ചലച്ചിത്രം

'തളര്‍ന്നുപോയി എന്നാണ് തോന്നുന്നത്, വിഷാദരോഗവുമായി പോരാടുകയാണ്'; മീ ടു വിവാദങ്ങള്‍ ഉണ്ടാക്കിയ തകര്‍ച്ച വിവരിച്ച് തന്മയ് ഭട്ട്, വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

'മീ ടു' ക്യാമ്പയിനിലൂടെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പ്രശസ്ത കോമഡി ഗ്രൂപ്പായ എഐബി കമ്പനിയുടെ സിഇഒ സ്ഥാനത്തുനിന്ന് കൊമേഡിയന്‍ തന്മയ് ഭട്ടിനെ പുറത്താക്കിയത്. സഹപ്രവര്‍ത്തകന്‍ ഉത്സവ് ചക്രബര്‍ത്തിക്കെതിരെ പരാതി നല്‍കിയിട്ടും ഭട്ട് നടപടി എടുക്കാതിരുന്നതാണ് ഒടുവില്‍ രാജിക്ക് കാരണമായത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ സസ്‌പെന്‍ഷനിലായിരുന്ന ഭട്ട് പിന്നീട് കമ്പനിയില്‍ നിന്ന് പുറത്താക്കപ്പെട്ടു. ഈ സംഭവങ്ങള്‍ക്ക് പിന്നാലെ താന്‍ അനുഭവിക്കേണ്ടിവന്ന മാനസിക പ്രശ്‌നങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഭട്ട് ഇപ്പോള്‍. 

തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ വിഡിയോ സന്ദേശമായാണ് ഭട്ട് തന്റെ അവസ്ഥയെക്കുറിച്ച് വിവരിച്ചത്. 'ഒക്ടോബറിലെ സംഭവവികാസങ്ങള്‍ക്ക് ശേഷം ഞാന്‍ മാനസികമായി തകര്‍ന്നു. എന്റെ ശരീരം തളര്‍ന്നുപോയി എന്നാണ് എനിക്ക് തോന്നുന്നത്. ഓണ്‍ലൈനായും ഓഫ്‌ലൈനായുമൊന്നും ആളുകളുമായി ഇടപെടാന്‍ കഴിയാതെയായി. എന്റെ യൗവ്വനം ഞാന്‍ ഒരു കമ്പനി വളര്‍ത്താനായാണ് ഉപയോഗിച്ചത്. എന്നിട്ടും ആ ഓഫീസ് വിട്ടിറങ്ങേണ്ടിവന്ന അവസ്ഥ എന്നെ പിടിച്ചുലച്ചു. എനിക്കൊപ്പം ജോലി ചെയ്തവരോട് യാത്രപറയേണ്ടി വന്നത് എന്നെ മാനസികവും ശാരീരികവുമായി അസ്വസ്ഥനാക്കി. ഞാന്‍ വിഷാദരോഗത്തിന് അടിമയായെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആ അവസ്ഥയില്‍ നിന്ന് കരകയറാന്‍ എന്തെങ്കിലും ചെയ്യാന്‍ അവര്‍ എന്നോട് ആവശ്യപ്പെട്ടു', ഭട്ട് വിഡിയോയില്‍ പറയുന്നു.  

കഴിഞ്ഞ മാസം എഐബി എനിക്കൊരു സ്റ്റേറ്റ്‌മെന്റ് അയച്ചു. ഞാന്‍ തുടര്‍ന്ന് അവരുടെ സ്ഥാപനത്തിന്റെ സിഇഒ ആയിരിക്കില്ലെന്ന് അറിയിച്ചുകൊണ്ടായിരുന്നു അത്. പലരും നല്ല പല ചോദ്യങ്ങളും ചോദിക്കുന്നുണ്ട്. എന്തുകൊണ്ട് മുന്നോട്ട് പോകുന്നില്ല? നഷ്ടപ്പെട്ടതൊക്കെ വീണ്ടും തിരിച്ചുപിടിച്ചുകൂടെ? എന്നൊക്കെ. പക്ഷെ എന്നെതന്നെ തിരിച്ചുപിടിക്കാന്‍ മാത്രം ശക്തനാണ് ഞാന്‍ എന്ന് കരുതുന്നില്ല. മരുന്ന് കഴിക്കാന്‍ ഡോക്ടര്‍ എന്നോട്ട് ആവശ്യപ്പെട്ടിട്ട് ഇപ്പോള്‍ കുറച്ച് മാസങ്ങള്‍ പിന്നിട്ടു. ചില സമയത്ത് തളര്‍ച്ചയുടെ ഈ അവസ്ഥ സ്ഥിരമായി സംഭവിക്കുകയാണ് എന്നുപോലും എനിക്ക് തോന്നാറുണ്ട്- ഭട്ട് കൂട്ടിച്ചേര്‍ത്തു.

താന്‍ എന്ന് തിരിച്ചുവരുമെന്നോ എങ്ങനെ തിരിച്ചെത്തുമെന്നോ അറിയില്ലെന്നും ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൈയ്യിലില്ലെന്നും ഭട്ട് വിഡിയോയില്‍ പറഞ്ഞു. പിന്തുണയ്ക്കുന്ന ആളുകള്‍ക്ക് നന്ദിപറഞ്ഞുകൊണ്ടാണ് ഭട്ട് വിഡിയോ അവസാനിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍