ചലച്ചിത്രം

കിടക്കുന്നത് ഹാളിൽ, ശുചിമുറി നിഷേധിച്ചു, നിരീക്ഷിക്കാൻ സെക്യൂരിറ്റിയും സിസിടിവിയും; നവാസുദ്ദീൻ സിദ്ദീഖിക്കെതിരെ ​ആരോപണവുമായി ഭാര്യ 

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദീഖിക്കും കുടുംബത്തിനുമെതിരെ ​ഗുരുതര ആരോപണവുമായി നടന്റെ ഭാര്യ ആലിയ സിദ്ദീഖി. ഭർത്താവിന്റെ വീട്ടിൽ താൻ ക്രൂരമായ പീഡനത്തിന് ഇരയാവുകയാണ് എന്നാണ് ആലിയ പറയുന്നത്. കിടക്കാൻ മുറിയോ ശൗചാലയമോ ഭക്ഷണമോ തനിക്ക് ലഭിക്കുന്നില്ല എന്നാണ് അവർ പറയുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് തന്റെ അവസ്ഥയെക്കുറിച്ച് ആലിയ വ്യക്തമാക്കിയത്. 

കഴിഞ്ഞ ഏഴു ദിവസമായി വീടിന്റെ ഹാളിലാണ് താൻ കിടന്നുറങ്ങുന്നത്. മക്കൾ ദുബായിൽ നിന്ന് തിരിച്ചെത്തിയപ്പോൾ അവർക്ക് തന്റെ കൂടെ ഹോളിലെ സോഫയിൽ കിടക്കേണ്ടതായി വന്നു. ​ഗസ്റ്റുകൾ ഉപയോ​ഗിക്കുന്ന ശൗചാലയമാണ് താൻ ഉപയോ​ഗിക്കുന്നതെന്നും അവർ പറഞ്ഞു. മുറികളെല്ലാം നവാസുദ്ദീന്റെ അമ്മ പൂട്ടിയിട്ടിരിക്കുകയാണ്. തന്നെ നോക്കാനായി സെക്യൂരിറ്റിയെ ഏർപ്പാടാക്കിയെന്നും മുറിയിൽ സിസിടിവി സ്ഥാപിച്ചെന്നും ഇവർ പറയുന്നു. താൻ ഇത്ര ബുദ്ധിമുട്ടിയിട്ടും തന്നെയും മക്കളേയും പിന്തുണയ്ക്കാൻ നവാസുദ്ദീൻ എത്തിയില്ലെന്നും ആലിയ പറഞ്ഞു. 

ആലിയയുടെ അഭിഭാഷകനും നടനും കുടുംബത്തിനുമെതിരെ എത്തി. ആലിയയെ വീട്ടിൽ നിന്ന് പുറത്താക്കാൻ സാധ്യമായതെല്ലാം അവർ ചെയ്തെന്നാണ് അഭിഭാഷകൻ പറയുന്നത്. ​ഗുരുതരമായ ക്രിമിനൽ കുറ്റമാണ് തന്റെ കക്ഷിയായ ആലിയക്കെതിരെ നവാസുദ്ദീൻ സിദ്ദിഖിയുടെ കുടുംബം ചുമത്തിയിരിക്കുന്നതെന്ന് അഡ്വ.റിസ്വാൻ സിദ്ദിഖിയുടെ പ്രസ്താവനയിലുണ്ട്. പോലീസിനെ ഉപയോ​ഗിച്ച് ആലിയയെ അറസ്റ്റ് ചെയ്ത് ഭീഷണിപ്പെടുത്തുകയും എല്ലാ ദിവസവും വൈകീട്ട് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നതായും അഭിഭാഷകൻ പറയുന്നു.

പൊലീസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ തന്റെ കക്ഷിയുടെ മാന്യത അപമാനിക്കപ്പെട്ടപ്പോഴും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഒരു പോലീസ് ഉദ്യോഗസ്ഥനും വന്നിട്ടില്ല എന്നതാണ് വസ്തുത. നവാസുദ്ദീൻ സിദ്ദിഖിയുമായുള്ള ആലിയയുടെ ബന്ധവും പ്രായപൂർത്തിയാകാത്ത മകന്റെ നിയമസാധുതയും പൊലീസ് ഉദ്യോഗസ്ഥന്റെ മുമ്പാകെ ചോദ്യം ചെയ്യപ്പെട്ടു. എന്നിട്ടും ഐപിസി സെക്ഷൻ 509 പ്രകാരം തന്റെ കക്ഷി രേഖാമൂലം നൽകിയ പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥൻ നടപടിയെടുത്തില്ലെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. നടനും കുടുംബത്തിനുമെതിരെ പരാതി ഒപ്പിട്ടുവാങ്ങാൻ പോലും തന്നെ അനുവദിക്കുന്നില്ലെന്നും അഡ്വ. റിസ്വാൻ‌ സിദ്ദിഖി പറയുന്നു. 

ഇക്കഴിഞ്ഞ ജനുവരിയിലാണ് നവാസുദ്ദീൻ സിദ്ദിഖിയുടെ ഭാര്യയ്ക്കെതിരെ നടന്റെ അമ്മ മെഹറുന്നീസ പോലീസിൽ പരാതി നൽകിയത്. ഉപദ്രവിക്കണം എന്ന ഉദ്ദേശത്തോടെ മകന്റെ ഭാര്യ വീട്ടിൽ എത്തുകയും മർദ്ദിക്കുകയും ചെയ്തുവെന്നാണ് മെഹ്‌റുന്നിസയുടെ പരാതി. ഐ.പി.സി. 452, 323, 504, 506 വകുപ്പുകൾ ചുമത്തിയാണ് ആലിയയ്ക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്. എന്നാൽ മെഹ്‌റുന്നിസയുടെ ആരോപണം ആലിയ തള്ളി. ഇതിനു മുൻപും നവാസുദ്ദീൻ സിദ്ദിഖിക്കും കുടുംബത്തിനുമെതിരെ ആലിയ രം​ഗത്തെത്തിയിട്ടുണ്ട്. 2010 ലാണ് ആലിയയും നവാസുദ്ദീൻ സിദ്ദിഖിയും വിവാഹിതരാകുന്നത്. നടന്റെ രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. ഇവർക്ക് രണ്ട് മക്കളുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു