ദേശീയം

ഉറപ്പുകള്‍ വെറുതെ, ആധാര്‍ ഇല്ലെങ്കില്‍ ഉച്ചക്കഞ്ഞിയുമില്ലെന്ന് കേന്ദ്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടിയില്‍ ആവര്‍ത്തിക്കുന്നതിനിടെ സ്‌കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണത്തിന് ആധാര്‍ നിര്‍ബന്ധമാക്കി ഉത്തരവ്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയമാണ് സ്‌കൂളുകളിലെ ഉച്ചഭക്ഷണം ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാണെന്ന് ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ജമ്മു കശ്മീര്‍, മേഘാലയ, അസം എന്നീ സംസ്ഥാനങ്ങള്‍ ഒഴികെയുളള തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ഉത്തരവ് ബാധകമാണെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. സ്‌കൂളില്‍ പാചകം ചെയ്യുന്നയാളും ആധാര്‍ നമ്പര്‍ ഹാജരാക്കണമെന്ന് ഉത്തരവ് പറയുന്നു. ഉത്തരവ് നടപ്പാക്കാന്‍ ജൂണ്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്. സേവനങ്ങള്‍ ശരിയായി കുട്ടികളിലേക്ക് എത്തുന്നുണ്ടോ എന്ന് മനസിലാക്കാനാണ് ആധാറുമായി ബന്ധിപ്പിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

നേരത്തെ ആധാറിന് എതിരായ പൊതുതാത്പര്യ ഹര്‍ജിയുടെ വാദത്തിനിടെ ഒരു സേവനത്തിനും നിര്‍ബന്ധമല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. എല്‍പിജി സബ്‌സിഡി, ഭക്ഷ്യ സബ്‌സിഡി എന്നിവ ഉള്‍പ്പെടെ ഏതാനും സേവനങ്ങള്‍ക്കു മാത്രമായി ആധാര്‍ പരിമിതപ്പെടുത്തി സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഓരോരോ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ടിരിക്കുകയാണ്. ട്രെയിന്‍ ടിക്കറ്റ് റിസര്‍വേഷന് ആധാര്‍ നിര്‍ബന്ധമാക്കുമെന്ന് കഴിഞ്ഞ ദിവസം റെയില്‍വേ അറിയിച്ചതിനു പിന്നാലെയാണ് സ്‌കൂളുകളിലെ ഉച്ചക്കഞ്ഞിക്ക് ഇതു നിര്‍ബന്ധമാക്കിക്കൊണ്ട് മാനവ വിഭവ ശേഷി മ്ന്ത്രാലയം ഉത്തരവു പുറപ്പെടുവിച്ചത്.

ആധാര്‍ ഇല്ലാത്തവര്‍ക്ക് സ്‌കൂളുകളില്‍ ഉച്ചഭക്ഷണം നിഷേധിക്കുന്നത് സര്‍ക്കാര്‍ പാസാക്കിയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ആറു മുതല്‍ പതിനാലു വയസു വരെയുള്ള, പദ്ധതിയില്‍ ചേരുന്ന എല്ലാ കുട്ടികള്‍ക്കു ഉച്ചഭക്ഷണം നല്‍കണമെന്നാണ് നിയമത്തില്‍ പറയുന്നത്. കുട്ടികള്‍ക്കു നല്‍കേണ്ട ഭക്ഷണത്തിന്റെ അളവും ഗുണനിലവാരവും സംബന്ധിച്ച് മാനദണ്ഡങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന നിയമം ആധാര്‍ ഉള്‍പ്പെടെ പദ്ധയില്‍ ചേരുന്നവര്‍ക്ക് ഒരു നിബന്ധനകളും വയ്ക്കുന്നുമില്ല.

ഉച്ചഭക്ഷണം നല്‍കണമെങ്കില്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് പറയുന്നത് ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത കാര്യമാണെന്നാണ് മുന്‍ ഭക്ഷ്യമന്ത്രി
കെവി തോമസ് സമകാലികമലയാളത്തോട് പറഞ്ഞത്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കൊടുക്കുന്നത് സ്‌കൂള്‍ വഴിയാണ്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനാണ് അതിനുള്ള അരിയും സാധങ്ങളും നല്‍കുന്നത്. ഉച്ചഭക്ഷണം നല്‍കണമെങ്കില്‍ കുട്ടികളുടെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു