ഒമൈക്രോണ്‍ വ്യാപനം, ബീജിംഗില്‍ ഭാഗിക ലോക്ക്ഡൗണ്‍; സ്‌കൂളുകളും മെട്രോ സ്‌റ്റേഷനുകളും അടച്ചു, കോടിക്കണക്കിന് ആളുകളെ ഒറ്റയടിക്ക് പരിശോധിക്കും

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചൈനയുടെ തലസ്ഥാനമായ ബീജിംഗില്‍ ഭാഗിക ലോക്ക്ഡൗണ്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബീജിംഗ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചൈനയുടെ തലസ്ഥാനമായ ബീജിംഗില്‍ ഭാഗിക ലോക്ക്ഡൗണ്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി മെട്രോ സ്‌റ്റേഷനുകളും സ്‌കൂളുകളും ഹോട്ടലുകളും അടച്ചു.  2.1 കോടി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരത്തില്‍ പ്രതിദിനം കോവിഡ്  ടെസ്റ്റ് നടത്താന്‍ ഉത്തരവിട്ടു.

ചൈനയുടെ വാണിജ്യ തലസ്ഥാനമായ ഷാങ്ഹായ്ക്ക് പിന്നാലെ ബീജിംഗിലും കോവിഡ് പിടിമുറുക്കുകയാണ്. പുതുതായി 53 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ബീജിംഗില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 500 ആയി. ചൈനയില്‍ ഒമൈക്രോണ്‍ വകഭേദമാണ് പടരുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നഗരത്തില്‍ ഭാഗിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

ബുധനാഴ്ച മാത്രം 40 സബ് വേ സ്റ്റേഷനുകളാണ് അടച്ചത്. മൊത്തം സബ് വേ സ്റ്റേഷനുകളില്‍ പത്തുശതമാനം വരും അടച്ചിട്ട സ്റ്റേഷനുകള്‍. ബസുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചു. നഗരത്തിലെ ചായോങ് ജില്ലയിലാണ് ഏറ്റവുമധികം നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

കെജി ക്ലാസുകള്‍ ഉള്‍പ്പെടെ വിവിധ തലങ്ങളിലെ സ്‌കൂള്‍ പഠനം പുനരാരംഭിക്കുന്നത് മെയ് 11 വരെ നീട്ടിവെച്ചിരിക്കുകയാണ്. കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. 

അടിയന്തര സാഹചര്യങ്ങളില്‍ ബീജിംഗ് വിട്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ ന്യൂക്ലിക് ആസിഡ് ടെസ്റ്റിന് വിധേയമാകണമെന്നാണ് നിര്‍ദേശം. 48മണിക്കൂറിനുള്ളില്‍ ലഭിച്ച നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാന്‍ അനുവാദം ഉള്ളത്. വിമാനത്തിലോ ട്രെയിനിലോ കയറുന്നവര്‍ ഗ്രീന്‍ ഹെല്‍ത്ത് കോഡ് കാണിക്കണം. 

നഗരത്തിലെ എല്ലാ ജനങ്ങളെയും വരുന്ന മൂന്ന് ദിവസം തുടര്‍ച്ചയായി പരിശോധിക്കാനാണ് അധികൃതരുടെ തീരുമാനം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരുമാസമായി ഷാങ്ഹായ് നഗരത്തില്‍ ലോക്ക്ഡൗണാണ്. ബുധനാഴ്ച മാത്രം ഷാങ്ഹായ് നഗരത്തില്‍ 4982 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com