സ്കൂൾ തുറന്നു; കുട്ടികളിൽ കോവിഡ് പടരുന്നു; ഇം​ഗ്ലണ്ടിൽ വീണ്ടും ആശങ്ക

സ്കൂൾ തുറന്നു; കുട്ടികളിൽ കോവിഡ് പടരുന്നു; ഇം​ഗ്ലണ്ടിൽ വീണ്ടും ആശങ്ക
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടൻ: സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചതിന് പിന്നാലെ ഇം​ഗ്ലണ്ടിൽ കോവിഡ് വീണ്ടും വ്യാപിക്കുന്നു. സ്കൂൾ കൂട്ടികളിൽ വ്യാപകമായി പുതിയതായി രോ​ഗം പടരുന്നതാണ് ആശങ്ക പരത്തുന്നത്. പ്രതിദിന കോവിഡ് കേസുകളിൽ വർധനവ് ഉണ്ടായതായി ഔദ്യോഗിക കണക്കുകളും പുറത്തു വന്നിട്ടുണ്ട്. 

ബ്രിട്ടനിലെ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പാണ് ഇതു സംബന്ധിച്ച് കണക്കുകൾ പുറത്തുവിട്ടത്. രാജ്യത്ത് 12-15 വയസ് പ്രായമുള്ള കുട്ടികൾക്ക് ഒരാഴ്ച മുൻപാണ് കോവിഡ് വാക്‌സിൻ വിതരണം ആരംഭിച്ചത്. 

കോവിഡ്  വ്യാപനം നിയന്ത്രണ വിധേയമാകുകയും വാക്സിനേഷൻ വ്യാപകമാക്കുകയും ചെയ്തതിനെ തുടർന്ന് ഒരു മാസം മുൻപാണ് ഇംഗ്ലണ്ടിലെ സ്‌കൂളുകൾ വീണ്ടും തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചത്. സെപ്റ്റംബർ അവസാനത്തോടെയാണ് കേസുകൾ കുത്തനെ കൂടാൻ തുടങ്ങിയത്. 

കുട്ടികളിൽ കോവിഡ് കേസുകൾ വർധിക്കുന്നതിൽ പകർച്ച വ്യാധി വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം, കേസുകളിലെ വർധനവ് ഇതേ നിലയ്ക്ക് തുടരുമോ എന്ന് നിരീക്ഷിച്ചുവരികയാണെന്ന് വിദഗ്ധർ വ്യക്തമാക്കി. 

സെക്കൻഡറി സ്‌കൂൾ കുട്ടികളിൽ നിലവിൽ 4.58 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്. അതായത് പരിശോധനയ്ക്ക് വിധേയരാവുന്ന 25ൽ ഒരാൾ കോവിഡ് പോസിറ്റീവ് ആവുന്നു. തൊട്ടു മുൻപുള്ള ആഴ്ച 2.81 ശതമാനമായിരുന്നു രോഗ സ്ഥിരീകരണ നിരക്ക്. ഇംഗ്ലണ്ടിൽ 85ൽ ഒന്ന് എന്ന നിരക്കിലാണ് ആളുകളിൽ രോഗം സ്ഥിരീകരിക്കുന്നത്. തൊട്ടുമുൻപുള്ള ആഴ്ച ഇത് 90ൽ ഒന്ന് എന്ന നിരക്കിലായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com