'ഇനി ധനസഹായം ഇല്ല', ലോകാരോ​ഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിച്ച് അമേരിക്ക

3000 കോടി രൂപയുടെ സഹായമാണ് ലോകാരോഗ്യ സംഘടനയ്ക്ക് അമേരിക്ക നല്‍കുന്നത്
'ഇനി ധനസഹായം ഇല്ല', ലോകാരോ​ഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിച്ച് അമേരിക്ക

വാഷിംഗ്‍ടണ്‍: കോവിഡ് വ്യാപനം തടയാൻ ശ്രമിച്ചില്ല എന്നാരോപിച്ച് ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി അമേരിക്ക. സംഘടനയ്ക്ക് ഇനി ധനസഹായം നൽകില്ലെന്നും യുഎസ് പ്രസിഡന്റെ ഡോണൾഡ് ട്രംപ് അറിയിച്ചു. 3000 കോടി രൂപയുടെ സഹായമാണ് ലോകാരോഗ്യ സംഘടനയ്ക്ക് അമേരിക്ക നല്‍കുന്നത്. ഇത് മറ്റ് ആരോഗ്യ സംഘടനകള്‍ക്ക് നല്‍കുമെന്നും ട്രംപ് വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ കൊവിഡ് വ്യാപനം തടയാന്‍ സംഘടന ഒന്നും ചെയ്തില്ലെന്നാണ് ട്രംപ് പറയുന്നത്. 

കോവിഡിന്റെ പേരിൽ ഇതിന് മുൻപും അമേരിക്ക ഡബ്യൂഎച്ച്ഒയുമായി കൊമ്പുകോർത്തിട്ടുണ്ട്. ചൈനയെ പിന്തുണയ്ക്കുന്നതാണ് ലോകാരോ​ഗ്യ സംഘടനയുടെ നിലപാട് എന്നാണ് യുഎസിന്റെ ആരോപണം. ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം പൂര്‍ണമായും നിര്‍ത്തിവെക്കുമെന്ന് നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് മുന്നറിയിപ്പ്  നല്‍കിയിരുന്നു. ആവശ്യപ്പെട്ട പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടെന്നും അതിനാലാണ് ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിക്കുന്നുവെന്നും തീരുമാനത്തേപ്പറ്റി വിശദീകരിക്കവേ ട്രംപ് പറഞ്ഞു. 

അമേരിക്ക പ്രതിവര്‍ഷം 45 കോടി ഡോളറാണ് ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്നത്. എന്നാല്‍ ചൈനയാകട്ടെ നാല് കോടി ഡോളറും. ഇത്രയും കുറഞ്ഞ തുക കൊടുത്തിട്ടും അവര്‍ ലോകാരോഗ്യ സംഘടനയെ നിയന്ത്രിക്കുന്നുവെന്ന് ട്രംപ് ആരോപിച്ചു. 30 ദിവസത്തിനകം പ്രവര്‍ത്തന രീതി മെച്ചപ്പെടുത്തിയില്ലെങ്കില്‍ സംഘടനയില്‍ തുടരുന്നകാര്യം അമേരിക്ക പുനരാലോചിക്കുമെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇതിനിടെയാണ് അമേരിക്ക ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം പൂര്‍ണമായും റദ്ദാക്കിയത്. അമേരിക്കയിലും ബ്രസീലിലും കൊവിഡ് കനത്ത നാശം വിതയ്‌ക്കുന്നത് തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ അമേരിക്കയില്‍ 24,802 പേരിലും ബ്രസീലില്‍ 29,526 പേരിലും രോഗം സ്ഥിരീകരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com