ചലച്ചിത്രം

'ജാതകപ്രകാരം 79ാം വയസിലായിരുന്നു മരണം'; 85ാം പിറന്നാള്‍ ആഘോഷിച്ച് മധു പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; ജാതകപ്രകാരം തനിക്ക് 79ാം വയസിലായിരുന്നു മരണമെന്ന് നടന്‍ മധു. 85ാം പിറന്നാള്‍ ആഘോഷിച്ചുകൊണ്ടാണ് മധു ജാതക രഹസ്യം പങ്കുവെച്ചത്. 79ാം വയസില്‍ എത്തിയപ്പോള്‍ തനിക്ക് വല്ലത്ത സന്തോഷമാണ് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു. ജാതകം പകുതി തെറ്റിപ്പോകുമെന്നല്ലേ ഭഗവാന്‍ തന്നെ പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയില്‍ കുടുംബത്തിനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ പിറന്നാല്‍ ആഘോഷം. 

ജീവിതത്തിലെ ആഗ്രഹങ്ങളെല്ലാം അമ്പത് അമ്പത്തിയഞ്ച് വയസില്‍ കഴിഞ്ഞെന്നാണ് മധു പറയുന്നത്. 'ഒരു ആഗ്രഹവും ബാക്കിയില്ല, ഒരു ലക്ഷ്യവും മുന്നിലില്ല. ചെറുപ്പകാലത്താണ് ഒരുപാട് ആഗ്രഹങ്ങളുണ്ടായിരുന്നത്. അമ്പത് അമ്പത്തിയഞ്ച് വയസ്സോടെ അതെല്ലാം കഴിഞ്ഞു' അദ്ദേഹം പറഞ്ഞു. ആഘോഷവേളയില്‍ ഭാര്യയും വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2014 ജനുവരിയിലാണ് അദ്ദേഹത്തിന്റെ ഭാര്യ ജയലക്ഷ്മി മരിക്കുന്നത്. അതിന് ശേഷം വലിയ ആഘോഷങ്ങള്‍ക്കൊന്നും മധു ഇരുന്നുകൊടുത്തിട്ടില്ല. 

നഷ്ടപ്പെട്ടവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ തന്നെ വേദനിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'പഴയ സിനിമകള്‍ കണ്ടാല്‍ അതിലേറെ പേരും മരിച്ചു കഴിഞ്ഞവരാണ്. അവരെക്കുറിച്ചോര്‍ക്കുമ്പോള്‍ വിഷമം വരും. പുതിയ പടങ്ങള്‍ കാണുമ്പോള്‍ ആപ്രശ്‌നമില്ല. ഏറെ കഴിവുള്ളവരാണ് സിനിമ രംഗത്തെ പുതിയ തലമുറ.' മധു കൂട്ടിച്ചേര്‍ത്തു. ആഹാരത്തിന്റെ കാര്യത്തിലും ഉറക്കത്തിലുമൊന്നും താന്‍ പ്രത്യേക നിയന്ത്രണങ്ങളൊന്നും വെച്ചിട്ടില്ലെന്നും എല്ലാം തന്റെ ഇഷ്ടം പോലെയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സെപ്റ്റംബര്‍ 23 ന് പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ അതൃപ്തിയും അദ്ദേഹം മറച്ചുവെച്ചില്ല. എല്ലാവരും സായിപ്പിന്റെ കണക്കാണ് എടുത്തിരിക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. തന്റെ കണക്കില്‍ കന്നി മാസത്തിലെ ചോതി നക്ഷത്രത്തിലാണ് പിറന്നാള്‍ അത് ഒക്‌റ്റോബര്‍ 11 നാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി പേരാണ് അദ്ദേഹത്തിന് പിറന്നാള്‍ ആശംസയുമായി എത്തിയത്. മോഹന്‍ലാല്‍ പിറന്നാള്‍ കേക്കുമായി രണ്ട് ദിവസം മുന്നേ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. സ്വന്തം നാട്ടുകാരനായതിന്റെ സ്‌നേഹമാണ് അതെന്നാണ് മധു പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത