വന്‍ സന്നാഹങ്ങളുമായി ഇന്ത്യന്‍ രക്ഷാ സംഘം തുര്‍ക്കിയില്‍; മരണസംഖ്യ 5,000 കടന്നു

ഭൂകമ്പങ്ങള്‍ ദുരന്തം വിതച്ച തുര്‍ക്കിയിലും സിറിയയിലുമായി മരിച്ചവരുടെ എണ്ണം 5,000 കടന്നു
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി


ഭൂകമ്പങ്ങള്‍ ദുരന്തം വിതച്ച തുര്‍ക്കിയിലും സിറിയയിലുമായി മരിച്ചവരുടെ എണ്ണം 5,000 കടന്നു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. തുര്‍ക്കിയില്‍ 3,419പേര്‍ മരിച്ചതായി വൈസ് പ്രസിഡന്റ് ഫുവത് ഒക്ടായ് പറഞ്ഞു. 20,534 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സിറിയയില്‍ 1,602പേര്‍ മരിച്ചു. ഇതോടെ മരണസംഖ്യ 5,102 ആയി. 

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഇന്ത്യയില്‍ നിന്നുള്ള ആദ്യം സംഘം തുര്‍ക്കിയിലെത്തി. എന്‍ഡിആര്‍എഫ് നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരും ഡോഗ് സ്‌ക്വാഡും ഉള്‍പ്പെടെ 50 പേരാണ് ആദ്യ സംഘത്തിലുള്ളത്. രക്ഷാ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍, പ്രത്യേക പരിശീലനം ലഭിച്ച രണ്ട് നായകള്‍, ചിപ്പിങ് ഹാമേര്‍സ്, കെട്ടിടാവശിഷ്ടങ്ങള്‍ മുറിയ്ക്കാനുള്ള ഉപകരണങ്ങള്‍, ഫസ്റ്റ് എയ്ഡ് മെഡിസിന്‍സ് എന്നിവയുമായാണ് സംഘം എത്തിയത്. 

എയര്‍ ഫോഴ്‌സിന്റെ രണ്ട് സി 17 വിമാനങ്ങളിലാണ് ഗാസിയാബാദിലെ എയര്‍ ബേസില്‍ നിന്ന് രക്ഷാ സംഘം പുറപ്പെട്ടത്. സംഘത്തില്‍ അഞ്ച് വനിതകളുമുണ്ട്. ദക്ഷിണ തുര്‍ക്കിയിലെ അദാന എയര്‍പോര്‍ട്ടിലാണ് ആദ്യ സംഘം എത്തിയത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും തുര്‍ക്കി ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തിയതിന് ശേഷമാകും ഏത് മേഖലയിലേക്കാണ് പോകേണ്ടത് എന്ന് തീരുമാനിക്കുക. ഇന്ത്യന്‍ സംഘം വിമാനത്താവളത്തില്‍ എത്തിയ വിവരം വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ സ്ഥിരീകരിച്ചു. 

ഭൂകമ്പം ദുരന്തം വിതച്ച തുര്‍ക്കിയിലേക്കും സിറിയയിലേക്കും സഹായം എത്തിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com