ദേശീയം

മന്ത്രി പദവി കിട്ടിയതോടെ മലക്കംമറിഞ്ഞ് ഹിന്ദുസന്യാസിമാര്‍; നര്‍മ്മദയില്‍ ബിജെപി സര്‍ക്കാരിനെതിരെ സമരത്തിനില്ല

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍:  മധ്യപ്രദേശില്‍ സഹമന്ത്രി പദവി നല്‍കി ബിജെപി സര്‍ക്കാര്‍ ആദരവ് പ്രകടിപ്പിച്ചതിന് പിന്നാലെ പ്രത്യൂപകാരവുമായി ഹിന്ദുസന്യാസിമാര്‍.അഞ്ച് മത നേതാക്കള്‍ക്കാണ് സഹമന്ത്രിക്ക് തുല്യമായ പദവി നല്‍കി മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതില്‍ ഉള്‍പ്പെട്ട രണ്ടു ഹിന്ദുസന്യാസിമാരാണ്് നന്ദി പ്രകടനമായി മലക്കംമറിഞ്ഞ് സംസ്ഥാന സര്‍ക്കാരിന് എതിരെയുളള പ്രക്ഷോഭ പരിപാടികള്‍ ഉപേക്ഷിച്ചത്. നര്‍മ്മദ സംരക്ഷണ പദ്ധതിയില്‍ ക്രമക്കേട് ആരോപിച്ചായിരുന്നു ഇവര്‍ പ്രതിഷേധ പരിപാടി നടത്താന്‍ ഉദേശിച്ചിരുന്നത്. എന്നാല്‍ പദവി ലഭിച്ചതോടെ പറഞ്ഞതെല്ലാം വിഴുങ്ങാന്‍ ഇവര്‍ തയ്യാറായത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

കംപ്യൂട്ടര്‍ ബാബ, ബാബാ നര്‍മ്മദാനന്ദജി, ബാബ ഹരിഹരാനന്ദജി, ഭയ്യു മഹാരാജ്, പണ്ഡിറ്റ് യോഗേന്ദ്ര മഹന്ത് എന്നിവര്‍ക്കാണ് സഹമന്ത്രിക്ക് തുല്യമായ പദവി നല്‍കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തയ്യാറായത്. നര്‍മ്മദ നദീ സംരക്ഷണവുമായി ബന്ധപ്പെട്ട സമിതിയില്‍ ഈ മതപുരോഹിതരെ മാര്‍ച്ചില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നു. ജല സംരക്ഷണം, വൃത്തിശീലം, നര്‍മ്മദ തീരത്തെ വനവത്കരണം എന്നീ വിഷയങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കുക ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിച്ചത്. ഇവര്‍ക്കാണ് സംസ്ഥാന പൊതുഭരണവകുപ്പ് സഹമന്ത്രി പദവി നല്‍കിയിരിക്കുന്നത്. പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി കെകെ കാതിയ ഒപ്പുവെച്ച ഉത്തരവ് ഏപ്രില്‍ മൂന്നിന് പ്രാബല്യത്തില്‍ വന്നു.

കംപ്യൂട്ടര്‍ ബാബയും യോഗേന്ദ്ര മഹന്ത് എന്നിവരാണ് നര്‍മ്മദ നദി സംരക്ഷണത്തില്‍ ക്രമക്കേട് ആരോപിച്ച് പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കിയത്. ക്രമക്കേട് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഏപ്രില്‍ ഒന്നുമുതല്‍ മെയ് 15 വരെ എല്ലാ ജില്ലകളിലുടെയും കടന്നുപോകുന്ന തരത്തില്‍ രഥ യാത്ര സംഘടിപ്പിക്കാനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നത്. പുഴയോരത്ത് വൃക്ഷ തൈ നടുന്നതില്‍ അഴിമതി നടക്കുന്നതായി ആരോപിച്ചാണ് പ്രതിഷേധ പരിപാടിക്ക് കംപ്യൂട്ടര്‍ ബാബയും യോഗേന്ദ്ര മഹന്ത് രൂപം നല്‍കിയത്. ഇതിന് പുറമേ അനധികൃത മണല്‍ വാരല്‍ തുറന്നുകാട്ടുക എന്ന ലക്ഷ്യവും പ്രക്ഷോഭ പരിപാടിയുടെ അജണ്ടയില്‍ ഉള്‍പ്പെടുന്നു. ഇതിന്റെ ഭാഗമായി ആരോപണങ്ങള്‍ ഉള്‍കൊളളിച്ചുളള നോട്ടീസുകളും വ്യാപകമായി വിതരണം ചെയ്തിരുന്നു. ഇതിനിടെയാണ് സഹമന്ത്രി പദവി നല്‍കി മധ്യപ്രദേശ് സര്‍ക്കാര്‍ ഇവരെ ആദരിച്ചത്. ഇതിന് പിന്നാലെയാണ് 
സര്‍ക്കാരിനോടുളള നന്ദി എന്ന നിലയില്‍ ഇവര്‍ പ്രക്ഷോഭ പരിപാടികള്‍ പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വര്‍ഷം ഒടുവില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനം. ബിജെപി സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി. സര്‍ക്കാര്‍ നടത്തിയത് മത പ്രീണനമാണെന്നും, ഹിന്ദു മത നേതാക്കളുടെ ജനസമ്മതിയിലൂടെ വോട്ട് തേടാനുള്ള തന്ത്രമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ