ചിത്രം: എപി 
ചിത്രം: എപി 

'ഒരു മുന്നറിയിപ്പും ഇല്ലായിരുന്നു, പെട്ടെന്നാണ് ഷെല്ലുകള്‍ പതിച്ചത്, യുദ്ധം അതിര്‍ത്തിയില്‍ മാത്രം ഒതുങ്ങുമെന്ന് കരുതി'

യുദ്ധം രൂക്ഷമായി തുടരുന്ന യുക്രൈനില്‍ മലയാളികള്‍ അടക്കം നിരവധിപേരാണ് കുടുങ്ങിക്കിടക്കുന്നത്

യുദ്ധം രൂക്ഷമായി തുടരുന്ന യുക്രൈനില്‍ മലയാളികള്‍ അടക്കം നിരവധിപേരാണ് കുടുങ്ങിക്കിടക്കുന്നത്. ഏറെയും വിദ്യാര്‍ത്ഥികളാണ്. രക്ഷാ ദൗത്യവുമായി ഇന്ത്യന്‍ സഹായം എത്തുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. ഉയര്‍ന്നു കേള്‍ക്കുന്ന വെടിയൊച്ചകള്‍ക്കും ഷെല്ലാക്രമണങ്ങള്‍ക്കും ഇടയില്‍ ജീവനും കയ്യില്‍ പിടിച്ച് രക്ഷകര്‍ക്കായി കാത്തിരിക്കുകയാണ് പലരും. 

ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും രൂക്ഷ യുദ്ധത്തിലേക്ക് വഴിമാറുമെന്ന് യുക്രൈന്‍ അധികൃതര്‍ കരുതിയിരുന്നില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 

ജനജീവിതം ഏറെക്കുറെ സാധാരണ നിലയിലാണ് പോയിരുന്നത്. സര്‍വകലാശാലകളും മറ്റും പൂര്‍ണമായി അടച്ചിരുന്നില്ല. ജനങ്ങള്‍ പതിവുപോലെ നിരത്തുകളില്‍ സജീവമായിരുന്നു. പെട്ടെന്നാണ് ആക്രമണമുണ്ടായത്. റഷ്യന്‍ സേന രാജ്യത്തിന്റെ നാലറ്റത്തു നിന്നും ഇരച്ചു കയറുകയായിരുന്നു. 

'യുദ്ധം ഉണ്ടാകുമെന്ന് ഒരു മുന്നറിയിപ്പും ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ സാധാരണ നിലയില്‍ തന്നെയാണ് കാര്യങ്ങളൊക്കെ പോയത്. രണ്ടു ദിവസം മുന്‍പാണ് യൂണിവേഴ്‌സിറ്റി അടച്ചത്. ഈ മേഖലയില്‍ പ്രശ്‌നമൊന്നും ഉണ്ടാകില്ല എന്ന ധാരണയിലായിരുന്നു അധികൃതര്‍. ഞങ്ങള്‍ ഒരുപാട് റിക്വസ്റ്റ് ചെയ്തിട്ടാണ് യൂണിവേഴ്‌സിറ്റി അടച്ചത്. രണ്ടാഴ്ചത്തേക്ക് ഓണ്‍ലൈന്‍ ക്ലാസ് ആക്കി.' ഇവാനോ ഫ്രാങ്ക് വിസ്‌ക് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയായ നോയല്‍ സമകാലിക മലയാളത്തിനോട് പറഞ്ഞു.  

'ഇത്രയും വലിയ ആക്രമണം ഉണ്ടാകുമെന്ന് യുക്രൈന് ധാരണയില്ലായിരുന്നു എന്ന് തോന്നുന്നു. അക്രമം ഉണ്ടായാലും അതിര്‍ത്തി പ്രദേശങ്ങളില്‍ ആയിരിക്കും പ്രശ്‌നമെന്നാണ് കരുതിയത്. പക്ഷേ ഇതിപ്പോള്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തും ആക്രമണം നടക്കുന്നുണ്ട്. ഞങ്ങള്‍ നില്‍ക്കുന്നിടത്ത് നിലവില്‍ വലിയ പ്രശ്‌നങ്ങളില്ല. പക്ഷേ ഇന്നലെ അപ്രതീക്ഷിതമായി ഇപ്പോള്‍ ഞങ്ങള്‍ താമസിക്കുന്നതിന് തൊട്ടടുത്തായി ഷെല്ല് പതിച്ചു. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുന്നുണ്ട്. കഴിയുന്നതും എത്രയും വേഗം സ്ഥലമൊഴിയാന്‍ പറ്റുമെന്നാണ് പ്രതീക്ഷ. പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ എത്തിച്ച് അവിടെ നിന്ന് നാട്ടിലേക്ക് കൊണ്ടുപോകാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്.'-നോയല്‍ പറഞ്ഞു. 

ഏകദേശം ആയിരത്തിന് മുകളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഈ യൂണിവേഴ്‌സിറ്റിയിലുള്ളത്. അതില്‍ നല്ലൊരു പങ്കും മലയാളികളാണ്. യുദ്ധം തുടങ്ങിയതിന് ശേഷം, വിദ്യാര്‍ത്ഥികള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളും മറ്റും ക്രിയേറ്റ് ചെയ്ത് പരസ്പരം ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. ഇന്ത്യന്‍ എംബസിയുടെയും മറ്റ് ഔദ്യോഗിക പേജുകളും പിന്തുടര്‍ന്ന് വിവരങ്ങള്‍ ശേഖരിക്കുന്നു. 

രക്ഷാദൗത്യത്തിന് എയര്‍ ഇന്ത്യ

യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരികെ എത്തിക്കാന്‍ ദൗത്യവുമായി ഇന്ത്യ. എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ നാളെ പുലര്‍ച്ചെ രണ്ട് മണിക്ക് രക്ഷാ ദൗത്യത്തിനായി പുറപ്പെടും.

ഒഴിപ്പിക്കലിന് നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ സംഘം റൊമേനിയന്‍ അതിര്‍ത്തിയില്‍ എത്തിയിട്ടുണ്ട്. ഇവിടെയെത്താന്‍ യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്ന് 12 മണിക്കൂര്‍ റോഡ് മാര്‍ഗം സഞ്ചരിക്കേണ്ടതുണ്ട്. ഇവിടെ ക്യാമ്പ് തുറക്കാനാണ് ഇന്ത്യന്‍ തീരുമാനം. ഇതിനായി റൊമേനിയന്‍ സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്.

യുക്രൈന്‍ വ്യോമാതിര്‍ത്തിയില്‍ വിമാനങ്ങള്‍ കടക്കുന്നത് അപകടമായതിനാല്‍ റൊമേനിയയുടെ തലസ്ഥാനമായ ബുക്കറസ്റ്റില്‍ നിന്നാകും വിമാനങ്ങള്‍ രക്ഷാ ദൗത്യം നടത്തുക.

ചില ഇന്ത്യക്കാര്‍ ഇതിനോടകം കീവിലെ ഇന്ത്യന്‍ എംബസിയില്‍ അഭം തേടിയിട്ടുണ്ട്. മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി ഇന്ത്യക്കാരാണ് യുക്രൈനില്‍ കുടുങ്ങി കിടക്കുന്നത്. ഇന്ത്യന്‍ എംബസി സ്ഥിതി ചെയ്യുന്ന പ്രദേശത്തും കനത്ത ആക്രമണമാണ് നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com