ചലച്ചിത്രം

പാട്ടെഴുതിച്ചു, പണം നല്‍കിയില്ലെന്ന് കൈതപ്രം; പണം നല്‍കി, ഓര്‍മപ്പിശകെന്ന് നേമം പുഷ്പരാജ്; തര്‍ക്കം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സിനിമയ്ക്കു പാട്ടെഴുതിച്ച് പണം നല്‍കിയില്ലെന്ന പരാതിയുമായി ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. പണം നല്‍കിയിരുന്നെന്നും കൈതപ്രത്തിന് ഓര്‍മപ്പിശകു സംഭവിച്ചതാവാമെന്നും സംവിധായകന്‍ നേമം പുഷ്പരാജ്. ലളിതകലാ അക്കാദമിയുടെ ചിത്ര-ശില്‍പ ക്യാംപിന്റെ ഉദ്ഘാടനവേദിയിലാണ് പ്രതിഫലത്തെച്ചൊല്ലി ഇരുവരും നേര്‍ക്കുനേര്‍ വന്നത്.

ലളിതകലാ അക്കാദമി ചെയര്‍മാന്‍ കൂടിയായ നേമം പുഷ്പരാജ് സംവിധാനം ചെയ്ത 'ഗൗരീശങ്കരം' എന്ന ചിത്രത്തിനു വേണ്ടി പാട്ടെഴുതിയെങ്കിലും പ്രതിഫലം നല്‍കാതെ ഒഴിവാക്കിയെന്നായിരുന്നു കൈതപ്രത്തിന്റെ പരാമര്‍ശം. വേദിയിലുണ്ടായിരുന്ന നേമം ഇതിനു മറുപടിയുമായി രംഗത്തുവന്നു. പണം നല്‍കിയിരുന്നതെന്നും കവിക്ക് ഓര്‍മപ്പിശകു വന്നതായിരിക്കാമെന്നുമായിരുന്നു നേമത്തിന്റെ വാദം. എന്നാല്‍ കൈതപ്രം ആരോപണം ആവര്‍ത്തിച്ചതോടെ തര്‍ക്കമായി.

അക്കാദമി ക്യാംപില്‍ കൈതപ്രം സംസാരിക്കുന്നു
 

സംവിധായകനും നടനും എഴുത്തുകാരനുമായ മധുപാല്‍ ഉദ്ഘാടനം നിര്‍വഹിച്ച ശേഷമായിരുന്നു പ്രതിഫലത്തെച്ചൊല്ലിയുള്ള തര്‍ക്കം. പറയുന്നതും എഴുതുന്നതും വരയ്ക്കുന്നതുമെല്ലാം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാന്‍ സാധ്യതയുള്ള കാലഘട്ടമാണിതെന്ന് മധുപാല്‍ പറഞ്ഞു. 

ലളിതകലാ അക്കാദമിയുടെ പുരസ്‌കാര വിവാദത്തിലും കൈതപ്രം വിമര്‍ശനം ഉന്നയിച്ചു. കലയിലൂടെ മറ്റുള്ളവരെ എന്തിനു വേദനിപ്പിക്കണമെന്നതായിരുന്നു കൈതപ്രത്തിന്റെ ചോദ്യം. മതത്തിന്റെ പക്ഷത്തു നില്‍ക്കുന്നയാളായതുകൊണ്ടാകും കൈതപ്രത്തിന്റെ നിലപാടെന്നു കഥാകൃത്ത് അശോകന്‍ ചരുവില്‍ പ്രതികരിച്ചപ്പോള്‍ കവി പ്രകോപിതനായി. 'താന്‍ ഒരു മതത്തിന്റെയും ജാതിയുടെയും ആളല്ല.'

''നമ്പൂതിരി എന്ന വാല് മുറിച്ചു കളയുമെന്നു പ്രഖ്യാപിച്ചയാളാണ് ഞാന്‍. കൈതപ്രമെന്ന പേരുമതി. ദാമോദരനും വേണ്ട നമ്പൂതിരിയും വേണ്ട. എനിക്കാരെയും പേടിയില്ല. ഒരു മതത്തേയും പേടിയില്ല. നടക്കാനും ഇരിക്കാനും കഴിയാത്ത ആളാണ് ഞാന്‍. പക്ഷേ, എന്റെ മനസ്സൊരിക്കലും തളര്‍ന്നിട്ടില്ല '' കൈതപ്രം പറഞ്ഞു. പണം നല്‍കിയിട്ടുണ്ടെന്നും ഇല്ലെന്നുമുള്ള തര്‍ക്കം നടക്കുന്നതിനിടെ സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ വേദിവിടുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍