ചലച്ചിത്രം

'എന്നെ പ്രശംസിക്കരുത്, അത് എന്റെ വിശ്വാസത്തിന് അപകടമാണ്'; തുറന്നുപറച്ചിലുമായി വീണ്ടും സൈറ വസീം 

സമകാലിക മലയാളം ഡെസ്ക്

ദേശീയ പുരസ്കാര നേട്ടമടക്കം സ്വന്തമാക്കിയ നടിയാണ് സൈറ വാസിം. ആമിര്‍ ഖാൻ ചിത്രം ദംഗലിലെ സൈറയുടെ അഭിനയത്തിന് ഇന്നും താരത്തെതേ‌ടി അഭിനന്ദനങ്ങൾ എത്താറുണ്ട്. എന്നാൽ സഹപ്രവർത്തകരെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ടാണ് അഭിനയം നിർത്തുന്നു എന്ന വാർത്ത താരം പുറത്തുവിട്ടത്. മതവിശ്വാസത്തിന് തടസമാകുന്നതിനാല്‍ അഭിനയം ഉപേക്ഷിക്കുന്നു എന്നായിരുന്നു സൈറ നിലപാടറിയിച്ചത്. 

ഇപ്പോഴിതാ തന്നെ തേടിയെത്തുന്ന പ്രശംസകൾക്കും വിലക്ക് വയ്ക്കുകയാണ് താരം. തന്റെ അഭിനയത്തേയും കഴിവിനെയും പ്രശംസിക്കരുതെന്നാണ് സൈറയുടെ പുതിയ അഭ്യർത്ഥന. അഭിനന്ദന വാക്കുകൾ തന്നെ സന്തോഷിപ്പിക്കുന്നില്ലെന്നും അത് തന്റെ വിശ്വാസത്തിന് അപകടമാണെന്നും പുതിയ ട്വീറ്റിൽ താരം കുറിച്ചു. 

ആളുകൾ തന്നോട് കാണിക്കുന്ന സ്നേഹത്തിന് നന്ദിയുണ്ടെങ്കിലും പ്രശംസകൾക്ക് പ്രാധാന്യം നൽകാൻ തനിക്കാവില്ലെന്നും അത് തന്റെ ഇമാനിന് എതിരാണെന്നുമാണ് ട്വീറ്റിലെ സൈറയുടെ വാക്കുകൾ. തന്നെ പ്രശംസിക്കുന്നതിന് പകരം തന്റെ കുറവുകളെ പരിഹരിച്ച് ഹൃദയത്തിലെ ശൂന്യതയെ പ്രകാശം കൊണ്ട് നിറയ്ക്കാന്‍ അള്ളാഹുവിനോട് പ്രാര്‍ത്ഥിക്കണമെന്നാണ് സൈറയുടെ അഭ്യര്‍ത്ഥന. വിശ്വാസത്തില്‍ ദൃഢമായി നില്‍ക്കാന്‍ തന്നെ അനുവദിക്കണമെന്നും ഒരു മുസ്ലീമായി ജീവിക്കാനും മരിക്കാനും പ്രേരിപ്പിക്കണമെന്നും സൈറ ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.

മതപരമായ കാര്യങ്ങള്‍ നഷ്ടമായെന്ന് പറഞ്ഞാണ് സൈറ സിനിമ ഉപേക്ഷിക്കാൻ തീരുമാനമെടുത്തത്. സമൂഹമാധ്യമങ്ങളിലെ തന്റെ ഔദ്യോഗിക അക്കൗണ്ടുകളില്‍ നീണ്ട കുറിപ്പില്‍ വിശദമായി കാര്യങ്ങള്‍ പറഞ്ഞുകൊണ്ടായിരുന്നു താരം തീരുമാനം അറിയിച്ചത്. അഞ്ച് വര്‍ഷം മുന്‍പ് താനെടുത്ത ഒരു തീരുമാനം ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചെന്നും അത് തനിക്ക് പ്രശസ്തിയും ശ്രദ്ധയും നേടിത്തന്നെന്നും പറഞ്ഞുകൊണ്ടാണ് സൈറ കുറിപ്പ് തുടങ്ങിയത്. എന്നാല്‍ അത്തരത്തില്‍ മുന്നോട്ടുപോകുന്നതില്‍ താന്‍ സന്തോഷവതിയല്ലെന്നും വെള്ളിത്തിരയിലെ ജീവിതം തന്റെ മതത്തെയും വിശ്വാസത്തെയും ബാധിച്ചെന്നും സൈറ പറയുന്നു. 

2016ല്‍ തീയേറ്ററുകളിലെത്തിയ ആമീര്‍ ഖാന്‍ ചിത്രം ദംഗലിലൂടെയാണ് സൈറ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. സൈറ പ്രധാന വേഷത്തില്‍ എത്തിയ സീക്രട്ട് സൂപ്പര്‍സ്റ്റാറും മികച്ച വിജയമാണ് നേടിയത്. 'ദ സ്‌കൈ ഈസ് പിങ്ക്' ആയിരുന്നു അവസാന ചിത്രം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു