ചലച്ചിത്രം

എറണാകുളത്തുള്ളവര്‍ പോലും മീറ്റിംഗിനെത്തിയില്ല, വളരെ വിഷമമുണ്ട്: അമ്മ ജനറല്‍ ബോഡിയില്‍ മോഹന്‍ലാല്‍  

സമകാലിക മലയാളം ഡെസ്ക്

കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡിയില്‍ താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി  മോഹന്‍ലാല്‍ സ്ഥാനമേറ്റു.  നിലവിലെ പ്രസിഡന്റ് ഇന്നസെന്റ് സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് മോഹന്‍ലാല്‍ സംഘടനയുടെ അധ്യക്ഷ പദവിയില്‍ എത്തിയിരിക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുന്ന മമ്മൂട്ടിക്ക് പകരം ഇടവേള ബാബു ചുമതലയേറ്റു. 

സിനിമയില്‍ 40 വര്‍ഷങ്ങള്‍ പിന്നിട്ട തനിക്ക് ഇക്കലങ്ങളത്രയും താങ്ങും തണലുമായി വീഴ്ചകളില്‍ ഒപ്പം നിന്നവര്‍ക്കുള്ള നന്ദി അറിയിച്ചുകൊണ്ടാണ് അമ്മ ജനറല്‍ ബോഡിയില്‍ പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത മോഹന്‍ലാല്‍ സംസാരിച്ചുതുടങ്ങിയത്. 

'25 വര്‍ഷം പിന്നിടുന്ന അമ്മ എന്ന സംഘടന വെറുമൊരു സംഘടനയല്ല. ഒരുപക്ഷെ ഇന്ത്യയില്‍ ഇതുപോലൊരു സംഘടന ഉണ്ടാകില്ല, ലോകത്ത് ഉണ്ടോ എന്നെനിക്കറിയില്ല, മറ്റുഭാഷകളിലെല്ലാവര്‍ക്കും അസൂയ തോന്നുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്നത്',  പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തശേഷം നടത്തിയ പ്രസംഗത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു. എംജി സോമന്‍, മധു, ഇന്നസെന്റ് തുടങ്ങിയ മഹാരഥന്മാര്‍ ഇരുന്ന ഒരു സ്ഥാനത്തേക്കാണ് താന്‍ ഇപ്പോള്‍ എത്തിയിരിക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. 

അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗില്‍ പതിവില്‍ കുറവ് അംഗങ്ങളെ കണ്ടതിലുള്ള വിഷമവും താരം മറച്ചുവച്ചില്ല. 'ഇന്ന് ഒരുപക്ഷെ ഏറ്റവും കുറച്ച് ആളുകള്‍ പങ്കെടുത്ത ദിവസമായിരിക്കും. വിളിച്ചതില്‍ പകുതി ആളുകള്‍ പോലും ഇന്നിവിടെ എത്തിയിട്ടില്ല. നമ്മുടെ സംഘടന ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന സംഘടനയാണ്. വരാന്‍ പറ്റുന്നവര്‍ പോലും, ഒരുപക്ഷെ എറണാകുളത്തുള്ളവര്‍ പോലും എത്തിയില്ല എന്ന് പറയുമ്പോള്‍ ഇന്ന് ഈ സ്ഥാനം ഏല്‍ക്കുന്ന എനിക്ക് വളരെയധികം സങ്കടമുണ്ടായി. അടുത്ത ജനറല്‍ ബോഡി മീറ്റിംഗില്‍ എല്ലാവരും വരട്ടെ എന്ന് പ്രാര്‍ത്ഥിക്കാം', മോഹന്‍ലാല്‍ പ്രസംഗത്തില്‍ പറഞ്ഞു.    
 
ചെറുതും വലുതുമായ ഒരുപാട് പ്രശ്‌നങ്ങളില്‍ സംഘടന ഇടപെടേണ്ടിവരുമെന്നും പ്രതീക്ഷിക്കാത്ത പല വിമര്‍ശനങ്ങളും നേരിടേണ്ടിവരുമെന്നും താരം പറഞ്ഞു. അത്തരം സന്ദര്‍ഭങ്ങളില്‍ മറ്റ് ആളുകള്‍ അറിയാത്ത വിധം പ്രശ്‌നങ്ങളെ ഏറ്റവും മനോഹരമായി കൈകാര്യം ചെയ്യണമെന്നും വികാരപ്രകടനമല്ല മറിച്ച് സമന്വയത്തോടുകൂടി അതിനെ എങ്ങനെ കൈകാര്യം ചെയ്യാം എന്നാണ് നോക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.   

മമ്മൂട്ടി, ഇന്നസെന്റ്, മധു, നെടുമുടി വേണു, മുകേഷ്, ഇടവേള ബാബു, ഇന്ദ്രന്‍സ്, മേനക, കെപിഎസ്ഇ ലളിത, ഇന്ദ്രജിത്, ജയസൂര്യ, നാദിര്‍ഷ, മിയ, ഹണിറോസ്, രഞ്ജി പണിക്കര്‍, മധുപാല്‍ തുടങ്ങിയ താരങ്ങള്‍ ജനറല്‍ ബോഡിയില്‍ പങ്കെടുത്തു.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി