ദേശീയം

ബന്‍സാലി ശരിയെന്ന് ചരിത്ര പാഠപുസ്തകം; രാജസ്ഥാന്‍ പാഠപുസ്തകത്തില്‍ പറയുന്നു ഖില്‍ജിക്ക് പത്മിനിയോട് പ്രണയമായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ത്മാവതിക്കെതിരേ വലിയ പ്രതിഷേധമാണ് രാജ്യത്ത് അരങ്ങേറുന്നത്. സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി ചരിത്രത്തെ വളച്ചൊടിക്കുകയാണ് എന്നാരോപിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. രാജസ്ഥാനിലെ രജ്പുത് സംഘടനകളാണ് ചിത്രത്തിന്റെ പ്രധാന എതിരാളികള്‍. സംസ്ഥാന ഗവണ്‍മെന്റ് പ്രതിഷേധക്കാര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ പറയുന്നതുപോലെ തന്നെയാണ് ഗവണ്‍മെന്റിന്റെ സ്വന്തം പാഠപുസ്തകത്തിലും ടൂറിസം ഡിപ്പാര്‍ട്ടിന്റെ ഉള്ളടക്കങ്ങളിലും ഹിന്ദു രാജ്ഞി പത്മിനിയെക്കുറിച്ച് പറയുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

രജ്പുത് രാജ്ഞിയായ പത്മിനിയെ തട്ടിക്കൊണ്ടുപോകുന്നതിനാണ് ഡല്‍ഹിയിലെ മുസ്ലീം ഭരണാധികാരിയായ അലാദ്ദീന്‍ ഖില്‍ജി ചിറ്റോര്‍ ആക്രമിക്കാനുണ്ടായ ഒരു കാരണമെന്ന് രാജസ്ഥാന്‍ സ്‌റ്റേറ്റ് ബോര്‍ഡ് തയാറാക്കിയ 12 ാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തില്‍ പറയുന്നു. കണ്ണാടിയില്‍ പത്മിനിയുടെ രൂപം കണ്ടതോടെ അവരുടെ സൗന്ദര്യത്തില്‍ ഖില്‍ജി ആകൃഷ്ടയായെന്നും പുസ്തകത്തില്‍ പറയുന്നു. ശ്രീലങ്കന്‍ രാജാവായ ഗന്തര്‍വ്‌സെന്നിന്റെ മകളായിരുന്നു പത്മിനി. ഖില്‍ജിയ്ക്ക് രജ്പുത് റാണിയോട് തോന്നിയ പ്രണയമാണ് പത്മാവതിയിലെ ഇതിവൃത്തം. രാജസ്ഥാനിലെ പാഠപുസ്തകത്തില്‍ ഈ കാര്യം പറയുമ്പോള്‍ അത് ചരിത്രമാവുകയും ഇതേ കാര്യം സിനിമയാകുമ്പോള്‍ ചരിത്രത്തെ വളച്ചൊടിച്ചെന്ന് ആരോപിക്കുകയുമാണ് പ്രതിഷേധക്കാര്‍.

മുഗള്‍ ആക്രമണത്തെക്കുറിച്ചുള്ള നാലാമത്തെ അധ്യായത്തിലാണ് ഖില്‍ജിയേയുും പത്മിനിയേയും കുറിച്ച് പറഞ്ഞിരിക്കുന്നത്. 1302 മുതല്‍ 1303 വരെയുള്ള കാലഘട്ടത്തില്‍ ചിറ്റോര്‍ ഭരിച്ച രാജാവ് റാവല്‍ റത്തന്‍ സിംഗിന്റെ കഥയാണ് ഈ പാഠത്തിലുള്ളത്. 16-ാം നൂറ്റാണ്ടില്‍ മാലിക് മൊഹമ്മെദ് ജയസി രജ്പുത് രാജ്ഞിയെക്കുറിച്ച് എഴുതിയ പത്മാവത് എന്ന കവിതയെ അടിസ്ഥാനമാക്കിയുള്ളതാണ് ബന്‍സാലിയുടെ പത്മാവതി. ഇത് കൂടാതെ പാഠപുസ്തകത്തില്‍ സുരാജ്മല്‍ മിഷ്‌റയും ആധുനിക ചരിത്രകാരന്‍മാരും പറയുന്നത് പത്മിനി എന്നത് യഥാര്‍ത്ഥ ചരിത്ര കഥാപാത്രമല്ലെന്നാണ്. 

പത്മിനിയും ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ഉണ്ടെന്ന അഭ്യൂഹത്തിന്റെ പേരിലാണ് സംവിധായകനും ചിത്രത്തിലെ അഭിനേതാക്കള്‍ക്കും നേരെ ശ്രീ രജ്പുത് കര്‍ണി സേന ഉള്‍പ്പടെയുള്ള സംഘടനകള്‍ കൊലവിളി നടത്തുന്നത്. ഇത് കൂടാതെ കണ്ണാടിയില്‍ പത്മിനിയുടെ പ്രതിബിംബം ഖില്‍ജി കാണുന്നത് സമൂഹത്തിലെ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് പ്രതിഷേധക്കാരുടെ വാദം. മധ്യപ്രദേശ് മുഖ്യമന്ത്രി ചിത്രത്തിന് വിലക്ക് കല്‍പ്പിച്ചതുള്‍പ്പടെ നിരവധി ബിജെപി നേതാക്കളും ചിത്രത്തിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. 

രാജസ്ഥാന്‍ ടൂറിസം വകുപ്പിന്റെ വിവരണത്തിലും ഖില്‍ജിക്ക് പത്മിനിയോട് തോന്നിയ പ്രണയത്തെക്കുറിച്ച് പറയുന്നുണ്ട്. പുഴയിലെ വെള്ളത്തില്‍ രാജ്ഞിയുടെ പ്രതിബിംബം കണ്ട് അനുരക്തനായി ചിറ്റോര്‍ ആക്രമിച്ചെന്നാണ് ഇതില്‍ പറയുന്നത്. പുസ്തകത്തിലും വെബ്‌സൈറ്റിലുമുള്ള ചരിത്രത്തെ പുനപരിശോധിക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍