ദേശീയം

റോഹിങ്ക്യകള്‍ക്കെതിരായ സത്യവാങ്മൂലം അപൂര്‍ണ്ണം;അന്തിമ സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യസുരക്ഷയ്ക്ക്  ഭീഷണിയാണെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു. സത്യവാങ്മൂലം അപൂര്‍ണമായിരുന്നുവെന്നും അത് അന്തിമ സത്യവാങ്മൂലം അല്ല എന്നുമാണ് രാത്രി വൈകി ആഭ്യന്തര മന്ത്രാലയം നല്‍കിയിരിക്കുന്ന വിശദീകരണം. കേസ് 18ന് മാത്രമേ പരിഗണിക്കുകയുള്ളു,അതിനാല്‍ സത്യവാങ്മൂലം 15ന് നല്‍കാനാണ് കേന്ദ്രത്തിന്റെ നീക്കം. 

റോഹിങ്ക്യകള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അവരെ തിരിച്ചയക്കണം എന്നുമാണ് ഈ വിഷയത്തില്‍ മുഖ്യ ഭരണപക്ഷ പാര്‍ട്ടിയായ ബിജെപിയുടെ നിലപാട്. എന്നാല്‍ അഭയാര്‍ഥികളെ ഉടന്‍ തിരിച്ചയയ്ക്കരുതെന്ന് ഇന്ത്യക്കുമേല്‍ രാജ്യാന്തര സമ്മര്‍ദം ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സത്യവാങ്മൂലം അന്തിമമല്ലെന്ന നിലപാടിലേക്കു കേന്ദ്രസര്‍ക്കാര്‍ എത്തിയതെന്നാണു സൂചന.

പാകിസ്ഥാന്‍  ഭീകര സംഘടനകളുമായി രോഹിങ്ക്യകള്‍ക്ക് ബന്ധമുണ്ടെന്നും ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ ഐഎസ് ഇവരെ ഉപയോഗിക്കുമെന്ന ഭീഷണിയുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍പറയുന്നു. അഭയാര്‍ഥികളായതിനാല്‍ അവരുടെ കാര്യത്തില്‍ കോടതി ഇടപെടാതിരിക്കുകയാണ് വേണ്ടതെന്നും  ബെഞ്ചിനു മുന്‍പാകെ കേന്ദ്രം ബോധിപ്പിച്ചു.

ഇന്ത്യയിലുള്ള റോഹിങ്ക്യന്‍ സമൂഹത്തിന്റെ ജീവനും സ്വാതന്ത്യവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭയാര്‍ത്ഥികളായ മുഹമ്മദ് സലീമുള്ളയും മുഹമ്മദ് ഷക്കീറും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.അഭയാര്‍ഥികളായി ഇന്ത്യയിലേയ്‌ക്കെത്തിയവരെ മ്യാന്മാറിലേയ്ക്കു തന്നെ തിരികെ അയയ്ക്കുന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ ഉടമ്പടികളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴാണ് കോടതി, കേന്ദ്രസര്‍ക്കാരില്‍ നിന്നും കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടത്.

പ്രശാന്ത് ഭൂഷണും പ്രണവ് സച്ച്‌ദേവയുമാണ് റോഹിങ്ക്യന്‍ സമൂഹത്തിനായി വാദിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎം. ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. 
രാജ്യത്ത് 14,000 റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ യുഎന്‍ ഹൈകമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജിജു ആഗസ്റ്റ് ഒമ്പതിന് പാര്‍ലമെന്റിനെ അറിയിച്ചിരുന്നത്. അരലക്ഷത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്യാതെ ഇവിടെ തങ്ങുന്നതായാണ് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ ജമ്മു, ഹൈദരാബാദ്, ഹരിയാന, യുപി, ദില്ലി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ കുടിയേറി താമസിക്കുന്നുണ്ട്.

ബുദ്ധമത ഭൂരിപക്ഷ രാഷ്ട്രമായ മ്യാന്‍മാറില്‍ സൈന്യം നടത്തുന്ന വംശഹത്യയില്‍ നിന്ന രക്ഷതേടിയാണ് റോഹിങ്ക്യകള്‍ അഭയാര്‍ത്ഥികളായി പലായനം ചെയ്തുതുടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍