ സ്വരം ഐക്യദാര്‍ഢ്യത്തെ തകര്‍ത്ത, സ്വര്‍ഥ താത്പര്യം ത്യാഗത്തെ മറികടന്ന ചിലയിടങ്ങളില്‍ വൈറസ് കൂടുതല്‍ ശക്തി പ്രാപിച്ചു. ഇപ്പോഴും അത് വ്യാപിച്ചു കൊണ്ടിരിക്കുന്നു. രോഗ വ്യാപനവും മരണ സംഖ്യയും വര്‍ധിക്കുന്ന രാജ്യങ്ങളെക്കുറിച്ച് പ്രത്യേകം പേര് എടുത്തു പറയാതെ അദ്ദേഹം വിമർശിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com