ദേശീയം

ചേരിപ്പോരും വിമതശല്യവും ഗുജറാത്തില്‍ ബിജെപിക്ക് തലവേദന ; 24 നേതാക്കളെ പുറത്താക്കി

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ് : നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ, വിമത ഭീഷണി ബിജെപിക്ക് തലവേദനയാകുന്നു. റിബല്‍ ശല്യം ഉയര്‍ത്തിയ 24 നേതാക്കളെ ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. വിഭാഗീയ പ്രവര്‍ത്തനവും, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവും നടത്തി എന്നാരോപിച്ചാണ് നടപടി.  മുന്‍ എംപിയും മുതിര്‍ന്ന നേതാവുമായ ഭൂപേന്ദ്ര സിംഗ് സോളങ്കി, കനയ്യ പട്ടേല്‍, ബിമല്‍ ഷാ, ഹിതേന്ദ്ര പട്ടേല്‍, മുന്‍ എംഎല്‍എമാര്‍, പാര്‍ട്ടി ഭാരവാഹികള്‍ തുടങ്ങിയവര്‍  പുറത്താക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. 

പുറത്താക്കപ്പെട്ടവരില്‍ പലരും തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് വിമതരായി മത്സരിക്കാന്‍ തയാറെടുത്തിരുന്നു. ഭൂപേന്ദ്ര സിംഗ് സോളങ്കി, കനയ്യ പട്ടേല്‍, ഹിതേന്ദ്ര പട്ടേല്‍, ബാബു ബാഭോര്‍ എന്നിവര്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ സ്വതന്ത്രരായി മല്‍സരിക്കാന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിട്ടുണ്ട്. വിമതശല്യം ഉയര്‍ത്തിയ രണ്ടുപേര്‍ക്ക് കോണ്‍ഗ്രസും ഒരാള്‍ക്ക് എന്‍സിപിയും ടിക്കറ്റ് നല്‍കിയിരുന്നു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയായിരുന്നു. ഇതിനകം പത്രിക പിന്‍വലിക്കണമെന്ന ബിജെപി ഇവരോട് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ അതിന് തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് ഇവര്‍ക്കെതിരെ ബിജെപി സംസ്ഥാന നേതൃത്വം നടപടി സ്വീകരിച്ചത്. 

നവസാരി മണ്ഡലത്തിലെ നാലു ബിജെപി നേതാക്കളാണ് പാര്‍ട്ടിയില്‍ നിന്നും പുറത്തായത്. ധനഞ്ജയ് ബായ്, അര്‍ജുന്‍ ബായ്, സുശീല്‍ കുമാര്‍, കാഞ്ചിഭായ് പട്ടേല്‍ എന്നിവരാണ് പാര്‍ട്ടി നടപടി നേരിട്ടവര്‍. പുറത്താക്കപ്പെട്ട മറ്റു നേതാക്കള്‍ ഇവരാണ്. അജയ് ഭായ് ചൗധരി (സുറത്ത്), ഖുമന്‍ സിംഗ് വാസിയ (ഭറൂച്ച്), വല്ലഭ് ഭായ് ധര്‍വി, രമേഷ് ഭായ് ദാങ്കര്‍ (ജാംനഗര്‍), അര്‍ജന്‍ ഭായ് കാഞ്ചയ്യ (ദേവ് ഭൂമി ദ്വാരക), ശ്രീ ഗൗര്‍ധന്‍ ഭായ് (മോര്‍ബി), സോമനാഥ് തുളസി ഭായ് (ഗിര്‍), ഹമീര്‍ ഭായ്(അ്മരേലി), ദില്‍വാര്‍ സിംഗ്(ഭാവ്‌നഗര്‍), നനോഭായ്(പലിറ്റാന), ജാസ്‌വന്ത് സിംഗ് (പഞ്ച്മഹല്‍), ഭവേശ് ഭായ്, ബാബു ഭായി (ദാഹോഡ്), ജുവാന്‍ സിംഗ് വിമല്‍ ഭായി (ഖേദ്ര), കമ ഭായ് (അഹമ്മദാബാദ്), ഷിര്‍ രോഹിത് നാനാനി (ഗാന്ധി നഗര്‍), ഡോ. വിഷ്ണു ദാന്‍ ജലാല (പാടന്‍), ഹിതേന്ദ്ര പട്ടേല്‍, ഭൂപേന്ദര്‍ സിംഗ് സോളങ്കി (മഹാസാഗര്‍). 

ബിജെപി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സഞ്ജയ് ജോഷിയുടെ വിശ്വസ്തനാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ഭൂപേന്ദര്‍ സിംഗ് സോളങ്കി. ഈ മാസം 9, 14 തീയതികളിലായി രണ്ടുഘട്ടമായാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇടഞ്ഞു നില്‍ക്കുന്ന പട്ടേല്‍ സമുദായത്തിന് പിന്നാലെ, ബിജെപിയിലെ വിമരശല്യവും പാര്‍ട്ടി നേതൃത്വത്തിന് തലവേദനയായി മാറിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്