ചലച്ചിത്രം

വിധി കവർന്നെടുത്തിട്ട് നാല്പത് കൊല്ലങ്ങൾ, ഓർമ്മകളിൽ മായാതെ ഇന്നും ജയൻ 

സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമയിലെ ആദ്യത്തെ ആക്ഷൻ സൂപ്പർ സ്റ്റാർ എന്ന് കാലം വിശേഷിപ്പിച്ച ജയൻ എന്ന കൃഷ്ണൻ നായർ വിടപറഞ്ഞിട്ട് നാല്പത് വർഷം. ചുരുങ്ങിയ കാലയളവിനുള്ളിൽ 150ൽ പരം മലയാള ചിത്രങ്ങൾ സമ്മാനിച്ചാണ് ആ അതുല്യപ്രതിഭ വിടപറഞ്ഞത്. 41-ാം വയസ്സിൽ അപ്രതീക്ഷിതമായി ജയന്റെ ജീവൻ വിധി കവർന്നില്ലായിരുന്നുവെങ്കിൽ ഇനിയുമെത്രയോ ആക്ഷൻ ത്രില്ലറുകളിൽ അദ്ദേഹം പ്രേക്ഷകരെ ത്രസിപ്പിക്കുമായിരുന്നു. 

25-ാം വയസ്സി‍ൽ നാവികസേനയിൽ ജോലിയിൽ പ്രവേശിച്ചപ്പോഴും അടങ്ങാത്ത അഭിനയമോഹം അദ്ദേഹത്തിനുണ്ടായിരുന്നു. പത്തു വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച് സിനിമാനടനാവണമെന്ന മോഹം സാക്ഷാത്‌കരിക്കാനിറങ്ങി. സ്‌റ്റണ്ട്‌ മാസ്‌റ്ററായിട്ടായിരുന്നു തുടക്കം. ഹരിഹരൻ സംവിധാനം ചെയ്‌ത പഞ്ചമി എന്ന ചിത്രത്തിലെ വില്ലൻ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ എം. കൃഷ്‌ണൻ നായർ ജയനെന്ന ചലച്ചിത്ര താരമായി. 

ജയന്റെ ബെൽബോട്ടം പാന്റും, കൂളിംഗ് ഗ്ലാസും, ഹെയർ സ്റ്റൈലുമൊക്കെ യുവാക്കളുടെ ഫാഷൻ സ്റ്റേറ്റ്മെന്റുകളായി. ജയന്റെ ഡയലോഗുകളും അംഗ ചലനങ്ങളും ട്രെൻഡായി മാറി. 'ശരപഞ്‌ജര'ത്തിലെ നായകനും വില്ലനും ജയനായിരുന്നു. ആ സിനിമയിലെ രം​ഗങ്ങൾ ജയനെ ഏറെ പ്രശസ്‌തനാക്കി. ഇതോടെ പൗരുഷം തുളുമ്പുന്ന റോളുകളുടെ മുഖമായി ജയൻ മാറി. ചിത്രം ബോക്സോഫീസ് റെക്കോഡുകൾ ഭേദിച്ച് മുന്നേറിയതോടെ തൊട്ടടുത്തവർഷം 'അങ്ങാടി' എന്ന ചിത്രവും ട്രെൻഡ് പിടിച്ച് റിലീസിനെത്തി. മലയാള സിനിമയിലെ ഒന്നാംനിര സംവിധായകരായിരുന്ന എ.ബി.രാജ്‌, ഹരിഹരൻ, ബേബി, ശ്രീകുമാരൻ തമ്പി, വിജയാനന്ദ്‌, ഐ.വി. ശശി തുടങ്ങിയവരുടെ ചിത്രങ്ങളിലെല്ലാം ജയൻ നായകനായി. 

സാഹസിക രംഗങ്ങളിൽ അഭിനയിക്കാനായിരുന്നു ജയന് ഏറെ ഇഷ്‌ടം. അതുകൊണ്ടു തന്നെ സാഹസിക രംഗങ്ങൾ ജയൻ സിനിമകളിൽ  അവിഭാജ്യ ഘടകമായി മാറി. അപകടം നിറഞ്ഞ സ്റ്റണ്ടുകൾ ഡ്യൂപ്പില്ലാതെ സ്വയം ചെയ്യുക എന്നത് ജയന്റെ പതിവായിരുന്നു. ഈ അഭിനിവേശമാണ് അദ്ദേഹത്തിന്റെ അന്ത്യത്തിൽ കലാശിച്ചതും.

1980ൽ 'കോളിളക്കം' എന്ന സിനിമയ്ക്കു വേണ്ടി ഹെലികോപ്റ്റർ രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് ജയന്റെ ആകസ്മിക മരണം. റീടേക്കിനിടെ ഹെലികോപ്റ്റർ നിയന്ത്രണം വിട്ട് നിലംപതിച്ചപ്പോൾ ചരിത്രം കുറിച്ച ആദ്യ ആക്ഷൻ ഹീറോയെ മലയാള ചലച്ചിത്ര ലോകത്തിന് നഷ്‌ടമാവുകയായിരുന്നു. ലാൻഡിങ്‌ പാഡിൽ തൂങ്ങിക്കിടക്കുന്ന ജയനെ വില്ലനായ ബാലൻ കെ നായർ തള്ളിയിടാൻ ശ്രമിക്കുന്ന രംഗമായിരുന്നു  പകർത്തിക്കൊണ്ടിരുന്നത്‌. ഈ സമയം നിയന്ത്രണം നഷ്‌ടപ്പെട്ട ഹെലിക്കോപ്‌റ്റർ ശക്‌തമായി ഭൂമിയിൽ വന്നിടിച്ചു. ഹെലിക്കോപ്‌റ്റർ നിലത്തിടിച്ചു വീണയുടൻ ബാലൻ കെ നായരും, പൈലറ്റും ചാടി രക്ഷപ്പെട്ടു. ജയൻ ഹെലിക്കോപ്‌റ്ററിന്‌ അടിയിലായിപ്പോയി. ഹെലിക്കോപ്‌റ്റർ ജയനേയും കൊണ്ട്‌ കുറേ ദൂരം മുന്നോട്ടു പോയി. അതിനിടയിൽ ഹെലിക്കോപ്‌റ്ററിനു തീ പിടിച്ചു.   

ജയന്റെ മരണ ശേഷം ഈ സിനിമയിലെ ഡയലോഗുകൾ ഡബ്ബ് ചെയ്തത് സംവിധായകൻ ആലപ്പി അഷ്റഫ് ആണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു