ആരോഗ്യം

ടൂത്ത്‌പേസ്റ്റ് കൊണ്ട് പല്ലിനു മാത്രമല്ല ഗുണം, ഇതൊന്നു വായിച്ചു നോക്കൂ 

സമകാലിക മലയാളം ഡെസ്ക്

ദിവസവും രണ്ടു നേരം പല്ലുതേക്കണം എന്ന് പറയുമ്പോള്‍ ദന്തസംരക്ഷണം മാത്രമാണ് ഇതുകൊണ്ട് ലക്ഷ്യമാക്കിയിരുന്നത്. എന്നാല്‍ ഇതുമാത്രമല്ല ടൂത്ത് പേസ്റ്റ് കൊണ്ടുള്ള ഗുണം. ശ്വാസകോശസംബന്ധമായ അസുഖങ്ങളോട് ചെറുത്തുനില്‍ക്കാനും ടൂത്ത്‌പേസ്റ്റ് സഹായകമാണെന്നാണ് പുതിയ പഠനം. ടൂത്തപേസ്റ്റില്‍ കണ്ടെത്താന്‍ കഴിയുന്ന രോഗാണുക്കളെ പ്രതിരോധിക്കുന്ന ഒരു ഘടകമാണ് ഈ സവിശേഷതയ്ക്ക് കാരണം. ശ്വാസകോശത്തെ ബാധിക്കുന്ന സിഎഫ് (സിസ്റ്റിക് ഫൈബ്രോസിസ്) എന്ന രോഗാവസ്ഥയെ 99.9ശതമാനവും ചെറുത്തുനില്‍ക്കാന്‍ ഇത് സഹായിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. മിഷിഗണ്‍ സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ പുതിയ കണ്ടെത്തലിന് പിന്നില്‍

2500പേരില്‍ ഒരാള്‍ക്ക് കാണപ്പെടുന്ന ജനിതക രോഗമാണ് സിഎഫ്. വളരെ ചെറുപ്രായത്തിലെ പിടിപെടുന്ന ഈ രോഗം ബാധിച്ചാല്‍ ജീവിതകാലം മുഴുവന്‍ അതിന്റെ അസ്വസ്ഥതകള്‍ രോഗിയെ അലട്ടികൊണ്ടിരിക്കുകയും ചെയ്യും. ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാലും ശരീരത്തില്‍ കടന്നിട്ടുള്ള ബാക്റ്റീരിയയെ ഇല്ലാതാക്കാന്‍ കഴിയില്ല. ബാക്റ്റീരിയയെ ആവരണം ചെയ്തുകൊണ്ട് ബയോഫിലിം എന്നൊരു സംരക്ഷണ വലയം രൂപപ്പെടുന്നതുകൊണ്ടാണ് ആന്റീബയോട്ടിക്കുകള്‍ ഫലപ്രദമാകാത്തതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ക്രിസ് വാട്ടേഴ്‌സ് പറഞ്ഞു.

ടൂത്ത്‌പേസ്റ്റുകളില്‍ ഉപയോഗിക്കുന്ന ട്രൈക്ലോസാനും ടോബ്രാമൈസിന്‍ എന്ന ആന്റിബയോട്ടിക്കും കൂടി ചേരുമ്പോഴാണ് സിഎഫിന് കാരണമാകുന്ന ബാക്റ്റീരിയയെ ചെറുത്തുനില്‍ക്കാന്‍ സാധിക്കുന്നത്. 40 വര്‍ഷത്തിലധികമായി സോപ്പുകളിലും മറ്റ് വാണിജ്യ ഉത്പന്നങ്ങളിലും ഉപയോഗിച്ചുവരുന്ന ട്രൈക്ലോസാന്റെ അളവ് ഇത്തരം ഉത്പന്നങ്ങളില്‍ അടുത്തിടെ എഫ്ഡിഐ കുറച്ചിരുന്നു. എന്നാല്‍ ടൂത്ത്‌പേസ്റ്റുകളിലെ ഇവയുടെ അളവ് കുറച്ചിട്ടില്ല. ട്രൈക്ലോസാന്‍ ടൂത്ത്‌പേസ്റ്റുകളില്‍ ഉപയോഗിക്കുന്നത് ഉത്തമമാണെന്ന് ചൂണ്ടികാണിക്കുന്ന വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും അതുകൊണ്ടാണ് ഇപ്പോഴും ഇതിന്റെ ഉപയോഗം അംഗീകൃതമായി തുടരുന്നതെന്നും ഗവേഷകര്‍ ചൂണ്ടികാണിക്കുന്നു. 

എന്നാല്‍ ട്രൈക്ലോസാന്‍ അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ദിവസവും പല്ലുതേക്കുന്നതുകൊണ്ടുമാത്രം ഈ പ്രയോജനം ലഭിക്കില്ലെന്നും സിഎഫ് രോഗികളില്‍ ഇത് ഫല പ്രദമായ രീതിയില്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്നത് സംബന്ധിച്ച പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ക്രിസ് വാട്ടേഴ്‌സ പറഞ്ഞു. ആന്റീമൈക്രോബിയല്‍ ഏജന്റ്‌സ് ആന്‍ഡ് കീമോതെറാപ്പി എന്ന ജേര്‍ണലില്‍ പഠനം പ്രസിദ്ധീകരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത