കടന്നുകയറി റഷ്യ; ഖാർക്കീവിലും സുമിയിലും വൻ സേനാ വിന്യാസം; കീവിൽ വ്യോമാക്രമണ മുന്നറിയിപ്പ്

കീവിൽ വ്യോമാക്രമണ ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പുറത്തിറങ്ങരുതെന്ന് ജനങ്ങൾക്ക് നിർ​ദ്ദേശമുണ്ട്
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

കീവ്: യുക്രൈനെതിരായ ആക്രമണം രൂക്ഷമാക്കി റഷ്യ. യുക്രൈനിലെ രണ്ട് ന​ഗരങ്ങൾ പിടിച്ചെടുത്തതായി റഷ്യയുടെ അവകാശവാദം. ഖാർക്കീവിലേക്ക് റഷ്യൻ സേന പ്രവേശിച്ചതായും റിപ്പോർട്ടുകളുണ്ട്. റഷ്യൻ സേന പ്രവേശിച്ചതായി ഖാർക്കീവിലെ പ്രാദേശിക ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്. 

ഖാർക്കീവിന് പിന്നാലെ സുമിയിലും റഷ്യൻ സേന എത്തിയതായാണ് റിപ്പോർട്ടുകൾ. സുമിയിൽ വലിയ തോതിലുള്ള സേനാ വാഹനങ്ങളെ റഷ്യ വിന്യസിച്ചതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഒഡേസയിൽ ഡ്രോൺ ആക്രമണം നടന്നതായും വാർത്തകളുണ്ട്. 

കീവിൽ വ്യോമാക്രമണ ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പുറത്തിറങ്ങരുതെന്ന് ജനങ്ങൾക്ക് നിർ​ദ്ദേശമുണ്ട്. ബങ്കറിലുള്ളവർ അവിടെ തന്നെ തുടരണമെന്നും നിർദ്ദേശത്തിൽ പറയുന്നു. റഷ്യൻ സേനയ്ക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് യുക്രൈൻ വ്യക്തമാക്കി. 

റഷ്യയുടെ മിസൈൽ ആക്രമണത്തിൽ യുക്രൈനിലെ ഖാർക്കീവിലുള്ള വാതക പൈപ്പ് ലൈൻ തകർന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാർക്കീവിലെ വാതക പൈപ്പ് ലൈനിന് നേരെ ഞായറാഴ്ച രാവിലെയായിരുന്നു അക്രമണമെന്ന് യുക്രൈൻ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. പൊട്ടിത്തെറിക്ക് പിന്നാലെ പ്രദേശത്താകെ ഉയർന്ന പുക പരിസ്ഥിതി ദുരന്തത്തിന് കാരണമായേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

പുക സമീപ പ്രദേശങ്ങളിലേക്ക് വ്യാപിച്ചേക്കാമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഖാർക്കീവിന് സമീപമുള്ള താമസക്കാർ നനഞ്ഞ തുണിയും മറ്റും ഉപയോഗിച്ച് ജനാലുകൾ മറയ്ക്കണമെന്നും ധാരാളമായി വെള്ളം കുടിക്കണമെന്നും സ്‌പെഷ്യൽ കമ്മ്യൂണിക്കേഷൻ ഇൻഫർമേഷൻ പ്രൊട്ടക്ഷൻ വിഭാഗം നിർദേശിച്ചു.

ഖാർക്കീവിൽ റഷ്യയുടെ ഷെല്ലാക്രമണവും രൂക്ഷമാണ്. മിസൈൽ പതിച്ച് വസിൽകീവിലെ ഇന്ധന സംഭരണ ശാലയ്ക്കും തീപിടിച്ചു. അക്രമണത്തിന് പിന്നാലെ ഇന്ധന സംഭരണ ശാല വലിയ തീഗോളമായി മാറുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ആണവമാലിന്യ സംസ്‌കരണ കേന്ദ്രത്തിലും വെടിവെപ്പുണ്ടായതായി റിപ്പോർട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com