ചലച്ചിത്രം

'ജീവിച്ചിരുന്നിട്ടും കാര്യമുണ്ടായിരുന്നില്ല, വെജിറ്റബില്‍ പോലെ കിടന്നേനെ'; ജയന്റെ മരണത്തെക്കുറിച്ച് ശ്രീലത

സമകാലിക മലയാളം ഡെസ്ക്

കേരളത്തില്‍ ഏറ്റവും കോളിളക്കം സൃഷ്ടിച്ച മരണമായിരുന്നു ജയന്റേത്. കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിങ്ങിന് ഇടയില്‍ ഹെലികോപ്റ്റര്‍ അപകടത്തിലാണ് ജയന്‍ ദാരുണമായി മരിക്കുന്നത്. എന്നാല്‍ ഇത് സ്വാഭാവികഅപകടമല്ല കൊലപാതകമായിരുന്നു എന്ന രീതിയിലുള്ള ആരോപണങ്ങള്‍ പുറത്തുവന്നിരുന്നു. ബാലന്‍ കെ. നായര്‍, സോമന്‍, സുകുമാരന്‍ എന്നിവരെല്ലാം സംശയത്തിന്റെ നിഴലിലായി. മലയാള സിനിമയുടെ നെറുകയില്‍ നില്‍ക്കുമ്പോഴാണ് ജയന്‍ വിടപറയുന്നത്. അതിനാല്‍ സംശയങ്ങള്‍ ശക്തമാകാന്‍ കാരണമായി. 

ജയന്‍ മരിച്ച് നാല്‍പത് വര്‍ഷത്തിലേക്ക് കടക്കുമ്പോഴും ജയന്റെ മരണത്തിന് പിന്നിലെ ദുരൂഹത നീങ്ങിയിട്ടില്ല. ഇപ്പോള്‍ താരത്തിന്റെ മരണത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്‌ നടി ശ്രീലത. അത് അപകടമരണം തന്നെയായിരുന്നെന്നും ആരോപണങ്ങള്‍ എല്ലാം തെറ്റാണെന്നുമാണ് അവര്‍ പറയുന്നത്. എന്ത് റിസ്‌ക് എടുത്തും അഭിനയിക്കുന്ന ഒരാളാണ് ജയന്‍. ആദ്യ ഷോട്ട് ഓകെ ആയിരുന്നെങ്കിലും ജയന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് രണ്ടാമത് എടുത്തപ്പോഴാണ് അപകടമുണ്ടായത് എന്നുമാണ് ശ്രീലത പറയുന്നത്. തലയടിച്ചാണ് വീണതെന്നും ജീവിച്ചിരുന്നെങ്കില്‍ വെജിറ്റബിള്‍ പോലെ കിടന്നേനെ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തുറന്നുപറച്ചില്‍. 

'ഞാന്‍ അഭിനയം നിര്‍ത്തിയ ചിത്രമാണ് കോളിളക്കം. ഞാന്‍ ചെന്നൈയോട് വിട പറയുന്ന ദിവസമാണ്. ഷൂട്ടിംഗ് കഴിഞ്ഞ് പോകാനിരിക്കുകയാണ്. ആ സമയത്ത് എല്ലാവരും പറഞ്ഞിരുന്നു ബാലന്‍ കെ നായര്‍ ചവിട്ടി താഴ്ത്തി, സോമനോ സുകുമാരനോ കൈക്കൂലി കൊടുത്ത് ചെയ്തതാണെന്നൊക്കെ. അതൊന്നുമല്ല. സംഭവം എന്താണെന്ന് വച്ചാല്‍, ജയന്‍ എന്തു റിസ്‌ക് എടുത്തും ഇങ്ങനെയുള്ള സീനുകള്‍ ചെയ്യുന്ന ഒരാളാണ് ജയന്‍. ആദ്യം ആ ഷോട്ട് എടുത്ത് ഓകെയാണെന്ന് ഡയറക്ടര്‍ പറഞ്ഞതാണ്. പിന്നെയും പുള്ളിക്കത് പറ്റാത്തതു കൊണ്ട് ഹെലികോപ്ടറില്‍ ഒന്നുകൂടി എടുക്കണമെന്ന് പറഞ്ഞു. ഒന്നുകൂടെ പുള്ളി അതില്‍ പിടിച്ചപ്പോള്‍ വെയിറ്റ് ഒരു സൈഡിലായി. താഴെ തട്ടാന്‍ പോകുന്നുവെന്നറിഞ്ഞപ്പോള്‍ പൈലറ്റ് ഹെലികോപടര്‍ മുകളിലേക്ക് പൊക്കി. ആ സമയം ജയന്‍ കൈവിട്ടു. താഴെ വീണ് തലയിടിക്കുകയായിരുന്നു. ജീവിച്ചിരുന്നിട്ടും കാര്യമുണ്ടായിരുന്നില്ല. കാരണം, വെജിറ്റബിള്‍ പോലെ കിടന്നേനെ. അപകടത്തിന് ശേഷം പുള്ളിയുടെ ആരോഗ്യത്തിന്റെയോ, മനസിന്റെയോ ബലം കാരണം പുള്ളി നടന്ന് കാറില്‍ കയറി എന്നാണ് അവിടെയുള്ളവര്‍ പറഞ്ഞത്.' ശ്രീലത പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ