അര്‍ബുദ ചികിത്സയില്‍ പ്രത്യാശ; ബേസ് എഡിറ്റിങ്ങിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തി 13കാരി

ജീവിതത്തിലേക്ക് മടങ്ങിവരാന്‍ കഴിയുമോ എന്ന ആശങ്കയ്ക്കിടയില്‍ ഗുരുതര രക്താര്‍ബുദത്തെ തോല്‍പ്പിച്ച് 13കാരി
അലിസ, image credit: Blood Cancer UK
അലിസ, image credit: Blood Cancer UK

ലണ്ടന്‍: ജീവിതത്തിലേക്ക് മടങ്ങിവരാന്‍ കഴിയുമോ എന്ന ആശങ്കയ്ക്കിടയില്‍ ഗുരുതര രക്താര്‍ബുദത്തെ തോല്‍പ്പിച്ച് 13കാരി. മറ്റെല്ലാ ചികിത്സാരീതികളും ഫലിക്കാതെ വന്നതോടെ, ബ്രിട്ടനിലെ ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തിയ 'ബേസ് എഡിറ്റിങ്' ജീന്‍ തെറാപ്പിയാണ് 13കാരിയെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത്.ആദ്യമായാണ് അര്‍ബുദ ചികിത്സയ്ക്ക് ബേസ് എഡിറ്റിങ് ഉപയോഗിക്കുന്നത്.

കഴിഞ്ഞവര്‍ഷം മേയിലാണ് ലീസ്റ്റര്‍ സ്വദേശിനിയായ അലിസയ്ക്ക് ഗുരുതര രോഗമായ ടി-സെല്‍ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ സ്ഥിരീകരിച്ചത്. ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കുന്ന പ്രധാന ശ്വേതരക്താണുക്കളാണ് ടി-കോശങ്ങള്‍. അലിസയില്‍ ഇവ ക്രമാതീതമായി പെരുകി. കീമോതെറാപ്പിയും മജ്ജ മാറ്റിവെക്കലുള്‍പ്പെടെയുള്ള ചികിത്സകളും നടത്തിയെങ്കിലും ഫലം കണ്ടില്ല. 

ഇതോടെ പരീക്ഷണാടിസ്ഥാനത്തിലാണ് ബേസ് എഡിറ്റിങ് തെറാപ്പിയിലേക്കു കടന്നത്. ആറു വര്‍ഷം മുമ്പാണ് ബേസ് എഡിറ്റിങ് കണ്ടുപിടിച്ചത്. അലിസയുടെ ടി-കോശങ്ങളില്‍ ബേസ് എഡിറ്റിങ് നടത്തി. അതുകഴിഞ്ഞ് ഒരിക്കല്‍ക്കൂടി മജ്ജ മാറ്റിവെച്ചു. 16 ആഴ്ച അലിസ ആശുപത്രിയില്‍ക്കഴിഞ്ഞു. ആറുമാസമാസത്തിനുശേഷമുള്ള പരിശോധനയില്‍ അലിസയ്ക്ക് അര്‍ബുദലക്ഷണങ്ങളില്ല. ഇപ്പോഴും നിരീക്ഷണത്തിലാണ്.

ഡിഎന്‍എയിലെ നാല് നൈട്രജന്‍ ബേസുകളായ അഡിനിന്‍(എ), തൈമിന്‍(ടി), ഗ്വാനിന്‍(ജി), സൈറ്റോസിന്‍(സി) എന്നിവയുടെ തന്മാത്രാഘടനയില്‍ മാറ്റം വരുത്തുകയാണ് ബേസ് എഡിറ്റിങ്ങിലൂടെ ചെയ്യുന്നത്. ജീന്‍ എഡിറ്റിങ്ങിലെത്തന്നെ സങ്കീര്‍ണമായ പ്രക്രിയയാണിത്. ജനിതകഘടനയില്‍ മാറ്റംവരുത്തിയ ടി-രക്തകോശങ്ങള്‍ അര്‍ബുദബാധയുള്ള കോശങ്ങളെ നശിപ്പിക്കുകയും രോഗിയെ സുഖപ്പെടുത്തുകയും ചെയ്യും. ദാതാവിന്റെ പൂര്‍ണാരോഗ്യമുള്ള ടി-കോശങ്ങളാണ് തെറാപ്പിക്ക് ഉപയോഗിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com