ദേശീയം

ഇല്ല, ഈ രാജ്യത്തെ വര്‍ഗ്ഗീയതകൊണ്ട് കീറിമുറിക്കാനാവില്ല; ഹിന്ദുസഹോദരന്റെ മരണാനന്തര ചടങ്ങുകള്‍ നടത്തിയത് പള്ളി ഇമാമടക്കമുള്ള മുസ്ലീം സഹോദരര്‍; എല്ലാം ഹിന്ദുആചാരപ്രകാരം

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഹിന്ദു-മുസ്ലീം ഏറ്റുമുട്ടലുകളും വര്‍ഗീയവേര്‍തിരിവുകളുംമാത്രം പ്രചരിക്കപ്പെട്ടിരുന്ന ഉത്തരേന്ത്യയില്‍നിന്നും മതസൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും വാര്‍ത്തയുമെത്തി. പണമില്ലാത്തതിന്റെ പേരില്‍ സംസ്‌കാരചടങ്ങുകള്‍ നടത്താന്‍ പറ്റാതിരുന്ന ഹിന്ദുകുടുംബത്തെ സഹായിക്കാന്‍ ഇറങ്ങിയത് പള്ളി ഇമാമടക്കം മുസ്ലീം സഹോദരന്മാര്‍. ഹിന്ദു ആചാരപ്രകാരമായിരുന്നു ചടങ്ങുകള്‍ നടത്തിയത്. പശ്ചിമബംഗാളിലെ, ഇന്ത്യയിലെതന്നെ ഏറ്റവും ദരിദ്രമായ ജില്ലയായ മാല്‍ഡയില്‍ ഷെയ്ഖ്പുര എന്ന ഗ്രാമത്തിലാണ് ഇത് സംഭവിച്ചത്. ബിശ്വജിത് രാജക് എന്ന മുപ്പത്തഞ്ചുകാരന്‍ ലിവര്‍ കാന്‍സറിനെത്തുടര്‍ന്നായിരുന്നു മരണപ്പെട്ടത്. എന്നാല്‍ കുടുംബത്തിന് ബിശ്വജിത്തിന്റെ മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ സാധിച്ചില്ല. ഇതറിഞ്ഞെത്തിയ അയല്‍പക്കക്കാരായ മുസ്ലീം സഹോദരര്‍ തങ്ങള്‍ ഏറ്റെടുത്ത് നടത്തിക്കോളാം എന്ന ആവശ്യവുമായി എത്തുകയായിരുന്നു.

അന്ത്യകര്‍മ്മങ്ങള്‍ക്കുള്ള അത്യാവശ്യപണം സ്വരൂപിച്ച് ബിശ്‌വജിത്തിന്റെ അച്ഛന്‍ നാഗന്‍ രാജക്കിനെ ഏല്‍പ്പിച്ചു. അതിനുശേഷം പള്ളിയിലെ മൗലവിയടക്കം ക്രിമിറ്റോറിയത്തിലെത്തി സംസ്‌കാരചടങ്ങുകള്‍ക്ക് ഒരുക്കങ്ങള്‍ നടത്തി.
മൃതശരീരം ഹരിനാമം ചൊല്ലി തോളിലേറ്റി ശ്മശാനംവരെ എത്തിക്കുക എന്നത് ചടങ്ങാണ്. അത് അതേമട്ടില്‍ത്തന്നെ അവര്‍ ചെയ്യുകയും ചെയ്തു. ഇതുസംബന്ധിച്ച് ചടങ്ങുകളില്‍ പങ്കെടുത്ത ഹാജി അബ്ദുള്‍ ഖലേക്ക് പറഞ്ഞത് ഇങ്ങനെയായിരുന്നു: ''മറ്റു സമുദായങ്ങളുമായി കലഹിക്കണമെന്ന് ഒരു മതവും പഠിപ്പിക്കുന്നില്ല. ബിശ്വജിത്ത് ഞങ്ങളുടെ സഹോദരനാണ്. അയാളുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയതിനും ഹിന്ദു ചടങ്ങുകളോടെ ഹരിനാമം പാടിയതിനും അല്ലാഹു ഞങ്ങളെ കുറ്റപ്പെടുത്തില്ലെന്നുറപ്പാണ്.''
സംസ്‌കാരചടങ്ങുകള്‍ക്കുശേഷം ചിതാഭസ്മം നദിയില്‍ ഒഴുക്കുന്ന ചടങ്ങുകളും കഴിഞ്ഞശേഷമാണ് ഇവരെല്ലാം മടങ്ങിയത്. വിശ്വജിത്ത് രോഗാവസ്ഥയിലായിരുന്നപ്പോള്‍ കൊല്‍ക്കത്തയിലുള്ള ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനടക്കം സഹായങ്ങളുമായി ഇവരെല്ലാം ഉണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു