ചലച്ചിത്രം

'രാമരസമല്ല ആമരസം', 9 E യിലെ വേണു​ഗോപാലിന്റെ കാതിൽ സ്വകാര്യം പറയുന്ന കുസൃതിക്കാരൻ സീനിയർ

സമകാലിക മലയാളം ഡെസ്ക്

സിനിമയിൽ മാത്രമല്ല ജീവിതത്തിലും കുസൃതിക്കാരനായിരുന്നു മോഹൻലാൽ. താരത്തിന്റെ സുഹൃത്തുക്കളിൽ നിരവധി പേരാണ് താരത്തിന്റെ കുസൃതികളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത്. ഇപ്പോൾ മോഹൻലാലുമായുള്ള ഒരു സ്കൂൾ ഓർമ പങ്കുവെക്കുകയാണ് ​ഗായകൻ ജി വേണു​ഗോപാൽ. തിരുവനന്തപുരം ​ഗവൺമെന്റ് മോഡൽ സ്കൂളിൽ വേണു​ഗോപാലിന്റെ സീനിയറായിട്ടാണ് മോഹൻലാൽ പഠിച്ചിരുന്നത്. 1975 കാലത്തെ ഒരു ഓർമയാണ് വേണു​ഗോപാൽ പങ്കുവെച്ചിരിക്കുന്നത്. പിന്നീട് വർഷങ്ങൾക്ക് ശേഷം മോഹൻലാൽ സൂപ്പർതാരമായതിന് ശേഷവും തന്നെ മറന്നിരുന്നില്ലെന്നും അദ്ദേഹം കുറിക്കുന്നു. 

ജി വേണു​ഗോപാലിന്റെ കുറിപ്പ് വായിക്കാം

‘1975 കാലത്തെ ഒരാകാശവാണിയോർമ്മ. തിരുവനന്തപുരം ഗവൺമെന്റ് മോഡൽ ബോയ്സ് സ്കൂളിൽ നിന്നുമൊരു പറ്റം കുട്ടികൾ ആകാശവാണിയുടെ ‘ബാലലോകം’ പരിപാടി അവതരിപ്പിക്കുവാൻ ഭക്തി വിലാസം ബംഗ്ലാവിന്റെ കൂറ്റൻ പടിവാതിൽ കടന്നകത്തളത്തിലേക്ക്. ചമ്രം പടിഞ്ഞിരുന്ന് ‘ചന്ദ്രമുഖി ചന്ദ്രമുഖി ചന്ദനകളിത്തേരിൽ വന്നണയൂ’ എന്ന ലളിതഗാനവും ‘പിബരേ രാമരസം’ എന്ന സദാശിവ ബ്രഹ്മേന്ദ്രർ കൃതിയും പാടുന്ന 9 E യിലെ വേണുഗോപാൽ. തൊട്ടപ്പുറത്ത് ചില്ലിട്ട ഗ്ലാസ്സ് പാളികൾക്ക് പിന്നിൽ ആകാംക്ഷാഭരിതരായ ഒരു കൂട്ടം തലകൾ. റിക്കാർഡിങ് കഴിഞ്ഞപ്പോൾ മെല്ലെ നടന്ന് വന്ന് എന്റെ കാതിൽ സ്വകാര്യം പറയുന്നു കുസൃതിക്കാരൻ സീനിയർ 10 E യിലെ ലാലു. ‘നീ പാടുന്നു പിബരേ രാമരസം ... അങ്ങേര് (ഹെഡ്മാസ്റ്റർ) പറയുന്നു അവനോട് പറ അത് രാമരസമാവില്ല, ആമരസം... ആമരസം’.

1986 ൽ കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് സംസ്ഥാന അവാർഡ് നിശ. ഗാനമേളയിൽ പങ്കെടുക്കുവാൻ തിരുവനന്തപുരത്ത് നിന്നും കെ.പി. ഉദയഭാനുവിന്റെ നേതൃത്വത്തിൽ ഞങ്ങൾ കുറച്ച് ഗായകർ. കർട്ടന് പിറകിൽ അരണ്ട വെളിച്ചത്തിൽ എന്നെ സൂക്ഷിച്ചു നോക്കുന്ന സാക്ഷാൽ മോഹൻലാൽ. താര രാജകുമാരനടുത്തേക്ക് ചെല്ലുവാനും സംസാരിക്കുവാനും മടിച്ച് നിൽക്കുന്ന എന്റടുത്തേയ്ക്കു സ്വതസിദ്ധമായ ചിരിയോടെ നടന്നു വന്ന് തോളത്ത് രണ്ട് കയ്യും നിക്ഷേപിച്ച് ചിരിച്ച് കൊണ്ട്  ‘രാമരസമല്ല ആമരസം’ എന്ന് പറഞ്ഞുറക്കെ ചിരിക്കുന്നത് കേട്ട് മറ്റെല്ലാവരും അതിശയിച്ച് നോക്കുന്നൊരോർമ്മ.

വർഷങ്ങൾ എത്ര പിന്നിട്ടിരിക്കുന്നു. എത്ര കണ്ട് മുട്ടലുകൾ, കൂടിച്ചേരലുകൾ. മലയാളിക്ക് സ്വന്തം ഏട്ടനും മകനും അഭ്യുദയകാംക്ഷിയും നേതാവും കാമുകനും എന്നുവേണ്ട ഒരു സാധാരണ മനുഷ്യായുസ്സിലെ മുഴുവൻ അവതാര സാദ്ധ്യതകളെയും അഭ്രപാളികളിൽ അനശ്വരമാക്കിയ അനുഗ്രഹീത നടൻ, മോഹൻലാൽ. അപൂർവ്വമായി കാണുമ്പോഴെല്ലാം ആ പഴയ 10. E യിലെ സീനിയർ കുസൃതിക്കാരനായി പരിണമിക്കുന്ന ലാലു. രണ്ടാഴ്ച മുൻപ് ലോക് ഡൗൺ വിശേഷങ്ങൾ അന്വേഷിക്കാൻ വിളിച്ച് വീട്ടിലോരോരുത്തരോടും കുശലം ചോദിക്കുമ്പോൾ തികഞ്ഞ ഒരു കുടുംബനാഥനാകുന്ന മോഹൻലാൽ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന