ആരോഗ്യം

വാക്‌സിന്‍ എടുത്തവര്‍ ചിക്കന്‍ കഴിക്കാമോ ?; വാക്‌സിനും ടിടിയും ഒരുമിച്ചെടുത്താല്‍ മരിച്ചു പോകുമോ ?; ആരോഗ്യ വിദഗ്ധര്‍ വിശദീകരിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങള്‍ക്കെതിരെ ആരോഗ്യവിദഗ്ധര്‍. വാക്‌സിനേഷനുമായി ബന്ധപ്പെട്ട് മുന്നിലെത്തുന്നത് ആധികാരിക നിര്‍ദേശങ്ങളാണെന്ന് ഉറപ്പു വരുത്തണമെന്ന് ആരോഗ്യവകുപ്പ് ഓര്‍മിപ്പിക്കുന്നു. പനി വന്നില്ലെങ്കില്‍ വാക്‌സീന്‍ ഫലിച്ചില്ല, വാക്‌സീന്‍ എടുത്തശേഷം എന്തും കഴിക്കരുത്, വ്യായാമം ചെയ്യാമോ? തുടങ്ങിയ കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

കോവിഡ് വാക്‌സിന്‍ എടുത്തവര്‍ ചിക്കന്‍ കഴിക്കരുതെന്നാണ് സമീപകാലത്ത് പ്രചരിച്ച ഒരു ശബ്ദസന്ദേശം. രണ്ടാഴ്ചത്തേക്ക് കേറ്ററിങ് ഭക്ഷണം ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് സ്‌പെഷല്‍ ഡയറക്ടര്‍ ഗംഗാദത്തന്‍ എന്ന് പരിചയപ്പെടുത്തുന്ന ശബ്ദസന്ദേശം പ്രചരിച്ചിരുന്നു. എന്നാല്‍ ആരോഗ്യവകുപ്പില്‍ അങ്ങനെയൊരു തസ്തിക പോലും ഇല്ലെന്നിരിക്കെയാണ് വ്യാജസന്ദേശം പ്രചരിച്ചത്. കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ടു ഭക്ഷണകാര്യത്തില്‍ ഒരു നിയന്ത്രണവും നിര്‍ദേശിക്കുന്നില്ല. മുമ്പു കഴിച്ചിരുന്നതെന്തും ധൈര്യമായി കഴിക്കാമെന്നും ആരോഗ്യവിദഗ്ധര്‍ അവര്‍ പറയുന്നു.

കോവിഡ് ബാധിച്ചവര്‍ക്ക് നിലവില്‍ രോഗം ഭേദമായി മൂന്നു മാസത്തിനു ശേഷമാണ് വാക്‌സീന്‍ നല്‍കുന്നത്. മികച്ച രോഗപ്രതിരോധ ശേഷി ഉറപ്പുവരുത്താനാണിത്. കോവിഡ് ബാധിച്ചതറിയാതെ വാക്‌സീന്‍ എടുത്താല്‍ സ്ഥിതി ഗുരുതരമാകുമെന്നും മരണം വരെ സംഭവിച്ചേക്കാമെന്നുമുള്ള സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതിനും തെളിവുകളില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. 

ഗര്‍ഭാവസ്ഥയില്‍ വാക്‌സീന്‍ എടുത്താല്‍ കുട്ടിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. കോവിഡ് വന്നാല്‍ ഗര്‍ഭിണികളുടെ അവസ്ഥ ഗുരുതരമായേക്കാം എന്നതിനാല്‍ ഗര്‍ഭാവസ്ഥയില്‍ തന്നെ രണ്ടു ഡോസ് വാക്‌സീനും എടുക്കുന്നതാണു സുരക്ഷിതം. അമ്മയുടെ ശരീരത്തില്‍ രൂപപ്പെടുന്ന ആന്റിബോഡി കുഞ്ഞിനും സുരക്ഷിതത്വം നല്‍കും. എന്നാല്‍ വ്യാജ പ്രചാരണങ്ങള്‍ ഗര്‍ഭിണികളിലെ വാക്‌സിനേഷന്‍ നിരക്ക് കുറയുന്നതിന് കാരണമാകുന്നതായും ആരോഗ്യവിദഗ്ധര്‍ വിലയിരുത്തുന്നു. 

ടെറ്റനസ് വാക്‌സീന്‍ (ടിടി) സ്വീകരിച്ച ഉടന്‍ കോവിഡ് വാക്‌സീന്‍ സ്വീകരിച്ചാല്‍ മരിച്ചുപോകുമെന്നതാണ് മറ്റൊരു വ്യാജ പ്രചാരണം. നിലവിലുള്ള ഏതു വാക്‌സീനൊപ്പവും ടിടി നല്‍കാം. അത് ഒരേ സമയമോ കുറച്ചു ദിവസങ്ങളുടെ ഇടവേളയിലോ ആയാലും കുഴപ്പമില്ല. രണ്ടിന്റെയും ഫലപ്രാപ്തി കുറയില്ലെന്നു മാത്രമല്ല ഒരു തരത്തിലുള്ള സുരക്ഷിതത്വ പ്രശ്‌നവുമില്ല. കോവിഡ് വാക്‌സീന്‍ മറ്റേതു വാക്‌സീനോടൊപ്പവും നല്‍കാം.

നമുക്ക് ലഭിക്കുന്ന കോവിഡ് വാക്‌സിനുകളുമായി യാതൊരു തരത്തിലും പ്രതിപ്രവര്‍ത്തിക്കാന്‍ ശേഷിയില്ലാത്ത ടോക്‌സോയിഡ് വാക്‌സിന്‍ എന്നയിനത്തില്‍ പെട്ട ഒരു പഞ്ചപാവമാണ് ടിടി എന്ന ടെറ്റനസ് ടോക്‌സോയിഡ് വാക്‌സിന്‍ എന്ന് ഡോ. ഷിംന അസീസ് പറഞ്ഞു. കോവിഡ് വാക്‌സിന്‍ എടുത്ത ശേഷം ടെറ്റനസ് വാക്‌സിനെടുത്ത് ആരാണ്ടൊക്കെയോ മരിച്ചു പോയീന്ന് വോയ്‌സ് മെസേജ് കിട്ടിയവര്‍, ആ സന്ദേശം ഡിലീറ്റ് ചെയ്യാനും ഡോ. ഷിംന നിര്‍ദേശിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര