ദേശീയം

അയോധ്യ സിനിമയുടെ സംവിധായകന്റെ വീട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത സമയത്ത് ഹിന്ദു യുവാവിന്റെയും മുസ്ലിം യുവതിയുടെയും പ്രണയ കഥ പറയുന്ന ഗെയിം ഓഫ് അയോധ്യ എന്ന ചിത്രത്തിന്റെ സംവിധായകന്റെ വീട്ടില്‍ സംഘപരിവാര്‍ അക്രമം. ഹിന്ദു ജാഗരണ്‍ മഞ്ച് എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ സിനിമയുടെ സംവിധായകന്‍ സുനില്‍ സിങ്ങിന്റെ വീട് അടിച്ചുതകര്‍ക്കുകയായിരുന്നു. ഞായറാഴ്ച രാത്രി നടന്ന അക്രമവുമായി ബന്ധപ്പെട്ട് ഒരു ദിവസം കഴിഞ്ഞിട്ടും ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ല.

ചരിത്ര വസ്തുതകളെ വളച്ചൊടിച്ച് അവതരിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് സംഘപരിവാര്‍ ചിത്രത്തിനെതിരെ രംഗത്തുവന്നിട്ടുള്ളത്. ഭീഷണിയെത്തുടര്‍ന്ന് സുനില്‍ സിങ്ങിന്റെ വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പൊലീസുകാര്‍ നോക്കിനില്‍ക്കെയാണ് ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ അക്രമം നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഞായറാഴ്ച സുനില്‍ സിങ്ങിന്റെ വീട്ടില്‍ എത്തിയ സംഘടനാ പ്രവര്‍ത്തകര്‍ ഗേറ്റ് അടച്ചുപൂട്ടി വീട്ടില്‍ അക്രമം നടത്തുകയായിരുന്നു. മതിലില്‍ കറുത്ത ചായം പൂശിയ ഇവര്‍ വസ്തുവകകളും കേടു വരുത്തി. 

സിനിമ ചരിത്രത്തെ വളച്ചൊടിച്ചതാണെന്ന് ട്രെയ്‌ലര്‍ കണ്ടപ്പോള്‍ മനസിലായി എന്നാണ് ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ പറയുന്നത്. അയോധ്യയില്‍ ക്ഷേത്രം ഇല്ലായിരുന്നു എന്നാണ് ചിത്രത്തില്‍ കാണിക്കുന്നത്. ഇത്തരമൊരു ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ