ചലച്ചിത്രം

പൊള്ളിക്കുന്ന പോരാട്ടം, ഇത് കാണേണ്ട ചിത്രം; 'ജന​ ഗണ മന' റിവ്യൂ

മഞ്ജു സോമന്‍

'എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പൊളിറ്റിക്കൽ സിനിമയല്ല.’- ജന ​ഗണ മന ട്രെയിലർ ചർച്ചയായതിന് പിന്നാലെ പൃഥ്വിരാജിന്റെ വാക്കുകളായിരുന്നു ഇത്. എന്നാൽ ജന ​ഗണ മന അടിമുടി രാഷ്ട്രീയമാണ്. ഇന്നത്തെ ഇന്ത്യയാണ് ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത്. രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച നിരവധി വിഷയങ്ങളിലൂടെ നീതി നിഷേധിക്കപ്പെടുന്നവരുടെ പോരാട്ടത്തെ തുറന്നു കാട്ടുകയാണ് ഡിജോ ജോസ് ആന്റണി. 

2019ൽ നടന്ന ഹൈദരാബാദ് പീഡന കേസിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബാം​ഗളൂരുവിലെ ഒരു കോളജ് അധ്യാപികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുന്നതും തുടർന്ന് നടക്കുന്ന അന്വേഷണവുമാണ് ആദ്യ ഭാ​ഗത്തുള്ളത്. എന്നാൽ രണ്ടാം ഭാ​ഗത്തിലേക്ക് കടക്കുമ്പോൾ ചിത്രം പൊലീസ് ത്രില്ലറിൽ നിന്ന് കോർട്ട് ഡ്രാമയിലേക്ക് മാറും. പിന്നീട് പ്രേക്ഷകരെ കാത്തിരിക്കുന്നത് ഒട്ടും പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളാണ്. 

രാജ്യത്തെ ജാതീയ അതിക്രമങ്ങളുടെ തുറന്നു കാട്ടൽ കൂടിയാണ് ചിത്രം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും തൊഴിലിടങ്ങളിൽ നിന്നുമെല്ലാം ദളിത് പെൺകുട്ടികൾ നേരിടേണ്ടിവരുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങളെക്കുറിച്ച് കൃത്യമായി ചിത്രം പ്രേക്ഷകരോട് സംവദിക്കുന്നുണ്ട്.  കൂടാതെ രാഷ്ട്രീയ ലാഭത്തിനായി വാർത്തകൾ സൃഷ്ടിക്കുന്ന അധികാര വർ​ഗത്തേയും അവർക്ക് കൂട്ടുനിൽക്കുന്ന പൊലീസുകാർക്കും മാധ്യമങ്ങൾക്കും നേരെ രൂക്ഷ വിമർശനവും ഉയർത്തുന്നുണ്ട്. 

ആദ്യ ചിത്രമായ ക്വീനിലൂടെ തന്നെ ഡിജോ ജോസ് ആന്റണി നമ്മുടെ വ്യവസ്ഥിതിക്കു നേരെ ചോദ്യമുയർത്തിയിരുന്നു. രണ്ടാമത്തെ സിനിമയിലേക്ക് വരുമ്പോൾ ആ ചോദ്യങ്ങൾ കുറച്ചുകൂടി ഉറച്ചതാണ്. പൊളിറ്റിക്കൽ ത്രില്ലറായാണ് ഡിജോ ജോസ് ജന​ ​ഗണ മനയെ ഒരുക്കിയിരിക്കുന്നത്. ഒരു ഭാ​ഗത്തുപോലും ചിത്രത്തിന്റെ ത്രില്ല് നഷ്ടപ്പെടുന്നില്ല എന്നതാണ് ഡിജോ ജോസിന്റെ വിജയവും.  ഏച്ചുകെട്ടലുകളില്ലാതെ മനോഹരമായ തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദും കയ്യടി അർഹിക്കുന്നുണ്ട്. കൂടാതെ ജേക്സ് ബിജോയുടെ സം​ഗീതവും ​സിനിമയോട് ചേർന്നു നിൽക്കുന്നതാണ്. 

പൃഥ്വിരാജിനും സുരാജ് വെഞ്ഞാറമൂടിനുമായി ചിത്രത്തെ പകുത്തു നൽകിയിരിക്കുകയാണ് ഡിജോ. ആദ്യ ഭാ​ഗത്ത് പൊലീസ് കമ്മീഷണർ സജൻ കുമാറായി നിറഞ്ഞു നിൽക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. സമ്മർദ്ദങ്ങളേയും പ്രതിഷേധങ്ങളും വളരെ പക്വതയോടെ നേരിടുന്ന പൊലീസ് ഉദ്യോ​ഗസ്ഥനായി ​ഗംഭീര പ്രകടനമാണ് സുരാജ് കാഴ്ചവെച്ചത്. രണ്ടാം ഭാ​ഗത്തെ ആവേശത്തിലാക്കിയത് പൃഥ്വിരാജിന്റെ ​പ്രകടനമാണ്. അരവിന്ദ് സ്വാമിനാഥൻ എന്ന അഭിഭാഷകനായാണ് താരം എത്തിയത്. മൂർച്ചയേറിയ ഡയലോ​ഗുകളിലൂടെ കോടതിമുറിയിൽ കത്തിക്കയറുന്ന പൃഥ്വിരാജ് പ്രേക്ഷകർക്കു നൽകിയ ആവേശം ചെറുതല്ല. ​കൊല്ലപ്പെടുന്ന പ്രൊഫ സഭ മറിയമായി മമ്തയാണ് എത്തിയത്. ജിഎം സുന്ദർ, വിൻസി അലോഷ്യസ്, ഷമ്മി തിലകൻ, ധന്യ അനന്യ ഉൾപ്പടെയുള്ള കഥാപാത്രങ്ങളും ​​ഗംഭീര പ്രകടനം കാഴ്ചവച്ചു. 

മാറ്റത്തിനായുള്ള പോരാട്ടം തുടരുന്ന അരവിന്ദ് സ്വാമിനാഥനിലും വിദ്യാർത്ഥികളിലുമാണ് ചിത്രം അവസാനിക്കുന്നത്. അവസാവ ഭാ​ഗത്ത് അരവിന്ദ് എന്ന കഥാപാത്രത്തെക്കുറിച്ചു നൽകുന്ന കർട്ടൻ റെയ്സറിലൂടെ രണ്ടാം ഭാ​ഗത്തിന്റെ സൂചനയും ചിത്രം തരുന്നുണ്ട്. തിയറ്റർ കാഴ്ച ആവശ്യപ്പെടുന്ന ത്രില്ലറാണ് ജന ​ഗണ മന. ഇനി ആവേശം നിറയ്ക്കുന്ന അടുത്ത ഭാ​ഗത്തിനായുള്ള കാത്തിരിപ്പ് തുടങ്ങാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ