യുക്രൈനിലേത് യുദ്ധമല്ല, സൈനിക നടപടി മാത്രം: റഷ്യന്‍ വിദേശകാര്യമന്ത്രി 

റഷ്യയില്‍ നിന്നും ഇന്ത്യ എന്തെങ്കിലും വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അക്കാര്യം ചര്‍ച്ച ചെയ്യാന്‍ തങ്ങള്‍ ഒരുക്കമാണ്
സെര്‍ജി ലാവ്‌റോവ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു/ എഎന്‍ഐ
സെര്‍ജി ലാവ്‌റോവ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു/ എഎന്‍ഐ

ന്യൂഡല്‍ഹി: യുക്രൈനില്‍ നടക്കുന്നത് യുദ്ധമല്ലെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ്. സൈനിക നടപടി മാത്രമാണത്. യുക്രൈനിലെ സൈനീകകേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ പരമാധികാരത്തിന് മേല്‍ കീവ് ഭരണകൂടത്തില്‍ നിന്നും സുരക്ഷാ ഭീഷണി ഉണ്ടാകാതിരിക്കാനുള്ള നടപടി മാത്രമാണ് റഷ്യ ലക്ഷ്യമിടുന്നതെന്നും വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു. 

ന്യൂഡല്‍ഹിയില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലാവ്‌റോവ്. യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യന്‍ നിലപാടിനെ റഷ്യന്‍ വിദേശകാര്യമന്ത്രി അഭിനന്ദിച്ചു. ഇന്ത്യയുടെ വിദേശനയത്തെ നയിക്കുന്നത് സ്വതന്ത്ര നിലപാടാണ്. ഇന്ത്യയുമായി റഷ്യക്ക് പതിറ്റാണ്ടുകളുടെ ബന്ധമാണുള്ളത്. തന്ത്രപരമായ പങ്കാളിത്തമാണുള്ളത്. 

ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍, മറ്റാരുടെയെങ്കിലും സമ്മര്‍ദ്ദം ബാധിക്കുന്ന പ്രശ്‌നമില്ലെന്നും സെര്‍ജി ലാവ്‌റോവ് പറഞ്ഞു. റഷ്യയുമായുള്ള സഹകരണം അവസാനിപ്പിക്കാന്‍ അമേരിക്ക ഇന്ത്യയ്ക്ക് മേല്‍ ചെലുത്തുന്ന സമ്മര്‍ദ്ദത്തെ പരാമര്‍ശിച്ചായിരുന്നു ലാവ്‌റോവിന്റെ പ്രതികരണം. 

റഷ്യയില്‍ നിന്നും ഇന്ത്യ എന്തെങ്കിലും വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അക്കാര്യം ചര്‍ച്ച ചെയ്യാന്‍ തങ്ങള്‍ ഒരുക്കമാണ്. പരസ്പര സഹകരണത്തില്‍ എത്തിച്ചേരാനാകും. ഇന്ത്യയുമായി റഷ്യയ്ക്ക് ഏറ്റവും മികച്ച ബന്ധമാണ് ഉള്ളതെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. സെര്‍ജി ലാവ്‌റോവ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തിയേക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com