ദേശീയം

അനധികൃത ക്വാറി പ്രവര്‍ത്തനം ചോദ്യം ചെയ്തു; ദളിത് യുവാക്കള്‍ക്ക് ബിജെപി നേതാവിന്റെ പ്രാകൃത ശിക്ഷ

സമകാലിക മലയാളം ഡെസ്ക്

നിസാമാബാദ് : അനധികൃത ക്വാറി പ്രവര്‍ത്തനം ചോദ്യം ചെയ്ത രണ്ട് ദളിത് യുവാക്കള്‍ക്ക് ക്വാറി ഉടമയായ ബിജെപി നേതാവിന്റെ പ്രാകൃത ശിക്ഷ. നിസാമാബാദ് ജില്ലയിലെ നവിപേട്ട് മണ്ഡലിലെ അബംഗപട്ടണം ഗ്രാമത്തിലാണ് സംഭവം. ബിജെപി നേതാവും പാര്‍ട്ടി ജില്ലാ മുന്‍ ജനറല്‍ സെക്രട്ടറിയുമായ എം ഭരത് റെഡ്ഡിയാണ് തന്റെ ക്വാറിയില്‍ കടന്ന രണ്ട ദളിത് യുവാക്കളെ  ഭീഷണിപ്പെടുത്തുകയും, ക്രൂരശിക്ഷയ്ക്ക് വിധേയനാക്കുകയും ചെയ്തത്. 

അബംഗപട്ടണം ഗ്രാമവാസികളായ കോണ്ട്ര ലക്ഷ്മണ്‍, രാജേശ്വര്‍ എന്നിവരാണ് ഭരത് റെഡ്ഡിയുടെ അനധികൃത ക്വാറിയിലെത്തി പ്രവര്‍ത്തനം ചോദ്യം ചെയ്തത്. എന്നാല്‍ വിവരം അറിഞ്ഞെത്തിയ ക്വാറി ഉടമയായ ബിജെപി നേതാവ് യുവാക്കളെ മര്‍ദ്ദിക്കുകയും ഇവരെ ചെളിക്കുളത്തില്‍ മുങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തന്റെ ക്വാറിയില്‍ കടന്ന ഇവരെ അസഭ്യം പറഞ്ഞ ഭരത് റെഡ്ഡി, ഗുരുതരമായ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

യുവാക്കള്‍ കൈകൂപ്പി മാപ്പുചോദിച്ചെങ്കിലും ഭരത് റെഡ്ഡി കനിഞ്ഞില്ല. യുവാക്കളെ ഭീഷണിപ്പെടുത്തി ബിജെപി നേതാവ് ചെളിക്കുളത്തില്‍ മുക്കി. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ, യുവാക്കളെ നേതാവ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്.  രണ്ട് കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ബിജെപി നേതാവായ ഭരത് റെഡ്ഡി. നാലു വര്‍ഷത്തോളം ഒളിവിലായിരുന്ന ഭരത് റെഡ്ഡി അടുത്തിടയ്ക്കാണ് പാര്‍ട്ടി പരിപാടികളില്‍ സജീവമായത്. അതേസമയം സംഭവത്തെപ്പറ്റി ആരും പരാതി നല്‍കിയിട്ടില്ലെന്ന് നവിപെ എസ്‌ഐ ഗിരീഷ് വ്യക്തമാക്കി.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ