ചലച്ചിത്രം

150 പേർ ചെയ്യേണ്ട ജോലികൾ അവർ 50 പേർ ചേർന്ന് ചെയ്തു; സുനാമി പൂർത്തിയായി; നന്ദി പറഞ്ഞ് ലാൽ

സമകാലിക മലയാളം ഡെസ്ക്

കോവിഡ് പ്രതിസന്ധിക്കിടയിൽ പുതിയ ചിത്രം സുനാമിയുടെ ഷൂട്ടിങ് പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് നടനും സംവിധായകനുമായ ലാൽ. മകൻ ജീൻ പോൾ ലാലിനൊപ്പം ചേർന്നാണ് താരം സിനിമ സംവിധാനം ചെയ്യുന്നത്. ഇതോടെ ലോക്ക്ഡൗണിനിടെ പുനരാരംഭിച്ച് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കിയ ചിത്രമെന്ന ക്രെഡിറ്റാണ് സുനാമി സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം പൂർത്തിയാവാൻ 12 ദിവസം ബാക്കി നിൽക്കെയാണ് ഷൂട്ടിങ് നിർത്തിവെക്കുന്നത്. തുടർന്ന് ഇളവുകൾ വന്നതോടെയാണ് വീണ്ടും ചിത്രീകരണം തുടങ്ങിയത്. നൂറ്റിയമ്പതോളം പേർ ചെയ്യേണ്ട ജോലി 50 പേർ ചേർന്നാണ് പൂർത്തിയാക്കിയത് എന്നാണ് ലാൽ പറയുന്നത്. ഭീതിയുടെയും നിഴലിൽ നിൽക്കുന്ന ഈ സമയത്ത് സ്വന്തം കുടുംബത്തെ വിട്ടു മാറിനിന്ന് വന്ന് ഈ സിനിമയ്ക്കു വേണ്ടി രാപ്പകലുകൾ അധ്വാനിച്ചവർക്ക് നന്ദി പറയാനും അദ്ദേഹം മറന്നില്ല. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ചിത്രം പൂർത്തിയാക്കിയ വിവരം അറിയിച്ചത്. ബാലു വർഗീസ്‌ നായക വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, സുരേഷ്‌ കൃഷ്ണ എന്നിവർ മറ്റ്‌ പ്രധാന വേഷങ്ങളിൽ എത്തുന്നു. ലാലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

ലാലിന്റെ കുറിപ്പ്

അങ്ങനെ പ്രതിസന്ധികൾക്കും വെല്ലുവിളികൾക്കും ഒടുവിൽ ഇന്ന് ഞങ്ങൾ സുനാമി എന്ന ഞങ്ങളുെട സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കുകയാണ്. 2020 ഫെബ്രുവരി അവസാനം തൃശൂരിൽ ഷൂട്ടിങ് ആരംഭിക്കുമ്പോൾ ഞങ്ങളുടെ എല്ലാവരുടെയും മനസ്സിൽ ഉണ്ടായിരുന്നത് മാർച്ച് അവസാനം വരെ നീണ്ട് നിൽക്കുന്ന വേണ്ടപ്പെട്ട കുറേപേർ ഒന്നിച്ചുള്ള ഒരു ആഘോഷം എന്നതായിരുന്നു. പക്ഷേ അപ്രതീക്ഷിതമായി വന്ന കൊറോണ വൈറസിന്റെ ആഘാതം ഈ ലോകത്തെ തന്നെ പ്രതിസന്ധിയുടെ ഇരുട്ടിലേയ്ക്കു തള്ളിവിട്ടപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കാനേ ഞങ്ങൾക്കും കഴിഞ്ഞുള്ളൂ. അങ്ങനെ ഷൂട്ടിങ് തീരാൻ 12 ദിവസം ബാക്കി നിൽക്കേ മാർച്ച് പകുതിയോടെ ഞങ്ങൾ സുനാമിയുടെ ചിത്രീകരണം നിർത്തിവച്ചു. പിന്നീട് നടന്നതും സംഭവിച്ചതുമെല്ലാം നമ്മൾ ഓരോരുത്തർക്കും അറിയാവുന്നതാണ്.  പക്ഷേ ഒന്നും എവിടെയും അവസാനിക്കുന്നതല്ലല്ലോ, അതും സിനിമ. തിരിച്ചടികൾക്കും പ്രതിസന്ധികൾക്കും ഇടയിൽ നിന്ന് പോരടിച്ചു തന്നെയാണ് എന്നും സിനിമ വിജയക്കൊടി പാറിച്ചിട്ടുള്ളത്.  ആ ധൈര്യത്തിൽ നിന്നു കിട്ടിയ ചങ്കൂറ്റം കൊണ്ടുതന്നെയാണ് കോറോണ ഭീതി നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ തന്നെ സർക്കാർ നിർദേശങ്ങൾ പാലിച്ചുകൊണ്ട് വീണ്ടും ഷൂട്ടിങ് പുനരാരംഭിക്കാൻ ഞങ്ങൾ തയ്യാറായതും. വാക്കുകളിൽ ഒതുക്കുന്നില്ല, എല്ലാവരോടും ഉള്ള കടപ്പാടും നന്ദിയും ആശയക്കുഴപ്പങ്ങളുടെയും ഭീതിയുടെയും നിഴലിൽ നിൽക്കുന്ന ഈ സമയത്ത് സ്വന്തം കുടുംബത്തെ വിട്ടു മാറിനിന്ന് വന്ന് ഈ സിനിമയ്ക്കു വേണ്ടി രാപ്പകലുകൾ അധ്വാനിച്ചതിന്, നൂറോ നൂറ്റിയൻപതോ പേർ ചേർന്ന് ചെയ്യേണ്ട ജോലികൾ വെറും അമ്പത് പേരായി ചേർന്ന് നിന്നു ചെയ്ത് തീർത്ത് ചരിത്രം സൃഷ്ടിച്ചതിന്. നന്ദി , നന്ദി, നന്ദി. ഇതൊരു തുടക്കം ആവട്ടെ, ഏത് മഹാമാരിക്കു മുന്നിലും തളരാെത, തോറ്റുകൊടുക്കാത്ത അധ്വാനത്തിന്റെ വിലയറിയുന്ന ഒരു സമൂഹത്തിന്റെ തുടക്കം. പ്രതീക്ഷകളോടെ ടീം സുനാമി.’

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര