ചലച്ചിത്രം

കൈ നെഞ്ചത്ത് വച്ചാൽ ഹൃദയാഘാതം ആണെന്ന് പറയും, തലക്കെട്ടുകൾ എനിക്ക് ഊഹിക്കാം: വിക്രം 

സമകാലിക മലയാളം ഡെസ്ക്

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പ്രിയതാരം വിക്രം ആശുപത്രിയിലാണെന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. താരത്തിന് ഹൃദയാഘാതമാണെന്ന നിലയിലുള്ള റിപ്പോർട്ടുകളാണ് ആദ്യം പുറത്തുവന്നത്. എന്നാലിപ്പോൾ സ്വന്തം ആരോ​ഗ്യസ്ഥിതിയെക്കുറിച്ച് ആരാധകരെ നേരിട്ടറിയിച്ചിരിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർതാരം. ഹൃദയത്തിന് ചെറിയ അസ്വസ്ഥത തോന്നിയിട്ടാണ് ആശുപത്രിയിൽ പോയതെന്നും ഹൃദയാഘാതം അല്ലായിരുന്നെന്നും വിക്രം പറഞ്ഞു. തന്റെ ആരോ​​ഗ്യനില മെച്ചപ്പെട്ടെന്നും അദ്ദേഹം അറിയിച്ചു. 

"നെഞ്ചിൽ നേരിയ അസ്വസ്ഥതയുണ്ടായിരുന്നു. അതിനു വേണ്ടി മാത്രമാണ് ഞാൻ ആശുപത്രിയിൽ പോയത്. നിങ്ങളെല്ലാവരും കൂടെയുള്ളപ്പോൾ എനിക്കൊന്നും സംഭവിക്കില്ല. എന്റെ കുടുംബവും സുഹൃത്തുക്കളും ആരാധകരും നിങ്ങളും എനിക്കൊപ്പം ഉണ്ട്,” പുതിയ തമിഴ് ചിത്രമായ കോബ്രയുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു വിക്രം. പൊന്നിയിൻ സെൽവൻ സിനിമയുടെ ടീസർ റിലീസ് ചടങ്ങിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിനിടെയാണ് താരത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. വാർത്ത പുറത്തു വന്നതോടെ ആരാധകരും സഹപ്രവർത്തകരും ഉൾപ്പടെ നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നേർന്നത്.

തന്റെ ആരോ​ഗ്യത്തെക്കുറിച്ച് പല തെറ്റായ വാർത്തകളും പ്രചരിക്കുന്നത് കണ്ടെന്നും വിക്രം പറഞ്ഞു. "ഞാൻ എല്ലാ റിപ്പോർട്ടുകളും കണ്ടു. പലരും എന്റെ ഫോട്ടോ ഒരു രോഗിയുടെ ശരീരത്തിൽ മോർഫ് ചെയ്ത് തംബ്നെയിൽ ഉണ്ടാക്കി. അവർ ക്രിയേറ്റീവ് ആയി പോയി, അത് നന്നായി. നന്ദി. ഞാൻ ജീവിതത്തിൽ ഒരുപാട് അനുഭവിച്ചതായി എനിക്ക് തോന്നുന്നു, അതിനാൽ ഇത് വലിയ ആശങ്കയല്ല. എന്റെ കുടുംബവും സുഹൃത്തുക്കളും ആരാധകരും പിന്തുണച്ചു. എനിക്ക് ജീവിതത്തിൽ മറ്റൊന്നും ആവശ്യമില്ല. ഞാൻ എന്റെ കൈ ഒരിക്കലും നെഞ്ചത്ത് വയ്ക്കാൻ പോലും പാടില്ല. കാരണം അവർ (മാധ്യമങ്ങൾ) എനിക്ക് ഹൃദയാഘാതം ആണെന്നും പറഞ്ഞ് വരും. അവർ തെരഞ്ഞെടുക്കാൻ പോകുന്ന തലക്കെട്ടുകൾ എനിക്ക് ഊഹിക്കാം. അവർ പറയും വിക്രത്തെക്കുറിച്ചുള്ള അവരുടെ പ്രവചനം ശരിയായെന്ന്, അല്ലെങ്കിൽ കോബ്രയുടെ ഓഡിയോ ലോഞ്ചിൽ വിക്രം നെഞ്ചുവേദനയുടെ ലക്ഷണങ്ങൾ കാണിച്ചെന്ന്". 

എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവ്വഹിച്ച് അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത "കോബ്ര" ഓഗസ്റ്റ് 11ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ശ്രീനിധി ഷെട്ടി, മിയ ജോർജ്ജ്, റോഷൻ മാത്യു എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ക്രിക്കറ്റ് താരം ഇർഫാൻ പത്താന്റെ അരങ്ങേറ്റം കൂടിയായിരിക്കും ഈ ചിത്രം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'