ചലച്ചിത്രം

മോഹന്‍ലാല്‍ അപമാനിച്ചു, 'അമ്മ' കുറ്റാരോപിതനൊപ്പം നിന്ന് ഉരുണ്ടുകളിക്കുന്നു: രൂക്ഷ വിമര്‍ശനവുമായി വനിതാ കൂട്ടായ്മ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: താരസംഘടനയായ 'അമ്മ'യെയും പ്രസിഡന്റ് മോഹന്‍ലാലിനെയും രൂക്ഷമായി വിമര്‍ശിച്ച് സിനിമയിലെ വനിതാ കൂട്ടായ്മ. നടി ആക്രമിക്കപ്പെട്ട കേസില്‍ ഒരു പിന്തുണയും സംഘടനയില്‍നിന്നു ലഭിച്ചില്ലെന്ന് ഡബ്ല്യുസിസി കുറ്റപ്പെടുത്തി. നടിക്കു വേണ്ടി നിലകൊണ്ട തങ്ങളെ അപമാനിക്കുന്ന സമീപനമാണ് മോഹന്‍ലാലില്‍നിന്നുണ്ടായതെന്ന് രേവതി, പാര്‍വതി, അഞ്ജലി മേനോന്‍, രമ്യാ നമ്പീശന്‍, പദ്മപ്രിയ, സജിത മഠത്തില്‍, ദീദി ദാമോദരന്‍, റീമ കല്ലിങ്കല്‍, ബീനാപോള്‍, അര്‍ച്ചന പദ്മിനി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പതിനഞ്ചു വര്‍ഷമായി സിനിമാ രംഗത്തുള്ള നടിക്കെതിരെ ആക്രമണം നടന്നിട്ട് സംഘടനയില്‍നിന്ന് വേണ്ടത്ര പിന്തുണകിട്ടിയില്ല. ഈ സാഹചര്യത്തിലാണ് സംഘനയ്ക്കു കത്തു കൊടുത്തത്. കുറ്റാരോപിതനായ നടന്റെ സംഘടനാ അംഗത്വം സംബന്ധിച്ച വ്യക്തത വരുത്തണം എന്ന ആവശ്യത്തില്‍ ഒരു മറുപടിയും നല്‍കാന്‍ നേതാക്കള്‍ തയാറായിട്ടില്ലെന്ന് ഡബ്ല്യൂസിസി ആരോപിച്ചു. 

സംഘടനയുടെ എക്‌സിക്യുട്ടിവ് കമ്മിറ്റി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മൂന്നു നടിമാര്‍ എന്നാണ് അമ്മ പ്രസിഡന്റ് ഞങ്ങളെക്കുറിച്ചു പറഞ്ഞത്. മൂന്നു പേരു പറയാന്‍ പോലും അമ്മ പ്രസിഡന്റിനു കഴിഞ്ഞില്ലെന്ന് രേവതി പറഞ്ഞു.

കുറ്റാരോപിതനായ ആള്‍ സംഘടനയ്ക്ക് അകത്താണ്, പീഡനം അനുഭവിച്ചയാള്‍ സംഘടനയ്ക്കു പുറത്തും. ഇതാണോ നീതിയെന്ന് ഡബ്ല്യുസിസി അംഗങ്ങള്‍ ചോദിച്ചു. തങ്ങള്‍ മുറിവേറ്റവരും അപമാനിക്കപ്പെട്ടവരും രോഷാകുലരുമാണെന്ന് അവര്‍ പറഞ്ഞു.

അമ്മ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളുടെ തീരുമാനമാണ് പ്രധാനം. അവരാണ് എല്ലാം തീരുമാനിക്കുന്നത്. കുറ്റാരോപിതനായ നടന്റെ അംഗത്വത്തിന്റെ കാര്യത്തില്‍ തീരുമാനം തിരുത്തുമെന്ന പ്രതീക്ഷയിലാണ് അമ്മ വിളിച്ച യോഗത്തിനു പോയത്. എന്നാല്‍ അവിടെ ചെന്നപ്പോള്‍ മുതല്‍ കുറ്റപ്പെടുത്തലായിരുന്നു കേള്‍ക്കേണ്ടിവന്നതെന്ന് ഡബ്ല്യുസിസി അംഗങ്ങള്‍ വെളിപ്പെടുത്തി. ആക്രമിക്കപ്പെട്ട നടിയെക്കുറിച്ചു വരെ കുറ്റപ്പെടുത്തി സംസാരിച്ചു. യോഗം തുടങ്ങി നാല്‍പ്പതു മിനിറ്റു കഴിഞ്ഞ ശേഷം ആക്രമണത്തിന് ഇരയായ നടിയുടെ ശബ്ദ സന്ദേശം കേള്‍പ്പിച്ച ശേഷമാണ് സംസാരിക്കാന്‍ അവസരം കിട്ടിയത്. 

എക്‌സിക്യൂട്ടിവ് യോഗത്തില്‍ തങ്ങള്‍ക്കു പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞപ്പോള്‍ വ്യക്തിപരമായി പിന്തുണയ്ക്കുന്നുവെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. എന്നാല്‍ ജനറല്‍ ബോഡിയെടുത്ത തീരുമാനത്തില്‍ എന്തു ചെയ്യാനാവും എന്നാണ് മോഹന്‍ലാല്‍ ചോദിച്ചത്. 

എന്തിനാണ് കുറ്റാരോപിതനായ ഒരാളെ സംഘടന സംരക്ഷിക്കുന്നത്? അയാളെ പുറത്താക്കിയിട്ടില്ല, രാജി വച്ചിട്ടില്ല, സസ്്‌പെന്‍ഡ് ചെയ്തിട്ടില്ല. പിന്താണ് എന്നാണ് അംഗത്വത്തിന്റെ ഇപ്പോഴത്തെ അവസ്ഥ? ഇതിനെക്കുറിച്ചു ചോദിക്കുമ്പോള്‍ ജനറല്‍ ബോഡിയെന്നും ബൈലോ എന്നുമെല്ലാം പറയുകയാണ് നേതാക്കള്‍. വെറുതെ ആശയക്കുഴപ്പമുണ്ടാക്കുകയാണ്. അമ്മ നേതാക്കള്‍ പറയുന്നത് നുണയാണ്. കുറ്റാരോപിതനെ സംരക്ഷിക്കുകയും ആക്രമണത്തിന് ഇരയായ വ്യക്തിയെ നിരന്തമായി അപമാനിക്കുകയാണ് ചെയ്യുന്നത്. ജനങ്ങളെ വിഡ്ഢികളാക്കുകയാണ് അമ്മ നേതാക്കള്‍ ചെയ്യുന്നതെന്ന് ഡബ്ല്യൂസിസി അംഗങ്ങള്‍ കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ