'റഷ്യയുമായുള്ള ബന്ധം പാറപോലെ ഉറച്ചത്; മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ചൈന

റഷ്യയുമായുള്ള ചൈനയുടെ ബന്ധം ഇപ്പോഴും മികച്ചതാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി
പുടിന്‍, ഷി ജിന്‍ പിങ്‌
പുടിന്‍, ഷി ജിന്‍ പിങ്‌


ബീജിങ്: യുക്രൈന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ചൈന. റഷ്യയുമായുള്ള ചൈനയുടെ ബന്ധം ഇപ്പോഴും മികച്ചതാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. 

'റഷ്യയും ചൈനയും തമ്മിലുള്ള സൗഹൃദം പാറപോലെ ഉറച്ചതാണ്. ഇരുപക്ഷത്തിന്റെയും ഭാവി സഹകരണ സാധ്യതകള്‍ വളരെ വിശാലമാണ്. 'ആവശ്യമെങ്കില്‍ മധ്യസ്ഥത വഹിക്കാന്‍ അന്താരാഷ്ട്ര സമൂഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ചൈന തയ്യാറാണ്'- വാങ് യി പറഞ്ഞു. 

യുക്രൈനിലേക്ക് സഹായങ്ങള്‍ എത്തിച്ചു നല്‍കുമെന്നും വാങ് കൂട്ടിച്ചേര്‍ത്തു. ചൈനയും റഷ്യയും തമ്മിലുള്ളത് ലോകത്തെ ഏറ്റവും നിര്‍ണായകമായ ഉഭയകക്ഷി ബന്ധമാണെന്നും ലോക സമാധാനത്തിനുംം സ്ഥിരതയ്ക്കും വികസനത്തിനും വേണ്ടിയാണ് നിലകൊള്ളുന്നതെന്നും വാങ് യി പറഞ്ഞു. 

സ്ഥിതിഗതികള്‍ ശീതയുദ്ധ കാലത്തിലേത് പോലെ ആകുന്നതും ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമായി മാറുന്നതിനിയെും ഇരു രാജ്യങ്ങളും ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. 

യുദ്ധം അവസാനിപ്പിക്കാനായി ചൈന ഇടപെടണമെന്ന് യുക്രൈനും യൂറോപ്യന്‍ യൂണിയനും അവാശ്യപ്പെട്ടിരുന്നു. അമേരിക്കയും ഫ്രാന്‍സും അടക്കമുള്ള രാജ്യങ്ങളുടെ ശ്രമങ്ങള്‍ വിഫലമായ സാഹചര്യത്തിലാണ്, ചൈനയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍ രംഗത്തുവന്നത്. 

യുദ്ധത്തില്‍ റഷ്യയെ അപലപിക്കാന്‍ ചൈന കൂട്ടാക്കിയിരുന്നില്ല. എന്നാല്‍ വിഷയത്തില്‍ ഇടപെടാതെ അകന്നു നില്‍ക്കുന്ന സമീപനമാണ് ചൈന സ്വീകരിച്ചത്. റഷ്യയുമായി കൂടുതല്‍ അടുത്താല്‍ ലോകരാജ്യങ്ങള്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും എന്ന സൂചനയാണ് ചൈനയെ വിഷയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചത് എന്ന് നയന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com