ചലച്ചിത്രം

ഷെയ്ൻ നി​ഗമിന്റെ വിലക്ക്; ഒത്തുതീർപ്പ് ചർച്ചകൾക്ക് ഉപാധി വച്ച് നിർമാതാക്കളുടെ സംഘടന

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഷെയ്ൻ നിഗമിന്റെ വിലക്ക് നീക്കാനുള്ള ഒത്തുതീർപ്പ് ചർച്ചകൾക്ക് ഉപാധി വച്ച് നിർമാതാക്കളുടെ സം​ഘടന. ഉല്ലാസം സിനിമയുടെ ഡബ്ബിങ് മൂന്ന് ദിവസത്തിനകം പൂർത്തിയാക്കണമെന്ന നിർദ്ദേശമാണ് അവർ മുന്നോട്ടുവച്ചത്. ഡബ്ബിങ് പൂർത്തിയാക്കിയില്ലെങ്കിൽ  തുടർ ചർച്ചകൾ ഉണ്ടാകില്ലെന്നും പ്രഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.

അസോസിയേഷൻ നിർവാഹക സമിതി യോഗത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിങ് എത്രയും വേഗം പൂർത്തിയാക്കാൻ ഷെയ്ൻ നിഗമിന് നിർദ്ദേശം നൽകിയത്. ഡബ്ബിങ് പൂർത്തിയാക്കിയാൽ മാത്രം തുടർ ചർച്ച മതി എന്നായിരുന്നു നിർമാതാക്കളുടെ നിലപാട്. എന്നാൽ 12 ദിവസം പിന്നിട്ടിട്ടും നിർമാതാക്കളുടെ സംഘടന നൽകിയ കത്തിന് ഷെയ്ൻ മറുപടി നൽകിയിട്ടില്ല.

ഈ സാഹചര്യത്തിലാണ് മൂന്ന് ദിവസത്തിനുള്ളിൽ ഡബ്ബിങ് പൂർത്തിയാക്കണമെന്ന് അന്തിമ ശാസന നൽകാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനിച്ചത്. മൂന്ന് ദിവസത്തിനുള്ളിൽ ഷെയ്ൻ ഡബ്ബിങ് പൂർത്തിയാക്കുകയോ കത്തിന് വ്യക്തമായ മറുപടി നൽകുകയോ ചെയ്തില്ലെങ്കിൽ ഒത്തുതീർപ്പ് ചർച്ചകളിൽ സജീവമാകേണ്ട എന്നാണ് നിർമാതാക്കളുടെ പൊതുവികാരം. ഇക്കാര്യം താരസംഘടനയായ അമ്മയുടെ ഭാരവാഹികളെയും അറിയിക്കും.

എന്നാൽ ഉല്ലാസം സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നതിനാൽ തൽക്കാലം ഡബ്ബിങ് പൂർത്തിയാക്കുന്നത് ആലോചിച്ചിട്ടില്ലെന്നാണ് ഷെയ്ൻ നിഗമിനോട് അടുത്ത വൃന്ദങ്ങൾ പറയുന്നത്. പ്രതിഫല തർക്കത്തിൽ അമ്മയും നിർമ്മാതാക്കളുടെ സംഘടനയും തീരുമാനം എടുത്തതിന് ശേഷം മാത്രമേ ഡബ്ബിങ് പൂർത്തിയാക്കു എന്നും ഷെയ്ൻ പറയുന്നു. ഈ മാസം ഒൻപതിന് ചേരുന്ന അമ്മ എക്സിക്യൂട്ടിവ് യോഗത്തിൽ വിഷയം ചർച്ചയാകുമെന്നും പ്രശ്നം എത്രയും വേഗം തീരുമെന്നുമാണ് പ്രതീക്ഷയെന്നും ഷെയ്ൻ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

രണ്ട് ദിവസം കൂടി കാത്തിരിക്കൂ! ചന്ദ്രകാന്ത് അവസാനം പങ്കുവച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണു; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി