ഒരുസംഘം ഇന്ത്യക്കാർ സൗദിയിൽ; ഉദ്യോ​ഗസ്ഥരെ എയർലിഫ്റ്റ് ചെയ്ത് അമേരിക്ക, സുഡാനിൽ മരണസംഖ്യ  400 കടന്നു

ഇരു സേനാവിഭാ​ഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്ന സുഡാനിൽ നിന്ന് വിവിധ രാജ്യങ്ങളിലെ പൗരൻമാരെയും നയതന്ത്ര ഉദ്യോ​ഗസ്ഥരെയും ഒഴിപ്പിച്ചു തുടങ്ങി
ജിദ്ദയിൽ എത്തിയവരെ സൗദി സൈനികർ സ്വീകരിക്കുന്നു/എഎഫ്പി
ജിദ്ദയിൽ എത്തിയവരെ സൗദി സൈനികർ സ്വീകരിക്കുന്നു/എഎഫ്പി

രു സേനാവിഭാ​ഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്ന സുഡാനിൽ നിന്ന് വിവിധ രാജ്യങ്ങളിലെ പൗരൻമാരെയും നയതന്ത്ര ഉദ്യോ​ഗസ്ഥരെയും ഒഴിപ്പിച്ചു തുടങ്ങി. സൗദി അറേബ്യ ഒഴിപ്പിച്ച ഇന്ത്യക്കാർ ജിദ്ദയിലെത്തി. ഇന്ത്യക്കാരടക്കമുള്ള 91പേരെ കപ്പലിൽ ജിദ്ദയിൽ എത്തിച്ചെന്ന് സൗദി അറിയിച്ചു. ഇവരെ വിമാന മാർ​ഗം ഇന്ത്യയിലേക്ക് എത്തിക്കും. 

സുഡാൻ തലസ്ഥാനമായ ഖാർതൂമിൽ നിന്ന് നയതന്ത്ര ഉദ്യോ​ഗസ്ഥരെ ഒഴിപ്പിച്ചെന്ന് അമേരിക്ക അറിയിച്ചു. പ്രത്യേക ഓപ്പറേഷനിലൂടെ നയതന്ത്ര ഉദ്യോ​ഗസ്ഥരെ എയർ‌ലിഫ്റ്റ് ചെയ്തെന്ന് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ഖാർതൂമിലെ അമേരിക്കൻ എംബസിയിൽ നിന്ന് എതോപ്യയിലേക്കാണ് യുഎസ് ഉദ്യോ​ഗസ്ഥരെ മാറ്റിയത്. 

സുഡാനിലെ യുഎസ് എംബസി അടച്ചതായും പ്രസി‍ഡന്റ് ബൈഡൻ വ്യക്തമാക്കി. നേരത്തെ, സംഘർഷം രൂക്ഷമായ സുഡാനിൽ നിന്ന് അമേരിക്ക, ചൈന, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ പൗരൻമാരേയും നയതന്ത്ര ഉദ്യോ​ഗസ്ഥരെയും ഒഴിപ്പിക്കാൻ സൈന്യം അനുമതി നൽകിയിരുന്നു. സൗദി അറേബ്യ കപ്പൽ മാർ​ഗമാണ് ഒഴിപ്പിക്കൽ നടപടികൾ നടത്തുന്നത്. സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ സൗദിയുടേയും യുഎഇയുടെയും സഹായം അഭ്യാർഥിച്ചിരുന്നു. 

അതേസമയം, ഈദ് പ്രമാണിച്ച് ഇരു സേനകളും വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും സംഘർഷത്തിന് അയവ് വന്നിട്ടില്ല. ആക്രമണങ്ങളിൽ ഇതുവരെ 413 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com