ദേശീയം

കര്‍ഷകര്‍ക്ക് മരണമണിയൊരുക്കുന്ന മധ്യപ്രദേശ്

സമകാലിക മലയാളം ഡെസ്ക്

2014, 2015 വര്‍ഷങ്ങളില്‍ ലഭിച്ചിരുന്നതിനേക്കാള്‍ ശരാശരി മഴയാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ലഭിച്ചത്. കൃത്യമായി പറഞ്ഞാല്‍, കഴിഞ്ഞ നൂറു വര്‍ഷത്തിനിടയിലുള്ള ശരാശരി മഴയില്‍ മൂന്ന് ശതമാനം മാത്രം കുറവ്. മികച്ച മഴ ലഭിച്ചതോടെ ഭക്ഷ്യ ധാന്യങ്ങളുടെ ഉല്‍പ്പാദനത്തില്‍ റെക്കോഡ് നേട്ടവും കഴിഞ്ഞ വര്‍ഷം ഇന്ത്യ നേടി.

കേന്ദ്ര കാര്‍ഷിക ക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഉത്പാദനത്തേക്കാള്‍ 6.37 ശതമാനം കൂടുതല്‍. കര്‍ഷകരുടെ ഉന്നമനത്തിനു വേണ്ടി ബജറ്റില്‍ വകയിരുത്തിയ തുകയില്‍ യുപിഎ സര്‍ക്കാരിനേക്കാള്‍ വര്‍ധന വരുത്തിയ എന്‍ഡഎ സര്‍ക്കാര്‍ 2022 ആകുമ്പോഴേക്ക് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നുവരെ പ്രഖ്യാപിച്ചു.

കേന്ദ്രം ഭരിക്കുന്ന ബിജെപി തന്നെയാണ് പ്രക്ഷോഭം നടക്കുന്ന മധ്യപ്രദേശ് ഭരിക്കുന്നത്. ഇവിടെ കാര്യം അല്‍പ്പം കൂടി ഗൗരവമാണ്. കര്‍ഷകരുടെ പക്ഷോപത്തിനിടെ അഞ്ചു പേര്‍ വെടിയേറ്റു മരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. അളമുട്ടിയാല്‍ ചേരയും കടിക്കുമെന്ന ചൊല്ലാണ് ഇവിടെ അന്വര്‍ഥമായിരിക്കുന്നത്. പാവപ്പെട്ട കര്‍ഷകരെ ചൂഷണം ചെയ്ത് അവരുടെ ജീവിതത്തിന് വരെ വെല്ലുവിളിയായപ്പോഴാണ് അവര്‍ക്കുമുന്നില്‍ സമരമെന്ന മാര്‍ഗം തെളിഞ്ഞത്.

2016 ഫെബ്രുവരി മുതല്‍ ഇക്കഴിഞ്ഞ ഫെബ്രുവരി വരെയുള്ള ഒരു വര്‍ഷത്തില്‍ 1982 കര്‍ഷകരാണ് മധ്യപ്രദേശില്‍ ആത്മഹത്യ ചെയ്തതെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട് ചെയ്യുന്നത്. അതായത്, അഞ്ചു മണിക്കൂറില്‍ ഒരു കര്‍ഷകന്‍ വീതം. 2014-15 മുതല്‍ കാര്‍ഷിക വളര്‍ച്ചയില്‍ 20 ശതമാനത്തോളം വളര്‍ച്ച കൈവരിച്ച ഒരു സംസ്ഥാനത്ത് ഈ രീതിയില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് എന്തുകൊണ്ടാണ്.

തങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ കാര്‍ഷികള്‍ വിളകള്‍ക്ക് കുറഞ്ഞ വേതനവും ഇടനിലക്കാര്‍ക്ക് വലിയ കമ്മീഷനും നല്‍കുന്ന ശിവ്‌രാജ് സിംഗ് ഛൗഹാന്‍ ഭരിക്കുന്ന സംസ്ഥാനത്തിന് അഞ്ച് കൃഷി കര്‍മന്‍ പുരസ്‌ക്കാരം ലഭിച്ചുവെന്ന് ഭേരി മുഴക്കിയിട്ടു എന്ത് കാര്യം.

പതിനഞ്ചോളം ജില്ലകള്‍ വരുന്ന മല്‍വ-നിമാദ് മേഖലകളില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തില്‍ അഞ്ചു കര്‍ഷകരെ വെടിവെച്ചു കൊന്നതിന്റെ ഉത്തരവാദിത്വവും ഛൗഹാനു തന്നെയാണ്. തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് വലിയ തോതില്‍ ഉള്ളി ഉല്‍പ്പാദനം നടന്നിട്ടും വാങ്ങാന്‍ ആളില്ലാതിരിക്കുന്നത്. കിലോഗ്രാമിന് എട്ടു രൂപ നിരക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോഴേക്കും ഏറെ വൈകിയിരുന്നു. ഒന്നുകില്‍ വിളവെടുപ്പ് നടന്ന ഉടന്‍ ഇവ ഏറ്റെടുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുക. അല്ലെങ്കില്‍ ന്യായമായ വില നല്‍കുക എന്ന ആവശ്യം കര്‍ഷകര്‍ ഉന്നയിച്ചതോടെ പ്രശ്‌നം ആരംഭിച്ചു.

കഴിഞ്ഞ വര്‍ഷം ചില മാര്‍ക്കറ്റുകളില്‍ പച്ചക്കറികള്‍ക്ക് കിലോഗ്രാമിന് ഒന്നു മുതല്‍ രണ്ടു രൂപ വരെയായി തകര്‍ന്നടിഞ്ഞിരുന്നു. ഈ വര്‍ഷവും അതിന് കാര്യമായ മാറ്റമുണ്ടായിരുന്നില്ല. തക്കാളി, ഉരുളക്കിഴങ്ങ് എന്നീ ശീതകാല വിളകള്‍ കിട്ടുന്ന വിലയ്ക്ക് ഈ മേഖലയിലെ കര്‍ഷകര്‍ വിറ്റു. പലപ്പോഴും വലിയ നഷ്ടമാണ് ഇവര്‍ക്ക് ഇതിലൂടെയുണ്ടായത്.

കഴിഞ്ഞ 16 വര്‍ഷത്തിനിടെ 21,000 കര്‍ഷകരാണ് മധ്യപ്രദേശില്‍ ഇക്കാരണങ്ങളൊക്കെ പറഞ്ഞ് ആത്മഹത്യ ചെയ്തത്. എന്നാല്‍, ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഈ കര്‍ഷകരുടെ മരണ കാരണങ്ങളാണ് അത്ഭുതപ്പെടുത്തുന്നത്. കൃഷി പരാജയം, വില്‍പ്പനയ്ക്കുള്ളത് നിര്‍മിക്കാനാവുന്നതില്‍ പരാജയം, വായ്പകള്‍ തിരിച്ചടയ്ക്കാന്‍ പറ്റാത്തത്, ദാരിദ്ര്യം, ഭൂമി ഇടപാടുകള്‍ തുടങ്ങിയ കാരണങ്ങളാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ നിരത്തിയിരിക്കുന്നത്.

സര്‍ക്കാരിന് നേട്ടമാകുന്നുണ്ടെങ്കിലും കാര്‍ഷിക മേഖലയിലെ കൃഷിക്കാര്‍ക്ക് ലാഭകരമായ വരുമാനം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് മധ്യപ്രദേശ് മേഖലയിലുള്ള വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി