ചലച്ചിത്രം

എന്റെ ആത്മാഭിമാനത്തിന് കമല്‍ഹാസന്‍ മുറിവേല്‍പ്പിച്ചു;  പ്രതികരണവുമായി നടി ഗൗതമി 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:  പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപികരിച്ച് മുന്നോട്ടുപോകുന്ന കമല്‍ഹാസനെ പ്രതിരോധത്തിലാക്കി വിമര്‍ശനവുമായി നടി ഗൗതമി. 
കമല്‍ഹാസനുമായുള്ള ബന്ധം അവസാനിപ്പിച്ചത് ആത്മാഭിമാനത്തിന് മുറിവേറ്റതോടെയാണെന്ന് തന്റെ ബ്ലോഗിലൂടെ നടി ഗൗതമി പ്രതികരിച്ചു. 
രാഷ്ട്രീയപ്പാര്‍ട്ടി രൂപവത്കരിച്ച കമലിനു പിന്നില്‍ ഗൗതമിയുണ്ടെന്ന പ്രചാരണത്തെത്തുടര്‍ന്നാണ് മനസുതുറന്ന് ഗൗതമി എത്തിയത്. 

തനിക്ക് നിലവില്‍ കമലുമായി വ്യക്തിപരമായോ തൊഴില്‍പരമായോ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയ ഗൗതമി ഇരുവരും ബന്ധം അവസാനിപ്പിച്ചതിനെപ്പറ്റിയും വിശദീകരിച്ചു. പരസ്പര ബഹുമാനവും ആത്മാര്‍ഥതയും നിലനിര്‍ത്താന്‍ കഴിയാതെ വന്നതും ആത്മാഭിമാനം കളഞ്ഞ് ബന്ധം തുടരാന്‍ തനിക്ക് താത്പര്യമില്ലാതിരുന്നതിനാലുമാണ് പിരിഞ്ഞത്.

വിവാഹം കഴിച്ചിരുന്നില്ലെങ്കിലും 13 വര്‍ഷമായി ജീവിതപങ്കാളികളായി കഴിഞ്ഞ കമലും ഗൗതമിയും 2016 ഒക്ടോബറിലാണ് പിരിഞ്ഞത്. ബന്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് അന്ന് കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. എ.ഐ.എ.ഡി.എം.കെ. നേതാക്കളാണ് കമലും ഗൗതമിയും തമ്മില്‍ ഇപ്പോഴും ബന്ധമുണ്ടെന്നും കമലിന്റെ പാര്‍ട്ടിക്ക് പണമെത്തുന്നത് ഗൗതമി വഴിയാണെന്നും ആരോപിച്ചത്.

കമലിനൊപ്പം ജീവിതം തുടങ്ങിയതോടെ സിനിമാഭിനയം നിര്‍ത്തിയെന്ന് ഗൗതമി ചൂണ്ടിക്കാട്ടി. പിന്നീട് കമലിന്റെ നേതൃത്വത്തിലുള്ള നിര്‍മാണക്കമ്പനിയായ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മിച്ച സിനിമകള്‍ക്കുവേണ്ടി വസ്ത്രലാങ്കാരം നിര്‍വഹിച്ചു. മറ്റ് നിര്‍മാണക്കമ്പനികള്‍ക്കുവേണ്ടി കമല്‍ അഭിനയിച്ച സിനിമകളിലും വസ്ത്രാലങ്കാരം ചെയ്തു. വിശ്വരൂപം അടക്കമുള്ള സിനിമകളില്‍ താന്‍ നല്‍കിയ സേവനത്തിന് പ്രതിഫലം ലഭിച്ചില്ല. ബന്ധം അവസാനിപ്പിച്ചതിനുശേഷം പലതവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഇനിയും വലിയൊരു തുക കിട്ടാനുണ്ട്. 2010ല്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഡയറക്ടറായി തന്നെ നിയമിച്ചിരുന്നു. ഇതിനുവേണ്ടി കുറേ ജോലികള്‍ ചെയ്യേണ്ടിവന്നു. എന്നാല്‍, പദ്ധതി കമല്‍ ഇടയ്ക്കുവെച്ച് ഉപേക്ഷിച്ചു. ജോലിചെയ്തിരുന്ന കാലയളവിലും പ്രതിഫലം തരാന്‍ തയ്യാറായില്ല.

കമലിന്റെ മകള്‍ ശ്രുതിഹാസനാണ് തങ്ങളുടെ ബന്ധം തകരാനുള്ള കാരണമെന്ന അഭ്യൂഹങ്ങള്‍ ഗൗതമി നിഷേധിച്ചു. കമലിന്റെ മക്കളായ ശ്രുതിയും അക്ഷരയും താന്‍ കണ്ടിട്ടുള്ള ഏറ്റവും നല്ല പെണ്‍കുട്ടികളാണ്. ശ്രുതിയ്‌ക്കോ മൂന്നാമത് മറ്റൊരാള്‍ക്കോ തങ്ങളുടെ ബന്ധം തകര്‍ന്നതില്‍ പങ്കില്ല. അര്‍ബുദത്തെ അതിജീവിക്കാന്‍ സാധിച്ചത് കുടുംബത്തിന്റെയും ബന്ധുക്കളുടെയും സഹായത്താലാണെന്നും ഗൗതമി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു